Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
May 29, 2020
 
 
    
 
Print this page
 

വഴി സുഗമമല്ല; പക്ഷേ വഴിയുണ്ട്

ഇന്ത്യന്‍ പ്രസിഡന്റായിരുന്ന അബ്ദുള്‍ കലാം അടുത്ത നാളില്‍ ചെയ്ത പ്രസംഗങ്ങളില്‍ പലപ്പോഴും പരാമര്‍ശിച്ചിട്ടുള്ള ഒരു കഥയുണ്ട്. ശ്രീകാന്ത് ബോള്ള എന്ന അന്ധനായ ഒരു ചെറുപ്പക്കാരന്റെ കഥയാണത്.

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലാണു ശ്രീകാന്ത് ജനിച്ചത്. നിരക്ഷരരായ കൃഷിക്കാരാണു ശ്രീകാന്തിന്റെ മാതാപിതാക്കള്‍. അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കൂളില്‍ നിന്ന് ശ്രീകാന്ത് പത്താം ക്ലാസ് പാസായി. പഠിക്കാന്‍ മിടുക്കനാണെങ്കിലും പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷനു വേണ്ടി ശ്രീകാന്തിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. അവസാനം ഹൈദരാബാദിലെ റോയല്‍ ജൂനിയര്‍ കോളജില്‍ ശ്രീകാന്തിന് അഡ്മിഷന്‍ ലഭിച്ചു.

പക്ഷേ, അന്ധര്‍ക്കായുള്ള ബ്രെയിന്‍ ലിപിയുടെ ഉപയോഗം ജൂനിയര്‍ കോളജില്‍ ഇല്ലായിരുന്നു. ക്ലാസുകള്‍ റിക്കോര്‍ഡ് ചെയ്തതിനുശേഷം അവയുടെ ടേപ്പുകള്‍ കേട്ടാണു ശ്രീകാന്ത് പഠിച്ചത്. മാത്തമാറ്റിക്‌സിനു മാത്രമേ ശ്രീകാന്ത് ട്യൂഷന്‍ എടുത്തുള്ളൂ. എന്നിട്ടും പന്ത്രണ്ടാം ക്ലാസിലെ പരീക്ഷാഫലം വന്നപ്പോള്‍ ശ്രീകാന്തിന് 92.5 ശതമാനം മാര്‍ക്കു ലഭിച്ചു.

ബിരുദപഠനം അമേരിക്കയില്‍ വേണമെന്നായിരുന്നു ശ്രീകാന്തിന്റെ ആഗ്രഹം. ആ യുവാവിന്റെ ആഗ്രഹവും കഴിവും മനസിലാക്കിയ രവി കൊണ്ടപ്പള്ളി എന്ന ഒരു വിദേശ ആന്ധ്രക്കാരന്‍ ശ്രീകാന്തിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അങ്ങനെയാണ് അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളിലേക്കും അഡ്മിഷനു വേണ്ടി ശ്രീകാന്ത് എഴുതിയത്.

എന്‍ജിനിയറിംഗ് പഠിക്കാന്‍ ആഗ്രഹിച്ച ശ്രീകാന്തിന് ബോസ്റ്റണിലെ മാസച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അഡ്മിഷനും സ്‌കോളര്‍ഷിപ്പും നല്‍കി. എംഐടിയില്‍ പഠിക്കുവാനുള്ള വാര്‍ഷികച്ചെലവ് 56,000 ഡോളര്‍ വരും. ഇതില്‍ അമ്പതിനായിരം ഡോളറാണു ശ്രീകാന്തിനു സ്‌കോളര്‍ഷിപ്പായി വര്‍ഷം തോറും ലഭിക്കുക.

2009 മാര്‍ച്ച് 15-ന് ശ്രീകാന്തിന് അഡ്മിഷന്‍ നല്‍കിക്കൊണ്ട് എംഐടി ഭാരവാഹികള്‍ എഴുതിയ കത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''ഞങ്ങളുടെ സ്ഥാപനത്തിന്റെ ദീര്‍ഘകാലചരിത്രത്തില്‍ അഡ്മിഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ ഏറ്റവും മിടുക്കന്മാരിലൊരാളാണു നിങ്ങള്‍ എന്നറിയിക്കുന്നതിനു സന്തോഷമുണ്ട്. നിങ്ങളും എംഐടിയും തമ്മില്‍ നല്ല ചേര്‍ച്ചയായിരിക്കും എന്നു ഞങ്ങള്‍ വിചാരിക്കുന്നു.''

അന്ധനായ ഒരു വിദ്യാര്‍ഥിയെക്കുറിച്ച് എംഐടി ഇപ്രകാരം എഴുതണമെങ്കില്‍ ആ വിദ്യാര്‍ഥി എത്രമാത്രം സമര്‍ഥനായിരിക്കണം! എന്നാല്‍, എന്ന ഈ വിദ്യാര്‍ഥിയുടെ ജീവിതസാഹചര്യം അത്ര അനുകൂലമല്ലായിരുന്നു എന്നു നാം ഓര്‍മിക്കുമ്പോഴാണ് ശ്രീകാന്തിന്റെ മഹത്ത്വം നാം മനസിലാക്കുന്നത്.

ശ്രീകാന്തിന്റെ മാതാപിതാക്കള്‍ക്ക് എഴുത്തും വായനയും അറിയില്ലാത്തതുകൊണ്ട് പഠനകാര്യത്തില്‍ അവരുടെ സഹായം ശ്രീകാന്തിനുണ്ടായില്ല. തീരെ ദരിദ്രരുമായിരുന്നു മാതാപിതാക്കള്‍. എന്നിട്ടും അന്ധനായ ശ്രീകാന്ത് എങ്ങനെ എംഐടി വിദ്യാര്‍ഥിയായി?

തന്റെ അന്ധതയും ദാരിദ്ര്യവുമൊന്നും ഒരു ശാപമായി താന്‍ കരുതിയില്ല എന്നാണു ശ്രീകാന്ത് പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ വെല്ലുവിളികള്‍ മാത്രമായിട്ടാണ് അവയെ കണ്ടത്. അതുകൊണ്ടുതന്നെ നിരാശനാകാതെ ജീവിതത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതില്‍ ശ്രീകാന്ത് വിജയിക്കുന്നു.

അന്ധനായ ശ്രീകാന്തുമായി തുലനം ചെയ്യുമ്പോള്‍ കാഴ്ചയുള്ള നമ്മള്‍ എത്ര ഭാഗ്യമുള്ളവര്‍! എന്നിട്ടുമെന്തേ ജീവിതത്തില്‍ നിസാരമായ പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ നാം ഏറെ തളര്‍ന്നുപോകുന്നു?

ശ്രീകാന്തിന്റെ ശ്രദ്ധ തന്റെ അന്ധതയിലല്ല; പ്രത്യുത അന്ധതയുണെ്ടങ്കിലും തനിക്ക് എന്തുചെയ്യുവാന്‍ സാധിക്കും എന്ന കാര്യത്തിലാണ്. 2006 സെപ്റ്റംബര്‍ എട്ടിന് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന കലാമിനെ കാണുവാന്‍ ശ്രീകാന്തിന് അവസരമുണ്ടായി. അന്നു ശ്രീകാന്ത് കലാമിന്റെ ഒരു ചോദ്യത്തിനുത്തരമായി ഇപ്രകാരം പറഞ്ഞു: ''എന്റെ ആഗ്രഹം ഇന്ത്യയുടെ അന്ധനായ ആദ്യത്തെ പ്രസിഡന്റ് ആവണം എന്നതാണ്.''

അന്ധനായ ശ്രീകാന്ത് ഇന്ത്യയുടെ പ്രസിഡന്റ് ആവുമോ എന്നു കാത്തിരുന്നു കാണാനേ സാധിക്കൂ. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ശ്രീകാന്ത് ഉയര്‍ച്ചയുടെ പടവുകള്‍ പലതും ചവിട്ടിക്കയറുമെന്നു തീര്‍ച്ചയാണ്. കാരണം, ഏതു പ്രതിസന്ധിയെയും അഭിമുഖീകരിച്ചു ജീവിതത്തില്‍ വളരണമെന്ന ആഗ്രഹവും നിശ്ചയദാര്‍ഢ്യവും ആ യുവാവിനുണ്ട്.

ശ്രീകാന്തിനുള്ളതു പോലെയുള്ള ആഗ്രഹവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനം ചെയ്യുവാനുള്ള മനസും നമുക്കുണ്ടായിരുന്നെങ്കില്‍ നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം അദ്ഭുതങ്ങള്‍ സംഭവിക്കുമായിരുന്നു! ശ്രീകാന്തിന്റെ നേട്ടങ്ങളില്‍ നാം അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും ആ മാതൃക നാം മറന്നുകൂടാ.

അന്ധതയും ദാരിദ്ര്യവും അനുകൂലമായ സാഹചര്യങ്ങളുടെ അഭാവവുമൊന്നും ശ്രീകാന്തിനെ തളര്‍ത്തിയില്ല. പ്രതീക്ഷയോടെ ധൈര്യപൂര്‍വം തന്റെ സ്വപ്നങ്ങളെ താലോലിച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു പോകുന്നു. അതാണു ശ്രീകാന്ത് നേടുന്ന ഓരോ വിജയത്തിന്റെയും അടിത്തറയും.

നമുക്കും ജീവിതത്തിലെ പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വം നേരിടാം. അപ്പോള്‍ നമ്മെയും വിജയങ്ങള്‍ തേടിയെത്തും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.