കോണ്‍ഗ്രസുകാരുടെ കളികൾ
അനന്തപുരി / ദ്വിജൻ
Sunday, September 7, 2025 12:02 AM IST
തെരഞ്ഞെടുപ്പുകൾ വാതിൽപ്പടിയിൽ എത്തിനിൽക്കുന്പോൾ കോണ്‍ഗ്രസിന്റെ ‘രക്ഷകരാ’യി പ്രത്യക്ഷപ്പെടുന്നവരിൽ പലരും പറയുന്നതും ചെയ്യുന്നതും കോണ്‍ഗ്രസിനു വലിയ തലവേദനയാവുകയാണ്. കാണികളുടെ കൈയടി നേടാനുള്ളതല്ല, ടീം ജയിക്കുന്നതിനുള്ള കളിയാണ് ആത്മാർഥതയുള്ള കളിക്കാരനിൽനിന്നുണ്ടാവേണ്ടത്. ഇപ്പോൾ നടക്കുന്നതു പലതും വ്യക്തിപരമായ മഹത്വത്തിനുവേണ്ടിയുള്ളതും പാർട്ടിയെ തളർത്തുന്നതുമാണ്.
കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായിരുന്ന യൂത്തു കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക ദുഃസൂചനകൾ ഉയർത്തിയ വനിതാ നേതാവുതന്നെ ഒന്നാമത്തെ ഉദാഹരണം. അവർ പറഞ്ഞതു സത്യമോ മിഥ്യയോ ആകട്ടെ; കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചുവരുന്നതിനു നടത്തുന്ന പോരാട്ടത്തിന് അതു വലിയ ദ്രോഹമുണ്ടാക്കി. മൂന്നോ നാലോ വർഷം മുന്‍പേ നടന്ന സംഭവം വെളിപ്പെടുത്താൻ അവർ തെരഞ്ഞെടുത്ത സമയം ആർക്കാണ് സംശയം ഉണ്ടാക്കാത്തത്? പരീക്ഷയ്ക്കു കോപ്പിയടിച്ചതു പിടിച്ച ഒരു അധ്യാപകനെതിരേ 12 വർഷംമുന്പ് ചില വിദ്യാർഥിനികൾ ഉയർത്തിയ പരാതി വ്യാജമാണെന്ന് അടുത്തകാലത്തല്ലേ പരാതിക്കാരി ഏറ്റുപറഞ്ഞത്. സിപിഎം ഓഫീസിൽ തയാറാക്കിയതാണത്രെ ആ പരാതി! ആലപ്പുഴയിൽ ഒരു 75 വയസുകാരൻ ഒന്‍പതുമാസം ജയിലിൽ കിടന്നത് കാമുകനെ രക്ഷിക്കാനുണ്ടാക്കിയ വ്യാജപരാതിയിലാണെന്ന് ക്രോസ് വിസ്താരത്തിൽ പരാതിക്കാരി സമ്മതിച്ചതും കേരളം കേട്ടു. അങ്ങനെ ആ വൃദ്ധൻ കോടതിയുടെ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടെങ്കിലും അയാളും ബന്ധുക്കളും അനുഭവിച്ച അപമാനം നീക്കാനാകുമോ?
ഓരോ ആരോപണത്തിന്റെയും നെല്ലും പതിരും നോക്കാതെ രാഷ്ട്രീയ എതിരാളികൾ തങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കാമെന്ന കണക്കുകൂട്ടലിൽ ഇവയെ ഉപയോഗിക്കാറുണ്ട്. ഇത്തരം അപവാദങ്ങൾ ആഘോഷിക്കുക എതിർപക്ഷം അവകാശംപോലെ ആചരിക്കാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു കോണ്ഗ്രസുകാരനെതിരേ ഉയർന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിലും അന്വേഷണം നടത്തുന്നതിലും ഏറെ വേദനിച്ചിട്ടു കാര്യമില്ല.
ഇങ്ങനെയല്ലാത്ത നിലപാടെടുത്ത നേതാക്കളുമുണ്ട്. അവരെല്ലാം അപവാദങ്ങളാണ്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇതുപോലെ ഒരാരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധ്യം കണക്കിലെടുത്ത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശത്തെ മറികടക്കുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീ എന്തോ സിഡി പുറത്തുവിടാൻ പോകുന്നു എന്നു നൽകിയ സൂചനയെക്കുറിച്ച് മാധ്യമങ്ങൾ ആരംഭിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ പിണറായി വിജയനെ ക്ഷണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയത് കേരളം കണ്ടതാണ്. ആരോപണവിധേയരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി പലതും കുന്പസാരരഹസ്യംപോലെ സൂക്ഷിച്ച് സ്വയം പീഡനത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. തന്റെ രാഷ്ട്രീയ എതിരാളിയെക്കുറിച്ച് ഹീനമായ ആരോപണം ഉയർന്നപ്പോൾ അത് ആഘോഷിക്കരുതെന്ന് കെ.എം. മാണി വിലക്കിയിട്ടുണ്ട്.
എന്നാൽ, രാഹുലിന്റെ സംഭവത്തിൽ കോണ്‍ഗ്രസിലെ ചില മുതിർന്ന നേതാക്കൾപോലും വല്ലാത്ത സമീപനം സ്വീകരിച്ചു. ഇവരിൽ ഒരാൾ, തന്നെ പീഡിപ്പിച്ചതായി ഒരു പെണ്‍കുട്ടി പോലീസിൽ പരാതി കൊടുത്ത മുതിർന്ന നേതാവാണ്. അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസ് ഒരു നടപടിയും അന്നു സ്വീകരിച്ചില്ല. പിന്നീട് നിരവധി പദവികൾ കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്റെയും മുഖ്യമന്ത്രി നായനാരുടെയും നീതിബോധംകൊണ്ടാണ് അദ്ദേഹം കേസിൽനിന്നു രക്ഷപ്പട്ടത്. അദ്ദേഹം രാഹുലിനെതിരേ നടപടിക്കുവേണ്ടി മുറവിളി കൂട്ടിയതു കേട്ട് ജനം അന്പരന്നു. ഇത്തരം നിലപാടുകൾ അവർക്ക് മാധ്യമശ്രദ്ധ ഉണ്ടാക്കിക്കൊടുക്കുമെങ്കിലും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യമുണ്ട്.
പ്രതിപക്ഷനേതാവുപോലും മുൻപിൻ നോക്കാതെ രാഹുലിനെ തള്ളിപ്പറഞ്ഞതിൽ അമർഷമുള്ള ഏറെ കോണ്‍ഗ്രസുകാരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കപ്പെടുന്ന അവരുടെ വികാരത്തിന് വലിയ ജനപിന്തുണയും കിട്ടുന്നുണ്ട്. രാഹുൽ വിഷയത്തിൽ കെ. സുധാകരൻ പ്രകടിപ്പിച്ച നിലപാടിനു വലിയ പിന്തുണ കിട്ടുന്നുമുണ്ട്.
1963ലുണ്ടായ പീച്ചി സംഭവത്തിൽ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട ‘ആദർശ’പരമായ നിലപാട് കോണ്‍ഗ്രസിനെ തകർക്കുകയായിരുന്നു. അന്ന് പോലീസ് കേസ് തീർപ്പാകുന്നതുവരെയെങ്കിലും ചാക്കോയെ സംരക്ഷിച്ചിരുന്നെങ്കിൽ 1967ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കേരളത്തിൽ ഒന്‍പതു സീറ്റിൽ ഒതുങ്ങുമായിരുന്നില്ല. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനും ഒന്നിച്ചുനിൽക്കാനും 2016ൽ കോണ്ഗ്രസിനായെങ്കിൽ ഉണ്ടാകുമായിരുന്നത് ഒരു ഭരണത്തുടർച്ചയാണ്.
ലോക്കപ്പ് മർദനം
തൃശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് 2023 ഏപ്രിൽ ആറിന് യൂത്ത് കോണ്‍ഗ്രസിന്റെ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി ഇടപെടലിൽ പുറത്തുവന്നതോടെ ഇടതു സർക്കാരിന്റെ ലോക്കപ്പ് മർദനങ്ങളെക്കുറിച്ച് ശക്തമായ സമരം നടത്താൻ കോണ്‍ഗ്രസിന് അവസരമായി. തെരഞ്ഞെടുപ്പുവേളയിൽ അത് അനുകൂലമായ വികാരമുണ്ടാക്കുകയും ചെയ്യാം. ഏതു സർക്കാർ ഭരിച്ചാലും ഉണ്ടാകാവുന്നതാണ് ഇത്തരം സംഭവങ്ങൾ എന്നതും സത്യം. പക്ഷേ, അക്കാലത്ത് നാടു ഭരിക്കുന്ന സർക്കാരിനു തലവേദനതന്നെയാണ്.
ഇവിടെ സംഭവം വല്ലാത്ത ഒരു വികാരം ഉണ്ടാക്കുന്നു. മർദനം നടന്ന കാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം സുജിത്തിന് വേണ്ട പിന്തുണ കൊടുത്തില്ലെന്ന ആരോപണമാണ് അത്. ചൊവ്വന്നൂരിലെ കോണ്‍ഗ്രസ് നേതാവായ വർഗീസ് ചൊവ്വന്നൂർ കൊടുത്ത പിന്തുണ ഏറെ പ്രശംസിക്കപ്പെടുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനതിരേ ഈ സംഭവം തിരിക്കാനുള്ള നീക്കം നടക്കുന്നതുപോലെ വായിച്ചെടുക്കാം.
മുഖ്യമന്ത്രി പിണറായിയെ സഹായിക്കുകയാണു സതീശൻ ചെയ്യുന്നത് എന്നു പ്രചരിക്കപ്പെടുന്നുണ്ട്. സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതും പിടിക്കാത്തവരുണ്ട്. കമ്യൂണിസ്റ്റുകാരുടെ കൂടെ ഒരു വിരുന്നിലും പങ്കെടുക്കില്ല എന്ന കെ. സുധാകരന്റെ നിലപാടാണ് ഇക്കൂട്ടർക്കു പഥ്യം. പൊതുവേദികളിൽ പരസ്പരം അങ്കം കുറിക്കുകയും സ്വകാര്യ വേദികളിൽ ഒന്നിച്ചാഘോഷിക്കുകയും ചെയ്യുന്നതിൽ അവർക്ക് അമർഷമുണ്ട്.
2005 സെപ്റ്റംബർ 27ന് ഫോർട്ട് പോലീസ് സ്റ്റേഷനിൽവച്ച് ഉദയകുമാർ എന്ന 26കാരൻ യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പോലീസുകാരായ പ്രതികളെ 20 വർഷത്തിനുശേഷം ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി വധശിക്ഷ വരെ വിധിച്ച കേസായിരുന്നു. ഓഗസ്റ്റ് 27നാണ് ഹൈക്കോടതി വിധി വന്നത്. ഉദയകുമാറിന്റെ അമ്മ മാത്രമല്ല, കേരളമാകെ ആ വിധികേട്ട് അന്പരന്നു.
എ.കെ. ആന്റണി മനസ് തുറക്കുമോ?
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എ.കെ. ആന്റണി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സമകാലികർക്കെല്ലാം മാതൃകയാണെന്നു വളരെയേറെപ്പേർ വിശ്വസിക്കുന്ന മഹാനായ നേതാവാണ്. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയായും ഒന്പതുവർഷം പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയിലും സർക്കാരിലും വഹിച്ച പദവികൾ ഏറെ വലുതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ വിപ്ലവകരമായ പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടു. തൊഴിലില്ലായ്മ വേതനം, ചാരായനിരോധനം, ജില്ലാ കൗണ്‍സിൽ സ്ഥാപനം, വോട്ടിംഗ് പ്രായം പതിനെട്ടു വയസാക്കിയത്, സ്വാശ്രയ കോളജുകളുടെ സ്ഥാപനം തുടങ്ങിയവ അവയിൽ ചിലതാണ്.
ആന്റണിയെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രവുമായി പുറത്തുവന്ന എസ്എൻഡിപിയുടെ മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ. ഗോപിനാഥിന്റെ ആത്മകഥ ‘ഞാൻ, എന്റെ ജീവിതം’ അതുകൊണ്ടുതന്നെ ചർച്ചാ വിഷയമായി. 21 വർഷം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗോപിനാഥ്. 54 വർഷം പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റും. 1987ൽ കായംകുളത്തുനിന്ന് നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. ആയ കാലത്ത് കരുണാകര പക്ഷക്കാരനായിരുന്നു ഗോപിനാഥ്. ആത്മകഥയിലെ ഒരു അധ്യായത്തിന്റെ ശീർഷകം തന്നെ ‘എ.കെ. ആന്റണിയുടെ ചതി’ എന്നാണ്.
ആന്റണി രാഷ്ട്രീയത്തെ അക്ഷരാർഥത്തിൽ അവസരങ്ങളുടെ കലയാക്കി. വിദ്യാർഥികാലം മുതൽ അങ്ങനെയായിരുന്നു. കെഎസ്യു തുടങ്ങുന്പോൾ ആന്റണി കോളജിൽ പോലുമില്ല. എന്നാൽ, അതിന്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ൽ കെഎസ്യു തുടങ്ങുന്പോൾ ജോർജ് തരകൻ പ്രസിഡന്റും വയലാർ രവി എന്ന എം.കെ. രവീന്ദ്രൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. ഈ യാഥാർഥ സ്ഥാപകരെ എല്ലാം തമസ്കരിച്ച് കെഎസ്യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകൾ, ഭരണതലത്തിൽ പല പദവികൾ. ഇതെല്ലാം തനിക്ക് വിധികല്പിതം ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മൻ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരൻ ഒതുക്കപ്പെടുന്പോൾ തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാൽ പ്രഥമ സ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും- ഗോപിനാഥ് ആരോപിച്ചു.
എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരത്തിൽ പിടിച്ചുനിന്ന ആളാണ് ആന്റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതുകൊണ്ടാണ് ഇക്കാലമെല്ലാം അദ്ദേഹം രാഷ്ട്രീയത്തിൽ നിലനിന്നത്. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ ഒപ്പമുള്ളവരെ പ്രതിസന്ധിയിൽ സഹായിക്കണമെന്ന ചിന്തയോ അദ്ദേഹത്തെ അലട്ടിയിട്ടേയില്ല. സഹായിക്കേണ്ടിടത്ത് അർഹമായത് നിഷേധിക്കപ്പെടുന്പോൾ, താൻ കാരണം ഒരാൾ അകാരണമായി ക്രൂശിക്കപ്പെടുന്പോൾ, അതല്ല വസ്തുത എന്ന് പറയാൻ സന്നദ്ധനല്ലെങ്കിൽ പിന്നെ എന്തു പൊതുപ്രവർത്തനമാണ്?- ശിവഗിരിയിലെ പോലീസ് സംഭവത്തിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട തന്നെ രക്ഷിക്കാൻ തയ്യാറാകാതിരുന്ന ആന്റണിയെക്കുറിച്ച് ഗോപിനാഥൻ ചോദിച്ചു.
കെ. കരുണാകരൻ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല ആന്റണി എന്നും അദ്ദേഹം പറയുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ചും ആര്യാടനെക്കുറിച്ചും പക്ഷേ ഗോപിനാഥനു നല്ല അഭിപ്രായമാണ്. ഇതെല്ലാം കേൾക്കുന്ന ആന്റണി മനസു തുറക്കുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കുന്നു.