രണ്ട് പതിറ്റാണ്ടു പിന്നിടുന്ന വിവരാവകാശ നിയമം
പ്രഫ. റോണി കെ. ബേബി
Friday, October 17, 2025 12:18 AM IST
വിവരാവകാശ നിയമം നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുന്നു. ഒന്നാം മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് 2005 ഒക്ടോബർ 12നാണ് നിയമം നിലവിൽ വന്നത്. 1923ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൗരസമൂഹത്തില്‍നിന്ന് മൂടിവയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ, വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുള്ള അവകാശം പൗരന്മാർക്ക് നൽകി. വിവരാവകാശ നിയമം സംബന്ധിച്ച ബിൽ 2005 മേയ് 11ന് ലോക്സഭയും മേയ് 12ന് രാജ്യസഭയും പാസാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ജൂൺ 15നാണ്. ഇന്ത്യയിൽ ആദ്യ വിവരാവകാശ അപേക്ഷ നൽകിയ വ്യക്തി ഷാഹിദ് റാസ ബെർണേയാണ്. പൂന പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം അപേക്ഷ നൽകിയത്.
2005ല്‍ പാര്‍ലമെന്റില്‍ വിവരാവകാശ ബിൽ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പറഞ്ഞത്, “ഈ ബിൽ പാസാകുന്നത് നമ്മുടെ ഭരണസംവിധാനത്തില്‍ ഒരു യുഗത്തിനു നാന്ദികുറിക്കും” എന്നാണ്.
വിവരാവകാശ നിയമത്തിന്റെ ചരിത്രം
സ്വീഡനിൽ 1887ൽ നിലവിൽ വന്ന ‘ദി ഫ്രീഡം ഓഫ് ദി പ്രസ് ആക്ട്’ വിവരാവകാശ നിയമങ്ങളുടെ മാതാവായി പരിഗണിക്കപ്പെടുന്നു. ഇന്ന് ലോകത്ത് ഏറ്റവും കുറവ് അഴിമതിയുള്ള രാജ്യം സ്വീഡനാണ്. 1946ല്‍ ഐക്യരാഷ്ട്രസംഘടനയും ‘അറിയാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്’ എന്ന പ്രമേയം പാസാക്കി. 1960ല്‍ യുനസ്കോ ‘അറിയാനുള്ള അവകാശ സ്വാതന്ത്ര്യപ്രഖ്യാപനം’ അംഗീകരിച്ചു. ഇന്ന് 120 രാജ്യങ്ങളിൽ വിവരാവകാശനിയമത്തിനു തത്തുല്യമായ നിയമങ്ങളുണ്ട്.
1975ല്‍ സുപ്രസിദ്ധമായ രാജ് നാരായണന് കേസില്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽനിന്ന് ആദ്യമായി പരാമർശം ഉണ്ടായതോടെയാണ് ഇന്ത്യയിൽ നിയമത്തിനുവേണ്ടി വാദങ്ങൾ ഉയർന്നുതുടങ്ങിയത്.1982ൽ ഭരണഘടനയുടെ അനുച്ഛേദം 19(1) (a) പ്രകാരം വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. “അറിയുവാനുള്ള അവകാശമില്ലെങ്കിൽ ഭരണഘടനയിലെ വ്യക്തിസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മൗലിക അവകാശമായ ആർട്ടിക്കിൾ പത്തൊമ്പതിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് പ്രസക്തി ഇല്ല” എന്നാണ് സുപ്രീംകോടതി അന്നു നിരീക്ഷിച്ചത്.
2002ലാണ് ‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്’ രൂപപ്പെട്ടത്. ഇതിലെ പോരായ്മകള്‍ ചർച്ച ചെയ്യപ്പെടുകയും 2004ല്‍ ‘വിവരാവകാശ ബില്‍’ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക പ്രവർത്തകയായ അരുണ റോയ് സ്ഥാപിച്ച മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടന വിവരാവകാശ നിയമത്തിന്റെ ആവശ്യകത മുൻനിർത്തി നടത്തിയ ശക്തമായ പ്രചാരണമാണ് അവസാനം ലക്ഷ്യം കണ്ടത്.
വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം
പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനുംവേണ്ടി തയാറാക്കിയ നിയമമാണ് വിവരാവകാശ നിയമം. പഞ്ചായത്ത് ഓഫീസ് മുതൽ സുപ്രീംകോടതി വരെ സർക്കാരിന്റെ അധീനതയിലുള്ള രേഖകളും വിവരങ്ങളും പത്തു രൂപ മുടക്കി വളരെ ലളിതമായ ഒരു അപേക്ഷ നല്കി മുപ്പത് ദിവസത്തിനുള്ളിൽ ഏതൊരു പൗരനും നേടാം.
രണ്ടാം രണ്ടാം ഷെഡ്യൂളിൽ പ്രതിപാദിച്ച ചില സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ അഴിമതി, മനുഷ്യവകാശ ലംഘനം തുടങ്ങിയ കേസുകളിൽ ഈ ഡിപ്പാർട്ട്മെന്റ്കളിൽനിന്നു വിവരം തേടാവുന്നതാണ്. പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ തൃപ്തരല്ലെങ്കിലോ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അവസരവുമുണ്ട്.
മാധ്യമ, പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ഈ നിയമം പ്രയോജനപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം ഇന്ത്യയിൽ ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. വിവരാവകാശ നിയമം ഉപയോഗിച്ച് വിവിധ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും അഴിമതികൾക്കെതിരേ പ്രതികരിക്കുകയും ചെയ്ത എൺപതോളം മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
നിയമ ഭേദഗതിയും അട്ടിമറിനീക്കങ്ങളും
പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ വിവരാവകാശ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം ഭരണതലത്തിൽ സജീവമാണ്. 2019ൽ പാർലമെന്റ് പാസാക്കിയ വിവരാവകാശ നിയമ ഭേദഗതി 2023ൽ കൊണ്ടുവന്ന ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ഉദാഹരണങ്ങളാണ്. മുഖ്യ വിവരാവകാശ കമ്മീഷണറുടെയും വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും നിശ്ചയിക്കാൻ കേന്ദ്രസർക്കാരിനെ ചുമതലപ്പെടുത്തുന്നതാണ് 2019ലെ ഭേദഗതി . ഇതിലൂടെ വിവരാവകാശ കമ്മീഷനെ സർക്കാരിന്റെ ചൊൽപ്പടിക്കു നിർത്താനും കമ്മീഷനിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പുവരുത്താനും കഴിയും. 2023ലെ ഡിജിറ്റൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ തകർത്തുകളഞ്ഞു എന്നുതന്നെ പറയാം. വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്ന് ആക്ടിലെ സെക്ഷൻ 44(3) പറയുന്നു. ദേശസുരക്ഷ, ക്രമസമാധാനം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ വേണ്ടിവന്നാൽ ഒഴിവാക്കാൻ സാധിക്കുന്ന നിയമത്തിലെ നിബന്ധന വലിയ വിമർശനം നേരിടുന്നു.
മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിൽ വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകൾ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ കസേര 2014 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഏകദേശം 32,000ത്തോളം വിവരാവകാശ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.