ആരാധനാലയങ്ങളുടെ പ്രാധാന്യം അവഗണിക്കരുത്
Thursday, May 21, 2020 11:27 PM IST
ദൈവാരാധന സൃഷ്ടിയായ മനുഷ്യന് അസ്തിത്വപരമായ ആവശ്യമാണ്. സ്രഷ്ടാവുമായുള്ള ജീവാത്മകബന്ധത്തിലൂടെ മാത്രമേ മനുഷ്യനു ഭൂമിയിൽ യഥാർഥ തനിമയിലും അർഥത്തിലുമുള്ള ജീവിതം നയിക്കാനാകൂ. സ്രഷ്ടാവായ ദൈവവുമായുള്ള സ്നേഹാധിഷ്ഠിതമായ ഐക്യത്തിന്റെ സംപൂജ്യവും മനോഹരവുമായ ആവിഷ്കാരമാണു ദൈവാരാധന. ദൈവത്തിന്റെ സ്നേഹവും നന്മയുമല്ലാതെ മറ്റൊരു കാരണവും ലോകസൃഷ്ടിയിൽ ദൈവത്തിനില്ല.
സ്നേഹത്തിന്റെ താക്കോൽ കൊണ്ട് സ്രഷ്ടാവ് അവിടുത്തെ കരം തുറന്നപ്പോൾ സൃഷ്ടികൾക്ക് അസ്തിത്വം കൈവന്നു. ലോകസൃഷ്ടിക്കു പ്രേരകമായ ദൈവനന്മയുടെ ആവിഷ്കരണത്തിന്റെയും സംപ്രദാനത്തിന്റെയും സാക്ഷാത്കാരത്തിലാണ് ദൈവമഹത്ത്വം അടങ്ങിയിരിക്കുന്നത്. സർവസ്രഷ്ടാവായ ദൈവം എല്ലാറ്റിലും എല്ലാമായിത്തീരുക. അങ്ങനെ ദൈവമഹത്ത്വവും തന്റെ സൗഭാഗ്യവും സാധ്യമാക്കുക എന്നതാണ് സൃഷ്ടിയുടെ പരമമായ ലക്ഷ്യം. ഈ ലക്ഷ്യം സാധിക്കുന്നതിൽ ദൈവാരാധനയ്ക്കാണ് സുപ്രധാന സ്ഥാനം. സൃഷ്ടിയുടെ ക്രമത്തിൽത്തന്നെ ദൈവാരാധന ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ദൈവച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഒരേസമയം ശരീരിയും ആത്മീയനുമാണ്. ശരീരവും ആത്മാവും ചേർന്നവനെങ്കിലും മനുഷ്യൻ ഒരു ഏകത്വമാണ്. ആത്മാവിനെ ശരീരത്തിന്റെ ഛായ എന്നു വിളിക്കത്തക്കവിധം ആത്മശരീരങ്ങൾ തമ്മിലുള്ള ഐക്യം ഗാഢമാണ്. ദൈവാരാധന വിശ്വാസിസമൂഹത്തിന്റെ പൊതുഭാഷയാണ്. വിശ്വാസിസമൂഹത്തിന്റെ പ്രാണൻതന്നെ ലയിച്ചിരിക്കുന്നത് ആരാധനയിലാണ്. ദൈവാരാധനയിലൂടെ സൃഷ്ടി സ്രഷ്ടാവിന്റെ ഹിതം അറിയുന്നു. സ്രഷ്ടാവുമായുള്ള ജീവാത്മകബന്ധം ആരാധനയിലൂടെ ആവിഷ്കരിക്കപ്പെടുന്നു. അതുകൊണ്ടാണു ദൈവാരാധന മനുഷ്യജീവിതത്തിന്റെ പ്രാണനാകുന്നത്.
ആരാധനയ്ക്കുള്ള അവകാശവും അവസരവും സ്വാതന്ത്ര്യവും അതിനാൽത്തന്നെ മനുഷ്യന്റെ അസ്തിത്വപരമായ ആവശ്യവും അതിജീവനത്തിന്റെ അനിവാര്യഘടകവുമാകുന്നു. ഭൗതികമായ ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതുപോലെയോ അതിലുപരി ഗൗരവമായോ സ്രഷ്ടാവുമായുള്ള മനുഷ്യബന്ധത്തിന്റെ തലത്തെ കാണേണ്ടതുണ്ട്. കേവലം ശാരീരികാവശ്യങ്ങൾ നിറവേറ്റപ്പെടുന്പോൾ മാത്രം സംതൃപ്തമാക്കപ്പെടുന്ന ഒന്നല്ല മനുഷ്യജീവിതം. ഈ ലോകജീവിതത്തിനവസാനം നിത്യതയിൽ സ്രഷ്ടാവുമായി ലയിക്കേണ്ടവനാണ് മനുഷ്യൻ.
ശരീരത്തിന്റെ ഇല്ലായ്മയിലും ആത്മാവ് നിത്യതയിൽ വസിക്കുന്നു. ഈ നിത്യതയിലേക്കുള്ള പ്രയാണമാണ് യഥാർഥത്തിൽ മനുഷ്യജീവിതത്തിന്റെ സത്താപരമായ സാരാംശം. ഈ പ്രയാണത്തിന് അർഥവും ഓജസും നൽകുന്നതു സ്രഷ്ടാവുമായി ആരാധനയിലുള്ള കണ്ടുമുട്ടലിലും സംവാദത്തിലും പരിമിതിയിലാണെങ്കിലും ഇന്ദ്രിയഗോചരമായ അനുഭവത്തിലുമാണ്. ദൈവാരാധനയിലൂടെ സാധ്യമാകുന്ന അതീവശ്രേഷ്ഠമായ ഈ ജീവബന്ധം ഭൂമിയിലെ ജീവിതത്തിലുടനീളം സൂക്ഷിക്കപ്പെടുക എന്നത് മനുഷ്യന്റെ ആവശ്യമാണ്. ഈ ആവശ്യം ഗൗരവമായി പരിഗണിക്കേണ്ട വിഷയംതന്നെയാണ്.
കോവിഡ്-19 വൈറസ് വ്യാപനം പെട്ടെന്നു സമൂഹത്തിൽനിന്ന് ഇല്ലാതാക്കുക ഒട്ടും എളുപ്പമല്ല. പൂർണമായും ഇല്ലായ്മ ചെയ്യണമെങ്കിൽ പ്രതിരോധ ഒൗഷധം കണ്ടുപിടിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. അതുവരെ ഈ വൈറസ് വിവിധ സ്ഥലങ്ങളിൽ നിലനിൽക്കാനുള്ള സാധ്യതയാണു കാണുന്നത്. അതിനാൽ കോവിഡ്-19 രോഗസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു സാധാരണ ജീവിതശൈലിയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുകയും അത് ഒരു പുതിയ സംസ്കാരമാക്കി മാറ്റുകയുമാണ് ആവശ്യമായിരിക്കുന്നത്.
ഉദാഹരണമായി പറഞ്ഞാൽ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ, കൈകൾ കഴുകുന്ന ശീലം, സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിയാക്കൽ, തെർമോസ്കാനർ പരിശോധന, ആൾക്കൂട്ട നിയന്ത്രണം എന്നിവയൊക്കെ സാധാരണ ജീവിതഭാഗമാക്കപ്പെടണം. അപ്രകാരം നിയന്ത്രിതമായ ജീവിതക്രമങ്ങളിലൂടെ മനുഷ്യജീവിതം ചലനാത്മകവും സജീവവുമാക്കേണ്ടതുണ്ട്. കോവിഡ്-19 എന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടി എന്ന നിലയിൽ അനേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ഒന്നായിരുന്നു ആരാധനാലയങ്ങളിൽ പാലിക്കപ്പെട്ട വിലക്കുകൾ. ആരാധനാലയങ്ങളിൽ കർമങ്ങൾ നിരോധിക്കപ്പെട്ടിരിക്കുകയും ആയിരുന്നു. രണ്ടു മാസമായി വിശ്വാസിസമൂഹം തങ്ങളുടെ ആരാധനാലയങ്ങളിൽ പ്രവേശിക്കാനാവാത്തതിലും ആത്മീയാവശ്യങ്ങൾ സാധ്യമാകാത്ത സാഹചര്യത്തിലും വേദന അനുഭവിക്കുന്നു.
പ്രത്യേക സാഹചര്യം എന്ന കാരണം അനിശ്ചിതമായി പറയാനാകില്ല. മാത്രമല്ല, മദ്യശാലകൾപോലും തുറക്കുന്നതിനെപ്പറ്റിയുള്ള പെരുമാറ്റച്ചട്ടങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസിസമൂഹത്തിന്റെ ആത്മീയാവശ്യങ്ങൾ കാണാതെ പോകുന്ന ഒരു സാഹചര്യം ഉണ്ടാവാൻ പാടില്ല. ആരാധനാലയങ്ങളുടെ പ്രസക്തിയും വിശ്വാസിസമൂഹത്തിന്റെ ആത്മീയ പോഷണവും വലിയ പ്രാധാന്യമുള്ള കാര്യങ്ങളല്ലെന്ന രീതിയിലുള്ള സമീപനം പാടില്ല. സർവത്തിന്റെയും സ്രഷ്ടാവായ ദൈവകരങ്ങളിലാണ് സാക്ഷാത്തായ സുരക്ഷിതത്വം എന്നതും വിസ്മരിക്കരുത്.
ലോക്ക് ഡൗണ് സാവധാനം ഘട്ടംഘട്ടമായി പിൻവലിച്ചുകൊണ്ടിരിക്കുകയും നിയന്ത്രണങ്ങൾക്ക് അയവുവരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. ഇവിടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളിലൂടെ വിശ്വാസിസമൂഹത്തിന്റെ ആത്മീയാവശ്യങ്ങൾ സാധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
ബിഷപ് ജേക്കബ് മുരിക്കൻ