പുകയുന്ന ശിരോവസ്ത്ര വിവാദം
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Saturday, October 18, 2025 12:36 AM IST
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.