ലോകമനസുകളിലേക്ക് പറന്നുയർന്ന അഗ്നിച്ചിറകുകള്‍
Monday, July 27, 2020 12:15 AM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം കണ്ട മഹാന്മാരിലൊരാളായിരുന്നു ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം. പത്രക്കെട്ടുകളുമായി തെരുവുകളിൽ നടന്ന ബാലൻ ഇന്ത്യയുടെ മിസൈൽ നിർമിക്കാൻ ശേഷിയുള്ള ആളായി മാറിയ അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. ഒരാൾക്ക് ഒരേസമയം ശാസ്ത്രീയവും ആത്മീയവുമായ ജീവിതം നയിക്കാമെന്നും മൂല്യങ്ങളിലും ധാർമികതയിലും വിട്ടുവീഴ്ച ചെയ്യാതെ ഒരു നല്ല ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനും ആകാമെന്നും അദ്ദേഹം കാണിച്ചുതന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യുവാക്കളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തിത്വവും കലാമിനോളം ഉണ്ടാവില്ല. സ്വപ്നമെന്നത് ഉറക്കത്തില്‍ കാണേണ്ടതല്ലെന്നും നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണതെന്നുമായിരുന്നു അദ്ദേഹം യുവസമൂഹതത്തോട് ആഹ്വാനം ചെയ്തത്.
“തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർഥനാമുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിംഗ് റൂം ബിഷപ്പിന്റെ മുറിയായിരുന്നു“ എന്നു കലാം ആത്മകഥയായ അഗ്നിച്ചിറകുകളിൽ അനുസ്മരിക്കുന്നു.ശാസ്ത്രസാങ്കേതികജ്ഞാനം നൽകിയ ധിഷണയും രാഷ് ട്രീയഭാവനയാൽ പ്രേരിതമായ ഉൾക്കാഴ്ചയും സമന്വയിച്ച അസാധാരണ വ്യക്തിത്വമായിരുന്നു അബ്ദുൾ കലാം.
ശുഭാപ്തി വിശ്വാസം, ധീരമായ നിലപാടുകൾ, അചഞ്ചലമായ ധർമബോധം എന്നിവ കലാമിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കി. ശാസ്ത്രം ജയിക്കുകയും രാഷ്ട്രീയം തോൽക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഇന്ത്യ കണ്ടു.
ഇന്നത്തെ ചെറുപ്പക്കാർ ഒരു റോൾ മോഡലിനായി തെരയുകയാണെങ്കിൽ അതിനു ഡോ. കലാമിനേക്കാൾ മികച്ച മറ്റാരുമില്ല. വിനയം, കഠിനാധ്വാനം, ലാളിത്യം, മികച്ച പ്രവർത്തന നൈതികത,തീക്ഷ്ണത എന്നിവയാൽ മറികടക്കാനാവാത്ത ഉയരങ്ങളിലേക്ക് പറന്നു പോയ വ്യക്തിയാണ് അദ്ദേഹം.
അദ്ദേഹം നെഞ്ചോടുചേർത്ത സ്വപ്നങ്ങൾ മധുരങ്ങളായി ഭാരതത്തിലെ ഓരോ യുവതീയുവാക്കളിൽ പകർന്നു കഴിഞ്ഞു. ലോകം കണ്ടതിൽ വച്ച് വലിയൊരു ശാസ്ത്ര പണ്ഡിതനായിരുന്നെങ്കിലും ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിരുന്നെങ്കിലും എത്ര സുന്ദരവും ലളിതവുമായ ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ജനകീയനായ അബ്ദുൾ കലാം വിട പറഞ്ഞിട്ടും ചരിത്രമെന്നും ആ സൗമ്യനായ മനുഷ്യനൊപ്പമുണ്ട്. ഉയരങ്ങൾ എത്തിപ്പിടിക്കണമെന്ന മോഹങ്ങളുമായി കഴിയുന്ന ഭാരതത്തിലെ യുവതീയുവാക്കൾക്ക് ആ ധന്യജീവിതം തീർച്ചയായും പ്രചോദനമരുളും.
ടോണി ചിറ്റിലപ്പിള്ളി