അമീബിക് മസ്തിഷ്കജ്വരത്തെ അകറ്റാൻ ജലശുദ്ധീകരണം അനിവാര്യം
പ്രഫ.എം.ജി. സിറിയക്
Sunday, September 7, 2025 12:07 AM IST
അമീബിക് മസ്തിഷ്കജ്വരം ഇപ്പോൾ നാം നേരിടുന്ന, ജലമലിനീകരണം മൂലം ഉണ്ടാകുന്ന, ഗൗരവമേറിയ രോഗമാണ്. മസ്തിഷ്കജ്വരം എന്നാൽ തലച്ചോറിനെ ബാധിക്കുന്ന വീക്കം എന്നാണ് ഉദ്ദേശിക്കുന്നത്. അത് പല കാരണങ്ങൾകൊണ്ടും ഉണ്ടാകാം. ഇതിൽ പ്രധാനപ്പെട്ട ചിലതാണ് അമീബിക് മസ്തിഷ്കജ്വരം, ജപ്പാൻ മസ്തിഷ്കജ്വരം, ഹെർപ്പിസ് മസ്തിഷ്കജ്വരം എന്നിവ. ജലസ്രോതസുകളുടെ മലിനീകരണമാണ് ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാൻ കാരണമായത്. കേരളത്തിൽ ഇങ്ങനെയുള്ള ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല ഏതാനും മരണങ്ങളുമുണ്ടായി.
പ്രോട്ടോസോവ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മജീവിയാണ് അമീബ. ഇതിന് സ്ഥിരമായ ആകൃതിയില്ല. സ്വയം രൂപമാറ്റം വരുത്താൻ കഴിവുള്ള ഒരു സൂക്ഷ്മജീവിയാണിത്. സാധാരണയായി മലിനജലത്തിൽ കാണുന്ന ഇവ ചിലപ്പോൾ മനുഷ്യശരീരത്തിൽ പ്രവേശിച്ച് രോഗങ്ങളുണ്ടാക്കാറുണ്ട്. ജലതടാകങ്ങൾ, കുളങ്ങൾ, സാവധാനത്തിൽ ഒഴുകുന്ന അരുവികൾ തുടങ്ങിയ ജലസ്രോതസുകളിൽ ഇവ സാധാരണയായി കാണപ്പെടുന്നു. അമീബകളിൽ ചില ഇനങ്ങൾ മനുഷ്യശരീരത്തിൽ പ്രവേശിച്ച് അമീബിക് അതിസാരം പോലുള്ള രോഗങ്ങൾക്കും കാരണമാകാറുണ്ട്.
അമീബയുടെ സാന്നിധ്യമുള്ള മലിനമായ ജലത്തിൽ കുളിക്കുമ്പോൾ മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾവഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്കു കടന്ന് രോഗമുണ്ടാക്കുന്നത്.
കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിൽ, പ്രത്യേകിച്ച് മലിനമായ കുളങ്ങളിൽ കുളിക്കുന്നവർക്കാണ് ഈ രോഗമുണ്ടാകാൻ കൂടുതൽ സാധ്യത. എന്നാൽ കേരളത്തിൽ കിണർജലത്തിൽനിന്നുതന്നെ ഈ രോഗമുണ്ടായി എന്നത് ഒരു വസ്തുതയാണ്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.
ലോകമെമ്പാടും റിപ്പോർട്ട് ചെയ്തതിൽ ഈ അണുബാധമൂലം രോഗമുണ്ടായവരിൽ അപൂർവം പേർ ഒഴിച്ചാൽ, ഏകദേശം എല്ലാം മരണത്തിൽ കലാശിക്കുകയാണുണ്ടായത്. ഈ രോഗം ഗുരുതരമായ അവസ്ഥയിലേക്ക് എത്താൻ സാധ്യതയുള്ളതിനാലും രോഗം ബാധിച്ചാൽ ചികിത്സയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത വിരളമായതിനാലും നിവാരണ മാർഗങ്ങൾ തേടേണ്ടത് കൂടുതൽ അനിവാര്യമാണ്.
ഇത്തരം രോഗങ്ങൾ ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നത്. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളുടെ സംരക്ഷണം നമ്മുടെ നാട്ടിലെ ബലഹീനമായ ഒരു മേഖലയാണ്. ഇതിനാവശ്യമായ നിയമങ്ങളോ നടപ്പാക്കാനുള്ള സംവിധാനങ്ങളോ ഇല്ല എന്നു മാത്രമല്ല, മതിയായ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികളും കുറവാണ്. മഴക്കാലത്ത് ഇങ്ങനെയുള്ള അപകടം കൂടുതലായിരിക്കും. മലിനജലം ഒഴുകിവീണ കുളങ്ങളിൽ കുളിക്കുന്നത് എപ്പോഴും അപകടമുണ്ടാക്കുന്ന കാര്യമാണ്.
ജലസ്രോതസുകൾ കേരളത്തിൽ
ജലസ്രോതസുകളുടെ എണ്ണത്തിൽ കേരളം വളരെ മുമ്പിലാണ്. മഴയുടെ ആധിക്യംതന്നെയാണ് കാരണം. 44 പുഴകൾ, 81 ഡാമുകൾ, 34 തടാകങ്ങൾ, അരലക്ഷത്തിലധികം കുളങ്ങൾ, 70 ലക്ഷത്തിലധികം കിണറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ ജലസ്രോതസുകൾ. ഒരു വീടിന് ഒരു കിണർ എന്ന കണക്കിന് സമ്പന്നമാണ് നമ്മുടെ കിണർ സാന്ദ്രത.
മലിനീകരണത്തിന്റെ ആധിക്യമാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ള മലിനീകരണവും അനുബന്ധ പ്രശ്നങ്ങളും നാം നിത്യവും നേരിടുന്നു. ജലത്തിലൂടെ പകരുന്ന രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കം തുടങ്ങിയവ നമ്മുടെ നാട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്.
ജലസ്രോതസുകളുടെ സംരക്ഷണം
ജലസ്രോതസുകളുടെ സംരക്ഷണകാര്യത്തിൽ കൃത്യമായ നടപടി ക്രമങ്ങൾ ആവശ്യമാണ്. അതിനാവശ്യമായ നിയമങ്ങൾ ഉണ്ടാക്കി നടപ്പിലാക്കേണ്ടിവരും. ആരോഗ്യപരിപാലന രംഗത്ത് നാം ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും പലപ്പോഴും ജലസംബന്ധമായ രോഗങ്ങളെ നേരിടുന്നതിൽ നാം പിന്നോട്ടാണ്. ശുദ്ധജലവിതരണ രംഗത്ത് നാം വലിയ പുരോഗതി നേടിയെങ്കിലും ഇന്നും നല്ലൊരു ശതമാനം ജനങ്ങളും കിണറുകളെതന്നെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നമ്മുടെ കിണറുകൾ, കുളങ്ങൾ, പുഴകൾ തുടങ്ങിവയുടെ സംരക്ഷണകാര്യത്തിൽ ജനങ്ങളുടെ പിന്തുണയോടുകൂടിയുള്ള കൃത്യമായ നിബന്ധനകളും നടപടികളും അനിവാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
കെട്ടിടം നിർമിക്കുമ്പോൾ ആ കെട്ടിടത്തിൽനിന്നുമുണ്ടാകുന്ന മാലിന്യം സംസ്കരിക്കാൻ ഉതകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിയമം ആവശ്യമാണ്. ഇപ്പോൾ ഉള്ള നിയമങ്ങളൊക്കെ ബലഹീനവും ശാസ്ത്രീയമായി സാധുത ഇല്ലാത്തതുമാണ്. കിണറിന്റെയടുത്തു പ്രത്യേകിച്ചു കിണറിനേക്കാൾ ഉയർന്ന തലത്തിൽ മാലിന്യക്കുഴികൾ സ്ഥാപിക്കാതിരിക്കുക, കിണറിനു ചുറ്റും ഒരു മീറ്റർ വീതിയെങ്കിലുമുള്ള പ്ലാറ്റ്ഫോം നിർമിക്കുക, വീടുകളിൽനിന്നുമുണ്ടാകുന്ന എല്ലാ മാലിന്യങ്ങൾക്കും ശരിയായ രീതിയിലുള്ള സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക, മലമൂത്രസംസ്കരണത്തിന് ജലനിരപ്പ് ഉയർന്നുവരുന്ന പ്രദേശങ്ങളിൽ സെപ്റ്റിക് ടാങ്ക് നിർബന്ധമാക്കുക, മലിനജല സംസ്കരണത്തിന് ഫലപ്രദമായ സോക്ക് പിറ്റുകൾ നിർമിക്കുക തുടങ്ങിയതെല്ലാം അനിവാര്യമായ കാര്യങ്ങളാണ്
ക്ലോറിനേഷൻ നിത്യജീവിതത്തിൽ
മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ നിത്യജീവിതത്തിൽ ക്ലോറിനേഷന്റെ പ്രാധാന്യവും വർധിപ്പിക്കുന്നു. പലപ്പോഴും ക്ലോറിനേഷൻ മനുഷ്യജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. ക്ലോറിനേഷൻ അല്ലാതെയുള്ള മറ്റ് അണുനശീകരണ മാർഗങ്ങളും ഉപയോഗിക്കാമെങ്കിലും പല കാരണങ്ങളാലും ക്ലോറിനേഷൻ കൂടുതൽ ഉത്തമമാണ്. നമ്മുടെ നാട്ടിൽ പെട്ടെന്ന് ലഭ്യമാകുന്ന ബ്ലീച്ചിംഗ് പൗഡറിൽ ഏകദേശം 30 ശതമാനം ക്ലോറിൻ അടങ്ങിയിരിക്കുന്നു. കിണറിനെ മൊത്തമായി ക്ലോറിനേറ്റ് ചെയ്യുക എന്ന രീതി നിലവിലുണ്ട്.
വെള്ളപ്പൊക്കം പോലെയുള്ള പ്രശ്നങ്ങളുണ്ടായി കിണർ മലിനമാകുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ജലസ്രോതസിന്റെ ഗുണനിലവാരമനുസരിച്ച് വീട്ടിൽ കുടിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതും അനിവാര്യമാണ്. ഇത് ടാങ്കിൽ ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. കുടിക്കുന്ന വെള്ളം മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ വെള്ളവും ക്ലോറിനേറ്റ് ചെയ്യണം എന്നതും ഇപ്പോൾ എല്ലാവർക്കും മനസിലാകുന്നുണ്ടല്ലോ. മറ്റു ജലശുദ്ധീകരണ മാർഗങ്ങളായ യുവി അണുനശീകരണവും നല്ല ഫൈൻ സാൻഡ് ഫിൽട്രേഷനും ഒക്കെ ഉപയോഗിക്കാം. പക്ഷേ, കൂടുതൽ ആശ്രയിക്കാവുന്നത് ക്ലോറിനേഷനെ തന്നെയാണ്.
മറ്റു പരിഹാരങ്ങൾ
യാതൊരു സംരക്ഷണവുമില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതു പാടെ ഒഴിവാക്കുക. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക. അങ്ങനെ നിത്യജീവിതത്തിൽ നാം പാലിക്കേണ്ട നിബന്ധനകൾക്കും നല്ല പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. സ്വീറ്റോ വർഗീസ് ഫിസിഷൻ & ന്യൂറോളജിസ്റ്റ് തൃശൂർ