മയൂരസിംഹാസനവും വർക്കിച്ചന്റെ ഡിപ്രഷനും
കെ.ആർ. പ്രമോദ്
Friday, October 17, 2025 12:15 AM IST
ഒരു ദിവസം രാവിലെ ഉറക്കമുണർന്നിട്ടും വർക്കിച്ചൻ മച്ചിലേക്ക് കണ്ണുനട്ട് വെറുതെ കട്ടിലിൽ കിടന്നു.
സാധാരണഗതിയിൽ ആറുമണിയോടെ എഴുന്നേൽക്കേണ്ടതാണ്. മാത്രമല്ല, കുറച്ചുദിവസമായി രാത്രി അധികം ഉറങ്ങുന്നുമില്ല. പത്തറുപത് വയസായില്ലേ, അതിന്റെ ഏനക്കേടായിരിക്കുമെന്നാണു പ്രിയതമ കരുതിയത്.
പക്ഷേ, കട്ടിലിൽ ചുരുണ്ടുകിടന്ന് വർക്കിച്ചൻ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു: “എന്റെ മേരിക്കുട്ടീ! ഈ ഷാജഹാന്റെ മയൂരസിംഹാസനത്തിന്റെ കാര്യമാണ് ഞാനാലോചിക്കുന്നത്. നമ്മുടെ ബ്രിട്ടീഷുകാർക്കാണ് മുഗളന്മാർ ഇതു കൊടുത്തിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ നികുതികൾ കുറയ്ക്കുമായിരുന്നില്ലേ?”
മേരിക്കുട്ടിക്ക് ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല.
മയൂരത്തിന്റെ ആസനം എന്നുമാത്രം അവർ കേട്ടു.
വർക്കിച്ചൻ തുടർന്ന് ഇപ്രകാരം വിശദീകരിച്ചു:
“പണ്ട് നാദിർഷ എന്നു പറയുന്ന ഒരുവൻ ഇവിടെ വന്ന് ഷാജഹാന്റെ മയൂരസിംഹാസനം പേർഷ്യക്ക് കട്ടോണ്ടുപോയില്ലേ? അത്രയും സമ്പത്ത് കിട്ടിയതുകൊണ്ട് അയാൾ മൂന്നുവർഷത്തേക്ക് പേർഷ്യയിൽ നികുതി പിരിച്ചിരുന്നില്ലത്രെ! പേർഷ്യക്കാരുടെ ഭാഗ്യം!”
ഇതു കേട്ടപ്പോൾ ഭാര്യക്കു ദേഷ്യം വന്നു.
“അതിനിപ്പോ നമ്മളെന്തു വേണം?”-അവർ ചോദിച്ചു.
“അല്ല, ഈസ്റ്റിന്ത്യാ കമ്പനിക്ക് ആദ്യംതന്നെ ഈ സിംഹാസനം മുഗളന്മാരിൽനിന്ന് കിട്ടിയിരുന്നെങ്കിൽ അതവർ നമ്മുടെ ബ്രിട്ടീഷ് രാജ്ഞിക്കു കൊടുക്കുമായിരുന്നു. അപ്പോൾ രാജ്ഞി നമ്മുടെ രാജ്യത്തിന് വലിയ നികുതിയിളവുകൾ തരുമായിരുന്നു. പഴയ ശിപായിലഹള പോലും സംഭവിക്കുമായിരുന്നില്ല.” -ഒരു ചരിത്രപണ്ഡിതനെപ്പോലെ വർക്കിച്ചൻ ചൂണ്ടിക്കാട്ടി.
ഇത്രയുമായപ്പോൾ മേരിക്കുട്ടി പ്രിയതമന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കുറച്ചുനേരം നിന്നു. ഭർത്താവിന്റെ ശിരസിലെ ആണിയിളകിയോ? പ്രായമാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. പോരാഞ്ഞ് കണ്ണിൽക്കാണുന്ന പുസ്തകങ്ങളൊക്കെ വായിച്ച് ആവശ്യമില്ലാത്ത ചിന്താഭാരം തലയിൽ കയറ്റിവയ്ക്കുന്ന ആളുമാണ് കണവൻ.
“നിങ്ങളാരാണെന്നാണ് വിചാരം? ലോകം നിങ്ങളുടെ തലയിൽ ചുമക്കണ്ട” -മേരിക്കുട്ടി താക്കീതു നൽകി.
“അതല്ല! ജഹാംഗീറിന്റെ കാലത്താണു ബ്രിട്ടീഷുകാർ ആദ്യമിവിടെ വന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് നാദിർഷ ഡൽഹിയിലെത്തി പണവും സിംഹാസനവും രത്നങ്ങളുമെല്ലാം ഇസ്കിക്കൊണ്ടു പോയത്.”-വർക്കിച്ചൻ ഓർമിപ്പിച്ചു.
“അതിനു ഞാനെന്തു ചെയ്യണം?”-മേരിക്കുട്ടി വീണ്ടും വിറച്ചു.
“അതൊക്കെക്കഴിഞ്ഞ് അയ്യായിരം ബ്രിട്ടീഷ് പട്ടാളക്കാരെ ശ്രീരംഗപട്ടണത്തുവച്ച് ടിപ്പു സുൽത്താൻ തട്ടിയില്ലേ? എനിക്കത് വളരെ ഇഷ്ടപ്പെട്ടു!” -വർക്കിച്ചൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പിന്നെയും പ്രസ്താവിച്ചു.
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർക്കും ഒരുചുക്കുമില്ല! വീട്ടുകാര്യം നേരേചൊവ്വേ നോക്കാത്ത മനുഷ്യനാണ് വിശ്വചരിത്രാവലോകനം ചെയ്യാനിറങ്ങിയിരിക്കുന്നത്! ഓൺലൈനിൽ കറന്റ് ബില്ല് അടയ്ക്കാൻ പോലും നിങ്ങൾക്കറിയാമോ?” -മേരിക്കുട്ടി ഒരു ഗോളടിച്ചു.
ഇതു കുട്ടിക്കളിയല്ല!
മറ്റൊരു ദിവസം വർക്കിച്ചൻ ടൗണിൽ പോയി ഉച്ചയ്ക്കാണു വന്നത്.
രണ്ടുമൂന്നു പൊതികൾ മൂപ്പരുടെ ബാഗിലുണ്ടായിരുന്നു. പായ്ക്കറ്റുകൾ പൊട്ടിച്ചപ്പോൾ എല്ലാവരും അമ്പരന്നുപോയി. ചെറിയൊരു കാറും പിന്നെ മരംകൊണ്ടുണ്ടാക്കിയ ഒരു ബസും ഒരു പെട്ടിനിറയെ ചീട്ടുകളുമായിരുന്നു കവറിലുണ്ടായിരുന്നത്.
വർക്കിച്ചൻ ഉച്ചയ്ക്കു ചോറുണ്ടശേഷം ബസും കാറും മുറിയിലെ മേശയിൽ പലവട്ടം ഓടിച്ചു രസിച്ചു. പിന്നീട് കട്ടിലിൽ കയറിയിരുന്ന് ചീട്ടുകൾ കിടക്കയിൽ നിരത്തിവച്ച് ഗൗരവത്തോടെ വിളയാടിത്തുടങ്ങി.
വൈകുന്നേരമായപ്പോൾ ചീട്ടുകൾ മാറ്റിവച്ച് വർക്കിച്ചൻ മറ്റൊരാഗ്രഹം വെളിപ്പെടുത്തി: “എനിക്കൊരു തോക്കു വാങ്ങണം. മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻ ബാബർക്ക് സാധിച്ചത് ഒന്നാം പാനിപ്പട്ട് യുദ്ധത്തിലെ വിജയമാണ്. ആ യുദ്ധത്തിന് ഇബ്രാഹിം ലോദി തോൽക്കാൻ കാരണം ബാബറിന്റെ കൈയിലെ തോക്കും വെടിമരുന്നുമായിരുന്നു. മാർത്താണ്ഡവർമയ്ക്ക് ഡച്ചുകാർ തോക്കും ഉണ്ടയും കൊടുത്തതുകൊണ്ടാണ് ആധുനിക തിരുവിതാംകൂർ ഉണ്ടായത്.”
“നോക്കാം. പെരുന്നാൾ വരട്ടെ. അപ്പോൾ നല്ല കളിത്തോക്ക് കിട്ടും” -മേരിക്കുട്ടി സ്നേഹം ഭാവിച്ചു ചൊല്ലി.
ദൈവം ഉണ്ടോ?
മറ്റൊരു ദിവസം.
മേരിക്കുട്ടി വർക്കിച്ചന്റെ മുറി അടിച്ചുവാരുകയായിരുന്നു.
കട്ടിലിലിരിക്കുകയായിരുന്ന വർക്കിച്ചൻ ഭാര്യയെ കുറച്ചുനേരം തുറിച്ചുനോക്കി. എന്നിട്ടൊരു ചോദ്യം:
“മേരിക്കുട്ടീ! ദൈവം ഉണ്ടോടീ? ഇപ്പോത്തന്നെ നീ കൃത്യമായി മറുപടി പറയണം!”
ഈ ആവശ്യം കേട്ട് മേരിക്കുട്ടി സ്വയം നിയന്ത്രിച്ചു. എന്നിട്ട് കരുതലോടെ സമ്മതിച്ചു: “കർത്താവേ! ദൈവം ശരിക്കും ഉണ്ട്!”
“ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ വെറുതെ പേടിക്കേണ്ടടീ! നിന്റെ പ്രവൃത്തിയിൽ ദൈവമുണ്ടായാൽ മതി” -ഒരു കുട്ടിയോടെന്നവണ്ണം വർക്കിച്ചൻ ഉപദേശിച്ചു.
മേരിക്കുട്ടി ആശ്വാസത്തോടെ തലയാട്ടി.
“കഴുതേ! വെറുതെ തലയാട്ടിയാൽപ്പോരാ, കാര്യം മനസിലാക്കണം!” -വർക്കിച്ചന്റെ ഭാവം പെട്ടെന്നു മാറി.
മേശപ്പുറത്തുണ്ടായിരുന്ന കുപ്പിഗ്ലാസ് മേരിക്കുട്ടിയുടെ നേരെ പാഞ്ഞുവന്നു.
അവർ ഭയ, വൈഭത്തോടെ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു.ഡോക്റെ കാണാം!
സംഗതികൾ കൈവിട്ടുപോവുകയാണെന്നും ഭർത്താവിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മേരിക്കുട്ടി സംശയിച്ചു. വിദേശത്തുള്ള ഏകമകൾ ഏലിക്കുട്ടിയോടും മാതാവ് കാര്യങ്ങൾ ചർച്ചചെയ്തു.
ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നായിരുന്നു മകളുടെ അഭിപ്രായം.
വർക്കിച്ചന്റെ പെങ്ങളുടെ മകൻ മാത്യൂസ് ഗൾഫിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനാണ്. ആറുമാസം കൂടുമ്പോൾ നാട്ടിൽ വരാറുണ്ട്.
മേരിക്കുട്ടി അദ്ദേഹത്തെ ഫോൺ വിളിച്ച് വർക്കിച്ചന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകി.
ഡോക്ടർ വന്നു
ഒരു മാസം കഴിഞ്ഞപ്പോൾ മരുമകനായ മനഃശസ്ത്രജ്ഞൻ നാട്ടിൽ വന്നു.
അയാൾ നേരേ വർക്കിച്ചന്റെ വീട്ടിലെത്തി.വർക്കിച്ചൻ അപ്പോൾ സെറ്റിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. ആ സെറ്റിയാണ് വർക്കിച്ചന്റെ ഭാഷയിൽപ്പറഞ്ഞാൽ വീട്ടിലെ മയൂരസിംഹാസനം!
മരുമകനുമായി വർക്കിച്ചൻ കുശലം പറഞ്ഞു.
അപ്പോഴാണ് ഒരു കാഴ്ച അദ്ദേഹം കണ്ടത് -
മേരിക്കുട്ടിയുടെ മുറിയിൽ വെറുതെ ഫാൻ കറങ്ങുന്നു! മുറിയിൽ ആരുമില്ല താനും!
ഇതോടെ വർക്കിച്ചൻ പഴയ ഫോമിലായി.
“കണ്ടോ! വൈദ്യുതി പാഴാക്കരുതെന്ന് ഇന്ദിരാഗാന്ധിയും ഇലക്ട്രിസിറ്റി ബോർഡും പണ്ടേ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടുക്കി പദ്ധതി വന്നതാണ് ഇത്തരം ദുർവ്യയങ്ങൾക്കൊക്കെ കാരണം. എല്ലാ വീട്ടിലും മിക്സി, ഫാൻ, കുക്കർ, ടിവി എന്നിവയൊക്കെയില്ലേ? ഇടുക്കിയിൽനിന്ന് ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ട് കറന്റിന് വിലയില്ലാതായി” -ഗൃഹനാഥന്റെ റോളിൽ വർക്കിച്ചൻ അലറി.
കാരണങ്ങൾ ചെറുതല്ല
വർക്കിച്ചന്റെ മനസിന്റെ ഗതിവിഗതികളും പെരുമാറ്റവും ഇതിനോടകം നിരീക്ഷിച്ചു പഠിച്ചുകഴിഞ്ഞിരുന്ന മരുമകൻ പിറ്റേന്നു രാവിലെ മേരിക്കുട്ടിയെ വിളിച്ച് രഹസ്യമായി സുഖദമല്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. നിരന്തരം ചലിക്കുന്ന ഈ ലോകത്തിൽ ഏകാന്തനായി കഴിയുന്ന ഒറ്റയാന്മാരെ ബാധിക്കുന്ന വ്യഥകളും ഡിപ്രഷനുമാണ് അങ്കിളും അനുഭവിക്കുന്നത്. ഏകമകൾ വിദേശത്തും മേരിക്കുട്ടി സ്ഥിരം അടുക്കളയിലുമാണ്. പിന്നെ വർക്കിച്ചൻ എന്ന തലനരച്ച മനുഷ്യൻ എന്തു ചെയ്യും? വല്ല ക്ലബ്ബിലോ ചായക്കടയിലോ പോകാറുണ്ടായിരുന്നെങ്കിൽ നാലാളോടു മിണ്ടിയും പറഞ്ഞും ടെൻഷൻ കുറയുമായിരുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് വിവരസാങ്കേതികവിദ്യയുടെ പുഷ്കലകാലം വന്നതിനാൽ ഇൻഫർമേഷൻ വിപ്ലവമാണ് നാട്ടിൽ അരങ്ങേറുന്നത്. കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് ഏക മാർഗം. പക്ഷേ, ഒരു പ്രായം കഴിഞ്ഞാൽ ഇതിനൊക്കെ ബുദ്ധിമുട്ടാണുതാനും. ഈ അപ്ഗ്രേഡിംഗ് യത്നമാണ് വർക്കിച്ചന് കൂടുതൽ വിനയായത്.
മരുന്നില്ലാത്ത രോഗം
“നമ്മളെന്തു ചെയ്യുമെന്ന് നീ പറയ്! ഞാൻ ഈ മനുഷ്യനെക്കൊണ്ടു മടുത്തു” -മേരിക്കുട്ടി മരുമകനോടു തേങ്ങി.
“ഇതിന് വലിയ മരുന്നൊന്നുമില്ല. ക്ഷമയും സ്നേഹവും നിറഞ്ഞ ഇടപെടലുകൾ മാത്രമാണ് പരിഹാരം. അതിനാണെങ്കിൽ ആർക്കും നേരമില്ലതാനും. കാലംചെല്ലുംതോറും ഒറ്റപ്പെടൽ വർധിച്ചു സ്ഥിതി വഷളാകാനാണ് സാധ്യത” -മാത്യൂസ് പറഞ്ഞു.
മേരിക്കുട്ടിയുടെ വിഷമം കണ്ടപ്പോൾ വിദഗ്ധൻ എന്തായാലും ഒരു പരിഹാരം നിർദേശിച്ചു: “മൂന്നു നേരവും കാപ്പിയിലോ മറ്റോ കുറച്ച് ഉറക്കഗുളിക വിതറിക്കൊടുക്കുക! രോഗി കഴിയുന്നതും ഉണരാതെ നോക്കുക!”
പിറ്റേന്ന് രാവിലെ ഒരു പിടി ഗുളികകൾ കാപ്പിയിൽ ചേർത്ത് ഭർത്താവിന് കൊടുക്കുമ്പോൾ മേരിക്കുട്ടി അറിയാതെ സ്വയം ചോദിച്ചുപോയി: “മകളൊന്നും ഇനി ഇവിടേക്കു തിരിച്ചുവരുന്ന ലക്ഷണമില്ല. അയൽക്കാരും തിരിഞ്ഞുനോക്കില്ല. ഭാവിയിൽ എനിക്കും ഈ ഗുളിക വേണ്ടിവരുമോ കർത്താവേ?”
(www.krpramod.com)