എരിതീയിൽ ക്രൈസ്തവർ
ഡോ. ജോസഫ് ഏബ്രഹാം
Wednesday, September 17, 2025 11:13 PM IST
ബിജെപി 2014ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും ഓരോ വർഷവും ഗണ്യമായി വർധിച്ചുവെന്ന് സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ 147 സംഭവങ്ങളിൽനിന്ന് 2023ൽ 731 സംഭവങ്ങൾ എന്ന തരത്തിലേക്ക് ഉയർന്നു. എന്നാൽ, ഇത്തരം ആക്രമണങ്ങൾ കുറഞ്ഞെന്നാണ് സർക്കാരിന്റെ വാദം.
ശാരീരിക ആക്രമണങ്ങൾ, ആൾക്കൂട്ട ആക്രമണം, പള്ളികൾ നശിപ്പിക്കൽ, തീവയ്പ്, കൊലപാതകങ്ങൾ തുടങ്ങി മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം നിരപരാധികളെ അറസ്റ്റ് ചെയ്യുകവരെ ചെയ്യുന്നു. ക്രൈസ്തവരുടെ സ്വത്ത് നശിപ്പിക്കുക, ശവസംസ്കാരം തടയുക, ആരാധനാ അവകാശങ്ങൾ നിഷേധിക്കുക തുടങ്ങിയവയും ഈ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു. ഇവയൊന്നും ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളല്ല, സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന സംഘടിത പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ ഭാഗമായവയാണ്. ഇതെല്ലാം ക്രൈസ്തവരെ അരികുവത്കരിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകളും സഭാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
ആചാരങ്ങൾക്കു വിലക്ക്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ അടിച്ചമർത്താൻ പ്രാദേശിക ഭരണസംവിധാനങ്ങളെ വരെ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, 2014 മധ്യത്തിൽ, ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ അമ്പതിലധികം ഗ്രാമ കൗൺസിലുകൾ എല്ലാ ഹിന്ദു ഇതര മതപ്രവർത്തനങ്ങളെയും നിരോധിക്കുന്ന പ്രമേയങ്ങൾ പാസാക്കി, ക്രിസ്ത്യൻ ആരാധനയും സുവിശേഷീകരണവും ഫലപ്രദമായി നിരോധിച്ചു. ‘നിർബന്ധിത മതപരിവർത്തനങ്ങൾ’ക്കെതിരായ നടപടിയായി നിരോധനത്തെ ന്യായീകരിക്കാൻ പഞ്ചായത്ത് നിയമത്തിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് വിശ്വഹിന്ദു പരിഷത്ത് ഗ്രാമസഭകളെ ഉപയോഗിച്ചത്. എല്ലാ ഹിന്ദു ഇതര മതങ്ങളുടെയും പ്രാർഥനകൾ, മീറ്റിംഗുകൾ, പ്രചാരണം എന്നിവ വിലക്കി. ഗ്രാമങ്ങൾക്കു പുറത്തുനിന്നുള്ള പാസ്റ്റർമാരെയും വിലക്കി. അത്തരം പ്രമേയങ്ങൾ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നുണ്ടെങ്കിലും ഈ നിയമവിരുദ്ധ നിരോധനങ്ങൾ തടയുകയോ ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയോ ചെയ്യാതെ സംസ്ഥാന അധികാരികൾ തുടക്കത്തിൽ നിശബ്ദരായി നിന്നു.
നശീകരണ പ്രവർത്തനങ്ങളും അക്രമങ്ങളും വർധിച്ചു
പള്ളികളിൽ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളും പുരോഹിതന്മാർക്കും വിശ്വാസികൾക്കും നേരേയുള്ള ശാരീരിക ആക്രമണങ്ങളും ശ്രദ്ധേയമായി വർധിച്ചു. 2014 അവസാനത്തിലും 2015ന്റെ തുടക്കത്തിലും ഡൽഹിയിൽ നടന്ന നിരവധി പള്ളി ആക്രമണങ്ങൾ വാർത്തകളിൽ ഇടം നേടി. തലസ്ഥാനത്ത് കുറഞ്ഞത് അഞ്ച് പള്ളികളെങ്കിലും നശിപ്പിക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ ചെയ്തു. തീവയ്പും കല്ലേറുമുണ്ടായി. ഒരു സംഭവത്തിൽ, ക്രിസ്മസ് പുൽക്കൂടിനു തീയിട്ടു; മറ്റൊന്നിൽ, കുർബാനയ്ക്കിടെ ഒരു ജനൽ തകർത്തു. ചില കേസുകളിൽ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. ഡൽഹിക്കു പുറത്ത്, പാസ്റ്റർമാർക്കും ക്രൈസ്തവസഭകൾക്കും നേരേ മാരകമായ ആക്രമണങ്ങൾ നടന്നു: കാത്തലിക് സെക്കുലർ ഫോറത്തിന്റെ റിപ്പോർട്ടിൽ 2015ൽ മാത്രം 85 പ്രധാന ക്രൈസ്തവവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇതിൽ കുറഞ്ഞത് ഏഴു പാസ്റ്റർമാരുടെ കൊലപാതകവും 20 സംസ്ഥാനങ്ങളിലായി 8,000ത്തിലധികം ക്രൈസ്തവരെ ശാരീരികമായി ലക്ഷ്യം വച്ചതും ഉൾപ്പെടുന്നു. ഗ്രാമങ്ങളിലെ ആൾക്കൂട്ട മർദനവും സാമൂഹിക ബഹിഷ്കരണവും മുതൽ പ്രാർഥനാ ചടങ്ങുകൾ അക്രമാസക്തമായി തടസപ്പെടുത്തൽ വരെ നടന്നു. 2015ൽ ഇത്തരം സംഭവങ്ങളിൽ ഏറ്റവും മോശം അവസ്ഥ മധ്യപ്രദേശിലായിരുന്നു. തൊട്ടുപിന്നാലെ തെലുങ്കാനയും ഉത്തർപ്രദേശും. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങളുടെ വർധന കാരണം മഹാരാഷ്ട്രയെ പുതിയ ‘ഹിന്ദുത്വ തലസ്ഥാനം’ എന്ന് വിളിച്ചുവരുന്നു. മഹാരാഷ്ട്രയിൽ, ഹിന്ദു ദേശീയവാദി നേതാക്കൾ വലിയ ‘പുനർപരിവർത്തന’ നീക്കങ്ങളെക്കുറിച്ചുപോലും വീമ്പിളക്കി. 2015ൽ മാത്രം 2,000 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് ‘തിരിച്ചു കൊണ്ടുവന്നു’ എന്നും റിപ്പോർട്ടുണ്ട്.
ചോദിക്കാനാരുമില്ലാതെ
തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന നിയമലംഘനങ്ങളും വിദ്വേഷ പ്രസംഗങ്ങളും സർക്കാരുകൾ കണ്ടതായി നടിക്കുന്നില്ല എന്ന പരാതി ക്രൈസ്തവർക്കുണ്ട്. ഇതുമൂലം ക്രൈസ്തവർക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ കൂടുതലായി ഉണ്ടാകുന്നു. 2016ൽ മധ്യപ്രദേശിലെ ഒരു ഹിന്ദു ദേശീയവാദി നേതാവ്, ക്രൈസ്തവർ ഇന്ത്യ വിടുകയോ അല്ലെങ്കിൽ രാജ്യത്തിനെതിരായ ഗൂഢാലോചനകൾ ആരോപിച്ച് അവരെ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചു. പരാതികൾക്ക് ശേഷം പോലീസ് ശ്രദ്ധിച്ചെങ്കിലും, അത്തരം തുറന്ന ഭീഷണികൾ തടയാൻ ശക്തമായ നടപടി സ്വീകരിച്ചില്ല.
2016 അവസാനത്തോടെ, ക്രൈസ്തവവിരുദ്ധ സംഭവങ്ങളിൽ വ്യക്തമായ വർധനയുണ്ടായി. ബിജെപിയുടെ വളർച്ചയെത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ രാജ്യവ്യാപകമായി തങ്ങളുടെ സാന്നിധ്യം ഗണ്യമായി ഉറപ്പിച്ചു. ആർഎസ്എസും അതിന്റെ 35ലധികം അനുബന്ധ ഗ്രൂപ്പുകളും (സംഘ് പരിവാർ) ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പോലും അടിസ്ഥാന ശൃംഖലകൾ വികസിപ്പിക്കുകയായിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നും ക്രൈസ്തവർക്കും മുസ്ലിംകൾക്കും അടിസ്ഥാനപരമായി വിദേശ വിശ്വാസങ്ങളാണെന്നുമുള്ള അവരുടെ പ്രത്യയശാസ്ത്രം, പ്രാദേശികതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
അക്രമം വഷളാകുന്നു
2016 മുതൽ 2021 വരെ ക്രൈസ്തവർക്കെതിരായ പീഡനം രൂക്ഷമാവുകയും വ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളും പീഡനങ്ങളും അറസ്റ്റുകളും വ്യാപകമാക്കാൻ പുതിയ മതപരിവർത്തന നിരോധന നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടു. ക്രൈസ്തവർക്കെതിരായ ആക്രമണസംഭവങ്ങൾ 2017ൽ 240ൽനിന്ന് 2018ൽ 292ഉം 2019ൽ 328ഉം ആയി ഉയർന്നു. 2016-17ൽ ആക്രമണങ്ങളിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ജോൺ ദയാൽ പറയുന്നു. ലോകത്തിന്റെ ശ്രദ്ധ മുസ്ലിം വിരുദ്ധ സംഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ ‘മതിലുകൾ അടയുകയായിരുന്നു’ എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. 2017 ആയപ്പോഴേക്കും, ഓരോ മാസവും ശരാശരി 20-30 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. പാസ്റ്റർമാർക്കും പുരോഹിതന്മാർക്കും നേരേയുള്ള ആൾക്കൂട്ട ആക്രമണം, ക്രിസ്ത്യൻ ഗ്രാമീണരെ സാമൂഹികമായി ബഹിഷ്കരിക്കൽ, പള്ളികൾ നശിപ്പിക്കൽ, ആരാധനാക്രമങ്ങൾ തടസപ്പെടുത്തൽ, ഒറ്റപ്പെട്ട കൊലപാതകങ്ങൾ, ബലാത്സംഗ ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ അവധിദിവസങ്ങളിൽ പലപ്പോഴും അക്രമം വർധിച്ചു. 2017ലെ ക്രിസ്മസ് സീസണിൽ, മധ്യപ്രദേശിലെ സത്നയിൽ, കരോൾ ആലപിച്ച 32 സെമിനാരി വിദ്യാർഥികളും പുരോഹിതരുമടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം എന്ന് ഹിന്ദു തീവ്രവാദികൾ ആരോപിച്ചതിനെത്തുടർന്ന്, ജനക്കൂട്ടം സംഘത്തിന്റെ വാഹനം ആക്രമിച്ച് പോലീസ് സ്റ്റേഷനു പുറത്ത് കത്തിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ഹിന്ദു ജാഗ്രതാ പ്രവർത്തകർ വീട്ടിൽ നടന്ന പ്രാർഥനായോഗത്തിൽ അതിക്രമിച്ചു കയറി മതപരിവർത്തന ആരോപണത്തിന്റെ പേരിൽ ഏഴു ക്രൈസ്തവരെ അറസ്റ്റ് ചെയ്യിച്ചു. അലിഗഡിൽ, കരോൾ സംഘത്തെ ഒരു തീവ്രവാദി കത്തികൊണ്ട് ആക്രമിക്കുകയും പരസ്യമായി പാടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്രിസ്ത്യൻ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഹിന്ദു വിദ്യാർഥികളെ ഉൾപ്പെടുത്തരുതെന്നും മുന്നറിയിപ്പ് നൽകുന്ന കത്തുകൾ ഹിന്ദു ദേശീയ സംഘടനകൾ പ്രചരിപ്പിച്ചു. പതിവ് അവധിക്കാല പരിപാടികൾപോലും സംശയാസ്പദമായ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിച്ചു.
(തുടരും)