സമസ്യയായി ബിഹാര്‍
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Saturday, October 18, 2025 12:39 AM IST
രാഷ്ട്രീയത്തില്‍ ശത്രുവിന്റെ ശത്രു മിത്രം. സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ല. അധികാരം പിടിക്കാന്‍ ആരെ കൂടെക്കൂട്ടാനും ആരുടെകൂടെ കൂടാനും ആര്‍ക്കും മടിയില്ല. പരസ്യമായ സഖ്യത്തിനു പുറമെ ചില രഹസ്യധാരണകളുമുണ്ട്. ജാതിയും മതവും വര്‍ഗവും പ്രാദേശികവാദവും അടക്കം മുതലെടുപ്പിനുള്ള ഒരു വഴിയും ആരും വേണ്ടെന്നു വയ്ക്കാറില്ല. തീവ്ര, വര്‍ഗീയ ഗ്രൂപ്പുകളുമായി സന്ധിചെയ്യാനും മിക്ക നേതാക്കളും മടിക്കാറില്ല. ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്ന ബിഹാറില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇവയെല്ലാമുണ്ട്.
വോട്ടവകാശമാണു പൗരന്റെ മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം. ജനാധിപത്യത്തില്‍ പൗരനുള്ള ഏറ്റവും ശക്തവും വിലപ്പെട്ടതും പവിത്രവുമായ അഹിംസാത്മക ഉപകരണമാണ് വോട്ട്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) പേരില്‍ ബിഹാറിൽ ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം കവര്‍ന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടവകാശമാണു കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയ്ക്കു ലഭിച്ച ജനപിന്തുണ വോട്ടായി മാറുമോയെന്നു കണ്ടറിയണം.
തടസമില്ലാതെ എസ്ഐആര്‍
ബിഹാറിലെ എസ്ഐആറില്‍ നീക്കിയതും പുതുതായി ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്ത്തിയാക്കുകയാണെന്നാണു കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കമ്മീഷന് പറഞ്ഞത്. ഏതായാലും പുതുക്കിയ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തിലാകും നവംബര്‍ ആറിനും 11നും നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എസ്ഐആറിനെ ചോദ്യം ചെയ്ത് അസോസിയേഷന് ഓഫ് ഡെമൊക്രാറ്റിക് റിഫോംസ് (എഡിആര്‍) നല്കിയ ഹര്‍ജി നവംബര്‍ നാലിനു മാത്രമേ സുപ്രീംകോടതി ഇനി പരിഗണിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പു കമ്മീഷന് അവരുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നതില്‍ സംശയമില്ല. നീക്കിയതും ചേര്‍ത്തതുമായ വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സുപ്രീംകോടതിയിലെ ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും പറഞ്ഞത്. കരടുപട്ടികയിലെ പുതിയ വോട്ടര്‍മാരുടെ പൂര്‍ണലിസ്റ്റ് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും നീക്കംചെയ്ത വോട്ടര്‍മാര്‍ ആരൊക്കെയെന്നാണു വെളിപ്പെടുത്താത്തതെന്നും എഡിആറിനുവേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് അടുത്തിട്ടും അന്തിമ വോട്ടര്‍പട്ടിക വൈകുന്നതു ദുരൂഹമാണ്.
നിതീഷ് കുമാറിന്റെ കളികള്‍
മാര്‍ച്ച് ഒന്നിന് 75 വയസു തികയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇപ്പോഴും ബിഹാറിലെ കിംഗ് മേക്കര്‍. നിതീഷിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ഐക്യ ജനതാദളും പക്ഷം മാറുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിക്ക് ഇനിയും കൊതി മാറിയിട്ടില്ല. ഇടയ്ക്കു രാജിവച്ചു മുന്നണി മാറിയതടക്കം ഒമ്പതു തവണയാണു നിതീഷ് മുഖ്യമന്ത്രിയായി പ്രതിജ്ഞയെടുത്തത്. പക്ഷേ, ജയിച്ചാലും തോറ്റാലും നിതീഷിന്റെ അവസാന മുഖ്യമന്ത്രി പദമാകും ഇപ്പോഴത്തേതെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
വികസന നായകനായ സോഷ്യലിസ്റ്റ് നേതാവ് എന്ന പ്രതിച്ഛായ നിതീഷിനു നഷ്ടമായി. അവസരവാദിയും അധികാരമോഹിയും എന്ന പേരു വീണതൊന്നും നിതീഷിനു പ്രശ്നമല്ല. നിതീഷിന്റെ നേതൃത്വത്തിലാണ് എന്‍ഡിഎ ഇത്തവണയും മത്സരിക്കുന്നത്. എന്‍ഡിഎയ്ക്കു വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു ബിജെപി പിടിമുറുക്കും. തെരഞ്ഞെടുപ്പിനുശേഷമാകും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതില്‍ എല്ലാമുണ്ട്. ബിഹാറിലെ 243 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന നവംബര്‍ 14ന് കാര്യങ്ങളില്‍ വ്യക്തത കൈവരും.
മാറുന്ന ബിഹാര്‍ രാഷ്ട്രീയം
നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയുമാണ് മൂന്നര പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയം അടക്കിവാണിരുന്നത്. 1990ലാണ് ബിഹാറില്‍ കോണ്‍ഗ്രസിന് അവസാന മുഖ്യമന്ത്രി ഉണ്ടായിരുന്നത്. അഴിമതി, സ്വജനപക്ഷപാതം, അവസരവാദം തുടങ്ങിയവകൊണ്ട് ആര്‍ജെഡിയും ജെഡിയുവും ക്ഷീണിച്ചുതുടങ്ങി. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തിലും രാഷ്ട്രീയ തന്ത്രങ്ങളുംകൊണ്ടു ബിജെപിയാണു നേട്ടമുണ്ടാക്കിയത്. 2020ല്‍ ബിജെപിയേക്കാള്‍ അഞ്ചു സീറ്റ് കൂടുതൽ കിട്ടിയ ജെഡിയുവിന് ഇത്തവണ ബിജെപിക്കൊപ്പം 101 സീറ്റിലൊതുങ്ങേണ്ടി വന്നു.
അടുത്ത മാസം ആറിനു വോട്ടെടുപ്പു നടത്തുന്ന ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലേക്കു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നിട്ടും ഭരണകക്ഷിയായ എന്‍ഡിഎയിലും പ്രതിപക്ഷ മഹാസഖ്യത്തിലും പ്രധാന പാര്‍ട്ടികളിലും ആശയക്കുഴപ്പവും പരാതികളും പരിഭവങ്ങളും തീര്‍ന്നില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്ത സീറ്റുവിഭജനത്തിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും ഇരുമുന്നണികളിലും പ്രശ്നങ്ങളേറെയാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ജിതിന് റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഒതുങ്ങാതെ വഴിയില്ലായിരുന്നു.
പുറമെ ശാന്തം; ഉള്ളില്‍ പുക
ആര്‍ജെഡിയുമായുള്ള തര്‍ക്കം പരിഹരിക്കാനാകാതെ നീളുന്നതിനിടയില്‍ 48 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പത്രികാ സമര്‍പ്പണം ഇന്നലെ കഴിയുന്നതിനാല്‍ മറ്റു വഴികള്‍ ഉണ്ടായില്ല. 2020ല്‍ മത്സരിച്ച 70ല്‍ ഒരു സീറ്റു മാത്രമേ വിട്ടുകൊടുക്കൂവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 60 സീറ്റില്‍ കൂടുതല്‍ പറ്റില്ലെന്ന് ആര്‍ജെഡി വാശിപിടിച്ചതോടെ സീറ്റുവിഭജനം നീണ്ടു. മുന്നണി വിടുമെന്ന ഭീഷണിക്കൊടുവില്‍ 13-14 സീറ്റു നല്കി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്സാന് പാര്‍ട്ടിയെ (വിഐപി) മെരുക്കിയെന്നാണ് ആര്‍ജെഡി പറയുന്നത്. സിപിഐ-എംഎല്, സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്കി. സിപിഎമ്മിനു നാലു സീറ്റാണു കിട്ടിയത്.
മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്ന തേജസ്വി യാദവിനെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റക്കാരനാക്കിയത് ആര്‍ജെഡിക്കും മഹാസഖ്യത്തിനും തിരിച്ചടിയായി. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ നഷ്ടമാകുന്ന വോട്ടുകളിലേറെയും മഹാസഖ്യത്തിന്റേതാകും. ഭരണവിരുദ്ധ വികാരവും നിതീഷിന്റെ ചാഞ്ചാട്ടങ്ങളും പ്രായവുമെല്ലാം നേട്ടമാകേണ്ട പ്രതിപക്ഷത്തിന് ഒന്നും ഉറപ്പിക്കാനാകാത്ത നില. പുറമെ കാണുന്നതിലും പ്രശ്നങ്ങള്‍ എന്‍ഡിഎയിലുമുണ്ട്.
കുമിളയായി പ്രശാന്ത് കിഷോര്‍
തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ രംഗപ്രവേശം വോട്ടര്‍മാരെ എത്രകണ്ടു സ്വാധീനിക്കുമെന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരേ രഘോപുരില്‍ മത്സരിക്കുന്നതില്‍നിന്നു പിന്മാറിയതിലൂടെ കിഷോര്‍ സെല്‍ഫ് ഗോള്‍ അടിച്ചുവെന്നാണു ചിലരെങ്കിലും കരുതുന്നത്. ഗോലിയാത്തിനെ വെല്ലുവിളിക്കുന്ന ദാവീദായി കിഷോര്‍ സ്വയം വരച്ചുകാട്ടിയ പ്രതിച്ഛായയ്ക്കാണ് ഇടിവുണ്ടായത്. ഒന്നുകില്‍ 150 സീറ്റ് അല്ലെങ്കില്‍ 10 സീറ്റ് തന്റെ പാര്‍ട്ടിക്കു കിട്ടുമെന്ന കിഷോറിന്റെ പ്രസ്താവനയും സ്വന്തം ഗോള്‍പോസ്റ്റിലെ ഗോളടിയായി.
ആകെയുള്ള 243 സീറ്റിലും മത്സരിക്കുമെങ്കിലും ബിഹാറില്‍ ജൻ സുരാജിന് പ്രതീക്ഷ മങ്ങുകയാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ആദ്യം നേടിയതുപോലുള്ള ജനപിന്തുണ കിഷോറിനു കിട്ടില്ല. ആവേശകരമായ ത്രികോണ മത്സരം പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. എന്‍ഡിഎയും മഹാസഖ്യവും (മഹാഗഡ്ബന്ധന്) തമ്മിലുള്ള ദ്വന്ദയുദ്ധമാകും ബിഹാറിലേത്. കേരളത്തിലേതുപോലെ രണ്ടു പ്രബല മുന്നണികള്‍ തമ്മിലുള്ള ധ്രുവീകരണത്തില്‍ മൂന്നാമത്തെ കളിക്കാരന് ഇടമില്ല. എന്നാല്‍ ജന്‍ സുരാജ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ ജയ-പരാജയങ്ങളെ സ്വാധീനിക്കും. നിതീഷ് കുമാറും ബിജെപിയും പരാജയപ്പെടുമെന്നു കിഷോര്‍ തറപ്പിച്ചു പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് ഉറക്കം നഷ്ടപ്പെടും.
ജാതിരാഷ്ട്രീയം തന്നെ മുന്നില്‍
ബിഹാറില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കും തീര്‍ച്ചപ്പെടുത്താനാകാത്ത നിലയാണ്. എന്‍ഡിഎയിലും മഹാസഖ്യത്തിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ആശങ്കയുമുണ്ട്. ഇരുമുന്നണികളും ജയം ഉറപ്പാണെന്ന് ആവര്‍ത്തിക്കുമ്പോഴും അവര്‍ക്കും തീര്‍ച്ചയില്ല. വികസനമില്ലായ്മയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും അടക്കമുള്ള ഭരണപരാജയങ്ങളും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവുമൊന്നും പ്രചാരണത്തില്‍ മുന്നിലല്ല.
ജനകീയ പ്രശ്നങ്ങളെ മറികടക്കാന്‍ പതിവുപോലെ ജാതി, മത, പ്രാദേശിക വികാരങ്ങള്‍ മൂപ്പിച്ചെടുക്കുകയാണു പാര്‍ട്ടികള്‍. ബിഹാറിന്റെ മനസറിയാന്‍ അടുത്ത മാസം 14 വരെ കാത്തിരുന്നേ മതിയാകൂ. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ തടയാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ക്ക് എത്രമാത്രം കഴിയുമെന്നതും ചോദ്യചിഹ്നമാണ്. പൂര്‍ണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും നിഷ്പക്ഷ തെരഞ്ഞെടുപ്പാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അവകാശപ്പെടുന്നു.
ആര്‍ക്കുമൊന്നിനും ഉറപ്പില്ലാതെ
ഇന്നലെ പാറ്റ്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുകയും സരനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയും ചെയ്ത അമിത് ഷായ്ക്കും ആശങ്കകളേറെയാണ്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാന് ഭീകരര്‍ക്ക് അവരുടെ ആസ്ഥാനത്തു തിരിച്ചടി കൊടുത്തുവെന്നാണു ഷാ പ്രസംഗിച്ചത്. ബംഗ്ലാദേശില്‍നിന്നു കുടിയേറുന്ന മുസ്ലിംകള്‍ക്കെതിരേ ഷാ വാചാലനായതിലും വോട്ട് ധ്രുവീകരണംതന്നെ ലക്ഷ്യം. പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ടുകളിലാണ് പ്രതിപക്ഷത്തിന്റെ കണ്ണ്.
യുപി കഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണു ബിഹാര്‍. ബിഹാറിന്റെ ജനവിധി ദേശീയ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. ബിഹാറില്‍ എന്‍ഡിഎയെ പുറത്താക്കി അധികാരം പിടിക്കാന്‍ ഇന്ത്യ സഖ്യത്തിനു കഴിഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങളിലും ജനവിധി പ്രതിഫലിക്കും. ജെഡിയു, ബിജെപി സഖ്യം അധികാരത്തുടര്‍ച്ച നേടിയാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പടയോട്ടം തടയാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ബിഹാറിലെ ജനവിധി.