സർക്കാർ ചെലവിലെ പരിഹാരക്രിയകൾ
അനന്തപുരി / ദ്വിജൻ
Monday, September 15, 2025 2:22 AM IST
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.