മാനസികാരോഗ്യ സംരക്ഷണം ഡിജിറ്റൽ ലോകത്തിൽ
റവ. ഡോ. സിജോണ് കുഴിക്കാട്ടുമ്യാലിൽ
Friday, October 10, 2025 12:48 AM IST
ഇന്ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ചിന്താവിഷയം ‘അടിയന്തര സാഹചര്യങ്ങളിൽ മാനസികാരോഗ്യ ഇടപെടലുകൾ സജീവമാകുക’ എന്നതാണ്. പത്തിനും പത്തൊന്പതിനും ഇടയിൽ പ്രായമുളള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നം നേരിടുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
സാക്ഷരതയിൽ ഇന്ത്യൻ ശരാശരിയുടെ മുൻപന്തിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കേരളത്തിൽ 30 ലക്ഷത്തിലേറെപ്പേർക്കു വിവിധ മാനസികരോഗാവസ്ഥകളുണ്ടെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതായത്, ആകെ ജനസംഖ്യയുടെ 10 ശതമാനത്തിലേറെപ്പേർ. മലയാളികളിൽ അഞ്ചിലൊന്നു പേർക്കും വികാര-പെരുമാറ്റ വൈകല്യങ്ങളുണ്ടെന്നു കണക്കുകൾ പറയുന്നു. യുവതലമുറയ്ക്കു മദ്യത്തോടും മറ്റു സിന്തറ്റിക് ലഹരിവസ്തുക്കളോടുമുള്ള ആസക്തി അപകടകരമാംവിധം ഏറിവരുന്നു.
മനസും രോഗങ്ങളും
മനോരോഗമെന്നാൽ ലോകാവസാനം എന്ന മനോഭാവമാണ് ഈ കൃത്രിമബുദ്ധിയുടെ ലോകത്തിലും പലപ്പോഴും കാണപ്പെടുന്നത്. പിളർന്ന മനസ് എന്ന അർഥമുള്ള സ്കിസോഫ്രീനിയ, മനോരോഗങ്ങളിൽ ഏറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണ്. ഈ രോഗാവസ്ഥ നൂറിലൊരാൾക്ക് എന്നതോതിൽ സമൂഹത്തിൽ കണ്ടുവരുന്നു. ആഴത്തിൽ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗം എന്നറിയപ്പെടുന്ന ഡെല്യൂഷണൽ ഡിസോർഡർ എന്ന അവസ്ഥയുടെ മുഖമുദ്ര. പങ്കാളിയുടെ ചാരിത്ര്യത്തെയോ വ്യക്തിവിരോധം മൂലം തന്നെ നശിപ്പിക്കാനൊരുന്പെടുന്ന അയൽക്കാരനെയോ തന്നെ ബാധിച്ച മാരകമായ രോഗാവസ്ഥയെയോ തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ ദേഹമാസകലം ഇഴഞ്ഞുനടക്കുന്ന ചെറുപ്രാണികളെയോ ഒക്കെപ്പറ്റിയാകാം ഈ മിഥ്യാധാരണ.
വിഷാദരോഗമാണ് മറ്റൊന്ന്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന സങ്കടഭാവം, ആസ്വദിച്ചു ചെയ്തിരുന്ന പ്രവൃത്തികളോടുപോലും താത്പര്യമില്ലായ്മ, തീവ്രമായ ക്ഷീണം, അശുഭചിന്തകൾ, കുറ്റബോധം, ശ്രദ്ധപ്പതർച്ചകൾ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാപ്രവണത, വിശപ്പിലും ഉറക്കത്തിലും ശരീരത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ലൈംഗിക താത്പര്യകുറവ് എന്നിവയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. സമൂഹത്തിൽ മുപ്പതു ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ടുമടങ്ങ് കൂടുതലാണ്.
ബൈപോളാർ ഡിസോർഡർ ഇരട്ടമുഖമുള്ള രോഗാവസ്ഥയാണ്.
വിഷാദവും ഉന്മാദവും മാറി മാറിയോ ഉന്മാദാവസ്ഥകൾ മാത്രമായോ പ്രകടമാകുന്നു. ജീവിത കാലഘട്ടത്തിൽ പല തവണ അസുഖം തലപൊക്കാം. ഓരോ എപ്പിസോഡും പലപ്പോഴും മാസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും. ഉന്മാദാവസ്ഥയിൽ സന്തോഷമോ ദേഷ്യമോ കൂടിയും സംസാരവും ആത്മവിശ്വാസവും പരിധി കവിഞ്ഞും കാണപ്പെടുന്നു. വിഷാദരോഗം സമയത്തു പരിഹരിച്ചില്ലെങ്കിൽ വിവാഹമോചനം മുതൽ ആത്മഹത്യയും റോഡപകടങ്ങൾ വരെയായി മാറാം.
ലഹരിയാകുന്ന ശീലങ്ങൾ
ബിഹേവിയർ അഡിക്ഷനുകൾ എന്നറിയപ്പെടുന്ന പുതുകാല ലഹരിയും യുവത്വത്തിന് സ്വന്തമാണ്. ലഹരിപാദർഥവുമായി ബന്ധമില്ലാത്ത ഒരു പ്രവൃത്തിയോടു തോന്നുന്ന അമിതമായ കന്പമാണിത്. ഇരുപത്തിനാല് മണിക്കൂറും ഇന്റർനെറ്റ് സൗകര്യം ഉള്ളതുകൊണ്ട്, അതിരുകടന്ന ഗാംബ്ലിംഗ്, ഗെയിമുകൾ, വ്യായാമം, ഷോപ്പിംഗ് ഇവയെല്ലാം ഇതിന്റെ പരിധിയിൽ വരും. മറ്റെല്ലാ കാര്യങ്ങൾക്കും ഉപരിയായി ഇവയ്ക്കു പ്രാധാന്യം നൽകും ഇക്കൂട്ടർ.
കൂടെക്കൂടെ മാറിമറിയുന്ന മാനസികാവസ്ഥ, ദേഷ്യം, സങ്കടം ഇത്തരം ശീലങ്ങളിൽനിന്നു ലഭിക്കുന്ന അധികമായ സന്തോഷം മൂലം കൂടുതൽ സമയവും ഈ പ്രവൃത്തികളിലോ അവയെക്കുറിച്ചുള്ള ചിന്തകളിലോ മുഴുകിയിരിക്കുക, അതിനു സാധിക്കാതെ വരുന്പോൾ കഠിനമായ അസ്വസ്ഥതയും പിരുപിരിപ്പും അനുഭവപ്പെടുക, മറ്റുത്തരവാദിത്വങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാതിരിക്കുക, ഇവയെല്ലാം ബിഹേവിയർ അഡിക്ഷന്റെ സൂചനകളാണ്.
ഡിജിറ്റൽ ലോകത്തെ പിരിമുറുക്കം
നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഇന്നത്തെ കാലത്ത് താളം തെറ്റിയ ഉറക്കം ഒരു വലിയ പ്രശ്നമായി മൊത്തം ജീവിതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഉറക്കത്തിന്റെ പാറ്റേണ് മാറുന്നത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളിൽ മാറ്റം വരുത്തുമെന്നു പഠനങ്ങളും പറയുന്നു. ചില പ്രകൃതക്കാർ അതിവേഗം ഈ മാറ്റത്തോട് പൊരുത്തപ്പെടും. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം വിഷാദരോഗം, ഉത്കണ്ഠ, മറ്റു മാനസിക സംഘർഷങ്ങൾ എന്നിവ പ്രകടമാക്കാൻ സാധ്യതയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് നൈറ്റ് ഷിഫ്റ്റ് ജോലി കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.
ചിന്താഗതികൾ മാറണം
ആരോഗ്യമേഖലയിൽ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാരോഗ്യത്തോടുള്ള സമീപനത്തിൽ ഇനിയും കാര്യമായ മാറ്റമുണ്ടായിട്ടില്ല. മാനസികാരോഗ്യത്തെ ഒരു സാധാരണ കാര്യമായി കരുതുന്ന സ്ഥിതി ഉണ്ടാകണമെങ്കിൽ അതിനുള്ള മാറ്റം കുട്ടികളിൽനിന്ന് തുടങ്ങണം. ഫിസിക്കൽ എഡ്യുക്കേഷനും ശാസ്ത്രവും പോലെ ഔപചാരിക വിദ്യാഭ്യാസത്തിൽ മാനസികാരോഗ്യ വിദ്യാഭ്യാസവും ഉൾപ്പെടുത്തണം.
വികാരങ്ങൾ, സഹാനുഭൂതി, മാനസികാരോഗ്യം കൈകാര്യം ചെയ്യൽ, ആരോഗ്യകരമായ ആശയവിനിമയം, സെൽഫ് കെയർ എന്നീ കാര്യങ്ങളെക്കുറിച്ച് വളരെ ചെറിയ പ്രായം മുതൽക്ക് കുട്ടികൾക്ക് അറിവുകൾ നൽകണം. മാനസികാരോഗ്യ പരിചരണത്തിൽ ആധുനിക കാലത്തുണ്ടായ ഗവേഷണങ്ങളും അതുവഴി ചികിത്സാരംഗത്തുണ്ടായ നൂതന സാധ്യതകളും സൗകര്യങ്ങളും കുട്ടികളെ ശാസ്ത്രീയമായി പരിചയപ്പെടുത്തണം.
വലിയ മാനസികാരോഗ്യ പ്രതിസന്ധികൾ ഉണ്ടായിട്ടും ആരോഗ്യ ചർച്ചകളിലും നയരൂപീകരണങ്ങളിലും സാമൂഹിക മുൻഗണനകളിലും മാനസികാരോഗ്യം ഇന്നും മുഖ്യധാരയിലേക്ക് കടന്നുവരാത്ത അവസ്ഥ തുടരുന്നു. ശാരീരികമായ അനാരോഗ്യം പ്രകടമായി അനുഭവപ്പെടുന്പോൾ മാനസികാരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും മറഞ്ഞിരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ കാണാതെ പോകുന്ന ഈ സ്ഥിതിവിശേഷം, അവഗണനയിലേക്കും നിഷേധാവസ്ഥയിലേക്കും കൃത്യസമയത്ത് മാനസികാരോഗ്യഇടപെടൽ ഇല്ലാതെ പോകുന്നതിലൂടെ ആത്മഹത്യാപ്രവണതകളിലേക്കും വൈകാരിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലേക്കും യുവ തലമുറ എടുത്തെറിയപ്പെടുന്നു.
(തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ പ്രഫസറും കണ്സൾട്ടന്റ് സൈക്കോളജിസ്റ്റുമാണ് ലേഖകൻ)