പാവകൾ
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Wednesday, September 17, 2025 12:20 AM IST
ചില ഓര്‍മകളുണ്ട്. അതിലൊന്നു പണ്ടു നാട്ടില്‍ ഒരു പാവകളിക്കാരന് വന്നതിനെക്കുറിച്ചും അവന്റെ പാവയെക്കുറിച്ചുള്ളതുമാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം പറയുന്ന ഒരു പാവ. ആരു കണ്ടാലും മോഹിക്കുന്ന പാവ. ഞങ്ങള്‍ കുട്ടികള്‍ അതിനൊപ്പം കൂടി. ഞാനും ആ പാവയോട് എന്തോ ചോദിച്ചിരുന്നു എന്നാണോര്‍മ. അതിനുത്തരം പെട്ടെന്നു കിട്ടി.
ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇത്തിരി പരിഹാസത്തോടെയായിരിക്കും. പരിഹാസം മൂര്‍ച്ചയുള്ളതായിരിക്കും. “നിന്നെ കണ്ടിട്ട് ഒരു കുരങ്ങനെപ്പോലെ ഇരിക്കുന്നല്ലോ” എന്നൊക്കെ പാവ പറയും. ആ പ്രായത്തില്‍ കുട്ടികള്‍ അതൊന്നും ശ്രദ്ധിക്കുമായിരുന്നില്ല. പക്ഷേ, അതൊന്നും പാവ പറയുന്നതല്ലെന്നും പാവയെ കളിപ്പിക്കുന്ന ആള് സ്വന്തം ചുണ്ടനങ്ങാതെ സംസാരിക്കുന്നതാണെന്നും അയാള്‍ പാവയുടെ വായ് വെറുതെ അനക്കുന്നതാണെന്നും മനസിലായത് ഏറെക്കാലം കഴിഞ്ഞാണ്. അപ്പോഴേക്കും ചവിട്ടി നിന്ന മണ്ണ് ഏറെ ഒലിച്ചുപോയിരുന്നു. എങ്കിലും ആ പാവയുടെ സരസ്വതീവിളയാട്ടം ഒരദ്ഭുതംതന്നെയായിരുന്നു.
പഠനകാലത്തു വായിച്ച പുസ്തകങ്ങളിലൊന്ന് ഇബ്സന്റെ ‘പാവവീട്’ എന്ന നാടകമായിരുന്നു. അതു വായിക്കാനെടുത്തപ്പോള്‍ ഒഴുക്ക് തീരെക്കുറഞ്ഞ ഓര്‍മയില്‍ തെളിഞ്ഞുകണ്ട വെള്ളാരംകല്ല് ആ പാവയായിരുന്നു. അതുപോലൊരു പാവയായിരുന്നു നാടകത്തിലെ നോറ ഹെല്‍മര്‍. പക്ഷേ, അവള് ജീവനുള്ള ഒരു പാവയായിരുന്നു. ഭര്‍ത്താവ് ടോർവാള്‍ഡ് ഹെല്മറെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോകുന്ന, മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു പാവ. അവള് പാര്‍ക്കുന്ന വീട് ഒരു പാവവീടായിരുന്നു. അവളുടെ അച്ഛന് അവളെ കൈവെള്ളയില്‍ വച്ച് വളര്‍ത്തി വലുതാക്കി, സ്നേഹസമ്പന്നനായ ടോർവാള്‍ഡ് ഹെല്മറിന് വിവാഹം ചെയ്തുകൊടുക്കുന്നു.
കാലില്‍ മണ്ണ് പുരളാത്ത, ലോകമെന്തെന്നറിയാത്ത, നിഷ്കളങ്കയായ അവള് ഒരു പാവയെപ്പോലെ വീട്ടില്‍ കഴിയുന്നു. അച്ഛന്റെയും പിന്നീട് ഭര്‍ത്താവിന്റെയും ഇച്ഛാനുസാരിയായി പ്രവര്‍ത്തിക്കുന്ന അവളൊടുവില്‍ സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുന്നു. താന്‍ ഇതുവരെ അണിഞ്ഞുനടന്നിരുന്ന പാവവേഷം അവള് എന്നെന്നേക്കുമായി ഊരിക്കളയുകയും പുരുഷന്മാര് തീര്‍ത്ത പാവവീട് ഭേദിച്ച് പുറത്തേക്കിറങ്ങുകയും ചെയ്യുന്നു. ഭര്‍ത്താവിനോടു വഴക്കിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ അവള് വാതില്‍ വലിച്ചടയ്ക്കുന്നു. ആ ശബ്ദം യൂറോപ്പിനെ ഇപ്പോഴും നടുക്കിക്കൊണ്ടിരിക്കുന്നു എന്നാണു നിരൂപകർ പറയുന്നത്. നോറയെപ്പോലുള്ള ‘പാവ’കളെയും പിന്നീട് വാതില്‍ വലിച്ചടച്ചിറങ്ങിപ്പോകുന്ന ‘നോറ’മാരെയും ഞാന്‍ ചില കുടുംബങ്ങളിൽ കണ്ടിട്ടുണ്ട്.
ഇതെഴുതിവന്നപ്പോള് വി.കെ. കൃഷ്ണമേനോന്റെ ഒരു വിനോദം പെട്ടെന്ന് ഓര്മ വരുന്നു. വായിച്ചതാണ്. പൂക്കളോട് സംസാരിക്കാനും പാവകളോടു കളിക്കാനും കുറ്റാന്വേഷണ നോവലുകള്‍ വായിക്കാനും ഏറെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു കൃഷ്ണമേനോന്. ഇതില്‍ പാവകളോടൊത്തുള്ള കളി പ്രസിദ്ധമാണ്. ഏതു രാജ്യത്തു പോയാലും അവിടുള്ള കൗതുകപ്പാവകളെയെല്ലാം അദ്ദേഹം വാങ്ങിക്കൊണ്ടുവരുമായിരുന്നു. ആ പാവകളെയെല്ലാം നിരത്തിവച്ച് അവരോട് മിണ്ടിപ്പറയുമായിരുന്നു. ഓരോ പാവയെയും അദ്ദേഹം പേരിട്ടു വിളിച്ചിരുന്നു. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങളും പാവകള്ക്കുമുണ്ടാകുമെന്ന് അദ്ദേഹം കരുതി. ജീവിതത്തിന്റെ അവസാനകാലത്ത് കൃഷ്ണമേനോന് അനുഭവിച്ച ഏകാന്തത വല്ലാതെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. അതില്നിന്നൊരല്പം ശാന്തി അദ്ദേഹം നേടിയതു പാവകളുടെ ലോകത്തുനിന്നായിരുന്നു. ചെറിയ യന്ത്രങ്ങളുടെ സഹായത്താല്‍ അദ്ഭുതപാവകളെ സൃഷ്ടിച്ച് വിപണിയിലെത്തിക്കാനുള്ള ഒരു ശ്രമംകൂടി അദ്ദേഹം തന്റെ അവസാനകാലത്തു നടത്തി എന്നറിയുമ്പോള്‍ നമുക്ക് അദ്ഭുതം തോന്നാം.
കൃഷ്ണമേനോനെപ്പോലെ, പാവകള്‍ വാങ്ങി സൂക്ഷിച്ച് അവയോടെല്ലാം ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ഒരാളെ എനിക്ക് അടുത്തറിയാമായിരുന്നു. യുക്തിവാദിയായ അയാള്‍ തന്റെ മരണപത്രത്തില്‍ എഴുതി; “ശവപ്പെട്ടി അടയ്ക്കുമ്പോള്‍ അതില്‍ എന്റെ പാവകളെല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തണം” എന്ന്. എന്നാല്‍, അയാള്‍ മരിച്ചപ്പോള്‍ ബന്ധുക്കളാരുംതന്നെ അയാളുടെ മരണപത്രത്തിലെ വരികൾ ഓർത്തില്ല. പാവകളില്ലാതെയാണ് അയാള്‍ പരലോകത്തേക്ക് പോയത്. വളരെക്കാലം കഴിഞ്ഞ് അയാളുടെ വീട്ടില്‍ ഒരു വിവാഹച്ചടങ്ങിന് ചെന്നപ്പോള്‍ ഷോകേസിലെ ചില്ലുഗ്ലാസിനുള്ളില് ഒരുകൂട്ടം പാവകള്‍ ശ്വാസംമുട്ടിയിരിക്കുന്നത് ഞാന്‍ കണ്ടു. അതില്‍ തത്തയെ പിടിച്ചുനില്‍ക്കുന്ന ഒരു പെണ്‍പാവ എന്നെ നോക്കി തേങ്ങിക്കരയുന്നതുപോലെ തോന്നി.
ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴും എന്റെ ഉള്ളില്‍നിന്ന് ആ തേങ്ങല്‍ അടങ്ങിയിരുന്നില്ല. പാവകളില്ലാത്ത ലോകമായിരിക്കുമോ പരലോകം എന്നൊരിക്കല്‍ കുഞ്ഞിക്കയോട് ഞാന്‍ ചോദിച്ചിരുന്നു. ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തു ‘പരലോക’ത്തെക്കുറിച്ച് നോവല്‍ എഴുതിയ ആളായിരുന്നല്ലോ കുഞ്ഞിക്ക. “എടാ, പരലോകം ഒരാളുടെ മാത്രം ഭാവനയല്ല; ഒരുപാടുപേരുടെ ഭാവനയിലാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ഭാവനയിലെ ലോകത്തു പാവകളില്ല. അവിടെ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും മഴവില്ലുപോലെ ചിരിക്കുന്ന മറിമാന്കണ്ണികളും മാത്രമേയുള്ളൂ.” -ഈ മറുപടികേട്ടു മനസുകൊണ്ട് ഞാന്‍ കുഞ്ഞിക്കയെ കെട്ടിപ്പിടിച്ചു.
സേതുവിന്റെ ‘കൈമുദ്രകള്‍’ എന്ന നോവല്‍ വായിച്ചതോര്‍ക്കുന്നു. അതിലെ പ്രധാന കഥാപാത്രമായ അജയന് പാവക്കുട്ടികളെ ഉണ്ടാക്കി അവയ്ക്ക് ജീവന് കൊടുത്തിട്ട് തുറന്ന ലോകത്തേക്ക് വിടുന്നു. സല്മാന് റുഷ്ദിയുടെ ‘ഫ്യൂറി’ എന്ന നോവലില്‍ ലോകപ്രശസ്ത പാവനിര്മാതാവായ മാലിക് സോളങ്ക, തന്നില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി ‘ലിറ്റില്‍ ബ്രെയിൻ’ എന്നൊരു പാവയെ സൃഷ്ടിച്ച് തുറന്നുവിടുന്നു. ഇനിയുമുണ്ടേറെ പാവക്കഥകള്‍ പറയാന്‍. ഇതെഴുതിക്കഴിഞ്ഞ് ഒന്നു മയങ്ങി ഉണര്ന്നപ്പോളോര്ത്തു, എഴുത്തുകാര്‍ തുറന്നുവിട്ട പാവകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടാകുമോ? അതോ അവരുടെ കണ്ണിലെ പാവകളാണോ മനുഷ്യര്‍?