ജാഗ്രതയ്ക്കായി...
Wednesday, July 29, 2020 11:40 PM IST
കോട്ടയം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി മുദ്രാവാക്യങ്ങളും ആപ്തവാക്യങ്ങളും കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും പുറത്തിറക്കി. മുദ്രാവാക്യങ്ങൾ ന്യൂജെൻ ട്രോളുകളുടെ രൂപത്തിലും ഗാനങ്ങളിലൂടെയും ജനങ്ങളെ ബോധവത്കരിക്കുന്നു. എല്ലാ മുദ്രാവാക്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രൊഫൈലുകളായും വാട്സ്ആപ്പിൽ സ്റ്റാറ്റസുകളായും നിമിഷങ്ങൾക്കകം കേരളം ഏറ്റെടുത്തു.
കൈകൾ ശുചിയാക്കി സാനിറ്റൈസ് ചെയ്ത് വൈറസിനെ തുരത്താനായി ആഹ്വാനം ചെയ്യുന്ന ബ്രേക്ക് ദ ചെയിൻ കാന്പയിൻ മുതൽ ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയകളിൽ വൈറലായ ""ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല'' എന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫായിസിന്റെ പഞ്ച് ഡയലോഗ് വരെ കോവിഡ് പ്രതിരോധ ബോധവത്കരണത്തിനായി ജനങ്ങൾക്കിടയിലെത്തിച്ചു. ഇപ്പോൾ ജീവന്റെ വിലയുള്ള ജാഗ്രത എന്ന കാന്പയിനിലാണ് സർക്കാർ.
ബ്രേക്ക് ദ ചെയിൻ
കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യഘട്ടത്തിൽ ബേക്ക് ദ ചെയിൻ എന്ന കാന്പയിനാണ് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയത്. കൈവിടാതിരിക്കാം കൈ കഴുകൂ എന്ന ആഹ്വാന ത്തിന്റെ ആശയം ജനങ്ങൾ പുറത്തു പോയിട്ടു വരുന്പോൾ കൈകൾ സോപ്പും സാനിറ്റൈസും ഉപയോഗിച്ച് കഴുകി കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കുക എന്നതായിരുന്നു. കേരളം ഒന്നാകെ ഈ മുദ്രാവാക്യം ഏറ്റെടുത്തു.
വ്യക്തികൾക്കും കുടുംബങ്ങൾക്കും പുറമേ സ്ഥാപനങ്ങളും കൂടി കാന്പയിൻ ഏറ്റെടുത്തതോടെ കേരളമൊന്നാകെ കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കലിൽ പങ്കുചേർന്നു.
എസ്എംഎസ്
ലോക്ക്ഡൗണിന്റെ ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച രണ്ടാമത്തെ മുദ്രാവാക്യമായിരുന്നു എസ്എംഎസ്. ബ്രേക്ക് ദ ചെയിന്റെ തുടർച്ചയായി "തുടരണം ഈ കരുതൽ' എന്ന ആശയവുമായി കൈകൾ കഴുകി ശുചിയാക്കുന്നതിനൊപ്പം മാസ്ക് ധരിക്കാനും ആളകലം പാലിക്കാനും ജനത്തെ ബോധവത്കരിക്കാനുമായിട്ടായിരുന്നു സോപ്പ്, മാസ്ക്, ആളകലം എന്നീ മൂന്ന് കാര്യങ്ങൾ ഉൾപ്പെടുത്തി എസ്എംഎസ് കാന്പയിൻ തുടങ്ങിയത്.
തുപ്പല്ലേ...തോറ്റുപോകും
ലോക്ക്്ഡൗണ് ഇളവുകൾ പ്രഖ്യാപിച്ച കോവിഡിന്റെ മൂന്നാം ഘട്ടത്തിൽ തുപ്പല്ലേ...തോറ്റുപോകും എന്ന മുദ്രാവാക്യവുമായിട്ടാണ് സർക്കാരും ആരോഗ്യവകുപ്പും എത്തിയത്. പൊതു സ്ഥലത്ത് തുപ്പുന്നത് രോഗ സാധ്യത വലിയ തോതിൽ വർധിപ്പിക്കുമെന്നും സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടാക്കുമെന്നുള്ള നിഗമനത്തിലാണ് ഇങ്ങനെയൊരു ബോധവത്കരണം നടത്തിയത്.
ജീവന്റെ വിലയുള്ള ജാഗ്രത
രോഗികളുടെ എണ്ണം കൂടുകയും സമൂഹവ്യാപനത്തിന്റെ അരികിലെത്തുകയും ചെയ്തതോടെ ആരിൽനിന്നും രോഗം പകരാം "ജീവന്റെ വിലയുള്ള ജാഗ്രത' എന്ന പേരിലുള്ള കാന്പയിൻ നടന്നുവരുകയാണ്. കോവിഡ് ക്ലസ്റ്ററുകൾ രൂപീകരിച്ചും കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്തിയും സമൂഹ വ്യാപനം തടയുകയാണ് ഈ കാന്പയിന്റെ ലക്ഷ്യം. കോവിഡ് രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ അനാവശ്യമായി ആരും പുറത്തിറങ്ങരുത്,കൈകൾ കഴുകുക, ആളകലം പാലിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ട് മൊബൈൽ ഫോണിൽ കൂടിയുള്ള സന്ദേശം ഇപ്പോഴും തുടരുന്നു.
ജിബിൻ കുര്യൻ