കടയ്ക്കൽതന്നെ കോടാലി വയ്ക്കപ്പെടുന്ന വിദ്യാഭ്യാസമേഖല
ഫാ. സിജോ ഇളംകുന്നപ്പുഴ
Friday, October 10, 2025 12:52 AM IST
കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിൽ എയ്ഡഡ് മേഖല നൽകിയ സംഭാവനകളെ മറന്നുകൊണ്ട്, “കഴിഞ്ഞ നാല് വർഷക്കാലവും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാൻ തയാറാകാത്തവർ...’’എന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെ പരിഹസിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സർക്കാരിന്റെ വീഴ്ചകളെ പൊതുസമൂഹത്തിനു മുന്നിൽ മറച്ചുവയ്ക്കാനോ ന്യായീകരിക്കാനോ ഉള്ള തന്ത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു. അതോ, ഇനിയും വിദ്യാഭ്യാസവകുപ്പിൽനിന്നു നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയാതെ പറയുകയാണോ?
നിയമം പാലിക്കപ്പെടാനുള്ളതാണെന്നും അത് എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നുമുള്ള ഉറച്ച ബോധ്യം ക്രൈസ്തവ മാനേജ്മെന്റുകൾക്കുണ്ട്. അതുകൊണ്ടായിരുന്നു ഇക്കാലമത്രയും 2016ലെ സുപ്രീംകോടതി ഉത്തരവിനെയും 1995ലെ ആർപിഡബ്ല്യുഡി ആക്ടിനെയും മാനിച്ചുകൊണ്ട് ഭിന്നശേഷി സംവരണത്തിനായി 1996 മുതൽ 2017 വരെ മൂന്ന് ശതമാനവും തുടർന്നിങ്ങോട്ട് നാല് ശതമാനവും ഒഴിവുകൾക്ക് ആനുപാതികമായി തസ്തികകൾ മാറ്റിവയ്ക്കുകയും അതോടൊപ്പം മറ്റു ഭിന്നശേഷി നിയമനങ്ങൾ നടത്തുകയും ചെയ്തത്. എന്നാൽ, നിയമനങ്ങൾ അംഗീകരിക്കാതെ വന്നപ്പോഴാണ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെടുത്തി എന്തുകൊണ്ട് തങ്ങൾക്കും കോടതിയിൽ പൊയ്ക്കൂടാ എന്നുള്ള ചിന്ത എയ്ഡഡ് മാനേജ്മെന്റുകൾക്കുണ്ടായത്.
2016 മുതൽ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സംരക്ഷിത അധ്യാപകരെ വിവിധ തരം ഒഴിവുകളിൽ പുനർവിന്യസിക്കാൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. അവയിൽ കൂടുതലും എയ്ഡഡ് വിദ്യാലയങ്ങളിലെ തസ്തികകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഭിന്നശേഷിക്കാർക്കു വേണ്ടി മാറ്റിവച്ചിട്ടുള്ള തസ്തികൾക്ക് പുറമേ സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസത്തിന്റെ പേരിലും എയ്ഡഡ് മേഖലയിൽ മാനേജ്മെന്റുകളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്.
സംരക്ഷിതാധ്യാപക നിയമനത്തിനായി നിർബന്ധമായും മാറ്റിവച്ച ഒഴിവുകളിൽ ചിലത് ഇവയാണ്:
* 979 മേയ് 22 മുതൽ പുതുതായി ആരംഭിച്ചതോ ഉയർത്തപ്പെട്ടതോ ആയ വിദ്യാലയങ്ങളിലെ ഒഴിവ്.
*2019-20നു ശേഷം ഉണ്ടാകുന്ന അധിക ഒഴിവുകൾ. (1:1 അനുപാതത്തിൽ) പ്രധാനാധ്യാപക ഒഴിവുകൾ.
*ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകൾ.
*എസ്എസ്എ, ആർഎംഎസ്എ മുതലായവയിലേക്ക് സേവനത്തിനു നിയമിക്കപ്പെട്ടവരുടെ ഒഴിവുകൾ.
പുനർവിന്യാസത്തിന് ഒരു ജില്ലയിൽ സംരക്ഷിത അധ്യാപകൻ ലഭ്യമല്ലെങ്കിൽ ഇതര ജില്ലകളിലെ സംരക്ഷിത അധ്യാപക പട്ടികയിൽനിന്ന് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിക്കണം എന്നുമാണ് ഉത്തരവ്.
നിലവിൽ ഇതുപോലുള്ള എല്ലാ നിയമനവും കഴിഞ്ഞു ബാക്കിവരുന്ന തസ്തികകളിലാണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ നടന്നിട്ടുള്ളത്. എന്നിട്ടും, തസ്തികകൾ വിട്ടുകൊടുത്തതിൽ ഒരു അവകാശവാദവും ഉന്നയിക്കാതെ അർഹതയുള്ളതിൽ മാത്രം നിയമനം നടത്തുന്നവർക്കു നേരേ ഉന്നയിക്കുന്ന ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തുകൊണ്ടും കഴമ്പില്ലാത്തതാണ്.
ഭിന്നശേഷി ജീവനക്കാർക്കായി എല്ലാ മാനേജുമെന്റുകളും ഒഴിവുകൾ മാറ്റിവയ്ക്കുകയും അവയുടെ കൃത്യമായ കണക്കുകൾ സർക്കാരിലേക്ക് യഥാസമയം അറിയിക്കുകയും ഈ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾ എപ്പോൾ വന്നാലും നിയമിച്ചുകൊള്ളാമെന്നുള്ള സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കാലാകാലങ്ങളിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇതുവരെ മാനേജ്മെന്റുകൾ നിയമനങ്ങൾ നടത്തിയിരുന്നത്.
എന്നാൽ, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തി നിയമിക്കാൻ കഴിയാതെപോകുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സർക്കാരിന്റെയും വീഴ്ചയെ, മാനേജ്മെന്റുകളുടെ കുറ്റമായി പൊതുസമൂഹത്തിലേക്ക് അവതരിപ്പിച്ചുകൊണ്ട് കൈയടി നേടാൻ സർക്കാരിന്റെ ഭാഗത്തുനിന്നു ശ്രമങ്ങൾ നടത്തുമ്പോൾ ഒരുപറ്റം അധ്യാപകർ അധ്യാപനത്തോടൊപ്പം രാവ് പകലാക്കി മറ്റുതൊഴിലുകൾ ചെയ്ത് കുടുംബം പോറ്റുന്നുണ്ടെന്നുള്ള യാഥാർഥ്യം വിസ്മരിക്കരുത്. നിയമനങ്ങൾ അംഗീകരിക്കാൻ ശരാശരി അഞ്ചോ ആറോ വർഷം എന്ന തോതിൽ കാലതാമസം വരുന്നതിന് പരിഹാരം ഉണ്ടാകണം. വർഷങ്ങളായി സാങ്കേതികതയുടെ പേരിൽ നിരസിച്ച നിയമനങ്ങൾ ഉടൻ അംഗീകരിക്കാൻ നടപടി ഉണ്ടാകണം.
എയ്ഡഡ് വിദ്യാലയങ്ങൾക്ക് വർഷാവർഷം ലഭിക്കേണ്ട മെയിന്റനൻസ് ഗ്രാന്റ് പോലും കൃത്യമായി ലഭിക്കുന്നില്ല. ഭിന്നശേഷി നിയമനങ്ങൾക്കായി ഓരോ മാനേജ്മെന്റും മാറ്റിവച്ചിരിക്കുന്ന ഒഴിവുകളുടെ കൃത്യമായ കണക്ക് കൈയിലിരിക്കെയാണ് മുട്ടാപ്പോക്ക് ന്യായങ്ങളുയർത്തുന്നത്.അതിനാൽ അധ്യാപകരെ ദ്രോഹിക്കുന്ന നയങ്ങൾ മാറ്റിവച്ചുകൊണ്ടും സുപ്രീം കോടതിവിധിയെ മാനിച്ചും പ്രസ്തുത ഒഴിവുകൾ നികത്താൻ ആവശ്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കാൻ സർക്കാർ തയാറാകുകയാണു വേണ്ടത്.
മുഖ്യമന്ത്രി കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് മാനേജ്മെന്റുകൾ നോക്കിക്കാണുന്നത്. യാഥാർഥ്യബോധത്തോടെ ചിന്തിക്കാനുള്ള വിവേകം പ്രകടിപ്പിക്കാൻ ഇനിയും കാലതാമസമുണ്ടാകരുത്. വരുമാനമില്ലാതെ ജീവിതം വഴിമുട്ടിപ്പോയെന്നതിന്റെ പേരിൽ ഒരു മനുഷ്യജീവനും പൊലിയാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമാണ്.
(കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കൺസോർഷ്യം വൈസ് ചെയർപേഴ്സനും മാനന്തവാടി രൂപതയുടെ കോർപറേറ്റ് മാനേജരുമാണ് ലേഖകൻ)