സ്വർണം പതനം തുടങ്ങി
റ്റി.സി. മാത്യു
Wednesday, October 22, 2025 11:47 PM IST
സ്വർണവും വെള്ളിയുമടക്കം വിശിഷ്ട ലോഹങ്ങളുടെ വില ഇടിയുന്നു. വന്യമായ ആവേശത്തോടെ കൈയെത്താത്ത ഉയരത്തിലേക്ക് അതിവേഗം കുതിച്ചുകയറിയ പൊന്നും വെള്ളിയും താഴോട്ടു യാത്ര തുടങ്ങി. ഒപ്പം, പ്ലാറ്റിനവും പല്ലാഡിയവും റോഡിയവും വീഴുന്നു.
രണ്ടു ദിവസം മുൻപു വരെ ചോദ്യം ഈ കയറ്റം എവിടംവരെ എന്നായിരുന്നു. ഇപ്പോൾ താഴ്ച എവിടംവരെ എന്നായി.
വിപണി നിരീക്ഷകർ സ്വർണവിലയെപ്പറ്റിയുള്ള പ്രവചനങ്ങൾ ഓഗസ്റ്റ് മുതൽ പലവട്ടം തിരുത്തി. 2026 അവസാനം വരുമെന്നു കരുതിയ വില ഈ ജൂലൈയിൽതന്നെ എത്തി. ഓഗസ്റ്റിൽ സ്വർണം ഔൺസിന് (31.1 ഗ്രാം) 3,450 ഡോളറിനു തൊട്ടു താഴെ വന്നു. 2026 ജൂണിൽ 4,000 ഡോളറിൽ എത്തുമെന്ന് ജെപി മോർഗൻ ചേയ്സ് ബാങ്ക് അന്നു പ്രവചിച്ചതു മടിച്ചുമടിച്ചാണ്. ഗോൾഡ്മാൻ സാക്സ് 2026 അവസാനം 4,300 ഡോളർ ആകാം എന്നും പറഞ്ഞു. ഒന്നര മാസം കഴിഞ്ഞ് ബാങ്ക് ഓഫ് അമേരിക്ക 2026 ഒടുവിലേക്കു 6,000 ഡോളറും ഗോൾഡ്മാൻ സാക്സ് 4,900 ഡോളറുമാണ് കണ്ട വില.
കാലഹരണപ്പെട്ട പ്രവചനങ്ങൾ
ഒക്ടോബർ ആയതോടെ ഈ പ്രവചനങ്ങളും കാലഹരണപ്പെടും എന്ന നിലയായി. ഒക്ടോബർ 20 തിങ്കളാഴ്ച രാജ്യാന്തരവില 4,381.21 ഡോളർ എന്ന റിക്കാർഡ് കുറിച്ചു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 97,361 രൂപ എന്ന റിക്കാർഡ് ആയി. ഒരു ലക്ഷത്തിൽനിന്ന് 2,640 രൂപ മാത്രം താഴെ.
പിന്നീടു താഴ്ചയായി. ബുധനാഴ്ച രാവിലെ ആകുമ്പോൾ ലോകവിപണിയിലെ വില 4,003.80 ഡോളർ വരെ ഇടിഞ്ഞു. പിന്നീട് ഗണ്യമായി കയറിയിട്ടു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് പവനു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 92,320 രൂപയായി കുറഞ്ഞു. തലേന്നത്തെ കൂടിയ വിലയിൽനിന്ന് 5,040 രൂപ കുറവ്.
തിരുത്തൽ കഴിഞ്ഞു കയറും
എന്തുകൊണ്ട് ഈ വീഴ്ച? കുറച്ചു മാസങ്ങളായി സ്വർണവില തിരുത്തൽ ഇല്ലാതെ കുതിക്കുകയായിരുന്നു. അതിനാൽ തിരുത്തൽ അനിവാര്യമാണത്രെ. എന്നു വില കുറഞ്ഞാലും പറയാവുന്ന ഒരു ന്യായമാണത്. ഏതായാലും 2026ൽ 63 ശതമാനം വരെ കയറിയ വില ഇനിയൊന്നു പിൻവാങ്ങിയിട്ടു കയറ്റം തുടരും എന്നാണു വിപണിനിരീക്ഷകർ പറയുന്നത്. അതായത്, താഴ്ച താത്കാലികമാണ്. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാനുള്ള സമ്മർദമാണ് ഈ വിലയിടിവിൽ കാണുന്നതെന്ന് അവർ വിശദീകരിക്കുന്നു. എന്നാൽ, ആ താഴ്ച എത്രയാകാം എന്നു പറയാൻ മാത്രം ആരും ധൈര്യപ്പെടുന്നില്ല.
ഏറ്റവും കൂടിയ വിലയായ 4,381.21ൽനിന്നു പത്തു ശതമാനം കുറഞ്ഞ് 3,942 ഡോളറിൽ വില എത്താനുള്ള സാധ്യത ചിലർ ചൂണ്ടിക്കാട്ടുന്നു. 10 ശതമാനം തിരുത്തൽ ഏതു വിപണിയിലും ആരോഗ്യകരമാണ്. അതിലും താഴോട്ടു പോയാൽ വിലത്തകർച്ച എന്നു പറയേണ്ടിവരും. അത് ഇരുപതോ മുപ്പതോ ശതമാനം വരെ പോകാം. മറ്റു ചിലരാകട്ടെ സ്വർണവിലയുടെ 50 ദിവസ മൂവിംഗ് ശരാശരിയായ 3,755 ഡോളറിനു മുകളിൽ വില നിന്നാൽ വേഗം തിരിച്ചുകയറുമെന്ന് ആശ്വസിപ്പിക്കുന്നു.
നല്ലതു വന്നാൽ ഇടിയും
കൂടുതൽ നല്ല കാര്യങ്ങൾ സംഭവിച്ചാൽ സ്വർണത്തിനു കൂടുതൽ ഇടിവ് ഉണ്ടാകാം. ഉദാഹരണമായി യുക്രെയിൻ സമാധാനം. അത് ആഗോള അസ്ഥിരത കുറയ്ക്കും. ഡോളറിനെ ശക്തമാക്കും. അപ്പോൾ സ്വർണം താഴും. വിമർശനങ്ങൾ ധാരാളമുണ്ടെങ്കിലും ട്രംപിന്റെ തീരുവകൾ അമേരിക്കൻ സർക്കാരിന്റെ വരുമാനം ഗണ്യമായി കൂട്ടും. അതു കമ്മി കുറയ്ക്കും. അപ്പോൾ യുഎസ് കടമെടുപ്പ് കുറയും. ഡോളറിന്റെ കരുത്തുകൂടും. അപ്പോഴും സ്വർണം താഴും.
ഓഹരികൾ തകർന്നാൽ
ഇങ്ങനെ സ്വർണത്തെ താഴ്ത്തുന്ന കാര്യങ്ങൾ മാത്രമല്ല വരാവുന്നത്. അമേരിക്കൻ ഓഹരിവിപണി തകരുന്നതടക്കം ധനകാര്യ കുഴപ്പങ്ങൾ ഉണ്ടാകാം. സമീപ മാസങ്ങളിൽ നിർമിതബുദ്ധി (എഐ) വലിയ ആവേശമാണ്. വലുതും ചെറുതുമായ കമ്പനികൾ എഐയിൽ ശതകോടിക്കണക്കിനു ഡോളർ നിക്ഷേപം നടത്തുന്നു. അതു കണ്ട് എഐ ഓഹരികളിലേക്കു നിക്ഷേപകരും ഫണ്ടുകളും പണമൊഴുക്കുന്നു. ഓഹരികളും വിപണി സൂചികകളും ദിവസേന റിക്കാർഡ് തിരുത്തുന്നു. ഇത് 2000ലെ ഡോട്ട് കോം കുമിളപോലെ പൊട്ടിത്തകരുമോ എന്ന ഭീതി പരക്കെയുണ്ട്. ഓഹരികൾ തകർന്നാൽ സ്വർണം കുതിച്ചുകയറും.
യുഎസ്-ചൈന ചർച്ച പരാജയപ്പെട്ട് വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം റഷ്യ-യൂറോപ്പ് യുദ്ധമായി വളരുന്നതും സ്വർണത്തെ ഉയർത്താവുന്ന കാര്യങ്ങളാണ്. ഏതായാലും സ്വർണം പതനം തുടങ്ങി. പുതിയ എന്തെങ്കിലും പ്രതിസന്ധി എവിടെയെങ്കിലും ഉടലെടുക്കുംവരെ താഴോട്ടുള്ള യാത്ര തുടരും.
നല്ല കാര്യങ്ങൾ മൂലം ഇടിവ്
സാങ്കേതിക വശങ്ങൾ എന്തായാലും ഇപ്പോൾ സ്വർണത്തെ താഴ്ത്തുന്നതു രണ്ടു നല്ല കാര്യങ്ങൾ ആണെന്നാണു നിഗമനം. രാഷ്ട്രീയമായും സാമ്പത്തികമായും നല്ല കാര്യങ്ങൾ ഉണ്ടായാൽ താഴും, ചീത്ത കാര്യങ്ങൾ വന്നാൽ കയറും എന്നതാണല്ലോ സ്വർണവിലയുടെ ഗതി.
ഒന്ന്: അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിക്കാൻ വഴി തെളിയുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ്ങും ഈയാഴ്ച ചർച്ച നടത്തും. തുടർന്ന് പ്രസിഡന്റുമാരായ ഡോണൾഡ് ട്രംപും ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തും. അതോടെ ചെെനയ്ക്കു 100 ശതമാനം തീരുവ എന്ന ഭീഷണി മാറുകയും നിലവിലുള്ള 55 ശതമാനം തീരുവ ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്നാണു നിഗമനം.
രണ്ട്: അമേരിക്കയിലെ സർക്കാർ സ്തംഭനം ഈയാഴ്ച അവസാനിച്ചേക്കും. രണ്ടും നല്ല കാര്യങ്ങൾ.
വെള്ളിയിൽ ഒരു ട്രംപ് ഭീതി
ഇത്തവണ 1980ലെയും 2011ലെയും ഉയർന്ന വിലകൾ മറികടന്ന വെള്ളി രാജ്യാന്തര വിപണിയിൽ ഔൺസിന് 54.49 ഡോളർ വരെ ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ റിക്കാർഡ് കുറിച്ചത്. അന്നുതന്നെ വില 4.73 ശതമാനം ഇടിഞ്ഞ് 51.91 ഡോളറിൽ ക്ലോസ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും വില വീണ്ടും കുറഞ്ഞ് ബുധനാഴ്ച 47.48 ഡോളർ വരെ എത്തി.
വെള്ളിവില കയറിയതിനു പിന്നിൽ ഒരു ട്രംപ് കരം ഉണ്ട്. ട്രംപിന്റെ തീരുവ ഭയന്ന് മുൻ മാസങ്ങളിൽ ലണ്ടനിലും യൂറോപ്പിലും നിന്നു വെള്ളി ബാറുകളുടെ സ്റ്റോക്ക് വൻതോതിൽ അമേരിക്കയിലേക്കു മാറ്റി. ഇതു പ്രധാന വ്യാപാര കേന്ദ്രമായ ലണ്ടനിൽ വെള്ളിക്കു ക്ഷാമമുണ്ടാക്കി. തന്മൂലം ഏതാനും ആഴ്ചകളായി വെള്ളിയുടെ സ്പോട്ട് വിലയേക്കാൾ താഴെയായി അവധിവില. ബായ്ക്ക് വേർഡേഷൻ എന്നാണ് ഈ അവസ്ഥയുടെ പേര്.
കഴിഞ്ഞ ആഴ്ച ഒടുവിൽ അമേരിക്കയിൽനിന്ന് 697 ടൺ വെള്ളി വിമാനത്തിൽ ലണ്ടനിൽ എത്തിച്ചാണു ക്ഷാമം പരിഹരിച്ചത്. ചൈനയിലെ ഷാങ്ഹായിയിൽനിന്ന് 150 ടണ്ണും എത്തിച്ചു.
ഇന്ത്യയിൽ മൂന്നു പ്രമുഖ വെള്ളി ഇടിഎഫുകൾ (എസ്ബിഐ, യുടിഐ, കൊട്ടക് മഹീന്ദ്ര) അവയുടെ യൂണിറ്റ് വില്പന കഴിഞ്ഞയാഴ്ച നിർത്തിവച്ചത് ഈ ക്ഷാമം മൂലമാണ്. കൂടുതൽ നിക്ഷേപം വരുന്നതിനനുസരിച്ചു വാങ്ങാൻ വെള്ളി വിപണിയിൽ കിട്ടാതെ വന്നു. ഇപ്പോൾ ക്ഷാമത്തിനു മാറ്റം വന്നു.