ആധുനിക യൂറോപ്പ് ഉണ്ടായതെങ്ങനെ ?
ഡോ. ജോർജ്കുട്ടി ഫിലിപ്
Monday, September 15, 2025 2:25 AM IST
1985 മുതൽ മേയ് ഒന്പത് യൂറോപ്പിൽ ‘യൂറോപ്പ് ദിന’മായി ആചരിച്ചുവരുന്നുണ്ട്. 1950 മേയ് ഒന്പതിനാണ് ആധുനിക യൂറോപ്പിനു തറക്കല്ലിട്ടത്. അന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രിയായിരുന്ന റോബർട്ട് ഷൂമാൻ നടത്തിയ പ്രസംഗത്തിലാണ് യുദ്ധമുക്തവും പരസ്പര സഹകരണത്തിൽ അധിഷ്ഠിതവുമായ യൂറോപ്പ് കെട്ടിപ്പടുക്കാനുള്ള ആഹ്വാനം മുഴങ്ങിയത്.
ജർമൻ-ഫ്രഞ്ച് പൊതുനേതൃത്വത്തിൽ ഈ രാജ്യങ്ങളുടെ കൽക്കരി-ഉരുക്കുത്പാദനം യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്യൂണിറ്റി (ഇസിഎസ്സി) എന്നൊരു സംവിധാനത്തിന്റെ കീഴിലാക്കണമെന്ന് അദ്ദേഹം അന്ന് നിർദേശിച്ചു. ഈ സംവിധാനമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാപനത്തിലേക്കു നയിച്ചത്. ജർമൻ-ഫ്രഞ്ച് സഹകരണത്തിന്റെ ഈ സാധ്യതകളെപ്പറ്റി ഗ്രേറ്റ് ബ്രിട്ടൻ, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളെയും അറിയിച്ചു. മാത്രമല്ല, ഈ സംവിധാനത്തിൽ ഉൾച്ചേരാൻ ഈ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു സംവിധാനം ഒരു ഏകീകൃത യൂറോപ്പിലേക്കും യൂറോപ്പിനെ ശാശ്വതമായ സമാധാനത്തിലേക്കും നയിക്കും എന്നായിരുന്നു ഷൂമാന്റെ ഉറച്ച ബോധ്യം.
ഷൂമാൻ മുൻകൂട്ടി കണ്ട ഈ സംവിധാനം ഖനികളുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുകയില്ല. എന്നാൽ, ഫ്രഞ്ച്-ജർമൻ കന്പനികൾക്ക് ചില ചുമതലകൾ കൂടുതലായി ലഭിക്കും. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ സാന്പത്തിക പുനഃക്രമീകരണം സാധ്യമാക്കുന്നതിനുവേണ്ടി ചില പുതിയ അടിസ്ഥാനങ്ങൾ സൃഷ്ടിക്കുകയാണ് ഈ നിർദേശങ്ങൾ ചെയ്തത്. ഇവയുടെ പിന്നിൽ സാന്പത്തിക ലക്ഷ്യങ്ങളെക്കാളുപരി രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.
സമാധാനം നിലനിൽക്കുന്ന ഒരു യൂറോപ്പിനെ സൃഷ്ടിക്കാൻ ഉപയോഗിച്ച രാഷ്ട്രീയ മാർഗങ്ങൾ എല്ലാംതന്നെ പരാജയപ്പെടുകയായിരുന്നു. കാരണം, അവ താത്കാലിക പരിഹാരങ്ങളേ ഉണ്ടാക്കിയുള്ളൂ. സാന്പത്തികവ്യവസ്ഥകൾകൂടി ഉൾക്കൊള്ളുന്ന ഒരു പദ്ധതി കൂടുതൽ ഉറപ്പുള്ള രാഷ്ട്രീയ യൂറോപ്പിനെ സൃഷ്ടിക്കുമെന്നാണ് ഷൂമാൻ പ്രതീക്ഷിച്ചത്.
റോബർട്ട് ഷൂമാൻ
ജർമൻ പൗരത്വത്തോടുകൂടി ലക്സംബർഗിലാണ് റോബർട്ട് ഷൂമാൻ 1886ൽ ജനിച്ചത്. വിദ്യാഭ്യാസം ജർമനിയിലായിരുന്നു. 1918ൽ ഫ്രഞ്ച് പൗരനായിത്തീർന്ന അദ്ദേഹം ഫ്രാൻസിന്റെ വിദേശകാര്യമന്ത്രിയും രണ്ടുതവണ പ്രധാനമന്ത്രിയുമായി. തന്റെ കത്തോലിക്കാ വിശ്വാസത്തെ ഗൗരവമായി കണ്ട ഷൂമാൻ സ്ട്രാസ്ബുർഗ് യൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം വൈദികനാകാനാണ് തീരുമാനിച്ചത്.
എന്നാൽ, അദ്ദേഹത്തിന്റെ നേതൃസിദ്ധികളും രാഷ്ട്രീയ കാഴ്ചപ്പാടുകളും മനസിലാക്കിയ വിശ്വസ്ത സുഹൃത്ത് ഹെൻറിക് എഷ്ബാക്ക് ഉപദേശിച്ചതു രാഷ്ട്രീയപ്രവർത്തകനാകാനാണ്: “ലോകത്തിലാണ് നിന്റെ സ്ഥാനം. അവിടെയും നിനക്ക് ദൈവത്തെയും മനുഷ്യനെയും സേവിക്കാം. ഈ സമൂഹത്തിൽ അല്മായരുടെ ശുശ്രൂഷ അപരിത്യാജ്യമാണ്.” ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ച രാഷ്ട്രീയപ്രവർത്തനം നടത്തിയ അദ്ദേഹം രാഷ്ട്രീയത്തിലെ സന്യാസിയായിരുന്നു. ബ്രഹ്മചാരിയായി ജീവിച്ച ഷൂമാൻ ദിവസേന വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു.
യാമപ്രാർഥനകൾ മുടക്കിയിരുന്നില്ല. ബൈബിൾ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. കൃത്യമായ ഇടവേളകളിൽ കുന്പസാരിക്കുകയും ചെയ്തിരുന്നു. ‘യൂറോപ്പിനുവേണ്ടി’ എന്നു പേരിട്ട തന്റെ ആത്മകഥയിൽ അദ്ദേഹം എഴുതി, “മനുഷ്യവംശത്തിനുള്ള ശുശ്രൂഷ രാജ്യത്തോടുള്ള വിശ്വസ്തതപോലെ പൗരധർമംതന്നെയാണ്.”
ഏറ്റവുമധികം യുദ്ധങ്ങൾ നടന്നിട്ടുള്ള യൂറോപ്പിൽ സമാധാനം ഉറപ്പുവരുത്താൻ രാഷ്ട്രീയ ഐക്യം അനുപേക്ഷണീയമാണെന്നായിരുന്നു ഷൂമാന്റെ ബോധ്യം. വ്യക്തികളുടെയും സമൂഹങ്ങളുടെയും വ്യത്യസ്തതകളെ അതിശയിക്കുന്ന യാഥാർഥ്യമാണ് മൂല്യങ്ങൾ. ആ മൂല്യങ്ങളാണു കാത്തുസംരക്ഷിക്കേണ്ടത്. യൂറോപ്പിന്റെ കെട്ടുറപ്പിനു കാരണം ക്രിസ്തുമതമാണ്. മനുഷ്യസമത്വത്തെക്കുറിച്ചുള്ള പ്രഥമബോധ്യങ്ങൾ നൽകിയതു ക്രിസ്തുദർശനമാണ്. “ജനാധിപത്യത്തിന്റെ ഉത്ഭവവും വികാസവും ക്രിസ്തുമതത്തിലാണ്.
മനുഷ്യനെ അസ്തിത്വത്തിലേക്കു വിളിച്ചപ്പോൾത്തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യം, അപരനോടുള്ള ബഹുമാനം, സ്നേഹം എന്നിവയിലൂടെ മനുഷ്യന്റെ മഹത്വം സാക്ഷാത്കരിക്കുന്ന ജനാധിപത്യവും ഉരുവായി”, അദ്ദേഹം പറഞ്ഞു.1958ൽ യൂറോപ്യൻ പാർലമെന്റിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, “ക്രൈസ്തവ സംസ്കാരത്തിൽനിന്നുരുവായ ഒരു സാംസ്കാരിക ജീവിതശൈലി രൂപപ്പെടുത്താൻ യൂറോപ്പിന് ആയിരത്തിലേറെ വർഷം വേണ്ടിവന്നു.
യൂറോപ്പിന്റെ ക്രൈസ്തവാടിത്തറയെക്കുറിച്ച് ചിന്തിക്കാൻ നാം ശ്രദ്ധിക്കണം. അതിന്മേലാണ് യൂറോപ്പിന്റെ ജനാധിപത്യസംസ്കാരം പണിതുയർത്തിയിരിക്കുന്നത്. ജനതകൾ തമ്മിലുള്ള അനുരഞ്ജനം വഴിയായി സ്വാതന്ത്ര്യം, നീതി, സമഭാവന, സമാധാനം എന്നിവ പുലരുന്നതും ക്രിസ്തീയമൂല്യങ്ങളിൽ അടിയുറച്ചതുമായ ഒരു സംസ്കാരമാണത്.”
ധീരന്മാരുടെ സമാധാനം
യൂറോപ്യൻ ഐക്യത്തിന്റെ ചാലകശക്തിയാകണം ഫ്രാൻസ്-ജർമൻ സൗഹൃദം എന്നായിരുന്നു ഷൂമാന്റെ ആഗ്രഹം. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഫ്രാൻസ് വെർസായ് ഉടന്പടിയിൽ ചെയ്ത അബദ്ധം ജർമനിയോട് ആവർത്തിക്കുകയില്ലെന്ന് ഷൂമാൻ 1950ൽ പ്രഖ്യാപിച്ചത് 98 ശതമാനം ഫ്രഞ്ചുകാർക്കും അസ്വീകാര്യമായിരുന്നു. എന്നാൽ, രണ്ടാം ലോകയുദ്ധത്തിലെ അതിക്രമങ്ങളുടെ പേരിൽ നവജർമനിയെ ഒന്നടങ്കം ശിക്ഷിക്കുന്നതിനോട് ഷൂമാന് യോജിക്കാനായില്ല.
ക്രിസ്തുദർശനത്തിന്റെ ആധാരശിലകളായ വിശ്വസാഹോദര്യവും മനുഷ്യസമത്വവും അതിൽനിന്നു പ്രവഹിക്കുന്ന അഹിംസയും അക്രമരാഹിത്യവും പുതിയൊരു ലോകക്രമത്തിന്, യൂറോപ്പിലെങ്കിലും, തുടക്കം കുറിക്കുമെന്ന് അദ്ദേഹം ആശിച്ചു. ജർമൻ വിരുദ്ധനായി അറിയപ്പെട്ടിരുന്ന ചാൾസ് ഡിഗോൾ 1958ൽ ഫ്രഞ്ച് പ്രധാനമന്ത്രിയായപ്പോൾ എല്ലാം തകിടംമറിഞ്ഞതായി ഷൂമാന് തോന്നി. എന്നാൽ, ജർമൻ ചാൻസലർ ആഡനാവറിന്റെ ജനാധിപത്യബോധത്തെക്കുറിച്ചു ബോധ്യമുണ്ടായപ്പോൾ ഡിഗോൾ സഹകരണത്തിനു തയാറായി.
‘ധീരന്മാരുടെ സമാധാനം’ എന്നാണ് ഒരിക്കൽ ബദ്ധവൈരികളായിരുന്ന ഫ്രാൻസിന്റെയും ജർമനിയുടെയും സഹകരണത്തിന് ഷൂമാൻ പേരിട്ടത്. 1962ൽ അൾജീരിയൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തതും ധീരന്മാർക്കേ സമാധാനദൂതരാകാൻ കഴിയൂ എന്ന ബോധ്യത്തിലാണ്. 1962 ജൂലൈ എട്ടിന് റൈംസ് കത്തീഡ്രൽ പള്ളിയിൽ വച്ച് ഫ്രാൻസും ജർമനിയും തമ്മിൽ നടന്ന ‘പ്രതീകാത്മക വിവാഹം’ ശത്രുതയുടെ അധ്യായത്തിനു സമാപനംകുറിച്ചു.
ഫ്രഞ്ച് രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന ഈ പള്ളി തകർക്കാൻ 1914ൽ ജർമൻ പട ബോംബിംഗ് നടത്തിയിരുന്നു. അതേ പള്ളിയിൽ ഡിഗോളിന്റെയും ആഡനാവറിന്റെയും സാന്നിധ്യത്തിൽ നടന്ന തിരുക്കർമങ്ങൾ ‘വല്ലാതെ പാശ്ചാത്യമയവും വല്ലാതെ കത്തോലിക്കാമയവും വല്ലാതെ കരോലിൻജിയൻ സാമ്രാജ്യത്വപരവു’മായിരുന്നെന്ന് വിമർശിക്കപ്പെട്ടെങ്കിലും അന്ന് ആരംഭിച്ച യൂറോപ്യൻ ഐക്യത്തിന് ഒട്ടും ഗതിവേഗം കുറഞ്ഞിട്ടില്ല.
ആധുനിക യൂറോപ്പിന്റെ സൃഷ്ടിക്കു കാർമികത്വം വഹിച്ചവരിൽ ഒന്നാമൻ സംശുദ്ധമായ പൊതുജീവിതത്തിന്റെ ഉടമയായിരുന്ന റോബർട്ട് ഷൂമാനാണ്. ‘യൂറോപ്പിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള നടപടികൾ കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. ഷൂമാൻ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികത്തിൽ അദ്ദേഹം ഉപദർശിച്ച യൂറോപ്യൻ ഫെഡറേഷൻ സാധ്യമായില്ലെങ്കിലും, രാജ്യാതിർത്തികൾ ഇല്ലാതായില്ലെങ്കിലും, സമാധാനത്തിലേക്കു വളരെയേറെ മുന്നേറാൻ യൂറോപ്പിനു കഴിഞ്ഞതായി എല്ലാവരും വിലയിരുത്തുന്നു. സമാധാനം, അനുരഞ്ജനം, സംവാദം, നീതി, ക്ഷമ മുതലായ മൂല്യങ്ങളിൽ അടിയുറച്ചതും ഏറ്റവും പാവപ്പെട്ട പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ക്ഷേമരാഷ്ട്രങ്ങളായി ചൂണ്ടിക്കാണിക്കാനുള്ളത് ആ രാജ്യങ്ങൾതന്നെ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തീർത്തും ഇല്ലാതായിട്ടില്ല.
എന്നാൽ പൗരന്മാർതന്നെ ഇപ്പോഴും ഒന്നാമത്. അഭയാർഥികളെ സ്വീകരിക്കാൻപോന്ന മാനവികമൂല്യങ്ങൾ യൂറോപ്യൻ ജനത ഇപ്പോഴും വിലപ്പെട്ടതായി കരുതുന്നു, പല സംഘടിതവിഭാഗങ്ങളും യൂറോപ്പിന്റെ വിശാല വീക്ഷണത്തെയും മൂല്യങ്ങളെയും ചൂഷണം ചെയ്യുന്നുണ്ടെങ്കിലും. യൂറോപ്പിന്റെ പുരോഗതിക്കു പിൻബലവും ആശയാടിത്തറയും പ്രദാനം ചെയ്ത ക്രൈസ്തവ സംസ്കാരത്തെ തള്ളിപ്പറയുന്നത് ആത്മഹത്യാപരമായിരിക്കും എന്ന തിരിച്ചറിവ് സമകാലിക യൂറോപ്പിന് ഉണ്ടെന്നുള്ളതും ശുഭോദർക്കമാണ്.
യുദ്ധങ്ങളില്ലാത്ത ഒരു ലോകം
യുദ്ധം അനിവാര്യമാണെന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് ഷൂമാൻ നിരീക്ഷിച്ചു. ജർമനി ശക്തമായാൽ വീണ്ടും അയൽരാജ്യങ്ങളെ ആക്രമിക്കുമോ എന്ന ഭയവും യഥാർഥമാണ്. അതുകൊണ്ട് ജർമനിയെ പാശ്ചാത്യസമൂഹത്തിൽ ചേർക്കാനും താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് യൂറോപ്പ് എന്ന ആശയവുമായി ഷൂമാന്റെ രംഗപ്രവേശം. യൂറോപ്യൻ ഫെഡറേഷൻ എന്ന ആശയം രാഷ്ട്രീയ ചിന്തകരായ റിച്ചാർഡ് കൂഡെൻഹോഫ് കാലെർജിയും അരിസ്റ്റിഡെ ബ്രിയാൻഡും ഒന്നാം ലോകയുദ്ധാനന്തരം അവതരിപ്പിച്ചിരുന്നതാണ്.
പരസ്പരം പോരടിക്കാത്ത ഒരു യൂറോപ്പിനായി ക്രൈസ്തവദർശനത്തിൽ വേരുറപ്പിച്ച ഒരു ചിന്താപദ്ധതിയുമായി ഫ്രഞ്ച് തത്വചിന്തകനായ ഷാക്ക് മാരിറ്റെയിനും പന്ത്രണ്ടാം പീയൂസ് മാർപാപ്പയും സ്വരമുയർത്തിയിരുന്നു.
ഷൂമാൻ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ ഉദാത്തമായിരുന്നു: കൽക്കരി-ഉരുക്ക് വ്യവസായങ്ങളുടെ ഏകോപനത്തിലൂടെ ഫ്രഞ്ച്-ജർമൻ ശത്രുത അവസാനിക്കണം; അങ്ങനെ യുദ്ധസാധ്യത ഇല്ലാതാക്കണം; സാന്പത്തിക സഹകരണത്തിന് ഉറച്ച അടിത്തറ കെട്ടിപ്പടുക്കണം; പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തണം; ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സുസ്ഥിരവികസനം സാധ്യമാകണം.
യൂറോപ്യൻ രാജ്യങ്ങളുടെ താത്പര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പൊതുവായ ഒരു സംവിധാനം സൃഷ്ടിച്ച് ഒരു രാജ്യാന്തര കൂട്ടായ്മ രൂപീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സമാധാനം സ്ഥാപിക്കാൻ ഇത് അപരിത്യാജ്യമാണ്. ആദ്യപടിയായി അദ്ദേഹം നാലു കാര്യങ്ങളാണ് നിർദേശിച്ചത്. ഉത്പാദനം ആധുനികീകരിച്ച് ഗുണമേന്മ ഉറപ്പാക്കുക; ഫ്രഞ്ച്-ജർമൻ ഉപഭോക്താക്കൾക്കും ഇതര രാജ്യക്കാർക്കും കൽക്കരിയും ഉരുക്കും ലഭ്യമാക്കുക; കയറ്റുമതി വർധിപ്പിക്കുക; തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുക.
ഷൂമാൻ സ്വപ്നം കണ്ടതുപോലെ, ഈ ചെറിയ തുടക്കത്തിൽനിന്നാണ് ഇന്നത്തെ യൂറോപ്യൻ യൂണിയൻ രൂപംകൊണ്ടത്. സ്ഥിരമായ ശത്രുത സംഹാരാത്മകമാണെന്നും സൗഹൃദത്തിൽ വേരൂന്നിയ സഹവർത്തിത്വം സമാധാനത്തിനുള്ള അച്ചാരമാണെന്നും രാജ്യങ്ങൾ മനസിലാക്കണം. പുരോഗതിയുടെ മാനദണ്ഡം സമാധാനമാണ്, യുദ്ധമല്ല. സമാധാനം സ്ഥാപിക്കുന്നതിനാണ് അധികാരം പ്രയോഗിക്കേണ്ടത്.
രാഷ്ട്രീയാധികാരത്തിന്റെ സാധുതയും അർഹതയും അളക്കേണ്ടത് നിയമവാഴ്ചകൊണ്ടാണെന്നു പിന്നീട് ബനഡിക്ട് 16-ാമൻ മാർപാപ്പ പറഞ്ഞതു മുൻകൂട്ടിക്കണ്ട ആളാണ് ഷൂമാൻ. യൂറോപ്പിന്റെ മുൻകാല പതനങ്ങളുടെ കാരണം അധികാരവിനിയോഗത്തിൽ വന്ന നിയമലംഘനങ്ങളാണെന്ന് ഷൂമാൻ പറഞ്ഞതു ശ്രദ്ധിക്കുക. ജനാധിപത്യ-മാനവിക-മതേതര മൂല്യങ്ങളിൽ വെള്ളം ചേർക്കുകയും മായം കലർത്തുകയും ചെയ്യുന്ന നേതാക്കളിൽനിന്നു സമാധാനം പ്രതീക്ഷിക്കാൻവയ്യ.