അറിഞ്ഞിരിക്കാം അടിയന്തര ശുശ്രൂഷകൾ
Wednesday, October 22, 2025 11:35 PM IST
നിഴലായ് മരണം 3/ ബിജോ ജോ തോമസ്
സെക്രട്ടേറിയറ്റിലെ ഓണാഘോഷപരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണുമരിക്കുന്ന ദൃശ്യങ്ങൾ ഇന്നും നമ്മുടെ മുന്നിലുണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കുപോലും എന്താണ് നടന്നതെന്ന് അറിയാൻ കഴിഞ്ഞില്ല. അദ്ദേഹം കുഴഞ്ഞു വീണതാണെന്നോ മരണത്തിലേക്കാണു പോകുന്നതെന്നോ സഹപ്രവർത്തകർക്കു മനസിലായില്ല. ഇവിടെ അവരെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല.. ഇക്കാര്യത്തിലുള്ള അവബോധമില്ലായ്മ മാത്രമാണത്.
ഒരാൾ കുഴഞ്ഞു വീണതിനുശേഷമുള്ള പത്ത് സെക്കൻഡുകൾ ഏറെ നിർണായകമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ സമയത്തിനുള്ളിൽ അയാളെ ആശുപത്രിയിലെത്തിക്കുക അസാധ്യമായിരിക്കും. എന്നാൽ ഈ പത്ത് സെക്കൻഡുകൾക്കുള്ളിൽ നൽകുന്ന പ്രഥമ ശ്രുശൂഷ ഒരുപക്ഷേ അയാളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരും. പലപ്പോഴും നമുക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. ഇതിനായി ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട് ) ട്രെയിനിംഗ് എല്ലാവർക്കും നൽകുന്നതിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ജീവൻരക്ഷാ പ്രവർത്തനത്തിന് എല്ലാവരെയും പ്രാപ്തരാക്കാം
ഡോ. പ്രദീപ് കിടങ്ങൂർ
(റെസിസ്റ്റൻസ് ട്രെയിനിംഗ് സെന്റർ ചെയർമാൻ, ഐഎംഎ തിരുവനന്തപുരം)
കുഴഞ്ഞുവീണു മരണങ്ങളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരളഘടകവും വളരെ ഗൗരവത്തോടെയാണു കാണുന്നത്. ഇത്തരം കേസുകളിൽ മരണം കുറയ്ക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. ഇതിനായി ഫീൽഡിൽ ഇറങ്ങി വ്യാപകമായി ട്രെയിനിംഗ് നല്കുന്ന പരിപാടികൾ തുടങ്ങിക്കഴിഞ്ഞു.
ബിഎൽഎസ് ( ബേസിക് ലൈഫ് സപ്പോർട്ട്) ടെയിനിംഗിനായ് ഐഎംഎക്ക് തിരുവനന്തപുരത്ത് പ്രത്യേക വിഭാഗം തന്നെയുണ്ട്. റെസിസ്റ്റൻസ് ട്രെയിനിംഗ് സെന്റർ എന്നാണ് ഇതിന്റെ പേര്. ഒരാൾ കുഴഞ്ഞു വീണാൽ എന്താണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് പൊതുജനങ്ങളെ ട്രെയിനിംഗിലൂടെ പഠിപ്പിക്കുകയാണ് സെന്റർ ചെയ്യുന്നത്.
ഒരാൾ കുഴഞ്ഞു വീണ് ഓരോ മിനിറ്റിലും അയാൾ മരിക്കാനുള്ള സാധ്യത ഇരട്ടിയാകുകയാണ്. ആദ്യത്തെ പത്തു സെക്കൻഡാണ് ഏറ്റവും നിർണായകം. അതിനുള്ളിൽ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകിയാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.
സിപിആർ ( cardio pulmonary resuscitation) ആണ് ഇതിൽ പ്രധാനം.പക്ഷേ ഇതിനു കൃത്യമായ ട്രെയിനിംഗ് വേണം. ഒരു കണ്ണിപോലെയാണ് ഇതിന്റെ നടപടികൾ. അതിനായി പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ഐഎംഎയുടെ ലക്ഷ്യം.
കഴിഞ്ഞ സീസണിൽ ശബരിമലയിൽ എഴുപതുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. ഇത്തവണ അവിടെ ഐഎംഎയുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനത്തിലൂടെ ശബരിമലയിലെ മരണങ്ങൾ കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. സമൂഹത്തിലെ എല്ലാവരിലേക്കും ഇതിന്റെ വിവരങ്ങൾ എത്തിക്കണം. സർക്കാർ തലത്തിൽ ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇതിനുള്ള പരിശീലനം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം അടുത്തിടെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. സ്കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ബിഎൽഎസ് പ്രവർത്തനം വ്യാപകമാക്കാനാണ് ഐഎംഎയുടെ തീരുമാനം.
വിദേശരാജ്യങ്ങിൽ കുഴഞ്ഞുവീണുമരണങ്ങളെ അതിജീവിക്കാൻ എഇഡി എന്ന ഉപകരണം ഇപ്പോൾ വ്യാപകമായുണ്ട്. പ്രാഥമിക ജീവൻ രക്ഷാപ്രവർത്തനത്തിൽ എഇഡി ഏറെ ഗുണകരമാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഇനിയും ഇതു സാധാരണമായിട്ടില്ല. ഇതോടൊപ്പം പൊതുസമൂഹം സ്വീകരിക്കേണ്ട ചില പ്രതിരോധമാർഗങ്ങളുമുണ്ട്. ശബരിമല പോലെ ശ്രമകരമായ തീർഥാടനത്തിനും മറ്റുയാത്രകൾക്കും പോകുന്നവർ വിശദമായ ചെക്കപ്പ് നടത്തുകയും ഡോക്ടർമാരോട് ഉപദേശം തേടേണ്ടതുമുണ്ട്.
CPR നൽകുന്പോൾ
പെട്ടെന്നൊരാൾ കുഴഞ്ഞു വീണാല്‍ ആദ്യം ചെയ്യേണ്ടത് സമയം അല്പം പോലും കളയാതെ സിപിആര്‍ നല്‍കുക എന്നതാണ്. രോഗിയെ ഉറപ്പുള്ള സമമായ പ്രതലത്തില്‍ നിവര്‍ത്തി കിടത്തണം. പിന്നീട്, തല ഒരു വശത്തേക്ക് ചെരിച്ചു വയ്ക്കുക. ആദ്യം കൈയിലെ പള്‍സ് നോക്കണം. കൈയിലെ പള്‍സ് കിട്ടുന്നില്ലെങ്കിൽ ബിപി തീരെ കുറവാണ്, അല്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ലക്ഷണമാണ്. കൈയിലെ പള്‍സ് കിട്ടിയില്ലെങ്കില്‍ കരോട്ടിക് പള്‍സ് കിട്ടുന്നുമോയെന്നു നോക്കണം. കരോട്ടിക് പള്‍സ് നമ്മുടെ തൊണ്ടയുടെ ഇരു വശത്തും കൈ വച്ചു നോക്കിയാല്‍ മിടിപ്പ് അനുഭവപ്പെടുന്ന പള്‍സാണ്. ഈ കരോട്ടിക് ആര്‍ട്ടറിയിലൂടെയാണ് തലച്ചോറിലേക്ക് രക്തം പോകുന്നത്.
ബിപി തീരെ കുറഞ്ഞാല്‍ ഈ പള്‍സും വ്യക്തമായി ലഭിക്കാതെ വരും. കരോട്ടിക് പള്‍സും കിട്ടാതെ വന്നാല്‍ ഹൃദയസ്തംഭനമാണെന്ന് മനസിലാക്കാം. ഉടന്‍ സിപിആര്‍ നല്‍കുക. ഇതിനായി വലതുകൈപ്പത്തി മയങ്ങിക്കിടക്കുന്ന ആളുടെ നെഞ്ചിന്റെ നടുവില്‍ കമഴ്ത്തി വയ്ക്കുക. ഇതിനു മുകളില്‍ ഇടതു കൈ വിരലുകള്‍ വലതു കൈവിരലുകളില്‍ പിണച്ചു വച്ച് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ 30 തവണ വരെ നല്‍കുക. ഇതിലൂടെ ആൾ ജീവിതത്തിലേക്കു തിരികെ വരാന്‍ സാധ്യതയേറെയാണ്.
എഇഡി (Automated External Defibrillator)

ഹൃദയാഘാതം സംഭവിച്ച ഒരാൾക്ക് വൈദ്യസഹായം എത്തുന്നതുവരെ, ലൈഫ് സേവിംഗ് ഉപകരണമായ എ ഇ ഡി(automated external defibrillator) ഉപയോഗിക്കുന്നതിലൂടെ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയും. നെഞ്ചിൽ ഘടിപ്പിക്കാവുന്ന ഈ ഉപകരണം ഹൃദയത്തിന്റെ താളം വിലയിരുത്തുകയും ആവശ്യമെങ്കിൽ ഇലക്ട്രിക് ഷോക്ക് നൽകുകയും ചെയ്യുന്നു. സാധാരണയായിഎളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് എഇഡി രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ ഘട്ടത്തിലും യന്ത്രം നിർദേശങ്ങൾ നൽകും.
വിദേശരാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിലെല്ലാം ഇതു സാധാരണമായിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ എഇഡി ഉപയോഗം ഇനിയും സാധാരണമായിട്ടില്ല. ബസ് സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ, സെക്രട്ടേറിയറ്റ്, പൊതുനിരത്തുകൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇതു സ്ഥാപിക്കുന്നത് ഏറെ ഗുണം ചെയ്യും. 55,000 രൂപ മുതൽ ഒന്നരലക്ഷം വരെയാണ് വില.
ഹൃദയാരോഗ്യം മുദ്രാവാക്യമാകട്ടെ
ആധുനികകാലത്ത് മാനവസമൂഹം രോഗങ്ങളുടെ പരന്പരയിലൂടെയാണ് കടന്നുപോകുന്നത്. ജീവനുഭീഷണിയായി അനവധി പുതിയ രോഗങ്ങൾ മനുഷ്യരാശിയെ ഭീതിപ്പെടുത്തുന്നു. എന്നാൽ രോഗപ്രതിരോധവും അതിജീവനവും നമ്മുടെ മുന്നിൽ പ്രതീക്ഷകളായുണ്ട്. ഹൃദയാരോഗ്യത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.
നല്ല ഭക്ഷണം, നല്ല ഉറക്കം, വ്യായാമം എന്നിവയൊക്കെയാണ് ഹൃദയാരോഗ്യത്തിന് അടിസ്ഥാനപരമായി എല്ലാക്കാലത്തും പറയുന്നത്. അതിനു മാറ്റമൊന്നുമില്ല. സമീകൃതാഹാരം എന്നൊക്കെ പറയുന്പോഴും പുതിയ ഭക്ഷണശീലങ്ങളോടാണ് യുവതലമുറയ്ക്ക് പഥ്യം. പുതിയ ജീവിതശൈലിയിൽ ഫാസ്റ്റ്ഫുഡിനെ അകറ്റിനിർത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ എന്തു കഴിക്കുന്നു എന്നതിലല്ല എത്ര കഴിക്കുന്നുവെന്നിലാണ് പ്രധാന്യമെന്ന് ഡോക്ടർമാർ പറയുന്നു.
മാംസാഹാരവും വറുത്തതും പൊരിച്ചതുമൊക്കെ ആവാം. പക്ഷേ എല്ലാം മിതമായി കഴിക്കുന്ന ശീലം യുവതലമുറ പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ഭാവിയിലെ ഹൃദയ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. മിതമായ ഭക്ഷണവും നല്ല വ്യായാമവും ഉള്ള ഒരാൾക്ക് വേണ്ടത്ര ഉറക്കമില്ലെങ്കിൽ ഹൃദയരോഗങ്ങൾക്ക് സാധ്യത കൂടുതലാണ്.
കുട്ടികളായിരിക്കുന്പോൾ തന്നെ ഹൃദയാരോഗ്യത്തിന് കരുതൽ നൽകുന്ന ശീലങ്ങളിലേക്കു മാറേണ്ടത് ആവശ്യമാണെന്ന് ഡോ. ടി.കെ. ജയകുമാർ പറയുന്നു. നല്ല ഭക്ഷണവും വ്യായാമവുമൊക്കെ ചെറുപ്പത്തിലെ ശീലിക്കണം. ന്യൂജെൻ ഭക്ഷണങ്ങൾ പുതിയ തലമുറയ്ക്ക് ഒഴിവാക്കാനാകാത്തതാണെങ്കിലും നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. അതോടൊപ്പം മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നതിനും ഏറെ പ്രധാന്യമുണ്ട്. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് യുവതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചെറിയ പ്രശ്നങ്ങളിൽ പോലും പലരും പതറുന്നു. ഇത് ഹൃദയാരോഗ്യത്തെ ഏറെ ബാധിക്കുമെന്നും ഡോ. ജയകുമാർ വ്യക്തമാക്കി.
അവസാനിച്ചു