സമാനതകളില്ലാത്ത യുദ്ധം
Monday, October 6, 2025 11:57 PM IST
ഹമാസിനുമേൽ ഇസ്രയേൽ
ഗാസാ മുനമ്പിൽനിന്ന് ഹമാസ് ഭീകരർ ഇസ്രയേലിനു നേരേ കര, കടൽ, വ്യോമ ആക്രമണം നടത്തിയപ്പോൾ ആരംഭിച്ചതാണ് ഇപ്പോഴത്തെ ഇസ്രയേൽ-ഹമാസ് യുദ്ധം. 2023 ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണം. അടുത്ത ദിവസം, ഹമാസ് ഭീകരരെ തകർക്കാനും അവർ ബന്ദികളാക്കിയ 251 പേരെ തിരികെ കൊണ്ടുവരാനുമായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു.
യുദ്ധം ഗാസ മുനമ്പിലുടനീളം വ്യാപകമായ നാശം വിതച്ചു. കുറഞ്ഞത് 67,160 പേർ കൊല്ലപ്പെടുകയും 1,69,679 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, 2025 പകുതിയോടെ യുദ്ധം ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ വിനാശകരമായ തലത്തിലെത്തി. ഗാസ നഗരത്തിൽ ക്ഷാമം സ്ഥിരീകരിച്ചു.
വർധിച്ചുവരുന്ന പ്രതിസന്ധിക്കിടയിലും യുദ്ധം അവസാനിക്കുന്നതിനുള്ള സാധ്യതകൾ അവ്യക്തമായി തുടർന്നു. ഇതോടെ സ്ഥിരമായ വെടിനിർത്തലിനായി സമ്മർദം ശക്തമാകുകയും സെപ്റ്റംബർ അവസാനത്തോടെ അമേരിക്ക രാജ്യാന്തര പിന്തുണയോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ഗാസയിൽ ഇനിയും ആയിരക്കണക്കിനു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നു.
2023 ഒക്ടോബർ ഏഴിന്, ജൂത അവധിദിനത്തിലായിരുന്നു ഹമാസ് ഭീകരാക്രമണം. പുലർച്ചെ 6.30ഓടെയാണ് ആക്രമണം ആരംഭിച്ചത്. നിരവധി സൈനികർ അവധിയിലായിരുന്നതിനാൽ ഇസ്രയേൽ സൈന്യത്തിന്റെ ശ്രദ്ധ തെക്ക് ഗാസ മുനമ്പിനേക്കാൾ ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലായിരുന്നു.
ഒക്ടോബർ ഏഴിനു രാവിലെ 8.23ന് ഇസ്രയേൽ സേന യുദ്ധമുന്നറിയിപ്പ് പ്രഖ്യാപിച്ചു. രണ്ട് മണിക്കൂറിനുശേഷം അവരുടെ യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ വ്യോമാക്രമണം ആരംഭിച്ചു. ഒക്ടോബർ ഒന്‍പതിന് ഇസ്രയേൽ ഗാസ മുനമ്പ് ‘പൂർണമായി ഉപരോധിക്കാൻ’ ഉത്തരവിടുകയും അവിടേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവ നിർത്തലാക്കുകയും ചെയ്തു.
വിദേശികളും ഉൾപ്പെട്ടതിനാൽ ബന്ദിമോചനം രാജ്യാന്തര പരിശ്രമമായി മാറി. ആക്രമണം തുടരുന്പോഴും ബന്ദികളെ മോചിതരാക്കാൻ രാജ്യാന്തര ശ്രമം നടക്കുന്നുണ്ടായിരുന്നു. ഖത്തർ സുപ്രധാന ഇടനിലക്കാരായി. ഹമാസ് ആക്രമണത്തിനു മൂന്നാഴ്ചകൾക്കുശേഷം, ഗാസ മുനമ്പിലെ 1.4 ദശലക്ഷത്തിലധികം പലസ്തീനികൾ പലായനം ചെയ്തു.
ആയിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ അവസാനത്തോടെ ഇസ്രേലി കരസേന ഗാസ മുനമ്പിലേക്കു മുന്നേറി. പ്രദേശത്തെ ആശയവിനിമയ സംവിധാനം പരിമിതമാക്കി. ഇത് തീവ്രവാദികളുടെ ഏകോപനം തടസപ്പെടുത്തി. എന്നാൽ, അടിയന്തര വൈദ്യസഹായമെത്തിക്കുന്നതും ഇതുമൂലം തടസപ്പെട്ടു.
ഏകദേശം 23,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി 2024 ജനുവരി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു എങ്കിലും ഹമാസ് ഭീകരരും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. കൃത്യമായ ലക്ഷ്യം നിർണയിച്ച് യുദ്ധതന്ത്രം മാറ്റുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ജനുവരി അവസാനത്തോടെ, ദിവസേനയുള്ള മരണങ്ങളുടെ ശരാശരി എണ്ണം ഒക്ടോബറിലേതിനേക്കാൾ മൂന്നിലൊന്നായിരുന്നു. ജൂലൈ അവസാനത്തോടെ, യുദ്ധത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 40,000 ആയി.
ഫെബ്രുവരിയിൽ ഇസ്രയേൽ റാഫയിലേക്കും യുദ്ധം വ്യാപിപ്പിച്ചു. റാഫയിലെ ആക്രമണം ഹമാസ് ബറ്റാലിയനുകളുടെ ‘അവസാന കോട്ട’യെ വേരോടെ പിഴുതെറിയുമെന്ന് നെതന്യാഹു തറപ്പിച്ചുപറഞ്ഞു. ഏപ്രിൽ ഒന്നിന് ഷെഫ് ജോസ് ആൻഡ്രേസിന്റെ വേൾഡ് സെൻട്രൽ കിച്ചണിലെ സഹായികളുമായി പോയ നിരവധി വാഹനങ്ങൾ ഇസ്രേലി വ്യോമാക്രമണത്തിൽ തകർന്നു. ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മരണങ്ങളുടെ ഉത്തരവാദിത്വം ഇസ്രേലി സേന ഏറ്റെടുത്തു. “ഭയാനകമായ പിഴവുകളുടെ ഒരു ശൃംഖല” എന്നാണ് സർക്കാർ വക്താവ് ഈ സംഭവങ്ങളെ വിശേഷിപ്പിച്ചത്.
മേയ് അഞ്ചിന് സമാധാനചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. മണിക്കൂറുകൾക്കകം, മാനുഷിക സഹായത്തിനുള്ള പ്രധാന വഴിയായ കെരെം ഷാലോം അതിർത്തി ക്രോസിംഗിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രേലി സൈനികർക്കുനേരേ ഹമാസ് റോക്കറ്റുകൾ തൊടുത്തു. നാല് സൈനികർ കൊല്ലപ്പെട്ടു. അതോടെ ക്രോസിംഗ് അടച്ചു. അടുത്ത ദിവസം, റാഫയിൽനിന്ന് ഒരു ലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടു.
അതേസമയം, റാഫ അതിർത്തി ക്രോസിംഗിന്റെയും ഫിലാഡൽഫി ഇടനാഴിയുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ സൈന്യം നീക്കം തുടങ്ങി. മേയ് 14ന് അവർ നഗരത്തിൽ പ്രവേശിച്ചു. മേയ് ആറു മുതൽ റാഫയിൽനിന്ന് പലായനം ചെയ്തവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. അവർ എത്തിച്ചേർന്ന പ്രദേശത്ത് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലായിരുന്നു. സമാധാനചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോഴും ഇസ്രയേൽ ഗാസയിൽ ആക്രമണം കടുപ്പിച്ചു.
ജൂലൈ 13ന് ഖാൻ യൂനിസിൽ ഹമാസിന്റെ ഉന്നത സൈനിക കമാൻഡറായ മുഹമ്മദ് ദെയ്ഫിനെ ഇസ്രയേൽ ലക്ഷ്യമിട്ടു. ആക്രമണത്തിൽ ദെയ്ഫും തൊണ്ണൂറോളം പലസ്തീനികളും കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ പ്രതിനിധിസംഘത്തെ നയിച്ചിരുന്ന വിദേശ ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മയിൽ ഹനിയെ ജൂലൈ 31ന് ടെഹ്റാനിൽ കൊല്ലപ്പെട്ടു.
അതേസമയം, ജൂലൈയിൽ ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഭക്ഷണം, വെള്ളം, സുരക്ഷിതമായ പാർപ്പിടം എന്നിവയുടെ ദൗർലഭ്യം എന്നിവ മൂലം നേരിട്ടുള്ള ഒരു മരണത്തിന് ആനുപാതികമായി ഏകദേശം നാല് പരോക്ഷ മരണങ്ങൾ സംഭവിക്കുന്നതായി വിലയിരുത്തി. നേരിട്ടുള്ളതും പരോക്ഷവുമായി മരിച്ചവരുടെ എണ്ണം 1,86,000 എന്നായിരുന്നു കണക്ക്. ആ മാസം അവസാനം, മലിനജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയത് കാര്യങ്ങൾ കൂടുതൽ ദുരിതപൂർണമാക്കി.
നസ്രുള്ളയുടെ കൊലപാതകത്തിൽ പ്രകോപിതരായി ഇറാൻ ഒക്ടോബർ ഒന്നിന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി. കുറഞ്ഞ നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒക്ടോബർ ഏഴിലെ ആക്രമണവാർഷികം ഹമാസ്, ഹിസ്ബുള്ള, ഹൂതി ഭീകരരുടെ ബോംബാക്രമണത്തോടെ കടന്നുപോയി. റാഫ പ്രദേശത്ത് നടത്തിയ ഒരു ഓപ്പറേഷനിൽ സിൻവാറിനെ കൊലപ്പെടുത്തിയതായി ഒക്ടോബർ 17ന് ഇസ്രയേൽ പ്രഖ്യാപിച്ചു.
2025 ജൂൺ 13 മുതൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചതോടെ ഗാസ മുനമ്പിൽനിന്ന് ശ്രദ്ധ ഇറാനിലേക്കായി. ജൂൺ 22ന് ഇറേനിയൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണങ്ങൾക്കു ശേഷമാണ് 12 ദിവസത്തെ സംഘർഷം അവസാനിച്ചത്.
ജൂലൈ അവസാനത്തോടെ, ഭക്ഷണവിതരണ കേന്ദ്രത്തിൽ വരിനിൽക്കുകയായിരുന്ന ആയിരത്തിലധികം ഗാസ നിവാസികൾ വെടിയേറ്റു മരിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബർ ഒന്‍പതിന്, അമേരിക്കൻ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ ഖത്തറിലെ ദോഹയിൽ യോഗം ചേർന്നപ്പോൾ, അവരെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി വിജയിക്കുമോ എന്ന ആകാംക്ഷയ്ക്കിടയിലും യുദ്ധത്തിന്റെ ഫലമായി നേരിട്ട് കൊല്ലപ്പെട്ട ഗാസക്കാരുടെ എണ്ണം 65,000 ആയെന്ന വസ്തുത സമാധാനം ആഗ്രഹിക്കുന്നവരെ അലട്ടുന്നുണ്ട്.
കുരുന്നുകളുടെ തലയറത്തു; പെണ്‍കുട്ടികളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ ലോകം പഴിക്കുന്പോഴും ഇസ്രയേലിനെതിരേ ഹമാസ് ഭീകരരും അവരുടെ പിണിയാളുകളായ പലസ്തീന് തീവ്രവാദ സംഘടനകളും ചേര്‍ന്നു നടത്തിയ കൊടുംക്രൂരതകള്‍ മറക്കാനാകില്ല. 2023 ഒക്ടോബർ ഏഴ് ഇസ്രയേലിന് ഒരിക്കലും മറക്കാനാകാത്ത ദിനമാണ്.
അന്നു രാവിലെ 6.30 മുതൽ 20 മിനിറ്റിൽ പാഞ്ഞെത്തിയത് ഹമാസിന്റെ 5,000 റോക്കറ്റുകളാണ്. ഇത്രയധികം റോക്കറ്റുകൾ കുതിച്ചെത്തിയതോടെ ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനംപോലും സ്തംഭിച്ചു. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 38 കുട്ടികളടക്കം 1,200 ഓളം ഇസ്രയേലികളെയാണു വധിച്ചത്. 251 പേരെ ബന്ദികളാക്കി.
തീമഴപോലെയാണു ഹമാസിന്റെ റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചത്. പാർക്കിലും പാതയോരത്തും തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറി. ആക്രമണത്തിൽ കിബുട്സ് റെയിം നഗരത്തിനു സമീപമുള്ള നെഗെവ് മരുഭൂമി ശ്മശാനഭൂമിയായി മാറി. 378 മൃതദേഹങ്ങളാണ് ഇവിടെ കണ്ടെത്തിയത്. കൂടുതലും യുവാക്കളായിരുന്നു. ഇവിടെ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലേക്ക് ഇരച്ചുകയറിയ ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളടക്കം 44 പേരെ ബൈക്കുകളിലും മറ്റുമായി ഗാസയിലേക്കു കടത്തി.
ഹമാസ് ഭീകരർ തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഒമ്പത് മാസം പ്രായമുള്ള ക്ഫിർ ബിബാസ്. നാലുവയസുള്ള സഹോദരൻ ഏരിയലിനെയും മാതാപിതാക്കളായ യാർഡനെയും ഷിരിയെയും ഹമാസ് ബന്ദികളാക്കി. ക്ഫിറും സഹോദരനും അമ്മയും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു. യാർഡനെ ഫെബ്രുവരിയിൽ വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ തോക്കിൻമുനയിൽ ഭയന്നു നിൽക്കുന്ന ബന്ദികളുടെ ദൃശ്യം ലോകത്തെ ഞെട്ടിച്ചു. പട്ടിണിമൂലം തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം മെലിഞ്ഞ നിലയിലുള്ള ബന്ദിയുടെ വീഡിയോ ഓഗസ്റ്റിൽ ഹമാസ് പുറത്തുവിട്ടിരുന്നു.
ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയത് ഞെട്ടിക്കുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. തെക്കന്‍ ഇസ്രയേലില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ നിരവധി കുരുന്നുകളുടെ തലയറത്തും പെണ്‍കുട്ടികളെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയും കൊലപ്പെടുത്തി. നിരായുധരായ പലരെയും വെടിവച്ചു വീഴ്ത്തി. നിരപരാധികളായ ആളുകളെ ജീവനോടെ തീയിട്ട ഭീകരർ വീടുകളിലേക്ക് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തു.
ബന്ദികളെ വെള്ളംപോലും നൽകാതെ പട്ടിണിക്കിട്ടശേഷം അതിക്രൂരമായി കൊലപ്പെടുത്തല്‍, മനുഷ്യത്വരഹിതമായ പെരുമാറ്റം, ലൈംഗികപീഡനം, മൃതദേഹങ്ങള്‍ വികൃതമാക്കല്‍, കൊള്ള, മനുഷ്യരെ പരിചകളാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും അവർ ചെയ്തു. ഗാസയ്ക്കു ചുറ്റുമുള്ള ഇസ്രേലി പ്രദേശങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയ്ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അവിശ്വസനീയമാംവിധം സംഘടിതവും ഏകോപിതവുമായിരുന്നു. തീവ്രവാദികള്‍ കണ്ണില്‍ക്കണ്ടവര്‍ക്കെല്ലാം നേരേ വെടിയുതിര്‍ത്തു.
ഹമാസ് ഭീകരർ ഇസ്രയേലിലെ സാധാരണക്കാർക്കു നേരേ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രേലി പ്രതിരോധ സേനയും പലകുറി പങ്കുവയ്ക്കുകയുണ്ടായി. സൈന്യം പുറത്തുവിട്ട ഹമാസിന്റെ ക്രൂരതകൾ തുറന്നുകാട്ടുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ദൃശ്യങ്ങൾ മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. ഈ വീഡിയോ പകർത്തിയ ഭീകരനെ സൈനികർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ഈ ദൃശ്യങ്ങൾ കണ്ടെടുത്തത്.
ബന്ദിമോചനത്തിനും സമാധാനത്തിനുമായി നിരന്തരം ശബ്ദിച്ച് മാർപാപ്പമാർ

ഭീകരതയ്ക്കെതിരേയും, ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനത്തിനായും കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ നിരന്തരം ശബ്ദമുയർത്തിയിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ഭീകരർ കരയിലൂടെയും ആകാശത്തിലൂടെയും ഇരച്ചെത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും 251ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് ലോകനേതാക്കൾക്കൊപ്പം ഫ്രാൻസിസ് മാർപാപ്പ അപലപിച്ചത്. ഭീകരതയും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും ഇസ്രയേലിൽ സംഭവിച്ച കാര്യങ്ങളിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും ആക്രമണത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. ആയുധങ്ങൾ താഴെവച്ച് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യാചിക്കുകയാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. ബന്ദികളെ വിട്ടയയ്ക്കണമെന്നും മാർപാപ്പ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പംതന്നെ യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ദുരിതമോർത്ത് പലകുറി ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ, സമാധാനത്തിനായി നിരന്തരം ശബ്ദമുയർത്തി.
ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികമാചരിച്ച കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആഗോളസഭയിലുടനീളം സമാധാനത്തിനായി ഉപവാസപ്രാർഥനാ ദിനാചരണത്തിന് ആഹ്വാനം നൽകിയാണ് ഫ്രാൻസിസ് മാർപാപ്പ ദുരിതബാധിതരെ ചേർത്തുപിടിച്ചത്. ഗാസയിലെ ഏക കത്തോലിക്കാ പള്ളിയായ തിരുക്കുടുംബ പള്ളി വികാരി ഫാ. ഗബ്രിയേൽ റോമനെലിയെ ഇടയ്ക്കിടെ വീഡിയോ കോളിലൂടെ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. ജറുസലെം പാത്രിയാർക്കീസ് മുഖേനയും കാരിത്താസ് സംഘടന മുഖേനയും ഗാസയിലെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് പോഷകാഹാരവും സമ്മാനങ്ങളുമെല്ലാം മാർപാപ്പ അയച്ചുനൽകി.
മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പും, ദുരിതമനുഭവിക്കുന്ന ഗാസ ജനതയോടുള്ള തന്റെ കരുതലും ഐക്യദാർഢ്യവും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുകയുണ്ടായി. താൻ ഉപയോഗിച്ചുകൊണ്ടിരുന്ന പോപ് മൊബീലുകളിലൊന്ന് ഗാസയിലെ കുട്ടികൾക്കായി സഞ്ചരിക്കുന്ന ക്ലിനിക്കാക്കാൻ നിർദേശം നൽകിയായിരുന്നു ഈ കരുതൽ ഒരിക്കൽക്കൂടി പ്രകടിപ്പിച്ചത്. കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ കാരിത്താസിന്റെ ജറുസലെം ഘടകത്തെ ഇതിന്റെ ചുമതല ആരോരുമറിയാതെ മാർപാപ്പ ഏൽപ്പിച്ചു. ‘പ്രതീക്ഷയുടെ വാഹനം’ എന്ന പേരിലുള്ള ഈ മൊബൈൽ ക്ലിനിക്കിൽ ദ്രുതരോഗനിർണയ കിറ്റുകൾ, സിറിഞ്ചുകൾ, വാക്സിനുകൾ, ഓക്സിജൻ, റഫ്രിജറേറ്റഡ് മരുന്നുകൾ തുടങ്ങിയ അവശ്യ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ചുമതലയേറ്റ ലെയോ പതിനാലാമൻ മാർപാപ്പയും ഭീകരതയ്ക്കെതിരേയും വിശുദ്ധ നാട്ടിലെ, വിശേഷിച്ച് ഗാസയിലെ സമാധാനത്തിനായും നിലകൊണ്ടു. തന്റെ പൊതുപരിപാടികളിലും പ്രതിവാര കൂടിക്കാഴ്ചാ വേളകളിലുമെല്ലാം ലോകസമാധാനത്തിനായി മാർപാപ്പ ആഹ്വാനം ചെയ്യുന്നു. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് കഴിഞ്ഞ ജൂലൈ 24ന് ഫോണിൽ വിളിച്ചപ്പോഴും, കഴിഞ്ഞമാസം നാലിന് തന്നെ സന്ദർശിച്ച ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള ചർച്ചയിലും, കഴിഞ്ഞമാസം 25ന് തന്നെ സന്ദർശിച്ച ബെത്ലഹെം മേയർ മാഹെർ നിക്കോള കാനാവതിയുമായി സംസാരിക്കവെയും ഗാസയിലെയും വിശുദ്ധ നാട്ടിലെയും സമാധാനമായിരുന്നു മാർപാപ്പയുടെ ചർച്ചാവിഷയം.
ഗാസയിലെ ഹോളി ഫാമിലി പള്ളിക്കുനേരേ കഴിഞ്ഞ ജൂലൈ 17നുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും പള്ളിവികാരി ഫാ. ഗബ്രിയേൽ റോമനെലി അടക്കം ഒന്‍പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അതീവദുഃഖം പ്രകടിപ്പിച്ച ലെയോ മാർപാപ്പ, ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. പള്ളിയിൽ ആക്രമണം നടന്നതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഒടുവിൽ അബദ്ധത്തിൽ സംഭവിച്ച തെറ്റാണെന്നു പറഞ്ഞ് നെതന്യാഹുവും ഇസ്രേലി സൈന്യവും മാപ്പ് പറയുകയും ചെയ്തു.
ഏറ്റവുമൊടുവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്തു തയാറാക്കിയ സമാധാനപദ്ധതിയെ സ്വാഗതം ചെയ്തു രംഗത്തുവന്ന ലെയോ മാർപാപ്പ, സമാധാനത്തിലേക്കുള്ള നിർണായക ചുവടുവയ്പാണിതെന്നും ബന്ദിമോചനം എത്രയും വേഗം സാധ്യമാക്കാനും കരാർ യാഥാർഥ്യമാക്കാനും ബന്ധപ്പെട്ടവരെല്ലാം ആത്മാർഥമായി സഹകരിക്കണമെന്നും അഭ്യർഥിച്ചിരുന്നു. ജപമാലമാസമായ ഒക്ടോബറിലെ പ്രാർഥനാ നിയോഗങ്ങൾ ലോകസമാധാനത്തിനായി മാറ്റിവയ്ക്കാൻ അഭ്യർഥിച്ച മാർപാപ്പ, 11ന് ലോകസമാധാനത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാല പ്രാർഥന നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.