സ്മാർത്തവിചാരത്തിനു കളമൊരുങ്ങുന്നോ?
Sunday, July 19, 2020 12:52 AM IST
അനന്തപുരി /ദ്വിജൻ
കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തുനിന്നു ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ലീഗ് നേതാവ് എം. ഉമ്മർ നല്കിയിട്ടുള്ള നോട്ടീസ് നിയമസഭയെ സ്മാർത്തവിചാരക്കളമാക്കുമോ എന്ന സന്ദേഹം ശക്തമാകുന്നു. കള്ളക്കടത്തു കേസിൽ പ്രതിയായ ഒരു സ്ത്രീയും സ്പീക്കറും തമ്മിലുള്ള ബന്ധമാണു നീക്കംചെയ്യൽ പ്രമേയത്തിനു വിഷയമാക്കിയിരിക്കുന്നത് എന്നതാണു സന്ദേഹം വർധിപ്പിക്കുന്നത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ അഞ്ചാം തവണയാണു സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം വരുന്നത്. മുമ്പുള്ളതെല്ലാം നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നെങ്കിൽ ഇക്കുറി വിഷയം സഭയുടെ അന്തസും സ്പീക്കറുടെ വ്യക്തിബന്ധവും ആക്കിയിട്ടുണ്ട്. അതായതു സമാനതകളില്ലാത്ത പ്രമേയമാണ് ഇക്കുറി സഭയുടെ പരിഗണനയ്ക്കു വരാൻ പോകുന്നത്.
1969ൽ മൂന്നാം നിയമസഭയിലാണു സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള ആദ്യ പ്രമേയത്തിനു കേരള നിയമസഭയിൽ നോട്ടീസ് കിട്ടുന്നത്. സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയാണ് അവരുടെതന്നെ സ്പീക്കറായിരുന്ന ഡി. ദാമോദരൻ പോറ്റിക്കെതിരെ 1960 ഒക്ടോബർ നാലിനു നോട്ടീസ് കൊടുത്തത്. സിപിഐ നേതൃത്വം കൊടുത്ത സപ്തമുന്നണിയിലുണ്ടായ അന്തച്ഛിദ്രമായിരുന്നു വിഷയം. സിപിഐയുടെ നേതൃത്വത്തിലുണ്ടായ കുറുമുന്നണിയോടൊപ്പമായിരുന്നു പോറ്റിയും പാർട്ടിയും. സഭയിൽ വോട്ടെടുപ്പു നടത്താതെ ശബ്ദവോട്ടനുസരിച്ച് പ്രമേയം പാസായതായി പോറ്റി പ്രഖ്യാപിച്ചതാണ് വിഷയമായത്. പ്രമേയം പക്ഷേ ഗോവിന്ദപ്പിള്ള പിൻവലിച്ചു.
അവിസ്മരണീയ ചർച്ച
1982 മാർച്ച് അഞ്ചിന് എ.സി. ജോസിനെതിരെ അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകനായിരുന്ന എ.കെ. ശശീന്ദ്രൻ നോട്ടീസ് നല്കിയതായിരുന്നു രണ്ടാമത്തെ പ്രമേയം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽനിന്ന് എ.കെ. ആന്റണിയുടെ കോണ്ഗ്രസും കെ.എം. മാണിയുടെ കേരള കോണ്ഗ്രസും ഇറങ്ങിപ്പോന്ന് ഉണ്ടാക്കിയ കരുണാകരൻ മന്ത്രിസഭയുടെ കാലത്തെ സ്പീക്കറായിരുന്നു ജോസ്. ആന്റണിയുടെ പാർട്ടിക്കാരായിരുന്ന കുറെപ്പേർ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ ഇടതുമുന്നണിയിൽതന്നെ നിന്നതുകൊണ്ട് കരുണാകരൻ സർക്കാരിന് ഒരു വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ജോസ് സ്പീക്കറായതോടെ സഭയിൽ ഇരുപക്ഷത്തിനും തുല്യവോട്ടായി.
ഏതു വിഷയം വോട്ടിനിട്ടാലും സ്പീക്കറുടെ കാസ്റ്റിംഗ് വോട്ട് ഉണ്ടായാലേ സർക്കാരിനു കടന്നുകൂടാനാവൂ എന്ന നില. അങ്ങനെ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നതിനെതിരേയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ആ പ്രമേയം സഭ ചർച്ച ചെയ്തു തള്ളി. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുത്തംവന്ന സംവാദങ്ങളാണ് അന്നു സഭയിൽ നടന്നത്. പി.കെ.വിയും കെ. ചന്ദ്രശേഖരനും കെ.എം. മാണിയും എ.സി. ജോസും എല്ലാം നിരന്ന സംവാദം അവിസ്മരണീയമായി.
ഭരണകക്ഷി കൂടുതൽ ഐക്യപ്പെടും
ഇത്തരം പ്രമേയങ്ങൾ സ്പീക്കറുടെ ഇമേജിന് കളങ്കമുണ്ടാക്കുകയും പ്രതിപക്ഷത്തിനു സ്പീക്കർക്കും സർക്കാരിനുമെതിരെ സംസാരിക്കാൻ സഭയിൽ അവസരം ഉണ്ടാക്കുകയും ചെയ്യുമെന്നല്ലാതെ സാധാരണഗതിയിൽ പ്രതിപക്ഷത്തിനു വേറെ പ്രയോജനം ഒന്നും ഉണ്ടാക്കാറില്ല. എന്നാൽ, ഭരണകക്ഷിയിലുള്ള നിസാര ഭിന്നതകൾ അവസാനിപ്പിക്കാനും അവരെ കൂടുതൽ ഒന്നാക്കാനും ഇടയാവുകയും ചെയ്യും. അധികാരം നഷ്ടപ്പെടുത്താൻ ആർക്കാണു താത്പര്യം?
അതുകൊണ്ടു തന്നെയാവണം തന്ത്രജ്ഞനായിരുന്ന കെ. കരുണാകരൻ 1988ലും 1990ലും അന്നത്തെ സ്പീക്കർ വർക്കല രാധാകൃഷ്ണനെതിരെ കൊടുത്ത നോട്ടീസുകൾ പിൻവലിക്കുകയോ അവതരിപ്പിക്കാതിരിക്കുകയോ ചെയ്തത്. നോട്ടീസ് കൊടുക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ലക്ഷ്യം ഏതാണ്ട് കൈവരുകയും ചെയ്യും.
കേരള കോണ്ഗ്രസ് വഴക്ക്
കേരള കോണ്ഗ്രസിലെ വഴക്കിൽ ഒരു വിഭാഗത്തെ ജനാധിപത്യ മുന്നണിയിൽനിന്നു പുറത്താക്കിയ വിഷയം നിയമസഭയിലെ പ്രമേയത്തോടെ കൂടുതൽ സാങ്കേതികമായി വളരാം. പുറത്താക്കപ്പെട്ടവർക്ക് ഇപ്പോൾ രണ്ട് എംഎൽഎമാരുണ്ട്. അവരോട് ഒപ്പം നിൽക്കണമെന്ന് എങ്ങനെ ജനാധിപത്യമുന്നണി ആവശ്യപ്പെടും? ഇക്കുറി ജോസ് വിഭാഗക്കാർ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്താൽ നിശ്ചയമായും ഭരണകക്ഷിക്കാണ് ആഹ്ലാദം ഉണ്ടാവുക. ജോസഫ് വിപ്പു കൊടുത്താൽതന്നെ അതു ലംഘിക്കപ്പെട്ടാൽ എന്തു ചെയ്യും? കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ടതു സ്പീക്കറാണ്.
പണ്ട് എം.വി. രാഘവനെതിരെ സിപിഎം കൊടുത്ത പരാതി തെളിവെടുത്ത് നീണ്ടിക്കൊണ്ടുപോയ പാരന്പര്യം സഭയിലുണ്ട്. അന്നു സുധീരനായിരുന്നു സ്പീക്കർ. 1993ൽ ജനാധിപത്യ മുന്നണി വിട്ട ജോസഫ് ഒപ്പം കൂടാതെ മുന്നണിയിൽ നിന്ന പിള്ളയ്ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുപ്പിച്ചിട്ടുണ്ട്. പിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടു. അന്നു വർക്കലയായിരുന്നു സ്പീക്കർ. പ്രതിപക്ഷത്തിനെതിരെയായിരുന്നു തീരുമാനിക്കേണ്ടത്.
സ്മാർത്ത വിചാരം
ഇക്കുറി നോട്ടീസ് നല്കിയ പ്രമേയം ചർച്ചയ്ക്കെടുക്കാൻ പ്രതിപക്ഷം ശഠിക്കുകയും അതു സ്വപ്നവിഷയത്തിൽ ഏറെ വ്യാപരിക്കുകയും ചെയ്താൽ നിയമസഭ സ്മാർത്തവിചാരക്കളമാകാൻ സാധ്യത വളരെയുണ്ട്. അങ്ങനെ വന്നാൽ പ്രതിപക്ഷത്തെ പല നേതാക്കൾക്കും എതിരെ ഉയർന്നുവന്നിട്ടുള്ള പഴയകാല കഥകളെല്ലാം നിയമസഭയിൽ വീണ്ടും ഉയരാം. സിപിഎമ്മുകാർ നിർദാക്ഷിണ്യം എല്ലാം അലക്കും എന്നു പ്രതിപക്ഷത്തിനും അറിയാം. സരിത മാത്രമല്ല വേറെ പല സ്ത്രീകളും കടന്നുവരും. പരസ്യമായതും അല്ലാത്തുമായ കഥകൾ. താനല്ല ആക്രമിക്കപ്പെടുക എന്നു കരുതി സ്വസ്ഥമായി ഇരിക്കുന്നവർക്കെതിരെയും കഥകളുണ്ട്.
സ്പീക്കറുടെ അനുഭവം
എല്ലാവരോടും ആദരവോടെ പെരുമാറുന്ന, സിപിഎം സഖാക്കളുടെ പതിവ് ധാർഷ്ട്യം ഒന്നും കാണിക്കാത്ത, യുവനേതാവായ ശ്രീരാമകൃഷ്ണൻ സ്വപ്ന വിവാദത്തിൽ വല്ലാതെ അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിവാദത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ വളരെ ഹൃദയസ്പർശിയാണ്. പക്ഷേ സംശയങ്ങൾ ഉണ്ടാകുന്നുമുണ്ട്. കള്ളക്കടത്തു കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിനു പോയതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. പോകണ്ട എന്നു കരുതിയതാണ്, പക്ഷേ സന്ദീപിന്റെ അമ്മയെ ഓർത്താണ് പോയത് എന്ന് അദ്ദേഹം പറയുന്നു. എന്തിനു പോവേണ്ടെന്നു കരുതി എന്ന ചോദ്യം സ്വാഭാവികമായും വരും.
അവിടെ വേദിയിൽ വച്ച് സ്വപ്നയുടെ തോളിൽ തട്ടിയതിലും അദ്ദേഹം പിശകൊന്നും കാണുന്നില്ല. നോക്കുന്നവരുടെ കണ്ണിലാണ് വൈകൃതം എന്നാണ് അതേക്കുറിച്ചുള്ള സ്പീക്കറുടെ സമീപനം. ബിജെപിയിലെ എ.എൻ. രാധാകൃഷ്ണൻ വേറെയും ആക്ഷേപം ഉന്നയിച്ചു. അതിനെതിരെ നിയമനടപടിക്കു പോവുകയാണ് താൻ എന്നു സ്പീക്കർ പറഞ്ഞിട്ടുണ്ട്. നിയമനടപടി വരട്ടെ എന്നാണ് രാധാകൃഷ്ണൻ വെല്ലുവിളിക്കുന്നത്.
സ്പീക്കറായതിനുശേഷം ശ്രീരാമകൃഷ്ണൻ അന്പതു തവണ യുഎഇക്കു പോയി എന്ന ആരോപണവും ദുഃസൂചനയോടെ വന്നു. 50 തവണ പോയിട്ടില്ല 14 തവണ മാത്രമേ പോയിട്ടുള്ളു എന്നു സ്പീക്കർ വ്യക്തമാക്കി. അതിന് അദ്ദേഹം ന്യായവും നിരത്തി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മന്ത്രി ഷിബു ബേബിജോണ് നടത്തിയ യാത്രകളെക്കുറിച്ച് അന്ന് സഖാക്കൾ പറഞ്ഞതെല്ലാം ഓർക്കുന്പോഴാണ് വിഷമം. സ്പീക്കർ എന്തു പറയുന്പോഴും 2015 മാർച്ച് 15ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അദ്ദേഹം നടത്തിയ ശ്രമത്തിന്റെ ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്യാറുണ്ട്. അതുകൊണ്ട് യുവനേതാക്കൾ ഓർക്കുക, നാളെ അപമാനകരമാകുന്നത് ഒന്നും ഇന്ന് ചെയ്യതുത്!
ചാരക്കേസാകുമോ?
സ്വർണക്കള്ളക്കടത്തു കേസ് പഴയ ചാരക്കേസ് ആക്കില്ലെന്നു കോടിയേരി പറഞ്ഞപ്പോഴാണ് ഐഎസ്ആർഒയുമായി ചേർന്നുള്ള നീക്കങ്ങൾക്കാണല്ലോ സ്വപ്ന നിയോഗിക്കപ്പെട്ടത് എന്ന പലരുടെയും മനസിലെ ചിന്തയ്ക്കു തീപിടിക്കുന്നത്. പഴയ ചാരക്കേസുമായി ചില സാമ്യങ്ങൾ വായിച്ചെടുക്കാനാവും. പഴയ ചാരക്കേസ് നശിപ്പിച്ചത് കേന്ദ്ര അന്വേഷണമാണ് എന്ന സത്യം ഏറെപ്പേർ ഇന്നും വിശ്വസിക്കുന്നുണ്ട്. അന്നു കരുണാകരൻ വീണത് ചില വിശ്വസ്തരെ രക്ഷിക്കാൻ കടുപിടിത്തം പിടിച്ചതുകൊണ്ടുകൂടി ആയിരുന്നു. ഒപ്പം കൂടെയുള്ളവരെയെല്ലാം വെറുപ്പിച്ചതുകൊണ്ടും.
ഇസ്ലാമോഫോബിയായോ?
കള്ളക്കടത്തു കേസിൽ പിടിയിലായ മിക്കവരുടെയും പേരുകൾ കണ്ടപ്പോൾ ഒരു മുസ്ലിംലീഗ് നേതാവു തന്നെ ഇസ്ലാമോഫോബിയായെക്കുറിച്ച് പറഞ്ഞു. അവരെല്ലാം മുസ്ലിംകളായത് ആകസ്മികമല്ലല്ലോ? കേസിലെ മുഖ്യ പ്രതിയാകേണ്ട അറ്റാഷെ നാടുവിട്ടതും ചേർത്തു വായിക്കുന്പോൾ യുഎഇ ഒൗദ്യോഗികമായി കള്ളക്കടത്തു നടത്തുകയായിരുന്നു എന്നു കരുതിപ്പോകും. വലിയ ഭയം വിതയ്ക്കുന്ന ചിന്തകളാണ് പടരുന്നത്. കള്ളക്കടത്തിലൂടെ ഉണ്ടാക്കിയ പണം എന്തിനെല്ലാം ഉപയോഗിക്കപ്പെട്ടു!
കഴിഞ്ഞ ഒരു മാസം തന്നെ 72 കിലോ സ്വർണം ഇങ്ങനെ കടത്തിയതായാണ് പറയുന്നത്. കസ്റ്റംസുകാർ പിടികൂടുന്നതിന് തലേന്ന് ബാഗിൽ 25 കിലോ സ്വർണം ഉണ്ടെന്ന് അറ്റാഷെ പറഞ്ഞതായി പ്രതികളിൽ ഒരാളുടെ അഭിഭാഷകൻ പറഞ്ഞിട്ടുണ്ട്.
കോണ്സലേറ്റുകാർ റമാദൻ സമ്മാനം വിതരണം ചെയ്യാൻ പ്രോട്ടോക്കോൾ ലംഘിച്ചു സംസ്ഥാനത്തെ ജലീൽ മന്ത്രിയെ വിളിച്ചതും സംശയങ്ങൾ വർധിപ്പിക്കുന്നു. ജലീൽ പറയുന്നത് അദ്ദേഹം അസമയത്തല്ല സ്വപ്നയെ വിളിച്ചത് എന്നാണ്. പണ്ട് അസമയം ഏതാണ് എന്നു ചോദിച്ചു വിവാദം ഉണ്ടാക്കിയവരൊക്കെ ഇപ്പോൾ നിശബ്ദരായി.
മുഖ്യമന്ത്രി പറഞ്ഞതുപോലെ ചങ്കിടിക്കുന്നവർ ആരൊക്കെയാവുമോ എന്നു വല്ലാതെ സംശയം വരുന്നുണ്ട്.