ലക്ഷം രൂപ ശന്പളം യോഗ്യത പത്താം ക്ലാസ്!
Thursday, July 9, 2020 12:59 AM IST
വിഐപികളും നയതന്ത്ര പ്രതിനിധികളും മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരിലെ ഉന്നതരും പങ്കെടുക്കുന്ന തലസ്ഥാനത്തെ പരിപാടികളിൽ സ്വർണത്തിളക്കമായിരുന്ന സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യത വെറും പത്താം ക്ലാസ്! അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ വിശ്വസിക്കാതെ തരമില്ല. അമേരിക്കയിലുള്ള സ്വപ്ന സുരേഷിന്റെ മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷാണ് ഇന്നലെ ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. സ്വപ്ന ജനിച്ചതും പഠിച്ചു വളർന്നതുമെല്ലാം അബുദാബിയാണ്. പത്താം ക്ലാസ് വരെ മാത്രമാണ് സ്വപ്ന പഠിച്ചിട്ടുള്ളത്. എന്നാൽ അച്ഛൻ സുരേഷിന് യുഎഇ രാജകുടുംബവുമായുള്ള ബന്ധം പല കാര്യങ്ങളിലും സ്വപ്നയ്ക്കു തുണയായതായും സ്വപ്നയുടെ സഹോദരൻ വെളിപ്പെടുത്തി.
ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷ്, സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായി ലോകത്തിനു മുന്നിൽ വെളിപ്പെട്ട സമയം മുതൽ ലക്ഷം രൂപയ്ക്കു മുകളിൽ സർക്കാർ ശന്പളം വാങ്ങാനുള്ള എന്തു യോഗ്യതയാണ് സ്വപ്നക്കുള്ളതെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും എല്ലാം ഒരുപോലെ തിരഞ്ഞ കാര്യമാണ്. സ്വപ്ന ബിരുദധാരിയാണെന്നും അല്ല പ്ലസ്ടു യോഗ്യത മാത്രമാണുള്ളതെന്നുമുള്ള ആരോപണങ്ങൾ വന്നു കൊണ്ടേയിരുന്നു. പക്ഷേ അപ്പോഴും അടിവരയിട്ടു പറയാൻ കഴിയുന്ന ഏക കാര്യം, സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെടുന്പോൾ സംസ്ഥാന സർക്കാരിൽനിന്നും ഒരു ലക്ഷം രൂപ ശന്പളം വാങ്ങുന്ന ഐടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന സുരേഷ് എന്നതാണ് അത്.
ഇന്നലെ സഹോദരൻ വെളിപ്പെടുത്തിയതു പോലെ പത്താം ക്ലാസ് യോഗ്യത മാത്രമാണ് സ്വപ്നയ്ക്കുള്ളതെങ്കിൽ അവർ എങ്ങനെയാണ് സ്വപ്ന തുല്യമായ ശന്പളത്തിൽ സർക്കാർ വകുപ്പിൽ ഉദ്യോഗസ്ഥയായതെന്ന ചോദ്യം എല്ലാവരും ഉന്നയിക്കുന്നു. അതിലേക്ക് എത്തിച്ചേരാൻ സ്വപ്നയെ തുണച്ചത് സർക്കാരിലെ ഉന്നതരുമായുള്ള ബന്ധമാണെന്നത് ഇപ്പോൾ വെറും അടക്കം പറച്ചിലുമല്ലാതായി മാറിയിരിക്കുന്നു.
സ്വർണക്കടത്ത് കേസിൽ പെടുന്പോൾ, സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്ക് പദ്ധതിയിൽ പ്രോജക്ട് കണ്സൾട്ടന്റും ഓപ്പറേഷൻസ് മാനേജരുമായിരുന്നു സ്വപ്ന. മാസം ഒരു ലക്ഷത്തിനു മുകളിലായിരുന്നു ശന്പളം!
വിദ്യാഭ്യാസ യോഗ്യത വ്യാജമോ?
സ്വപ്ന സുരേഷിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തേക്കുടകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് 2011 ൽ നേടിയ ബിരുദമാണ് സ്വപ്നയുടെ ഉയർന്ന യോഗ്യതയായി പറയുന്നത്. ഇതിനു പുറമെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് ഡിപ്ലോമയുണ്ടെന്നും സ്വപ്ന തന്നെ തൊഴിൽ പോർട്ടലുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് ഐടി വകുപ്പിൽ ജോലിക്കു കയറുന്നതിനായി നൽകിയിരിക്കുന്നത്. അതേസമയം, തൊഴിൽ പോർട്ടലിൽ നൽകിയ ബയോഡേറ്റ ഫയലിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ നേടിയത് എവിടെ നിന്നാണെന്നും വ്യക്തമാക്കിയിട്ടില്ല.
ഇതിനു പുറമെ ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി നേടാൻ, അതിനു മുൻപ് ജോലി ചെയ്ത യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും സ്വപ്ന ഹാജരാക്കിയിരുന്നു. സ്വപ്നയുടെ പ്രവർത്തന മികവ് സാക്ഷ്യപ്പെടുത്തിക്കൊണ്ടായിരുന്നു സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത് കോൺസുലേറ്റ് ജനറലാണ്. അതേസമയം തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നും ക്രമക്കേടുകൾ നടത്തിയതിന്റെ പേരിൽ സ്വപ്നയെ പുറത്താക്കുകയായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ക്രമക്കേട് നടത്തിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട സ്വപ്നയ്ക്ക് കോൺസുലേറ്റ് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് എന്തിനാണെന്ന സംശയം ഇവിടെ ബാക്കിയാവുന്നു. ഇതടക്കമുള്ള സർട്ടഫിക്കറ്റുകൾ സ്വപ്ന വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
വ്യാജപ്പരാതി സൃഷ്ടിച്ചതിന് ക്രൈംബ്രാഞ്ച് കേസ്
ഗൾഫിൽ നടത്തിയ ബിസിനസ് പൊളിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ സ്വപ്ന കുറച്ചു കാലം തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് അവിടെ സ്വപ്നയുൾപ്പെടെയുള്ള ചിലർ നടത്തിയ ക്രമക്കേടുകൾക്കെതിരേ വിരൽ ചൂണ്ടിയ ഉദ്യോസഥനെ വ്യാജ പീഡന പരാതിയിൽ പെടുത്തിയാണ് സ്വപ്ന പ്രതികാരം തീർത്തത്. 16 പെൺകുട്ടികൾ ഒപ്പിട്ടു നൽകിയ പരാതിയിൽ ഒരാളുടെ പോലും ഒപ്പ് യഥാർഥമല്ലായിരുന്നു!. പരാതിക്കാരിയെന്ന വ്യാജേന കള്ളപ്പേരിൽ മറ്റൊരു പെൺകുട്ടിയെ എയർ ഇന്ത്യ അന്വേഷണ കമ്മീഷന് മുന്നിൽ കൊണ്ടു ചെന്നു. ഇത് തെളിഞ്ഞതോടെ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നു. ഇതോടെ അവിടുത്തെ ജോലി ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. ഐടി വകുപ്പിൽ ജോലിക്കു കയറുന്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടുകളെല്ലാം അവഗണിച്ചു കൊണ്ടായിരുന്നു സ്വപ്നയുടെ നിയമനം. ഐടി സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതരുമായി സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ ആഴമാണ് ഇവിടെ വെളിവാകുന്നതെന്ന് ശക്തമായ ആരോപണം ഉയർന്നു കഴിഞ്ഞു.
ഗുണ്ടാസംഘങ്ങളുമായി ബന്ധം
ഭരണപക്ഷത്തെ ഉന്നതരും ഉദ്യോഗസ്ഥവൃന്ദങ്ങളുമായുള്ള അടുത്ത ബന്ധത്തിനൊപ്പം തലസ്ഥാനത്തെ ഗുണ്ടാ പശ്ചാത്തലമുള്ള ചിലരുമായും സ്വപ്ന ബന്ധം സ്ഥാപിച്ചിരുന്നതായും സൂചനകൾ പുറത്തു വരുന്നുണ്ട്. ആകർഷകമായ പെരുമാറ്റവും ഡിപ്ലോമാറ്റിന്റെ മെയ്വഴക്കവും പ്രകടിപ്പിച്ചിട്ടും വഴങ്ങാത്തവരെ സ്വപ്ന സുരേഷ് ഭീഷണിയിലൂടെയാണ് വരുതിയിലാക്കാൻ ശ്രമിച്ചിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് കൈമാറാൻ വൈകിയതിനെ തുടർന്ന് സ്വപ്ന കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും വിരട്ടിയ സംഭവം ഈ ആരോപണം ശരിവയ്ക്കുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ മുങ്ങിയ സ്വപ്ന ഇപ്പോഴും ഒളിവിൽ തുടരുന്നത് ഇത്തരം ഉന്നതരുടെയും ഗുണ്ടാ പശ്ചാത്തലമുള്ള ചില പ്രമുഖരുടെയും സഹായത്തോടെയാണെന്ന് സംശയിക്കപ്പെടുന്നു.
താൻ നാട്ടിലേക്ക് വരാത്തത് സ്വപ്നയെ പേടിച്ചെന്ന് സഹോദരൻ
സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് സ്വപ്ന തന്നെ പലവട്ടം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്നലെയാണ് സ്വപ്നയുടെ സഹോദരൻ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കിയത്. നാട്ടിലേക്ക് വന്നാൽ കയ്യും കാലും വെട്ടുമെന്ന് സ്വപ്ന ഭീഷണി മുഴക്കിയിരുന്നു. സ്വപ്നയ്ക്ക് ഉന്നതബന്ധവും നല്ല സ്വാധീനവും ഉണ്ടെന്നു തനിക്കറിയാമെന്നും ഇദ്ദേഹം ഒരു മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു.