Jeevithavijayam
7/9/2024
    
എല്ലാം കൊടുക്കുന്പോൾ
""എല്ലാം യേശുവിനു കൊടുക്കൂ’’ചാർളി ഓസ്ബേണിനെ കണ്ടപാടേ ഫാ. ജയിംസ് സ്മിത്ത് പറഞ്ഞു. ""ഇത് എന്തൊരു പുകില്!’’ ഓസ്ബേണ്‍ മനസിൽ പറഞ്ഞു. താൻ താന്തോന്നിയും തല്ലുകൊള്ളിയും മുക്കുടിയനുമാണ്. അങ്ങനെയുള്ള തന്നിൽനിന്നു കർത്താവിന് എന്തു കിട്ടാനാണ്!

ഓസ്ബേണിന്‍റെ മൗനം ഫാ. സ്മിത്തിനെ നിരാശനാക്കിയില്ല. അയാളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു:""ചാർളി, എല്ലാം യേശുവിനു കൊടുക്കൂ.’’

ഫാ. സ്മിത്തുമായുള്ള ബന്ധം ഓസ്ബേണിന്‍റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു. ഒരുദിവസം ഫാ. സ്മിത്തിന്‍റെ മുന്പിൽ മുട്ടിേ·ൽ നിന്നുകൊണ്ട് ഓസ്ബേണ്‍ തന്നെയും തനിക്കുള്ളവരെയും പൂർണമായും ദൈവത്തിനു സമർപ്പിച്ചു.

ഓസ്ബേണ്‍ നടത്തിയ ഈ അത്മസമർപ്പണം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഒട്ടേറെ വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചു. മദ്യപാനവും ചൂതുകളിയും നിന്നു. പൊട്ടിത്തകർന്നിരുന്ന കുടുംബബന്ധങ്ങൾ പലതും ശരിയായി. ജീവിതത്തിൽ സമാധാനവും ശാന്തിയും എന്താണെന്ന് ഓസ്ബേണ്‍ അനുഭവിച്ചറിയാൻ തുടങ്ങി.

തന്‍റെ ജീവിതം എല്ലാരീതിയിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഓസ്ബേണ്‍ തന്‍റെ ജീവിതത്തെ പൂർണമായും ദൈവത്തിന്‍റെ കൈയിൽ സമർപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ അങ്ങനെ നീങ്ങുകയും ചെയ്തു. എന്നാൽ, ഒരുകാര്യത്തിൽമാത്രം അദ്ദേഹത്തിനു തെറ്റുപറ്റിയിരുന്നു.

തന്‍റെ കൈയിൽനിന്നു കർത്താവിന് ഒന്നും കിട്ടാനില്ലെന്നായിരുന്നു ഓസ്ബേണ്‍ ആദ്യം കരുതിയിരുന്നത്. എന്നാൽ, ദൈവത്തിനു തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ടു മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾ ദൈവം ഓരോദിവസവും ഒട്ടേറെ കാര്യങ്ങൾ തന്നിൽനിന്നു പ്രതീക്ഷിക്കുന്നതായി

അദ്ദേഹത്തിനു മനസിലായി. അങ്ങനെയാണു മറ്റുള്ളവരോടു കൂടുതൽ സ്നേഹവും കാരുണ്യവും അനുകന്പയുമൊക്കെ കാണിക്കുവാൻ ഓസ്ബേണ്‍ മുതിർന്നത്.

നല്ല നിലവാരത്തിൽ നടന്നിരുന്ന വലിയൊരു റെസ്റ്ററന്‍റിന്‍റെ ഉടമയായിരുന്നു ഓസ്ബേണ്‍. പണക്കാരായിട്ടുള്ള ആളുകളായിരുന്നു അവിടെ പതിവായി ഭക്ഷണം കഴിക്കാൻ വന്നിരുന്നത്.

പണക്കാർക്കു ഭക്ഷണം പാകംചെയ്തു വിളന്പിക്കൊടുക്കുന്പോൾ അവിടെ കടന്നുവരാൻ പറ്റാത്ത പാവപ്പെട്ടവരെ ഓസ്ബേണിനു മറക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ആർക്കും തന്‍റെ റസ്റ്റോറന്‍റിൽനിന്നു സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് ഓസ്ബേണ്‍ പ്രഖ്യാപിക്കാനിടയായത്.

അമേരിക്കയിലെ പെൻസക്കോള എന്ന കൊച്ചു പട്ടണത്തിലായിരുന്നു ഓസ്ബേണിന്‍റെ റെസ്റ്ററന്‍റ്. ഓസ്ബേണിന്‍റെ റെസ്റ്ററന്‍റിൽ ആർക്കും സൗജന്യ ഭക്ഷണം ലഭിക്കുമെന്ന വാർത്ത പരന്നതോടെ പാവപ്പെട്ടവരും കുടിച്ചു ലക്കുകെട്ടവരും സാമൂഹിക ദ്രോഹികളുമൊക്കെ അവിടെ ഓടിക്കൂടാൻ തുടങ്ങി.

ഓസ്ബേണ്‍ ആരെയും അകറ്റിനിർത്തിയില്ല. വന്നവർക്കെല്ലാം അദ്ദേഹം ഭക്ഷണം നൽകി. പക്ഷേ, അപ്പോഴേക്കും പണം കൊടുത്തു ഭക്ഷണം കഴിക്കാൻ അവിടെ ആരും പോവുകയില്ല എന്ന സ്ഥിതിയായി.

ദൈവത്തിലാശ്രയിച്ചുകൊണ്ടു ഓസ്ബേണും അദ്ദേഹത്തിന്‍റെ ഭാര്യ ജീനും മുന്നോട്ടുപോയി. ഭക്ഷണം കഴിക്കാൻ വന്നിരുന്നവർക്ക് അവർ ഭക്ഷണം മാത്രമല്ല നൽകിയത്.


ഓസ്ബേണും ജീനും അവർക്കു നല്ലകാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തുടങ്ങി. അവരുടെ ഉപദേശം കേട്ട പലരും മാനസാന്തരപ്പെട്ടു. അങ്ങനെയാണു റെസ്റ്ററന്‍റ് നടത്തുന്നതോടൊപ്പം സുവിശേഷപ്രഘോഷണവും ഓസ്ബേണ്‍ ആരംഭിച്ചത്.

റെസ്റ്ററന്‍റിലെ ഈ അനുഭവം ഓസ്ബേണിനു ചിലകാര്യങ്ങൾ വ്യക്തമാക്കിക്കൊടുത്തു. അതായത്, കർത്താവ് തന്നിൽനിന്ന് ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം. അതുപോലെ, കർത്താവിന് തന്നിൽനിന്ന് ഒട്ടേറെ കിട്ടാനുണ്ടെന്ന വസ്തുതയും.

ഓസ്ബേണ്‍ ഇന്ന് അമേരിക്കയിലെ പ്രശസ്തനായ ഒരു കത്തോലിക്കാ അല്മായ പ്രേഷിതനാണ്. സൗകര്യം കിട്ടുന്നിടങ്ങളിലൊക്കെ അദ്ദേഹം സുവിശേഷം പ്രസംഗിക്കും.

റേഡിയോയിലും ടെലിവിഷനിലുമൊക്കെ അദ്ദേഹത്തിനു സ്ഥിരം പരിപാടികളുണ്ട്. സുവിശേഷ പ്രഘോഷണത്തിനു സഹായകമായി സ്വന്തമായി വിമാനവും ടെലിവിഷൻ സ്റ്റുഡിയോയുമൊക്കെ അദ്ദേഹത്തിനുണ്ട്. തന്‍റെ ജീവിതം മുഴുവനും സുവിശേഷപ്രസംഗത്തിനായി മാറ്റിവച്ചിരിക്കുകയാണദ്ദേഹം.

അവിടുന്നു നമ്മിൽനിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ദൈവം നമ്മിൽനിന്ന് എന്തെങ്കിലും ചോദിക്കുന്നുണ്ടോ? സാധാരണക്കാരായ നാമോരോരുത്തരിൽനിന്നും ദൈവം എന്തു ചോദിക്കാനാണ് എന്നായിരിക്കും ആദ്യം നമ്മുടെ ചിന്ത പോകുന്നത്. അതുപോലെ, സർവതിന്‍റെയും ഉടമയായ അവിടുത്തേക്കു നമ്മിൽനിന്ന് എന്തു കിട്ടാനാണ് എന്നും നാം അത്ഭുതപ്പെട്ടേക്കാം.

എന്നാൽ, ദൈവം ഒട്ടേറെ കാര്യങ്ങൾ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നതാണു വസ്തുത. അതുപോലെ, അവിടുത്തേക്കു നമ്മിൽനിന്നു പലതും കിട്ടാനുമുണ്ട്.

ഓസ്ബേണ്‍ മനസിലാക്കിയതുപോലെ ദൈവം നമ്മിൽനിന്ന് ആദ്യം പ്രതീക്ഷിക്കുന്നതു നമ്മുടെ സന്പൂർണ സമർപ്പണമാണ്. നാം ദൈവത്തിനു നമ്മെത്തന്നെ പൂർണമായി സമർപ്പിച്ചുകഴിയുന്പോൾ അവിടുന്നു പലകാര്യങ്ങളും നമ്മിൽനിന്നു ചോദിക്കും.

നമ്മുടെ ആത്മസമർപ്പണം ആത്മാർഥമാണെങ്കിൽ ദൈവം നമ്മോടു ചോദിക്കുന്ന കാര്യങ്ങൾ നാം പൂർണമായും ചെയ്തുകൊടുക്കുമെന്നതാണ് ഏറെ സവിശേഷകരമായ വസ്തുത. അങ്ങനെ ചെയ്യുന്നതുവഴി നമുക്കുണ്ടാകുന്ന ആനന്ദവും ആത്മസംതൃപ്തിയും അതിരുകളില്ലാത്തതായിരിക്കും.

പക്ഷേ, ഈ സന്പൂർണ ആത്മസമർപ്പണത്തിനു നാം തയാറാണോ എന്നതാണു പ്രധാനപ്പെട്ടകാര്യം. എല്ലാം സമർപ്പിച്ചുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ മുന്നോട്ടുപോകാൻ തയാറാണോ എന്നാണു നാം സ്വയം ചോദിക്കേണ്ടത്.

ദൈവത്തിനുള്ള നമ്മുടെ ആത്മസമർപ്പണം നമ്മുടെ ജീവിതത്തെ ആകെ ഇളക്കിമറിക്കുമെന്നതിൽ സംശയംവേണ്ട. എന്നാൽ, അതോടൊപ്പം നമ്മുടെ ജീവിതത്തിന് അർഥവും ജീവിതത്തിൽ യഥാർഥ സന്തോഷവും സമാധാനവും കൈവരുമെന്നത് ഉറപ്പുള്ള കാര്യമാണ്.

നമ്മെയും നമുക്കുള്ള സകലതും നമുക്ക് അവിടുത്തെ കൈയിൽ സമർപ്പിക്കാം. അതുവഴിയുണ്ടാകുന്ന നേട്ടം അപ്പോൾ അദ്ഭുതകരമായിരിക്കും.
    
To send your comments, please clickhere