സെക്സ് അഡിക്ഷൻ
റവ. ഡോ. ടോം കൈനിക്കര
Friday, September 5, 2025 1:33 AM IST
പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും ലോകം ചുറ്റുന്ന പെരുംനുണകൾ -03
ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെയും നിയന്ത്രണത്തെയും മയക്കുമരുന്നുപയോഗംപോലെ പോണോഗ്രഫിയും ബാധിക്കുന്നുവെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. 2008ൽ ഫാമിലി തെറാപ്പിസ്റ്റുകളിൽ നടത്തിയ പഠനത്തിൽ 90 ശതമാനം തെറാപ്പിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയത് പോണോഗ്രഫിയുടെ സ്ഥിരമായ ഉപയോഗം അഡിക്ഷനിലേക്കു നയിക്കുന്നുവെന്നാണ്. ലഹരി ഉപയോഗത്തിലൂടെയുള്ള അഡിക്ഷൻ തലച്ചോറിനെ ബാധിക്കുന്നതുപോലെതന്നെയാണ് പോണ്അഡിക്ഷനും ബാധിക്കുന്നത്.
തലച്ചോറിന്റെ മുൻഭാഗത്തുള്ളതും തലച്ചോറിനെ നിയന്ത്രിക്കുന്നതുമായ ഫ്രണ്ടൽ ലോബ്സും, സുഖവും സന്തോഷവും തിരിച്ചറിയാൻ തലച്ചോറിനെ സഹായിക്കുന്ന മധ്യഭാഗത്തുള്ള ന്യൂക്ലിയസ് അക്കംബെന്സും, സന്തോഷകരമായ അവസരത്തിൽ ഉണ്ടാകുകയും തലച്ചോറിന്റെ മധ്യഭാഗത്ത് എത്തുകയും ചെയ്യുന്ന ഡോപാമിന് എന്ന ഹോർമോണുമാണ് സാധാരണയായി തലച്ചോറിലെ സംവിധാനത്തിൽ പ്രവർത്തിക്കുന്നത്.
ഇഷ്ടമുള്ളതും സന്തോഷകരവുമായ കാര്യങ്ങൾ ചെയ്യുന്പോൾ ഡോപാമിൻ ഉത്പാദിപ്പിക്കപ്പെട്ട് ന്യൂക്ലിയസ് അക്കംബെന്സിൽ എത്തി മനുഷ്യന് സുഖവും ആനന്ദവും അനുഭവപ്പെടുകയും ഫ്രണ്ടൽ ലോബ്സ് അക്കാര്യങ്ങൾ ഓർക്കുകയും ആ പ്രവൃത്തികൾ സന്തോഷകരമായവയാണെന്ന് തീരുമാനിക്കുകയും ചെയ്യുന്നു.
സ്വാഭാവികമായി മനുഷ്യനിൽ സംഭവിക്കുന്ന തലച്ചോറിന്റെ പ്രതികരണം ഇങ്ങനെയാണ്. എന്നാൽ, ലഹരി ഉപയോഗവും പോണോഗ്രഫിയും ഈ ഡോപാമിൻ പ്രവർത്തനത്തെ മാറ്റിമറിക്കുന്നു. ഇവ കൂടുതലായി ആവർത്തിക്കുന്പോൾ ഡോപാമിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും തലച്ചോറിന്റെ പ്രതികരണ സംവിധാനത്തെ ബാധിക്കുകയും ചെയ്യും. പിന്നീട് സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്ന സന്തോഷകരമായ കാര്യങ്ങൾക്കു പകരം കൂടുതൽ ഡോപാമിൻ ഉണ്ടാകുന്ന ലഹരിയും പോണോഗ്രഫി പോലെയുള്ള പ്രവൃത്തികളും നിർബന്ധമായും ആവശ്യമായി വരുന്നു. അങ്ങനെ അവ കൂടുതലായും നിർബന്ധമായും ചെയ്തത് അഡിക്ഷനിലേക്ക് നയിക്കുന്നു.
മനുഷ്യനിൽ തലച്ചോറിന്റെ മുൻഭാഗത്തിന് (ഫ്രണ്ടൽ ലോബ്സ്) കേടുപാടുകൾ സംഭവിക്കുകയോ ചുരുങ്ങുകയോ ചെയ്യാറുണ്ട്. സാധാരണമായി അപകടങ്ങൾ മൂലമോ സ്ട്രോക്ക്, ട്യൂമർ പോലെയുള്ള അസുഖങ്ങൾ മൂലമോ ആണ് കേടുപാടുകൾ സംഭവിക്കുന്നത്. അത്തരത്തിൽ ഫ്രണ്ടൽ ലോബ് തകരാറിലായ ആളുകളുടെ സ്വഭാവത്തിൽ വളരെയധികം പ്രത്യേകതകൾ കാണും. ഫ്രണ്ടൽ ലോബ് സിന്ഡ്രോം എന്നാണ് അതിനെ വിളിക്കുക. ഒന്നാമതായി, വളരെ നിർബന്ധപൂർവ്വകമായ പെരുമാറ്റമായിരിക്കും.
ആലോചനയില്ലാതെ ഓരോന്നു ചെയ്യുകയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധമില്ലാതിരിക്കുകയും ചെയ്യും. രണ്ടാമതായി, ചില കാര്യങ്ങളിൽ വളരെയധികം നിർബന്ധ ബുദ്ധിയുണ്ടായിരിക്കും. മൂന്നാമതായി, വൈകാരികമായ സ്ഥിരതയില്ലായ്മ, എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞുകൂടാ. നാലാമതായി തെറ്റായ രീതിയിൽ കാര്യങ്ങളെ വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന അവസ്ഥ. തലച്ചോറിന്റെ മുൻഭാഗത്തിന്റെ പ്രശ്നത്തെക്കുറിച്ചും അങ്ങനെയുള്ളവരുടെ സ്വഭാവ പ്രത്യേകതകളെക്കുറിച്ചും പറഞ്ഞത് മറ്റൊരു പ്രധാനകാര്യം സൂചിപ്പിക്കാനാണ്.
2002, 2004 വർഷങ്ങളിൽ കൊക്കെയ്ൻ, മെത്താൻഫെറ്റാമെയ്ൻ തുടങ്ങിയ ലഹരിക്ക് അഡിക്ട് ആയവരിലും 2006, 2007 വർഷങ്ങളിൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാൽ അമിതവണ്ണം ആയവരിലും സെക്സ് അഡിക്ട് ആയവരിലും നടത്തിയ പഠനത്തിലും സമാനഫലങ്ങളാണ് ലഭ്യമായത്. എല്ലാ അഡിക്ഷനിലും തലച്ചോറിലുണ്ടാകുന്ന ക്ഷതവും സ്വഭാവത്തിലെ വൈകല്യവും ഒന്നുതന്നെ. പോണോഗ്രഫി അഡിക്ഷനും മറ്റെല്ലാ അഡിക്ഷനും ഒരേപോലെ മനുഷ്യന്റെ സ്വഭാവത്തെയും അതുമൂലം, ജീവിതത്തെ മുഴുവനും ബാധിക്കുമെന്നതിന്റെ ശാസ്ത്രീയ തെളിവുകളാണിതെല്ലാം.
സെക്ഷ്വൽ തെറാപ്പിസ്റ്റ് ഡോ. വിക്ടർ ക്ലൈൻ ‘പോണോഗ്രഫിയുടെ സ്വാധീനം കുട്ടികളിലും മുതിർന്നവരിലും’ എന്ന തന്റെ ഗവേഷണത്തിൽ കണ്ടെത്തിയത്, സ്ഥിരമായി പോണോഗ്രഫി ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നയാളുകൾ അവയ്ക്ക് അഡിക്ട് ആകാനും തെറ്റായ ലൈംഗിക പ്രവൃത്തികളിലേക്ക് പോകാനും ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാനുമുള്ള സാധ്യതകൾ ഏറെയാണെന്നാണ്. പോണ് അഡിക്ഷന്റെ പ്രധാനപ്പെട്ട ദോഷം ശരിയായി സ്നേഹിക്കാനുള്ള കഴിവ് കുറയുന്നുവെന്നതാണ്.
അത്തരത്തിലുള്ളവരുടെ ബന്ധങ്ങളുടെ അന്തഃസത്ത കാമമാണ്. നല്ല മൂല്യങ്ങളും സൗഹൃദവും വാത്സല്യവും കരുതലും ആരോഗ്യകരമായ വികാരപ്രകടനങ്ങളും അപ്രത്യക്ഷമാകും. ആകെ ശേഷിക്കുന്നത് ഇതൊന്നുമില്ലാത്ത സെക്സും മനുഷ്യത്വരഹിതമായ കുറെ കാമാർത്തിയും താത്പര്യങ്ങളും മാത്രം. ഇന്ത്യയിൽ നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോയുടെ 2022ലെ കണക്കിൽ 2022ൽ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗങ്ങൾ 31,000 ആണ്.
2024 ഓഗസ്റ്റിൽ കൽക്കട്ടയിലെ ആർ.ജി. കർ ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സഞ്ജയ് റോയി കടുത്ത പോണ് അഡിക്ടും അന്നു രാത്രിയിൽ പോലും വേശ്യാലയങ്ങൾ സന്ദർശിച്ചയാളുമാണെന്ന റിപ്പോർട്ടുകൾ പോണ് അഡിക്ഷന്റെ ഭീകരത സൂചിപ്പിക്കുന്നുണ്ട്. മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്വാന നിയമസംവിധാനങ്ങളുടെ പരിമിതി മുൻനിർത്തി ജൂണിൽ നടത്തിയ ഒരു പ്രസ്താവന ഇപ്രകാരമാണ്: “നിയമപാലകർ മാത്രം വിചാരിച്ചാൽ ബലാത്സംഗങ്ങൾ തടയാനാകില്ല. ഇന്റർനെറ്റിലൂടെ അനായാസേന ലഭ്യമാകുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളും സാമൂഹിക ധാർമികച്യുതിക്ക് കാരണമാകുകയും അവ കുട്ടികളിൽ മാനസിക വൈകല്യം ഉളവാക്കുകയും ചെയ്യുന്നു.” ഈ പ്രസ്താവന പോണോഗ്രഫിയുടെ അപകടം എത്രത്തോളമെന്ന് വെളിവാക്കുന്നു.
സ്വയംഭോഗം കൂടെപ്പിറപ്പ്
പോണ് അഡിക്ടായവർക്ക് സ്വയംഭോഗം ഒരു നിർബന്ധിതാവസ്ഥയാണ്. മനുഷ്യന്റെ ഉള്ളിൽ ആരുമറിയാതെ രൂപപ്പെട്ട് ശരീരം മുഴുവൻ വ്യാപിക്കുന്ന കാൻസർ പോലെയാണത്. പലപ്പോഴും ഒരു തിരിച്ചുപോക്കോ സൗഖ്യമോ സാധ്യമാകാത്ത ഒരവസ്ഥയാണത്. അതുകൊണ്ടുതന്നെ കുറെനാൾ കഴിയുന്പോൾ സ്വയംഭോഗത്തെ ന്യായീകരിക്കുന്ന, ശരീരത്തിനും മനസിനും ആവശ്യമാണെന്നും മറ്റാർക്കും ദ്രോഹമൊന്നും ഉണ്ടാകാത്തതിനാൽ സാരമില്ലെന്നുമുള്ള, നിലപാടിലേക്കെത്തും.
അത്തരത്തിൽ പല പഠിപ്പിക്കലുകളും അഭിപ്രായങ്ങളും സ്വയംഭോഗത്തിന്റെ ഗുണങ്ങളെപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠനം നടത്തി നടത്തി അറിയപ്പെടുന്ന ഗവേഷണ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനംപോലും ഈ വാദങ്ങളുടെ സാധൂകരണത്തിനായി ലഭ്യമല്ല. എങ്കിലും പലപ്പോഴും സ്വയംഭോഗത്തെ ന്യായീകരിക്കുന്നതിന്റെയും അതിന്റെ അപകടത്തെപ്പറ്റി പഠിപ്പിക്കാത്തതിന്റെയും ഒരു പ്രധാന കാരണം നമ്മുടെ നിസഹായവസ്ഥയാണ്. പോണോഗ്രഫിയും സ്വയംഭോഗവുമൊന്നും ബാധിക്കാത്ത ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടവരുണ്ടോ എന്നു സംശയമാണ്.
വിൽ ഡുറന്റ്, ദ ലെസന് ഓഫ് ഹിസ്റ്ററി എന്ന തന്റെ പുസ്തകത്തിൽ പറയുന്നതുപോലെ സെക്സ് എന്നാൽ ഒരു ആഗ്നേയനദിയാണ്. വ്യക്തികളെയും സമൂഹത്തെയും ഈ അഗ്നി വിഴുങ്ങി അരാജകത്വത്തിലേക്ക് വീഴാതിരിക്കണമെങ്കിൽ വേണ്ടത്ര നിയന്ത്രണങ്ങൾകൊണ്ട് അതിനു ചിറ കെട്ടുകയും തണുപ്പിക്കുകയും വേണം. ഈ നദി നിയന്ത്രണങ്ങളില്ലാതെ ഒഴുകാൻ തുടങ്ങിയാൽ സർവതിനെയും ചുട്ടു ചാന്പലാക്കുമെന്നും മറക്കരുത്.
അതിജീവിക്കാനുള്ള മാർഗം
ഡോ. ജോണ് മാർക്ക് ചനിയുടെ അഭിപ്രായത്തിൽ വിദഗ്ധർപോലും കുട്ടികളിലും മുതിർന്നവരിലുമുള്ള പോണ് അഡിക്ഷന്റെ തീവ്രത മനസിലാക്കാറില്ല. ധാർമിക പ്രബോധനങ്ങൾകൊണ്ടോ മനഃശക്തികൊണ്ടോ മാത്രം അല്ലെങ്കിൽ ഉടനടി വേണ്ട എന്നു തീരുമാനിച്ചുകൊണ്ടും പരിശ്രമിച്ചുകൊണ്ടും മാത്രം പലപ്പോഴും ഇത്തരം അഡിക്ഷനെ ഇല്ലാതാക്കാൻ പറ്റണമെന്നില്ല. അത് ഒരുപക്ഷേ പരാജയപ്പെടാനും കൂടുതൽ നിരാശയിലേക്കു പോകാനും ഇടയാക്കാം.
പലപ്പോഴും മറ്റുള്ള (രാസലഹരികൾ) അഡിക്ഷനുകൾക്ക് നൽകുന്നതുപോലെയുള്ള ചികിത്സയും സമീപനവുമാണ് വേണ്ടത്. അതേസമയം, മനുഷ്യന്റെ കഴിവും പ്രയത്നവും ഫലം കാണണമെങ്കിൽ ദൈവത്തിന്റെ കൃപയും അനുഗ്രഹവും കൂടിയേതീരൂ എന്നും തിരിച്ചറിയണം.
ഡോ. വിക്ടർ ക്ലൈൻ പഠിപ്പിക്കുന്ന മാർഗങ്ങൾ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി, ഈ അഡിക്ഷനിൽനിന്ന് മോചനം പ്രാപിക്കാനും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആ വ്യക്തിക്ക് ആഗ്രഹമുണ്ടാവണം. രണ്ടാമതായി, അഡിക്ഷനിലേക്ക് നയിക്കുന്ന എല്ലാ അനുകൂല ഘടകങ്ങളും ഒഴിവാക്കി സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനാകണം. മൂന്നാമതായി സെക്സ് അഡിക്ഷൻ കൈകാര്യം ചെയ്തു ശീലമുള്ള ഒരു തെറാപ്പിസ്റ്റിന്റെ സഹായവും വേണം.
പോണോഗ്രഫി മനുഷ്യന്റെ ശരീരത്തെയും ലൈംഗികതയെയും ബന്ധങ്ങളെയും സുഖത്തെയും സംബന്ധിച്ച വലിയ നുണയാണ്. ഈ നുണയെ നേരിടാൻ ഇവയെയെല്ലാം സംബന്ധിച്ച സത്യം മനസിലാക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഉചിതമായ പ്രതിരോധമായിരിക്കും.
(അവസാനിച്ചു)