അത്യാഹിത വിഭാഗത്തിലെ സങ്കീർണത
Friday, October 10, 2025 12:45 AM IST
ചികിത്സിക്കേണ്ടത് സമൂഹത്തെ -2 / ഡോ. നെൽസൺ തോമസ്
യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ യാഥാർഥ്യവുമായി ഏറ്റുമുട്ടുന്ന പ്രധാന വേദിയാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗം. അതിന്റെ പ്രവർത്തന മാതൃകയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും സംഘർഷങ്ങൾക്ക് വഴിവയ്ക്കുന്നത്.
സർക്കാർ ആശുപത്രിയിലെ എന്നല്ല, ഏതൊരു സ്വകാര്യ ആശുപത്രിയിലെയും അത്യാഹിത വിഭാഗം പലപ്പോഴും ഒരു യുദ്ധക്കളത്തിന് സമാനമാണ്. പരിമിതമായ സ്ഥലത്ത് താങ്ങാവുന്നതിലധികം രോഗികൾ, രോഗികളുടെയും ബന്ധുക്കളുടെയും നിലവിളികൾ, ആശുപത്രി ജീവനക്കാരുടെ ധൃതിപിടിച്ച ഓട്ടം... ഈ സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിൽ രോഗിയുടെ ബന്ധുക്കളുടെ മാനസികാവസ്ഥയും അതിസങ്കീർണമായിരിക്കും.
ഇവിടെ ഒരു സൂപ്പർ മാർക്കറ്റിലെ ക്യൂ പോലെ ‘ആദ്യം വരുന്നയാൾക്ക് ആദ്യ പരിഗണന’ എന്ന രീതിയല്ല പിന്തുടരുന്നത്. ‘ട്രയാജ്’ എന്ന ശാസ്ത്രീയമായ മുൻഗണനാക്രമമാണ് അതിന്റെ പ്രവർത്തനത്തിന് അടിസ്ഥാനം. ഓരോ രോഗിയുടെയും രോഗാവസ്ഥയുടെ ഗൗരവം വിലയിരുത്തി ഏറ്റവും അടിയന്തര സഹായം ആവശ്യമുള്ളയാൾക്ക് മുൻഗണന നൽകുന്ന ജീവൻരക്ഷാ പ്രോട്ടോക്കോൾ ആണിത്.
തലവേദനയുമായി മണിക്കൂറുകളായി കാത്തിരിക്കുന്ന ഒരാളുടെ മുന്നിലേക്ക്, ആംബുലൻസിൽ രക്തത്തിൽ കുളിച്ച് വരുന്ന അപകടത്തിൽപ്പെട്ട ഒരാളെ ഡോക്ടർമാർ ഓടിപ്പോയി പരിശോധിക്കുമ്പോൾ, കാത്തിരിക്കുന്നയാൾക്ക് അത് തന്നോടുള്ള അവഗണനയായി തോന്നാം. ഈ ശാസ്ത്രീയമായ പ്രവർത്തനരീതി മനസിലാക്കാത്തതാണ് പലപ്പോഴും തർക്കങ്ങൾക്കും അക്രമങ്ങൾക്കും വഴിവയ്ക്കുന്നത്. അതോടൊപ്പം, ക്ഷമയും സഹാനുഭൂതിയും കുറഞ്ഞുവരുന്ന ഒരു സമൂഹത്തിൽ, എടുത്തുചാട്ടം ഒരു സ്വഭാവമായി മാറുകയാണ്. തനിക്ക് അസുഖകരമായ ഒന്നുണ്ടായാൽ ഉടൻ പ്രതികരിക്കുക, നിയമം കൈയിലെടുക്കുക എന്ന പ്രവണത വർധിക്കുന്നു.
അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ
ആശുപത്രി ആക്രമണങ്ങളുടെ ഇരകൾ ഡോക്ടർമാർ മാത്രമല്ല, സമൂഹം ഒന്നടങ്കമാണ്. നിരന്തരമായ ആക്രമണ ഭീഷണിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ, രോഗിയെ ചികിത്സിക്കുമ്പോൾ സ്വാഭാവികമായും സ്വന്തം സുരക്ഷയെക്കുറിച്ചും ചിന്തിക്കും. ഇത് ‘ഡിഫൻസീവ് മെഡിസിൻ’ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു. അതായത്, നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻവേണ്ടി മാത്രം അനാവശ്യമായ ടെസ്റ്റുകൾക്ക് നിർദേശിക്കുക, സങ്കീർണമായ കേസുകൾ ഏറ്റെടുക്കാൻ മടിക്കുക, ചെറിയ അസുഖങ്ങൾക്കുപോലും ഉയർന്ന സ്പെഷ്യലിറ്റി കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുക തുടങ്ങിയവ. ഇതിന്റെയെല്ലാം ആത്യന്തിക നഷ്ടം സംഭവിക്കുന്നത് സാധാരണക്കാരായ രോഗികൾക്കാണ്.
വേണ്ടത് അടിയന്തര ശസ്ത്രക്രിയ
ഈ രോഗാവസ്ഥയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. നിയമത്തിന്റെ കരങ്ങൾ തന്നെയാണ് ആദ്യം പ്രവർത്തിക്കേണ്ടത്. ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പാക്കുകയും അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയും വേണം. ആശുപത്രികളെ അതീവ സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. കേവലം നിയമനടപടികൾക്കപ്പുറം, ഡോക്ടർ-രോഗി ബന്ധത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിൽ തന്നെ മാറ്റങ്ങൾ ആവശ്യമാണ്. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട് ഈയടുത്ത് സ്വീകരിച്ച ഒരു നിലപാട് ശ്രദ്ധേയമാണ്.
സർക്കാർ ആശുപത്രികളിൽ രോഗികളെ ‘മെഡിക്കൽ സേവന ഗുണഭോക്താക്കൾ’ എന്ന് അഭിസംബോധന ചെയ്യണമെന്ന നിർദേശം കേവലം ഒരു വാക്കിൽ ഒതുങ്ങുന്നില്ല. അതൊരു തത്വശാസ്ത്രപരമായ മാറ്റമാണ്. രോഗിയെ നിസഹായനായ ഒരു സ്വീകർത്താവായി കാണാതെ, അവകാശങ്ങളും അന്തസുമുള്ള ഒരു ഗുണഭോക്താവായി അത് മാറ്റുന്നു. ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള അധികാരബന്ധത്തിനു പകരം ഒരു സേവന-ബഹുമാന ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു.
അതോടൊപ്പം, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും രോഗികളുടെ ബന്ധുക്കളോട് സംസാരിക്കാനും അവരുടെ ആശങ്കകൾ അകറ്റാനും പരിശീലനം ലഭിച്ച കൗൺസിലർമാരെയോ സോഷ്യൽ വർക്കർമാരെയോ നിയമിക്കുകയും വേണം. ചുരുക്കത്തിൽ, ഒരു ഡോക്ടറുടെ ദേഹത്ത് വീഴുന്ന ഓരോ അടിയും നമ്മുടെയെല്ലാം ആരോഗ്യസുരക്ഷാ സംവിധാനത്തിന്റെ നെഞ്ചിൽ ഏൽക്കുന്ന മുറിവാണ്.
ചികിത്സകരെ സംരക്ഷിക്കാൻ കഴിയാത്ത ഒരു സമൂഹം ആരോഗ്യകരമായ ഒന്നല്ല. കാരണം, ഭയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു ചികിത്സകന് നിർഭയമായി ഒരു ജീവൻ രക്ഷിക്കാൻ സാധിക്കില്ല. അതിനാൽ ചികിത്സിക്കേണ്ടത് ഇപ്പോൾ മുറിവേറ്റ ഡോക്ടറെ മാത്രമല്ല, സമൂഹത്തെ മുഴുവനുമാണ്.
(അവസാനിച്ചു)