ആരോഗ്യമേഖലയിൽ മാനവികതയുടെയും സാങ്കേതികതയുടെയും സമന്വയം
റവ. ഡോ. ബിനു കുന്നത്ത്
Wednesday, September 17, 2025 11:09 PM IST
കേരളത്തിന്റെ ആരോഗ്യമേഖല അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്. സാങ്കേതികവിദ്യയുടെ കുതിപ്പും മനുഷ്യത്വത്തിന്റെ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ചേർന്ന് ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പുരോഗതി അളക്കുന്നത് അതിന്റെ ആരോഗ്യ സംസ്കാരത്തിന്റെ ശക്തിയിലൂടെയാണ്. ലാഭേച്ഛയ്ക്ക് അതീതമായി, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ മാത്രമാണ് ഈ മേഖലയെ സമ്പൂർണമാക്കുന്നത്. ഈ ദൗത്യത്തിൽ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും (CHAI-ചായ്) അതിന്റെ കേരള ഘടകവും മാതൃകാപരമായ സേവനം നടത്തുന്നു; മനുഷ്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ദൈവത്തിന്റെ കരസ്പർശത്തോടെ.
ആരോഗ്യം: അവകാശവും ലക്ഷ്യവും
ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ ക്ഷേമത്തിന്റെ സമന്വയമാണ്. ഓരോ പൗരനും നവജാത ശിശുവിനും വയോജനത്തിനും ഒരുപോലെ ഈ അവകാശം ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യസംരക്ഷണം ആശയം മാത്രമല്ല, സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയാണ്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ചായ് കേരള ഘടകം ഈ ലക്ഷ്യത്തിനായി അവിശ്രമം പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഒരു ലക്ഷ്യബോധമുള്ള രാഷ്ട്രത്തിന്റെ നിർമിതിക്ക് അനിവാര്യമാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വിസ്മയകരമായ വളർച്ചയും വർധിച്ചുവരുന്ന ആരോഗ്യനിലവാര സൂചികകളും ഈ ലക്ഷ്യത്തിന്റെ അടുത്തെത്തിക്കുന്നു.
63-ാം വാർഷികം
ഇന്ന് പാലക്കാട്ട് ചായ്യുടെ 63-ാം വാർഷിക ജനറൽ ബോഡി യോഗം നടക്കുകയാണ്. 1990ൽ ദേശീയ, പ്രാദേശിക, രൂപതാതല മേഖലകളായി പ്രവർത്തനങ്ങൾ വിഭജിച്ചതോടെ ചായ്യുടെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മവും കാര്യക്ഷമവുമായി. എച്ച്ആർ മാനേജർമാർ, ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, സിഎൻജെ അംഗങ്ങൾ എന്നിവരുടെ മികച്ച നേതൃത്വമാണ് ഈ വിജയത്തിനു പിന്നിൽ.
പൈതൃകവും പ്രവർത്തനവും
1943ൽ ഡോ. സിസ്റ്റർ മേരി ഗ്ലോബറിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ചായ്, ‘ദുരിതമനുഭവിക്കുന്നവർക്ക് സ്നേഹസ്പർശം’ എന്ന ലക്ഷ്യത്തോടെ 15 സിസ്റ്റർമാർ തുടങ്ങിയ ചെറിയ സംരംഭമായിരുന്നു. ഇന്ന്, 3,570 അംഗ സംഘടനകളും 2,333 ഹെൽത്ത് സെന്ററുകളും 628 സെക്കൻഡറി, ടെർഷ്യറി ആശുപത്രികളും അഞ്ച് മെഡിക്കൽ കോളജുകളും ഉൾപ്പെടുന്ന വൻ ശൃംഖലയായി മാറിയിരിക്കുന്നു. കേരളത്തിൽ, 14 ജില്ലകളെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ അഞ്ച് സോണുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
222 ആശുപത്രികൾ, ക്ലിനിക്കുകൾ, രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച്, ചായ്യുടെ കേരള ഘടകം ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്തവർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ എത്തിക്കുന്നു. 15,400 ബെഡ്ഡുകൾ, 2,040 എഎസിയു ബെഡ്ഡുകൾ, 510 വെന്റിലേറ്ററുകൾ, 2,590 ഡോക്ടർമാർ, 180 സിസ്റ്റർ ഡോക്ടർമാർ, 10,300 നഴ്സുമാർ, 1,300 സിസ്റ്റർ നഴ്സുമാർ, 10,500 പാരാമെഡിക്കൽ സ്റ്റാഫ്, 16,800 നോൺ-ക്ലിനിക്കൽ സ്റ്റാഫ്, 480 സിസ്റ്റർമാർ, 85 പുരോഹിതർ, 180 ആംബുലൻസുകൾ, 4,495 വർക്ക് ഫോഴ്സ് എന്നിവ ഉൾപ്പെടുന്ന ഈ ശൃംഖല, 6:1 ബെഡ്-ടു-ഡോക്ടർ, 1.5:1 ബെഡ്-ടു-നഴ്സ്, 1.4:1 വെന്റിലേറ്റർ-ടു-ഐസിയു ബെഡ് അനുപാതങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പ്രതിസന്ധികളിൽ സേവനം
കോവിഡ് മഹാമാരി, 2018ലെ മഹാപ്രളയം, വയനാട്ടിലെ ദുരന്തം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ചായ്യുടെ കേരള ഘടകം അസാധാരണമായ സേവനമാണ് കാഴ്ചവച്ചത്. മൂന്ന് മെഡിക്കൽ കോളജുകൾ, 400 ബെഡ്ഡുകളുള്ള 13 ആശുപത്രികൾ, 400ലധികം ബെഡ്ഡുകളുള്ള 52 ആശുപത്രികൾ, 100 ബെഡ്ഡുകളോളമുള്ള 90 ആശുപത്രികൾ, 38 ഡിസ്പെൻസറികൾ, 35 നഴ്സിംഗ് കോളജുകൾ, 42 നഴ്സിംഗ് സ്കൂളുകൾ, എട്ടു ഫാർമസി കോളജുകൾ, 11 പാരാമെഡിക്കൽ ടീച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലൂടെ ചായ് ദുരന്തബാധിതർക്ക് ആശ്വാസവും പിന്തുണയും നൽകി.
സാങ്കേതികവിദ്യയുടെ കരുത്ത്
സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ടെലിമെഡിസിൻ, ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡ്സ്, റോബോട്ടിക് സർജറി, എഐ-അധിഷ്ഠിത ഡയഗ്നോസ്റ്റിക്സ് തുടങ്ങിയവ കേരളത്തിന്റെ ആരോഗ്യ സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമാക്കി. ചായ്യുടെ സ്ഥാപനങ്ങൾ ഈ സാങ്കേതികവിദ്യകൾ സ്വീകരിച്ച്, ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നു.
സാമൂഹിക ഉത്തരവാദിത്വവും ലക്ഷ്യങ്ങളും
സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത് ഒരു കൂട്ടായ ഉത്തരവാദിത്വമാണ്. സാംക്രമികവും അസാംക്രമികവുമായ രോഗങ്ങൾ തടയുന്നതിനും ദുരന്തബാധിതർക്ക് ആശ്വാസം നൽകുന്നതിനും ന്യായമായ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ചായ് സദാ ജാഗരൂകമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ചായ്യുടെ പ്രവർത്തനങ്ങൾ ഒറ്റകുടക്കീഴിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
ചായ്യുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ പരിവർത്തനം വിഭാവനം ചെയ്യുന്നു. മാനവികതയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ യാത്ര, കേരളത്തെ ആരോഗ്യ സംസ്കാരത്തിന്റെ മാതൃകയാക്കി മാറ്റുന്നു. ചായ്യുടെ പാവനമായ ലക്ഷ്യവും വിശാലമായ പ്രവർത്തന ശൃംഖലയും കേരളത്തിന്റെ ആരോഗ്യഭാവിയെ കൂടുതൽ ശോഭനമാക്കുന്നു.
(കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റും
കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറുമാണ് ലേഖകൻ)