മോഹൻലാലിന് വയസാകില്ല, ആ ചിരിക്കും
Wednesday, May 20, 2020 10:53 PM IST
മോഹൻലാലിനും ആ ചിരിക്കും ഒരിക്കലും വയസാകില്ല. എനിക്കതു മനസിലായതു "വരൻമാരെ ആവശ്യമുണ്ട്' റിലീസ് ചെയ്തശേഷമായിരുന്നു. ഒരു ഫ്ളാഷ് ബാക്കിലേക്കു പോകാതെ ഇതിനെക്കുറിച്ച് പറയാനാകില്ല.
കട്ട് ടു അന്തിക്കാട് 1993
ഞാൻ അന്നു മൂന്നാംക്ലാസിൽ പഠിക്കുന്നു. മോഹൻലാലിന്റെ കട്ട ഫാൻ. എന്തോ കാര്യത്തിന് അച്ഛനുമായി വഴക്കിട്ടു. വീട്ടിൽനിന്നിറങ്ങിപ്പോയി മോഹൻലാലിന്റെ വീട്ടിൽ താമസിക്കുമെന്ന് ഞാൻ അച്ഛനോടു പറഞ്ഞു. അതുകേട്ട് ഒരു ചിരിയോടെ അച്ഛൻ നേരെ താഴേക്കുപോയി ഫോണെടുത്തു മോഹൻലാലിനെ വിളിച്ച് കാര്യം പറഞ്ഞ് ഫോണ് എനിക്കു തന്നു. എനിക്കു പെട്ടെന്ന് എന്താണു പറയേണ്ടതെന്നു പിടികിട്ടിയില്ല. ഞാൻ പതിയെ ചിരിച്ചപ്പോൾ ഫോണിനപ്പുറത്തുനിന്ന് മോഹൻലാലിന്റെ ചിരി കേട്ടു.
ഫ്ളാഷ് ബാക്ക് അവസാനിക്കുന്നു
കട്ട് ടു അന്തിക്കാട് 2020
എന്റെ ആദ്യസിനിമയായ വരനെ ആവശ്യമുണ്ട് കണ്ടശേഷം മോഹൻലാൽ എന്നെ വിളിക്കുന്നു. സിനിമ ഇഷ്ടമായെന്നു പറഞ്ഞപ്പോൾ പണ്ടത്തെപ്പോലെ എന്താണു മറുപടി പറയേണ്ടതെന്നറിയാതെ ഞാൻ പതിയെ ചിരിച്ചു. അപ്പോൾ ഫോണിനപ്പുറത്തുനിന്ന് ആ ചിരി ഞാൻ വീണ്ടും കേട്ടു. 27 വർഷങ്ങൾക്കുമുമ്പ് മൂന്നാം ക്ലാസുകാരൻ കേട്ട അതേ ചിരി. അതിനൊരു മാറ്റവുമില്ല.
ഇന്നു മോഹൻലാലിന്റെ അറുപതാം പിറന്നാൾ!
മോഹൻലാലിനു മാത്രം വയസു കൂടുന്നില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. മോഹൻലാലിനും സച്ചിനും എ.ആർ. റഹ്മാനുമൊന്നും പ്രായം കൂടില്ല..!
അനൂപ് സത്യൻ
(ലേഖകൻ സത്യൻ അന്തിക്കാടിന്റെ മകൻ, വരനെ ആവശ്യമുണ്ട് സിനിമയുടെ സംവിധായകൻ)