വിശുദ്ധി പ്രസരിപ്പിച്ച പിതാവ്
ഡേവിസ് പൈനാടത്ത്
Wednesday, September 17, 2025 11:17 PM IST
സാമീപ്യംകൊണ്ടുപോലും വിശുദ്ധി പ്രസരിപ്പിച്ച പിതാവ് - അതായിരുന്നു കാലംചെയ്ത ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി.
ചെറുപുഞ്ചിരിയോടെ കടന്നുപോയ വഴികളിലെല്ലാം വിശ്വാസികളും അല്ലാത്തവരും അദ്ദേഹത്തിനു നേരേ ആദരത്തിന്റെ കൂപ്പുകൈകളുയർത്തി. സൗമ്യതയും ലാളിത്യവുമായിരുന്നു മുഖമുദ്ര. ജീവിതവിശുദ്ധിയുടെയും വിനയത്തിന്റെയും ആൾരൂപം. ദൈവത്തിന്റെ സ്വന്തം മനുഷ്യനായി വിശ്വാസികൾ നെഞ്ചിലേറ്റിയ പിതാവ്. ജീവിതമാണു സന്ദേശമെന്ന തത്വം വാക്കിലും പ്രവൃത്തിയിലും നടപ്പിൽ വരുത്തിയിരുന്ന ആധ്യാത്മികാചാര്യന്റെ ഋഷിതുല്യ ജീവിതം അജഗണഹൃദയങ്ങളിൽ എന്നും ആഴത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.
തലശേരിയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്കൊപ്പം സെക്രട്ടറിയായി പ്രവർത്തിച്ച കാലംമുതൽ തന്റെ പ്രവർത്തനമണ്ഡലങ്ങളിലെല്ലാം വ്യക്തിമുദ്ര ചാർത്തിയ വിശുദ്ധ ജീവിതം. 43-ാം വയസിൽ മെത്രാൻപദവി. സുദീർഘമായ 22 വർഷം മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായുള്ള മാർ തൂങ്കുഴിയുടെ പ്രവർത്തനമാണ് ആ രൂപതയ്ക്ക് ഊടും പാവും നല്കിയത്. ട്രൈബൽ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ട്, വയനാട് സർവീസ് സൊസൈറ്റി എന്നിവയ്ക്കെല്ലാം അവിടെ തുടക്കമിട്ടതു പിതാവാണ്. ചുരുങ്ങിയകാലം താമരശേരി രൂപതാധ്യക്ഷനായ ശേഷമായിരുന്നു തൃശൂർ ആർച്ച്ബിഷപ്പായുള്ള നിയമനം.
സമഗ്ര വികസനത്തിന്റെ പിതാവ്
സാമൂഹ്യപ്രതിബദ്ധതയും പാവങ്ങളോടുള്ള പ്രത്യേക മമതയുമാണ് മുൻഗാമി മാർ ജോസഫ് കുണ്ടുകുളത്തെ പ്രശസ്തനാക്കിയിരുന്നതെങ്കിൽ, ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളാണു തൃശൂരിൽ മാർ തൂങ്കുഴിയെ പിന്നീട് ശ്രദ്ധേയനാക്കിയത്. അതിരൂപതയുടെ സമഗ്രവികസനത്തിന്റെ പിതാവെന്ന ബഹുമതിയോടെയാണു മാർ തൂങ്കുഴി 2007ൽ സ്ഥാനമൊഴിഞ്ഞത്.
നാളേക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെല്ലാം. വിദ്യാഭ്യാസമേഖലയിലും ആതുരമേഖലയിലുമായിരുന്നു സംഭാവനകളത്രയും. സന്യാസസമൂഹങ്ങളും അദ്ദേഹം സ്ഥാപിച്ചു. വചനപ്രഘോഷണരംഗത്തും ശ്രദ്ധേയനായിരുന്നു.
തൃശൂർ അതിരൂപതയുടെ അജപാലകൻ എന്ന നിലയിൽ തൂങ്കുഴിപ്പിതാവിനു കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ നിരവധിയാണ്. മേരിമാതാ മേജർ സെമിനാരി, ജീവൻ ടിവി, ജൂബിലി മിഷൻ ആശുപത്രിയോടനുബന്ധിച്ചുള്ള മെഡിക്കൽ കോളജ്, ചെറുതുരുത്തിയിലെ ജ്യോതി എൻജിനിയറിംഗ് കോളജ്, മുള്ളൂർക്കരയിലെ മഹാജൂബിലി ട്രെയിനിംഗ് കോളജ്, കുരിയച്ചിറയിലെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മാർ തൂങ്കുഴിയുടെ കാലത്താണ് ആരംഭിച്ചത്. കാലിക്കട്ട് വാഴ്സിറ്റിയിൽ ക്രിസ്ത്യൻ ചെയർ ആരംഭിക്കാൻ മുൻകൈയെടുത്തതും തൂങ്കുഴിപ്പിതാവാണ്.
കുണ്ടുകുളം പിതാവിന്റെ പാത പിന്തുടർന്ന് ആതുരസേവന പ്രസ്ഥാനങ്ങൾ ആരംഭിക്കാനും നേതൃത്വം വഹിച്ചു. പെരിങ്ങണ്ടൂരിൽ എയ്ഡ്സ് രോഗികൾക്കായുള്ള മാർ കുണ്ടുകുളം മെമ്മോറിയൽ റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ കോംപ്ലക്സ് (ഗ്രെയ്സ് ഹോം) ഇതിനൊരു ഉദാഹരണമാണ്.
ആത്മീയതയുടെ നിറനിലാവ്
“ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു” (ഗലാ 4:19) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണു മാർ ജേക്കബ് തൂങ്കുഴി തന്റെ അജപാലനശുശ്രൂഷയുടെ മുദ്രാവാക്യമായി സ്വീകരിച്ചത്. വാക്കുകളിലെ ഹൃദ്യതയിലൂടെയും സ്നേഹഭാവത്തിലൂടെയും യേശുസാന്നിധ്യം ഓർമിപ്പിക്കുന്നതായിരുന്നു എപ്പോഴും പിതാവിന്റെ ശരീരഭാഷ. ഏവരെയും കേൾക്കുന്ന തുറന്ന മനസും ആത്മീയതേജസാർന്ന വ്യക്തിത്വവും സകലരുടെയും ആദരവിന് എന്നും പിതാവിനെ അർഹനാക്കി.
ആത്മീയതയുടെ നിറനിലാവായിരുന്നു തൂങ്കുഴിപ്പിതാവ്. പ്രാർഥനയ്ക്കായി ദീർഘസമയം മാറ്റിവച്ചിരുന്നു. നല്ലൊരു ധ്യാനഗുരുവുമായിരുന്നു. കൊച്ചുകൊച്ചു കഥകളും നർമങ്ങളുമായി മുന്നേറുന്ന പ്രസംഗശൈലി വിശ്വാസികളെ ആകർഷിച്ചു. പ്രസംഗകലയിൽ മാർ ആന്റണി പടിയറ പിതാവിനെയാണ് താൻ അനുകരിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവതി കഴിഞ്ഞിട്ടുപോലും അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദം വചനപ്രഘോഷണവേദികളിലും വിശ്വാസികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
തൃശൂരിലെ പ്രശസ്തമായ പാലയൂർ തീർഥാടനം തൂങ്കുഴിപ്പിതാവിന്റെ നേതൃത്വത്തിൽ തുടങ്ങിയതാണ്. അന്പതുനോന്പുകാലത്തു പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാതീർഥാടനമായി വളർന്നുകഴിഞ്ഞ തീർഥാടനത്തിൽ വാർധക്യത്തിലും കാൽനടയായിത്തന്നെ മാർ തൂങ്കുഴി പങ്കെടുക്കുമായിരുന്നു.
പൗരോഹിത്യസുവർണജൂബിലി ആഘോഷവേദിയിൽ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി പറഞ്ഞതുപോലെ, ‘ആരവങ്ങളില്ലാത്ത നിശബ്ദവിപ്ലവ’മായിരുന്നു തൂങ്കുഴിപ്പിതാവിന്റെ ശൈലി. ദൈവഹിതം നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് താനെന്നു വിശ്വസിച്ചും പ്രഖ്യാപിച്ചുമായിരുന്നു പ്രവർത്തനം. എന്നും, ആരോടും പിതൃഹൃദയത്തോടെ മാത്രം ഇടപെട്ട മേൽപ്പട്ടക്കാരൻ വിശ്വാസികൾക്കു സ്നേഹപിതാവായി, വത്സലതാതനായി.
മാർ തൂങ്കുഴിയുടെ ഭരണമികവിനുള്ള അംഗീകാരമായിരുന്നു രണ്ടുതവണയായി ആറുവർഷം വഹിച്ച സിബിസിഐ വൈസ് പ്രസിഡന്റ് സ്ഥാനം. പിതാവിന്റെ ആതിഥേയത്വത്തിൽ തൃശൂരിൽ ആനയും അന്പാരിയുമായി നടന്ന സിബിസിഐ ജനറൽ അസംബ്ലി ഏറെ ശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയിരുന്നു.
ക്രിസ്തുദാസികളുടെ പിതാവ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനീ സമൂഹം (എസ്കെഡി) മാർ ജേക്കബ് തൂങ്കുഴി മാനന്തവാടിയിൽ ആരംഭം കുറിച്ച സന്യാസിനീ സമൂഹമാണ്. ഇന്ന് സീറോമലബാർ സഭയിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുള്ള സന്യാസിനീ സമൂഹമാണിത്. പീച്ചിയിൽ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദി വർക്കർ എന്ന ഭക്തസമൂഹത്തിന്റെ സ്ഥാപകൻകൂടിയാണ് മാർ തൂങ്കുഴി.
നേട്ടങ്ങളുടെ പേരിൽ അഭിനന്ദിച്ചപ്പോഴെല്ലാം മാർ തൂങ്കുഴിയുടെ മറുപടി ഇതായിരുന്നു: “എന്റേതായ ഒരു പദ്ധതിയുമില്ല. എല്ലാം ദൈവപദ്ധതി. നേട്ടങ്ങൾ എന്റെ മാത്രം കഴിവല്ല. ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിവു വേണമെന്നില്ല. കഴിവുള്ളവർ ഒപ്പമുണ്ടായാൽ മതി. ആ കഴിവുകൾ വേണ്ടവിധം ഉപയോഗിക്കാനായാൽ വിജയം തനിയേ വന്നുകൊള്ളും...”
വിനയത്തിന് എന്നും മാതൃകയായ പിതാവിന് ഇങ്ങനെയല്ലേ പറയാനാകൂ.
“എല്ലാം ദൈവം തന്നതാണ്. തിരിച്ചെടുക്കുന്നതുവരെ ദൈവത്തെ സ്തുതിക്കാനുള്ളതാണ് ജീവിതം”, 92-ാം വയസിൽ മെത്രാഭിഷേക സുവർണജൂബിലിവേളയിലും മാർ തൂങ്കുഴി പറഞ്ഞതിങ്ങനെ. അന്ത്യനിമിഷങ്ങൾ വരെയും ആ ജീവിതം അങ്ങനെതന്നെയായിരുന്നു.