ആനപ്പകയിൽ ഞെരിഞ്ഞമർന്നവർ
Tuesday, June 30, 2020 11:57 PM IST
കാടിറങ്ങുന്ന ക്രൗര്യം -6
അമ്മേ, അമ്മ ഭക്ഷണം കഴിച്ചോ എന്നു ചോദിക്കാൻ ഇന്നാരുമില്ല. അമ്മയെയും രോഗിയായ സഹോദരിയെയും പട്ടിണിക്കിടാതെ നോക്കിയവൻ ഇന്നില്ല. അവൻ ഈ ലോകത്തിൽനിന്നു പോയി. അല്ല, അവനെ കാട്ടാന ചവിട്ടിക്കൊന്നു. ഒരു കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടു. അമ്മയ്ക്കു വയസ് തൊണ്ണൂറായി. മകൻ ഉണ്ടായിരുന്നെങ്കിൽ എന്നു സ്വപ്നം കാണാത്ത ഒരു ദിവസംപോലും പൂയംകുട്ടി വേങ്ങൂരാൻ വീട്ടിൽ ബേബി എന്ന അമ്മയ്ക്കില്ല.
പരസഹായമില്ലാതെ നടക്കാൻ പോലും വയ്യ. ആരെങ്കിലും ഭക്ഷണം കൊടുത്താൽ കഴിക്കും. അല്ലെങ്കിൽ എന്തെങ്കിലും കഴിക്കും. രോഗിയായ മകൾ കൂടെയുണ്ട്. ഈ വീടിന്റെ പ്രതീക്ഷയായിരുന്നു മകൻ. അവൻ പോയതോടെ വെളിച്ചംകെട്ടു. മകൻ ജോണിയെ കാട്ടാന കൊന്നുവെന്നു മാത്രം അറിയാം. അതോടെ സർവവും തകർന്നു.

2017 മാർച്ച് 16 നാണു ജോണി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായിരുന്നു. പണി കഴിഞ്ഞുവന്ന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയതാണ്. വന്യജീവികളുടെ ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയ കുട്ടന്പുഴ പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രതയോടെയാണു ജീവിച്ചിരുന്നത്. അന്നും കാട്ടാന ഇറങ്ങി.
കുളിച്ചുകൊണ്ടിരുന്ന ജോണിക്കു രക്ഷപ്പെടാൻ കഴിയുന്നതിനുമുന്പ് കാട്ടാന തുന്പിക്കൈയിൽ ചുഴറ്റിയെടുത്തു നിലത്തടിച്ചു ചവിട്ടിക്കൊന്നു. ജോണിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അപ്പോഴേക്കും കാട്ടാന ചിന്നംവിളിച്ചു കാടുകയറി. അവൻ കൊന്നത് ഒരാളെയല്ല, ഒരു കുടുംബത്തെയാണ്.
ഒരാളുടെ കഥയല്ല
ഇത് ഒരു വീട്ടിലെ സ്ഥിതിയാണെന്നു ചിന്തിച്ചാൽ തെറ്റി. മലയോരമേഖലയിലെ ജനങ്ങളെയാകെ ഭീതിപ്പെടുത്തുന്ന സ്ഥിതിയാണിത്. മാമലക്കണ്ടം ഏണിപ്പാറ കാക്കനാട്ട് ബെന്നിയുടെ ഭാര്യ ലിസി, കാലടി മുളങ്കുഴി ചൂടൻകവല ആലങ്ങാട്ടുകാരൻ വീട്ടിൽ പരേതനായ ഒൗസേഫിന്റെ ഭാര്യ അന്നക്കുട്ടി, വടാട്ടുപാറയ്ക്കു സമീപം ചക്കിമേട് മാലിയിൽ ജയൻ, മാമലക്കണ്ടം എളംബ്ലാശേരിക്കുയിലെ ബാലൻ, നേര്യമംഗലം ആറാംമൈൽ സ്വദേശി പുവത്തിങ്കൽ പ്രിൻസ് എന്നിവരും ആദിവാസികളായ നാലു പേരും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരാണ്. അടുത്തകാലത്ത് കോതമംഗലം മേഖലയിൽ മാത്രം പത്തോളം പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പത്തുവർഷത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 മടങ്ങും ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം 30 മടങ്ങും വർധിച്ചതായി കണക്കുകൾ കാണിക്കുന്നു.
2008ൽ 13 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെങ്കിൽ 2018ൽ 168 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം ഇത് യഥാക്രമം 28ഉം 953ഉം ആണ്. ആന, കാട്ടുപോത്ത്, പന്നി, മലയണ്ണാൻ ഉൾപ്പെടെയുള്ള മൃഗങ്ങളാണ് കാടിറങ്ങി നാട്ടിൽ വിഹരിച്ചുകൊണ്ടിരിക്കുന്നത്. തീറ്റയും വെള്ളവും തേടി കാടിറങ്ങിവന്ന് മലയോര മേഖലകളിൽ വിഹരിക്കുന്നതിനിടെയാണ് ഇവ മനുഷ്യരെയും ആക്രമിക്കുന്നത്.
വന്യജീവികളുടെ ഉപദ്രവംകൊണ്ടു ജീവിതം പൊറുതിമുട്ടിയവരാണു കുട്ടന്പുഴ പഞ്ചായത്തിലെ ജനങ്ങൾ.
ദുരന്തങ്ങൾ ആവർത്തിക്കുന്പോഴും സർക്കാർ വാതോരാതെ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ പ്രായോഗികമായ പരിഹാരം നടപ്പാക്കാത്തതിൽ ജനങ്ങൾ രോഷത്തിലാണ്. പൂയംകുട്ടി ഉൾപ്പെടെ കുട്ടന്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ കാട്ടാന ശല്യം തടയാൻ നടപടി വേണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ടു കാലങ്ങളായി.
നഷ്ടപരിഹാരം
കാട്ടുപോത്തോ ആനയോ പന്നിയോ കുത്തി മനുഷ്യൻ മരിച്ചാൽ ആശ്രിതർക്ക് വനം- വന്യജീവി വകുപ്പ് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപനൽകും. അതു 2018 മുതലുള്ള നിയമഭേദഗതിയിൽപ്പെട്ടതാണ്. അതിനുമുന്പ് അഞ്ചു ലക്ഷം രൂപ മാത്രമായിരുന്നു.
നാട്ടിൽവച്ച് പാന്പുകടിയേറ്റ് മരിച്ചാൽപ്പോലും വനംവകുപ്പിൽനിന്ന് രണ്ടു ലക്ഷം ലഭിക്കുമെന്നായിട്ടുണ്ട്. പൂയംകുട്ടി വേങ്ങൂരാൻ ജോണി കുളിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. പുഴയിലായിരുന്നതുകൊണ്ടു ജോണിക്കു നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നു വാദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ജനകീയപ്രക്ഷോഭം ശക്തമായപ്പോഴാണ് കുറച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചത്.
2018-ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണത്തിൽ ഒരാൾ മരിച്ചാൽ റെയ്ഞ്ച് ഓഫീസറുടെ റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തണം. വില്ലേജ് ഓഫീസറിൽനിന്ന് ബന്ധുത്വ സർട്ടിഫിക്കറ്റ് വാങ്ങി നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം അനന്തരാവകാശിക്ക് നൽകണം. ബാക്കി തുക അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഏഴ് ദിവസത്തിനകം നൽകണം. ഇതെല്ലാം നിയമത്തിൽ ഭദ്രമാണ്. എന്നാൽ, ദയാഹർജിയുമായി കയറിയിറങ്ങുന്ന ഈ പാവപ്പെട്ടവരിൽ പലർക്കും ഇതു കിട്ടാറില്ലെന്നതാണു വാസ്തവം.
വീട്ടുമുറ്റത്തു വന്ന് കാട്ടാന യുവാവിനെ കുത്തിക്കൊന്നു
പുലർച്ചെ മൂന്നരയോടെ മൂത്രമൊഴിക്കുന്നതിനായി അടുക്കളവാതിലിലൂടെ വീടിന്റെ പിന്നാന്പുറത്തേക്ക് ഇറങ്ങിയതാണ് യുവാവ്. വീട്ടുമുറ്റത്തുനിന്ന കാട്ടാന യുവാവിനെ കുത്തിക്കൊന്നു. വടാട്ടുപാറയ്ക്കു സമീപം ചക്കിമേട് മാലിയിൽ ജയൻ (33) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചോരയിൽ കുളിച്ചു കിടക്കുന്ന ജയനെ ഉടൻതന്നെ നാട്ടുകാർ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈറ്റവെട്ട്- കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു ജയൻ. മണികണ്ഠൻചാലിൽ ഭാര്യവീട്ടിലായിരുന്ന ജയൻ തലേന്നാണു ചക്കിമേട്ടിലെ വീട്ടിലെത്തിയത്. ഭാര്യയും രണ്ടു പിഞ്ചുകുട്ടികളുമാണുണ്ടായിരുന്നത്.
കാട്ടുപന്നിയുടെ ഇര വീട്ടമ്മ
വീടിനു സമീപത്തെ റബർതോട്ടത്തിൽ പുല്ലറക്കാൻ പോയ വീട്ടമ്മ കൊല്ലപ്പെട്ടത് കാട്ടുപന്നിയുടെ ആക്രമണത്തിലാണ്. കാലടി മുളങ്കുഴി ചൂടൻകവല ആലങ്ങാട്ടുകാരൻ വീട്ടിൽ പരേതനായ ഒൗസേഫിന്റെ ഭാര്യ അന്നക്കുട്ടി (67) ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്.
റബർ തോട്ടത്തോടുചേർന്നുള്ള കനാലിന്റെ വശത്തു കിടക്കുകയായിരുന്ന കാട്ടുപന്നി പ്രദേശവാസിയായ ബേബിയെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അന്നക്കുട്ടിയുടെ നേരേ തിരിഞ്ഞത്. ഓടിമാറാനാകാതെ നിന്ന അന്നക്കുട്ടിയുടെ ശരീരം പന്നി കീറിവലിച്ചു.
അധ്യാപികയെ ചവിട്ടിക്കൊന്നു
കുഞ്ചിപ്പാറ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്നു ലിസി. മാമലക്കണ്ടം ഏണിപ്പാറ കാക്കനാട്ട് ബെന്നിയുടെ ഭാര്യ. പ്രായം 45. ഒൗദ്യോഗിക ആവശ്യത്തിനായി കോതമംഗലം എഇഒ ഓഫീസിലേക്കു പോവുകയായിരുന്നു. കല്ലേലിമേട്ടിൽനിന്ന് ഏഴിന് പുറപ്പെടുന്ന ജീപ്പിന് പോകാൻ ധൃതിയിൽ നടക്കുന്പോഴാണ് ആന ആക്രമിച്ചത്. കല്ലേലിമേട്ടിനും കുഞ്ചിപ്പാറ ആദിവാസി കോളനിക്കും ഇടയിൽ സ്വാമികുത്തിനു മുകളിൽ നിരപ്പ് ഭാഗത്തെ ചെളിക്കുഴിയിൽ വച്ചാണ് ആക്രമണമുണ്ടായത്. കല്ലേലിമേട്ടിൽ കൂലിപ്പണിക്കു പോകുകയായിരുന്ന ആദിവാസി കോളനിയിലെ ചിന്നമ്മ, ചെല്ലമ്മ എന്നിവരും കൂടെയുണ്ടായിരുന്നു. മൂവരും കൊടുംവനത്തിലെ ഇടുങ്ങിയ പാതയിലൂടെ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടാന മുന്പിലെത്തുകയായിരുന്നു.
മുന്പിൽ നടന്നിരുന്ന ലിസിയെ കാട്ടാന തുന്പിക്കൈകൊണ്ടു ചുറ്റിയെടുത്ത് നിലത്തടിച്ചു. ഭയന്നുനിലവിളിച്ചോടിയ ചിന്നമ്മയ്ക്കും ചെല്ലമ്മയ്ക്കും നേരേ തുന്പിക്കൈയിൽ ലിസിയേയും പിടിച്ചുകൊണ്ട് കൊന്പൻ പാഞ്ഞടുത്തു. ഓട്ടത്തിനിടെവീണ ഇരുവരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സമീപത്തെ ഈറ്റക്കാട്ടിൽ ഇവർ ഒളിച്ചു. ഈറ്റക്കാടിനു സമീപം അല്പസമയം നിന്നശേഷം കാട്ടാന പിൻവാങ്ങി. പിന്നീട് ഇരുവരും ലിസിയെ തേടിച്ചെന്നു. ലിസിയെ തുന്പിക്കൈകൊണ്ടു നിലത്തടിച്ച് തട്ടിയെറിയുന്ന കാഴ്ചയാണു കണ്ടത്. പേടിച്ചരണ്ട ഇരുവരും ഒരു കിലോമീറ്റർ ഓടി കല്ലേലിമേട്ടിൽ എത്തി നാട്ടുകാരോടു വിവരം പറഞ്ഞു. നാട്ടുകാർ എത്തിയപ്പോൾ ഒരു മരത്തിനു കീഴെ ആന്തരികാവയവങ്ങൾ പുറത്തുചാടിയ നിലയിലായിരുന്നു ലിസിയുടെ മൃതദേഹം.
ആദിവാസി കുടുംബങ്ങളും ഭീതിയിൽ
ആദിവാസി മേഖലകളും വിട്ടുമാറാത്ത ഭയാശങ്കകളുടെ നിഴലിലാണ്. ഇരുട്ടിന്റെ മറവിലെത്തുന്ന ആനക്കൂട്ടങ്ങളാണ് പൂയംകുട്ടി-ഇടമലയാർ വനമേഖലകളിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങളെ ഭീതിയുടെ മുൾമുനയിലെത്തിച്ചിരിക്കുന്നത്.
മാമലക്കണ്ടം എളംബ്ലാശേരിക്കുയിലെ ബാലൻ ചെകിടന്റെ (56) ദാരുണാന്ത്യം ഭയപ്പാട് പതിന്മടങ്ങാക്കി. കാട്ടിൽ താമസിച്ച് ഈറ്റവെട്ടി ജീവിച്ചിരുന്ന ബാലൻ കാട്ടാനയുടെ ആക്രമണത്തിലാണു മരിച്ചത്.
കോതമംഗലം മേഖലയിൽ കാട്ടാനകൾ താണ്ഡവമാടുകയാണ്. ബാങ്കിൽനിന്നു വായ്പയെടുത്തും കെട്ടുതാലി പണയം വച്ചും വട്ടിപ്പലിശയ്ക്കു കടമെടുത്തും കൃഷിയിറക്കിയ കർഷകരുടെ കൃഷിയെല്ലാം വന്യമൃഗങ്ങൾ കുത്തിമറിച്ചു കുളമാക്കുകയാണ്. കാർഷിക വിളകൾ ആനക്കൂട്ടം ഭക്ഷിച്ചും ചവിട്ടിമെതിച്ചും നശിപ്പിക്കുന്നു. ആനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ പകൽ പോലും വീടിനു പുറത്തിറങ്ങാൻ ഭയമാണെന്നു പ്രദേശവാസികൾ പറയുന്നു.
വന്യമൃഗശല്യം പ്രതിരോധിക്കാൻ സൗരോർജ വൈദ്യുതി വേലി, റിഫ്ലക്ടർ വേലി, റെയിൽപാളം കൊണ്ടുള്ള വേലി, കിടങ്ങ്, മതിൽ എന്നിവ പണിയുക, രൂക്ഷഗന്ധമുള്ള രാസവസ്തുക്കൾ കെട്ടിത്തൂക്കുക, മുടി വിതറുക, ശബ്ദമുണ്ടാക്കുന്ന ലോഹവസ്തുക്കൾകൊണ്ടു വേലി തീർക്കുക തുടങ്ങി വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ടെങ്കിലും അവയൊന്നും പൂർണമായി ഫലപ്രദമല്ല.
ആനകൾക്കുവേണ്ടി വാദിക്കാൻ നിരവധി പേരുണ്ട്. എന്നാൽ, പാവപ്പെട്ട കർഷകനുവേണ്ട ി വാദിക്കാൻ ആരുമില്ലെന്ന സങ്കടവുമായിട്ടാണ് ഇവർ ജീവിക്കുന്നത്.
(തുടരും)