ഗാസയിലെ പൊന്‍പുലരി
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Saturday, October 11, 2025 4:33 AM IST
ഗാസ യുദ്ധം അടക്കം നിരവധി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അതിമോഹം കരിഞ്ഞുണങ്ങിയതില് അധികമാര്‍ക്കും ദുഃഖമുണ്ടാകില്ല. മേധാവിത്വം സ്ഥാപിക്കാന്‍ നികുതിയുദ്ധം അടക്കം ട്രംപ് നടത്തുന്ന സാമ്പത്തിക തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവര്‍ത്തകയുമായ മരിയ മച്ചാഡോയ്ക്ക് ആണ് 2025ലെ സമാധാന നൊബേല്‍ പുരസ്കാരം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങളിലെ രാഷ്ട്രീയം മറനീക്കുന്നതാണു പുതിയ വിവാദം.
പറക്കട്ടെ, വെള്ളരിപ്രാവുകള്‍
എങ്കിലും ചോരപ്പുഴയൊഴുകിയ ഗാസയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങിയതില് ആശ്വസിക്കാം. രണ്ടു വര്‍ഷത്തിലേറെ നീണ്ട മനുഷ്യക്കുരുതികള്‍ക്ക് അറുതി വരുന്നുവെന്നതു സന്തോഷകരമാണ്. ഗാസ മുനമ്പിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ സൈന്യം ഇന്നലെ പിന്‍വാങ്ങിത്തുടങ്ങി.
മധ്യ ഗാസയിലെ നുസൈറാത്ത് ക്യാമ്പിലെയും തെക്കന്‍ ഗാസയിലെയും കുടുംബങ്ങൾ വടക്കന്‍ ഗാസയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും, ഇസ്രയേല്‍ സൈന്യം മുമ്പു പ്രവര്‍ത്തിച്ചിരുന്ന നെറ്റ്സാരിം ഇടനാഴിയിലെ പ്രദേശങ്ങളിലേക്കു പ്രവേശിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. മാനുഷിക സഹായങ്ങളുമായി പ്രതിദിനം 400 മുതല്‍ 600 വരെ ട്രക്കുകള്‍ ഗാസയിലെത്തും.
നിര്‍ണായകം 72 മണിക്കൂര്‍
ഈജിപ്തില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ 20 ഇന സമാധാന പദ്ധതി അവതരിപ്പിച്ചത്. തടവുകാരെ കൈമാറുകയും ഗാസയുടെ ചില ഭാഗങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്നലെ പുലര്‍ച്ചെ അംഗീകാരം നല്കി.
ജീവിച്ചിരിപ്പുണ്ടെന്നു കരുതുന്ന 20 ഇസ്രേലി ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയമുണ്ട്. ബന്ദികളായിരിക്കേ കൊല്ലപ്പെട്ട 28 ഇസ്രയേലുകാരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കും. നൂറുകണക്കിനു ഹമാസ്, പലസ്തീന് തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250ഓളം പലസ്തീന് തടവുകാരെയും ഗാസയില്‍നിന്നുള്ള 1,700 തടവുകാരെയും ഇസ്രയേല്‍ മോചിപ്പിക്കും.
സമാധാന കരാര്‍ തുടക്കം
ഗാസ കരാര്‍ വലിയൊരു തീരുമാനമാണ്. പക്ഷേ, തുടക്കം മാത്രമാണിത്. കരാര്‍ പ്രകാരം, സമ്മതിച്ച രേഖയിലേക്കു പിന്‍വാങ്ങാന്‍ ഇസ്രയേല്‍ സൈന്യത്തിന് 24 മണിക്കൂര്‍ സമയമുണ്ട്. സ്ട്രിപ്പിന്റെ 53 ശതമാനം നിയന്ത്രണമുള്ള ഘട്ടത്തിലേക്കു സൈന്യം പിന്‍വാങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായുള്ള ഇസ്രേലി പിന്മാറ്റത്തിൽ ആദ്യത്തേതാണിതെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് വിതരണം ചെയ്ത ഭൂപടം സൂചിപ്പിക്കുന്നത്.
എന്നാല്‍, ശാശ്വത സമാധാനം എങ്ങനെ കൈവരുമെന്നതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. അമേരിക്കന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഏകദേശം 200 സൈനികരുടെ ബഹുരാഷ്ട്ര സേന ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരാകും സേനയില്‍ ഉള്‍പ്പെടാന്‍ സാധ്യത. ഗാസയില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കില്ലെന്നു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പലസ്തീനികളെ കൈവിടരുത്
ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍, പിന്നീടുള്ള ഘട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇവയില്‍ പലതിലും കരാറിലെത്തുക പ്രയാസമാകും. ഗാസയിലെ എല്ലാ സൈനിക, ഭീകര, ആക്രമണ അടിസ്ഥാനസൗകര്യങ്ങളും നശിപ്പിക്കുമെന്ന് ഇസ്രയേല്‍ പറയുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ യുകെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെട്ട സമാധാന ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പലസ്തീന് ടെക്നോക്രാറ്റുകളുടെ താത്കാലിക പരിവര്‍ത്തന സമിതിയാണ് ഗാസ ഭരിക്കേണ്ടതെന്നാണ് ട്രംപിന്റെ പദ്ധതിയില്‍ പറയുന്നത്.
പദ്ധതിപ്രകാരം ഭാവിയില്‍ ഗാസയുടെ ഭരണത്തില്‍ ഹമാസിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടാകില്ല. ഗാസ മുനമ്പിന്റെ ഭരണം ഒടുവില്‍ പലസ്തീന് അഥോറിറ്റിക്കു കൈമാറും. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയില്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഹമാസ് അംഗങ്ങള്‍ക്കു മറ്റൊരു രാജ്യത്തേക്കു പോകാന്‍ പൊതുമാപ്പു വാഗ്ദാനം ചെയ്യും. പലസ്തീനികള്‍ക്കു ഗാസയില്‍ തുടരാം. ഗാസ പുനര്‍നിര്‍മിക്കാനുള്ള ട്രംപ് സാമ്പത്തിക വികസന പദ്ധതിക്കു വിദഗ്ധ സമിതി രൂപംനല്‍കും.
ഗാസയില്‍ അനിശ്ചിതത്വം
ആയുധങ്ങള്‍ പൂര്‍ണമായി താഴെവയ്ക്കാനും ഭീകരാക്രമണം അവസാനിപ്പിക്കാനും ഹമാസും ഇതര ഭീകര ഗ്രൂപ്പുകളും തയാറാകുമെന്നു കരുതാനാകില്ല. ചര്‍ച്ചകളില്‍ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പരാമര്‍ശിക്കാത്തതില്‍ കാര്യം വ്യക്തം. പലസ്തീന് രാഷ്ട്രം സ്ഥാപിതമായതിനുശേഷം മാത്രമേ ആയുധങ്ങള്‍ താഴെ വയ്ക്കൂവെന്നതാണു പരസ്യമായ നിലപാട്. ഏകീകൃത പലസ്തീന് പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാസയില്‍ ഭാവിയില്‍ ചില പങ്കുണ്ടായിരിക്കുമെന്ന് ഹമാസ് പറഞ്ഞിട്ടുമുണ്ട്.
യുദ്ധാനന്തര ഗാസയില്‍ പലസ്തീനിയന്‍ ഏജന്‍സിയുടെ പങ്കാളിത്തം നെതന്യാഹുവും ഉറപ്പിച്ചു പറയുന്നില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വലിക്കലിന്റെ വ്യാപ്തിയും തര്‍ക്കവിഷയമാണ്. ആദ്യഘട്ടത്തില്‍ ഗാസയുടെ 53 ശതമാനം നിയന്ത്രണം നിലനിര്‍ത്തുമെന്ന് ഇസ്രയേല്‍ പറയുന്നു. വൈറ്റ് ഹൗസ് പദ്ധതി പ്രകാരം പിന്‍വലിക്കല്‍ ഏകദേശം 40 ശതമാനവും പിന്നീട് 15 ശതമാനം വരെയുമാണ്. ഭീകര ഭീഷണിയില്‍നിന്ന് ഗാസയെ സുരക്ഷിതമാക്കുന്നതുവരെ നിലനില്‍ക്കുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ സമ്പൂര്‍ണ പിന്‍വലിക്കലിനു വ്യക്തമായ സമയപരിധി നല്‍കുന്നുമില്ല.
തീക്കൊള്ളികൊണ്ടു ചൊറിയല്‍
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ കടന്ന് 38 കുട്ടികളടക്കം 1,195 പേരെ വധിക്കുകയും 251 ആളുകളെ ബന്ദിയാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ നടപടിയുടെ ബാക്കിപത്രം അതിഭീകരമായിരുന്നു. തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞതുപോലെ. പിന്നീടിങ്ങോട്ട് ഇസ്രയേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ 67,139 മനുഷ്യർ മരിച്ചുവീണതായാണ് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണെന്നതു ദുഃഖകരം. രണ്ടു വര്‍ഷത്തിനിടെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 2,291 പേരും കൊല്ലപ്പെട്ടു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു രണ്ടു വര്‍ഷവും രണ്ടു ദിവസവും കഴിഞ്ഞാണു യുദ്ധം അവസാനിച്ചത്. ഗാസയിലെ ആശുപത്രികളും സ്കൂളുകളും ഭവനസമുച്ചയങ്ങളും തവിടുപൊടിയായി. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ആഴ്ചകളെടുക്കും. ഭീകരതയുടെ ശേഷിപ്പായ ചോര വീണ ഭൂമിയെയും സാധാരണക്കാരായ ജനതയെയും നമുക്കു വിസ്മരിക്കാനാകില്ല.
ഭീകരതയ്ക്കു മതമില്ല
മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ ലോകം ഒന്നിക്കേണ്ട അവസരമാണു കൈവരുന്നത്. എല്ലാത്തരം തീവ്രവാദവും ഭീകരതയും എതിര്‍ക്കപ്പെടണം. ഹമാസും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) ബൊക്കോ ഹറാമും ജെയ്ഷെ മുഹമ്മദും ലഷ്കര്‍ ഇ തൊയിബയും മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള എല്ലാ തീവ്ര, ഭീകര ശക്തികളുടെയും അടിവേരറക്കാതെ സമാധാനം കൈവരില്ല. ഭീകരതയ്ക്കു മതമില്ല. തീവ്രവാദത്തിനും ഭീകരതയ്ക്കും ഒരു മതത്തിന്റെയും മറയും പരിരക്ഷയും ന്യായീകരണങ്ങളും പാടില്ല.
ഗാസയിലോ ഇസ്രയേലിലോ ജമ്മു കാഷ്മീരിലോ നൈജീരിയയിലോ, മറ്റെവിടെയോ ആയാലും കൂട്ടക്കുരുതികളെ ആരും ന്യായീകരിക്കരുത്. ഒറ്റക്കെട്ടായി എതിര്‍ക്കണം. ഗാസയില്‍ ജീവന് പൊലിഞ്ഞ പതിനായിരങ്ങള്‍ക്കുവേണ്ടി ലോകത്തെ സമാധാനപ്രേമികളും കേരളം അടക്കമുള്ള സര്‍ക്കാരുകളും ഒന്നിച്ചതില്‍ അഭിമാനിക്കാം. പക്ഷേ, നൈജീരിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടിക്കൂടി ഇനി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ നമുക്കു കഴിയണം.
നൈജീരിയയിലും മനുഷ്യരാണ്
നൈജീരിയയില്‍ 2009നു ശേഷം അരലക്ഷം ക്രൈസ്തവരെ ബൊക്കോ ഹറാം അടക്കമുള്ള ഭീകര ഇസ്ലാമിക സായുധ ഗ്രൂപ്പുകള്‍ കൊന്നൊടുക്കിയെന്നാണ് അമേരിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടിയത്. 18,000 പള്ളികളും 2,000 സ്കൂളുകളും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിക്ക് നൈജീരിയന്‍ സര്‍ക്കാരിന്റെ സഹായമുണ്ടെന്നാണ് ആരോപണം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ 48 ശതമാനം വരുന്ന ക്രൈസ്തവരെയാണ് വംശഹത്യ ചെയ്യുന്നതെന്നതു കൂടുതല്‍ ഗൗരവമുള്ളതാണ്.
നൈജീരിയയിലെ സുരക്ഷാപ്രശ്നങ്ങളെ വിദേശഗ്രൂപ്പുകള് മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അവിടത്തെ സര്‍ക്കാരിന്റെ വാദം. വടക്കു കിഴക്കന്‍ മേഖലയില്‍ സായുധ ബൊക്കോ ഹറാം വിമതപോരാട്ടം നടത്തുകയാണത്രേ. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. കഷ്ടംതന്നെ. ബൊക്കോ ഹറാമിനെ ഭീകര സംഘടനയായി 2013ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മതം നോക്കിയാകരുത് മനുഷ്യത്വം
ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനു പിന്തുണയും കവചവുമൊരുക്കിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമാധാനത്തിന്റെ മാടപ്രാവാകാന്‍ ശ്രമിച്ചതുപോലുള്ള വൈരുധ്യം ലോകം തിരിച്ചറിയും. പലസ്തീനികളുടെ അവകാശങ്ങള്‍ കവരാന്‍ ആരു ശ്രമിച്ചാലും അംഗീകരിക്കാനാകില്ല. അതേപോലെ ഫാസിസത്തിന്റെ തീച്ചൂളയില്‍നിന്ന് അതിജീവനത്തിന്റെ അദ്ഭുതസാക്ഷ്യമായ യഹൂദ ജനതയ്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.
ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നോക്കിയുള്ള രാജ്യങ്ങളുടെ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്പോലെതന്നെ അപകടകരമാണ് വോട്ടുബാങ്കു നോക്കിയുള്ള സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാപട്യങ്ങള്‍. തീവ്രവാദത്തിനും ഭീകരതയ്ക്കും മതവും രാഷ്ട്രീയവും പാടില്ല. മതം നോക്കിയാകരുത് മനുഷ്യത്വം. നമുക്കു വേണ്ടതു സമാധാനവും സുരക്ഷയുമാണ്.