അധ്യാപകർക്കു വേണ്ടത് ഔദാര്യമല്ല, നീതിയാണ്
ജിബിൻ മാത്യു പുൽപറമ്പിൽ (പ്രസിഡന്റ്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, കോതമംഗലം രൂ
Monday, October 6, 2025 3:28 AM IST
പതിനാറായിരത്തോളം അധ്യാപകരെ മുഴുപട്ടിണിയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ചില പച്ചയായ വസ്തുതകൾ പൊതു സമൂഹം അറിയേണ്ടതുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ പിഡബ്ല്യുഡി ആക്ട് 1995 പ്രകാരം 7-2-1996 മുതൽ 18-4-2017 വരെ മൂന്നും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 19-4-2017 മുതൽ നാലും ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട് എന്നതാണ് ഭിന്നശേഷി സംവരണ നിയമം.
ശാരീരിക ന്യൂനതകളാൽ അവശത അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് എന്നുമുള്ളത്.
എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. റോസ്റ്റർ തയാറാക്കി, സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നൽകി, ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും യോഗ്യരായവർ ഇല്ലാത്തതിനാൽ സ്കൂളുകളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികൾ ലഭ്യമാകാത്തത് മാനേജ്മെന്റിന്റെയോ വ്യവസ്ഥാപിത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാർ നിയമിക്കപ്പെട്ടില്ല എന്ന സാങ്കേതിക തൊടുന്യായം പറഞ്ഞ് അർഹരായ അധ്യാപകരുടെ നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് മാനുഷികമൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
കോടതി ഉത്തരവനുസരിച്ച് നിയമപ്രകാരമുള്ള ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ മറ്റ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. സമാനസ്ഥിതി നിലനിൽക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് സർക്കാർ പരിഗണിക്കണമെന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല. ഓരോരുത്തരായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി കാലങ്ങൾ കാത്തിരുന്ന് നിയമനാംഗീകാരം നേടട്ടെ എന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
മതിയായ എണ്ണം തസ്തികകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് നീക്കിവച്ചിട്ടുള്ള വിദ്യാലയങ്ങളിലെ മറ്റുള്ള നിയമനങ്ങൾ അംഗീകരിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഈ പ്രതിസന്ധി നിസാരമായി പരിഹരിച്ച് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയും.
എന്നാൽ, തികച്ചും നിഷേധാത്മക നിലപാടാണ് സർക്കാർ പുലർത്തുന്നത് എന്ന് പറയാതെ വയ്യാ. മാനേജ്മെന്റ് പ്രതിനിധികളുമായും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പലവട്ടം നേരിട്ട് ചർച്ച നടത്തിയപ്പോഴും എല്ലാ പ്രശ്നങ്ങളും ഉടൻ അനുഭാവപൂർവം പരിഗണിക്കും എന്ന് വാക്ക് നൽകിയെങ്കിലും നീതി മാത്രം ഇപ്പോഴും അകലെയാണ്.
ഒരുപടികൂടി കടന്ന്, ഇപ്പോൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായതെന്തൊക്കെയോ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുതന്നെ മന്ത്രി പറഞ്ഞുവയ്ക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ച് കേരള സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്കരണത്തിലെ മുന്നണിപ്പോരാളികളെയാണ് ജാതി-മത പരാമർശങ്ങൾ നടത്തി നിശബ്ദരാക്കാൻ ഗൂഢശ്രമങ്ങൾ നടന്നുവരുന്നത്. ഇത്തരം ആസൂത്രിത നീക്കങ്ങൾ സർക്കാരിന് നേതൃത്വം നൽകുന്നവർ ഉപേക്ഷിക്കണം.
സർക്കാർ ഉത്തരവുകളെല്ലാം അക്ഷരംപ്രതി പാലിച്ചിട്ടും മാനേജ്മെന്റ് നിയമിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത, അധ്യാപകവിരുദ്ധ മനോഭാവം സർക്കാർ തിരുത്താൻ തയാറാവണം. ന്യായയുക്തമല്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മരവിപ്പിച്ചിരിക്കുന്ന അധ്യാപക നിയമന അംഗീകാരം ഇനിയെങ്കിലും അനുഭാവപൂർവം പരിഗണിച്ചു പൂർത്തീകരിച്ചു നൽകാനുള്ള സന്മനസും സർക്കാരിനുണ്ടാവണം.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. ആരുടെയും ഔദാര്യമല്ല.