അമീബിക് മസ്തിഷ്കജ്വരം; പിന്നിൽ കാലാവസ്ഥാ വ്യതിയാനം
വിജീഷ് സരസ്വതി
Wednesday, October 15, 2025 12:39 AM IST
നമ്മുടെ കുളങ്ങളും പുഴകളും എത്രത്തോളം സുരക്ഷിതമാണ്? കേരളം ഗൗരവമായി നേരിടുന്ന ചോദ്യം. അമീബിക് മസ്തിഷ്കജ്വരം എന്ന ‘അപൂർവ രോഗം’ ബാധിച്ചുള്ള മരണങ്ങളാണ് ഇതിനു കാരണം.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 87 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 21 പേർ മരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 141.7 ശതമാനവും മരണനിരക്കിൽ 133.3 ശതമാനവുമാണ് വർധന. രോഗവ്യാപനത്തിന്റെ തീവ്രത ഇരട്ടിയിലധികമായെന്ന് ഇതു വ്യക്തമാക്കുന്നു.
മൂക്കിലൂടെയോ കർണപടത്തിലൂടെയോ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണമെന്നാണ് നിലവിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, മറ്റു വഴികളിലൂടെ രോഗാണു ശരീരത്തില് പ്രവേശിക്കാനുള്ള സാധ്യതകളും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കാലാവസ്ഥയും മനുഷ്യനും ഒരുമിച്ച് സൃഷ്ടിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
മാറുന്ന മൺസൂൺ, പെരുകുന്ന അമീബ
നെഗ്ലേരിയ ഫൗലറി എന്ന അമീബയാണ് സാധാരണയായി ഈ രോഗം പരത്തുന്നത്. ചൂടുള്ള വെള്ളത്തിൽ വേഗത്തിൽ വളർന്നുപെരുകുന്ന ഒരു സൂക്ഷ്മജീവിയാണിത്. എന്നാൽ, കേരളത്തിലെ രോഗികളിൽ ‘അക്കാന്ത അമീബ’യുടെ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ജലാശയങ്ങൾ ഇത്തരം അമീബകൾക്ക് അനുയോജ്യമായതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ക്രമരഹിതമായ മൺസൂണും. ദക്ഷിണേഷ്യൻ മൺസൂണിന് അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചെന്ന് അടുത്തകാലത്തെ കാലാവസ്ഥാ പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രസംവഹനം ശക്തമാകുകയും, ഭൂപ്രദേശത്തെ മഴയുടെ അളവ് കുറയുന്നതിനൊപ്പം ഉൾനാടൻ ജലാശയങ്ങൾ ദീർഘകാലം കെട്ടിക്കിടന്നു ചൂടുപിടിക്കുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ, മൺസൂൺ കാലത്തെ ശക്തമായ മഴവെള്ളപ്പാച്ചിൽ നമ്മുടെ ജലാശയങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ചിരുന്നു. ‘മൺസൂൺ ഫ്ലഷ്’ എന്നറിയപ്പെട്ടിരുന്ന ആ പ്രതിഭാസം ഇന്ന് ദുർബലമാണ്. ഇതെല്ലാം അമീബയ്ക്ക് വർഷം മുഴുവൻ സജീവമായിരിക്കാൻ അവസരം നൽകുന്നു. അതായത്, വർഷം മുഴുവനുമുള്ള രോഗാണു സമ്മർദം സൃഷ്ടിക്കുന്നു. മുമ്പ് സുരക്ഷിതമായിരുന്ന പല കുളങ്ങളും പുഴകളും ഇന്ന് ഈ അപകടകാരിയായ അമീബയുടെ സ്ഥിരം താവളങ്ങളായി.
ജനുസിന്റെ ഭൂമിശാസ്ത്ര ബന്ധം
നൈഗ്ലേറിയ ഫൗലറിയുടെ പാരിസ്ഥിതിക ചലനങ്ങൾ ഇപ്പോഴും പൂർണമായി കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ താപസഹിഷ്ണുതയുള്ള സയനോബാക്ടീരിയയെ (നീലപച്ച ആൽഗ) ആഹാരമാക്കിയാണ് നൈഗ്ലേറിയ ഫൗലറി ജീവിക്കുന്നത്.
വടക്കേ ഇന്ത്യയിലെ പഠനങ്ങളിൽ, ഈ അമീബയുടെ പ്രത്യേക ജനുസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ രീതികൾ, ജലാശയങ്ങളുടെ പ്രത്യേകതകൾ, വിവിധ ജനിതക രൂപത്തിലുള്ള രോഗാണുക്കൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ ആഴത്തിലുള്ള ഗവേഷണം നടന്നിട്ടില്ല.
അതിനാൽ, ഈ രോഗാണുവിന്റെ ജൈവഭൂമിശാസ്ത്രപരമായ ചിത്രം പൂർണമായും മനസിലാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അജ്ഞതയാണ് രോഗവ്യാപനം തടയുന്നതിലെ ഒരു പ്രധാന വെല്ലുവിളി. കേരളം പോലുള്ള തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ, ഉയർന്ന താപനില കാരണം ഈ അമീബകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യമാണുള്ളത്.
എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ താപനില വർധിക്കുന്നതോടെ, ആ മിതശീതോഷ്ണ മേഖലകളിലും ഇവയ്ക്ക് നിലനിൽക്കാനും പെരുകാനും കഴിയുന്നു. അതായത്, കേരളം ഇന്നു നേരിടുന്ന ഈ പ്രാദേശിക ആരോഗ്യഭീഷണി, വൈകാതെ രാജ്യവ്യാപകമായ വെല്ലുവിളിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാലാവസ്ഥാധിഷ്ഠിത പ്രവചനവും പ്രതിരോധ മാതൃകയും
മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കാലാവസ്ഥാ ശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യ സാംക്രമികരോഗശാസ്ത്രം എന്നീ മേഖലകളുടെ സവിശേഷ സഹകരണം അനിവാര്യമാണ്.
നിലവിൽ, മഴയുടെ രീതികളും താപസഹിഷ്ണുതയുള്ള രോഗാണു വ്യാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായ പഠനങ്ങളില്ല. ഈ വിടവു നികത്താൻ, പരമ്പരാഗത രീതികളിൽനിന്ന് മാറി ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് സാങ്കേതികവിദ്യ ഇടപെടേണ്ടത്, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലാശയങ്ങളിലെ താപനില തത്സമയം നിരീക്ഷിക്കാം. ഇതുവഴി, അമീബ പോലുള്ള രോഗാണുക്കൾക്കു പെരുകാൻ സാധ്യതയുള്ള ‘ജലതാപനില ഹോട്ട്സ്പോട്ടുകൾ’ കൃത്യമായി കണ്ടെത്താനാകും. ഈ ഹോട്ട്സ്പോട്ട് ഡാറ്റ രോഗബാധയുടെ കണക്കുകളുമായി ചേരുമ്പോൾ, കാലാവസ്ഥാപരമായ മാറ്റങ്ങൾ എങ്ങനെ രോഗാണുവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നു വ്യക്തമാകും.
ഈ വിവരങ്ങളെല്ലാം സംയോജിപ്പിച്ച് ഒരു ‘ഡൈനാമിക് റിസ്ക് മാപ്പിംഗ് സിസ്റ്റം’ രൂപീകരിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കും. അപകടസാധ്യത വർധിക്കുന്ന സ്ഥലങ്ങളെയും സമയങ്ങളെയുംകുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഇതിലൂടെ സാധിക്കും. കേവലം ചികിത്സയിൽ ഊന്നാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങളിലേക്ക് നമ്മുടെ ആരോഗ്യമേഖലയെ മാറ്റിയെഴുതാൻ ഈ നൂതന സമീപനം സഹായിക്കും.
കേരളം ഒരു മുന്നറിയിപ്പോ മാതൃകയോ?
കാലാവസ്ഥാ മാറ്റം എങ്ങനെ ഒരു പ്രാദേശിക ആരോഗ്യ പ്രതിസന്ധിയായി മാറുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മൺസൂണിനെ ആശ്രയിക്കുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് കേരളത്തിന്റെ ഈ അനുഭവം ഒരു പാഠമാണ്. ഈ വെല്ലുവിളിയെ നാം എങ്ങനെ നേരിടുന്നു എന്നതു ലോകം ശ്രദ്ധിക്കുന്നുണ്ട്. ഒടുവിൽ ചോദ്യം ഇതാണ്: ലോകത്തിനു മുന്നിൽ കേരളം ഒരു മുന്നറിയിപ്പായി മാറുമോ, അതോ ഒരു പരിഹാര മാതൃകയായി മാറുമോ? ഉത്തരം നമ്മുടെ സമവായ തീരുമാനങ്ങളിലാണ്.
രോഗനിർണയത്തിലെ നിഴൽയുദ്ധം
ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗനിർണയം വളരെ അപര്യാപ്തമാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ഒരുപക്ഷേ നമ്മുടെ മെച്ചപ്പെട്ട രോഗനിർണയ സംവിധാനങ്ങൾ മൂലമാകാം.
അതായത്, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രോഗവ്യാപനം നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. സമീപകാലത്ത് ചണ്ഡിഗഡിൽ നടന്ന പഠനത്തിൽ 156 സംശയാസ്പദ എന്സെഫലൈറ്റിസ് രോഗികളിൽ 11 പേരിൽ മാത്രമാണ് സ്വതന്ത്രമായി ജീവിക്കുന്ന അമീബയെ കണ്ടെത്തിയത്. ഈ പ്രതിഭാസത്തെയാണ് ‘ഡയഗ്നോസ്റ്റിക് ഷാഡോ ഇഫക്റ്റ്’ എന്ന് വിളിക്കുന്നത്.
നിരീക്ഷണ സംവിധാനങ്ങളുടെ ഈ ദൗർബല്യം, കാലാവസ്ഥാപ്രേരിത രോഗാണു വ്യാപനവുമായി കൂടിച്ചേരുമ്പോൾ സ്ഥിതി ഗുരുതരമാക്കുന്നു. ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്, ഇന്ത്യ ഇന്നു ലോകത്തിലെ ഏറ്റവും വലുതും എന്നാൽ തിരിച്ചറിയപ്പെടാത്തതുമായ താപസഹിഷ്ണുതയുള്ള രോഗാണുക്കളുടെ മഹാമാരിയെ നേരിടുന്നുവെന്ന ഭീതിജനകമായ സാധ്യതയാണ്.
നഗരവത്കരണവും പുതിയ രോഗാണുകേന്ദ്രങ്ങളും
ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും ഈ അപകടം പതിയിരിപ്പുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട കൃത്രിമ ജലാശയങ്ങൾ, നിർമാണ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ, ശരിയായി പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം അമീബകൾക്ക് വളരാൻ പറ്റിയ പുതിയ കേന്ദ്രങ്ങളാണ്.
നഗരങ്ങളിലെ ഉയർന്ന ചൂട് ഈ ജലാശയങ്ങളെ കൂടുതൽ അപകടകാരികളാക്കുന്നു. മലിനീകരണവും അപര്യാപ്തമായ ക്ലോറിനേഷനും വെള്ളത്തിലെ രോഗാണു നിയന്ത്രണശേഷി കുറയ്ക്കുന്നു.
അതിനാൽ നഗരമേഖലകളിലെ ഈ ജലാശയങ്ങൾ പുതിയ തരം രോഗാണുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ ഇത്തരം സുരക്ഷിതമല്ലാത്ത ജലസ്രോതസുകളെ ആശ്രയിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.
(ജർമനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയിൽ എൻവയോൺമെന്റൽ മെഡിസിൻ വിഭാഗം ഗവേഷകനാണ് ലേഖകൻ)