വഴിത്തിരിവാകുന്ന അറസ്റ്റ്, നിരീക്ഷണവലയത്തില്‍ ഉന്നതര്‍
Monday, July 20, 2020 1:20 AM IST
സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്തുന്നത് ഇന്ത്യയുടെ അന്വേഷണ ഏജന്‍സികളാണെങ്കിലും യുഎഇയ്ക്ക് ഈ കേസില്‍ താത്പര്യമുണ്ട്. യുഎഇയില്‍ നിന്നുള്ള ഡിപ്ലോമാറ്റിക് ബാഗിലാണ് രാജ്യത്തേക്ക് സ്വര്‍ണം കടത്തിയത്. അതുകൊണ്ടു തന്നെ ഈ കേസിലെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ യുഎഇ തയാറാകുമെന്നാണ് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ അറസ്റ്റ് നല്കുന്ന സൂചന. അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നു യുഎഇ അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫൈസല്‍ അറസ്റ്റിലായി.
സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ യുഎഇ അറ്റാഷെയെ ചോദ്യംചെയ്യാനോ മൊഴിയെടുക്കാനോ ഉടനെയൊന്നും എന്‍ഐഎയ്ക്കു സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഗണ്മാന് ജയഘോഷിന്റെ നീക്കങ്ങളും ആത്മഹത്യാ ശ്രമവും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.
വാര്‍ത്തകളും വിവാദങ്ങളും കൊഴുക്കുമ്പോഴും ഇതിലൊന്നും തലയിടാതെ പ്രതികള്‍ക്കു പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. ഇതിനകം ചെറുതും വലുതുമായ പതിനഞ്ചോളം പേര് ഇവരുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയുമ്പോഴാണ് കേസിന്റെ വ്യാപ്തി വ്യക്തമാകുന്നത്.
ഉന്നതര്‍ക്കു പിന്നാലെ
ഫൈസലില്‍ നിന്നു നിര്‍ണായക വിവരങ്ങളും ഉന്നതരിലേക്കുള്ള വഴിയും തെളിയുമെന്ന പ്രതീക്ഷയും ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഫൈസലിനു വേണ്ടി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും ലൗക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ പാസ്പോര്‍ട്ടും റദ്ദാക്കിയിരുന്നു.ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഫൈസലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതും നിര്‍ണായകമായി.
ഫൈസലിനെ കൊണ്ടുവരാന്‍ എന്‍ഐഎ സംഘം ദുബായില്‍ പോകാനും സാധ്യതയുണ്ട്. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇയാളെ ഉടന്‍ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റും സംശയത്തിന്റെ നിഴലിലായതിനാൽ യുഎഇയും സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നുണ്ട്. അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് എന്‍ഐഎ. അറ്റാഷെ യുഎഇയിലാണ്.
കേരളത്തിലെ പല ഉന്നതരും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. കോണ്‍സുലേറ്റിലെ ചടങ്ങില്‍ പങ്കെടുത്ത പലരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ പരിപാടികളുടെ വീഡിയോ പരിശോധിക്കും. അതിനു ശേഷം ഇവരിലാരൊക്കെ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു പരിശോധിക്കും. വ്യവസായ പ്രമുഖര്‍ക്കെല്ലാം കോണ്‍സുലേറ്റ് പരിപാടികളില്‍ അർഹിക്കാത്ത പ്രാധാന്യം കിട്ടിയതായും എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ മുഴുവന്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഡമ്മി പരീക്ഷണം
ഏതു കേസിന്റെയും നിര്‍ണായക അവസരത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഡമ്മി പരീക്ഷണം നടത്തുക സ്വാഭാവികം. ഇതെല്ലാം കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നതാണ്. എന്നാല്‍, കള്ളക്കടത്തിനും കൊള്ളയ്ക്കും ഡമ്മി പരീക്ഷണം നടത്താമെന്നു തെളിയിച്ചതു സ്വര്ണക്കടത്തുകാരാണ്.
2019 ജൂണില്‍ നയതന്ത്ര ചാനല്‍ വഴി ഡമ്മി ബാഗ് കടത്തിയപ്പോള്‍ പിടിക്കപ്പെടാതായതോടെയാണ് ആത്മവിശ്വാസം കൂടിയത്. ജൂലൈ മുതല്‍ വന്‍തോതില്‍ സ്വര്‍ണം കടത്താനാരംഭിച്ചു. നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ആശയം കേസില്‍ അറസ്റ്റിലായ റമീസിന്റേതാണ്. നയതന്ത്ര ചാനല്‍ വഴി 152 കിലോവരെ ഭാരമുള്ള ബാഗുകള്‍ എത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സ്വര്‍ണം പിടിച്ചെടുത്ത ബാഗിന് 79 കിലോ തൂക്കമുണ്ടായിരുന്നു. ഇതില്‍ നിന്നു 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പ്രതികളാണ് അറസ്റ്റിലായത്.
വഴിവിട്ട നിയമനം
സര്‍ക്കാര്‍ തലത്തില്‍ ഉന്നത ബന്ധവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു നിയമനവും നടത്താന്‍ കഴിയുമെന്നു തെളിയിച്ച ആളാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. ഇദ്ദേഹം ഐടി സെക്രട്ടറി പദവിയില്‍ എത്തിയ ശേഷമാണ് ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. ഇതു കൂടാതെ ഐടിയുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റില്‍ നിരവധി നിയമനങ്ങള്‍ ശിവശങ്കര്‍ നേരിട്ടു നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നു.
ഐടിയുമായി ബന്ധപ്പെട്ട് സിഡിറ്റില്‍ നിന്നോ അല്ലെങ്കില്‍ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ താത്കാലികമായി നിയമിക്കുകയാണ് പതിവ്. ഇത് ഒഴിവാക്കിയാണ് ശിവശങ്കര്‍ തനിക്ക് താത്പര്യമുള്ളവരെ നിയമിച്ചുപോന്നിരുന്നത്. ഇത്തരത്തില്‍ നിയമനം നേടിയവര്‍ സംസ്ഥാന സര്‍ക്കാരിന്റെ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് അടക്കം സ്ഥിര നിയമനക്കാര്‍ക്കുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നു. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടേറിയറ്റിലെ സ്ഥിരം ജീവനക്കാര്‍ക്കു പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിക്കാനാകില്ല.
നിര്‍ബാധം തുടരുന്ന സ്വര്‍ണക്കടത്ത്
ദേശീയ ഏജന്‍സികള്‍ കേരളത്തിലങ്ങോളമിങ്ങോളം സ്വര്‍ണക്കടത്തിലെ കണ്ണികളെ തെരയുമ്പോഴും തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരും കള്ളക്കടത്തുസംഘം സ്വര്‍ണം എത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
മംഗലാപുരത്തിറക്കി കേരളത്തിന്റെ വടക്കന്മേഖലയിൽ എത്തിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് സാമഗ്രികളും ചില്ലറയല്ല. കുഴല്‍പ്പണ സംഘങ്ങളും ഈവിധം പലമാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. 15 ദിവസത്തിനിടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ചത് 27 കിലോ സ്വര്‍ണം. ജൂലൈ ഒന്നിനും 15നുമിടയില്‍ കരിപ്പൂര്‍ വഴി മാത്രം സ്വര്‍ണം കടത്തിയതിനു പിടിയിലായത് 24 പേരാണ്. പിടിച്ചെടുത്തത് 18 കിലോ 549 ഗ്രാം സ്വര്‍ണം. ഇപ്പോൾ കേന്ദ്ര ഏജന്‍സികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതിനിടെയും തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3.450 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂരിലൂടെ കടത്താന്‍ ശ്രമിച്ച 3.225 കിലോഗ്രാം സ്വര്‍ണവും നെടുമ്പാശേരി വഴി എത്തിക്കാന്‍ ശ്രമിച്ച 2.130 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുക്കാന്‍ കസ്റ്റംസിനായി.
ജോണ്സണ് വേങ്ങത്തടം