പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും
റവ. ഡോ. ടോം കൈനിക്കര
Wednesday, September 3, 2025 12:30 AM IST
സത്യം ചെരിപ്പു ധരിച്ചു വരുന്പോഴേക്കും നുണ ഒരു തവണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന ചൊല്ല് വളരെ അർഥവത്താണ്. രണ്ടു നുണകളായ പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും ലോകം ചുറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, മനുഷ്യനെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള സത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടവർ ചെരിപ്പു ധരിക്കുന്നതേയുള്ളൂ. മാതാപിതാക്കളും അധ്യാപകരും ഏറ്റവും കുറച്ചും ഏറെ വൈകിയും എന്നാൽ, കുട്ടികൾ വലിയ താത്പര്യത്തോടെയും എത്രയും നേരത്തെയും പഠിക്കുന്നതും പങ്കിടുന്നതും ലൈംഗികതയെക്കുറിച്ചാണെന്നു തോന്നുന്നു.
പോണോഗ്രഫിയും ജെൻഡർ ആശയങ്ങളും മനുഷ്യനെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള രണ്ടു വൻനുണകളാണ്. ആർക്കും ഒരു ഉപദ്രവവും വരുത്തുന്നില്ല, വെറും ഒരു വിനോദം, തലച്ചോറിനെ ബാധിച്ച് അഡിക്ഷൻ ഉണ്ടാക്കുന്നില്ല, എപ്പോൾ വേണമെങ്കിലും ഇതൊക്കെ വേണ്ടെന്നു വയ്ക്കാം, വ്യക്തിപരമായ ഒരു ഇഷ്ടം മാത്രമാണ്, കുടുംബത്തെ ബാധിക്കുന്നില്ല, സ്ത്രീകൾക്കും കുട്ടികൾക്കും കുഴപ്പമുണ്ടാക്കുന്നില്ല, ശരീരം സുഖിക്കാൻ മാത്രമുള്ളതാണ്... തുടങ്ങിയവയാണ് പോണോഗ്രഫിയുമായി പ്രചരിക്കുന്ന വൻനുണകൾ. സമാനവും അപകടകരവുമായ ആശയങ്ങളാണ് ജെൻഡർ ആശയങ്ങളിലൂടെയും പ്രചരിക്കുന്നത്.
മനുഷ്യൻ എന്നാൽ ആണും പെണ്ണും മാത്രമല്ല, ആണും പെണ്ണും എന്നത് ജനിക്കുന്പോൾ ചാർത്തിക്കിട്ടുന്നതാണ്, ശരീരത്തിന് ഒരു പ്രസക്തിയുമില്ല, ഒരാളുടെ മനസിനനുസരിച്ച് അയാളുടെ വ്യക്തിത്വം തെരഞ്ഞടുക്കാം, ശരീരവും മനസും പരസ്പരബന്ധമില്ലാത്ത രണ്ട് യാഥാർഥ്യങ്ങളാണ്, സർജറിയിലൂടെ ശരീരത്തെ കീറിമുറിച്ച് ലിംഗമാറ്റം നടത്താം, ലിംഗമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജെൻഡർ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേയൊരു പോംവഴി, ശസ്ത്രക്രിയ കഴിഞ്ഞവരെല്ലാം സന്തോഷത്തിലാണ് എന്നിങ്ങനെയുള്ള പെരുംനുണകൾ ഈ വിഷയത്തിലും ശക്തമാണ്.
മനുഷ്യനെ അവന്റെ ശരിയായ അർഥത്തിലും അന്തസിലും മനസിലാക്കുന്നതിൽ തടസം നിൽക്കുന്ന ഇത്തരം ധാരാളം ആശയങ്ങളും പ്രവണതകളും നമുക്കു ചുറ്റുമുണ്ട്. മാതാപിതാക്കളും അധ്യാപകരും പരിശീലകരും ഇവയെ തിരിച്ചറിഞ്ഞ് ശരിയായത് പഠിപ്പിച്ചില്ലെങ്കിൽ നുണകൾ കാതങ്ങൾ മുന്നേ സഞ്ചരിച്ച് തലമുറകളെ വഴി തെറ്റിച്ചുകൊണ്ടിരിക്കും.
അപകടവഴികൾ ആദ്യം അടയ്ക്കണം
ഇന്ന് കുട്ടികളിലെത്തുന്ന പല തെറ്റായ ആശയങ്ങളും അവർ തേടിപ്പിടിച്ച് കണ്ടെത്തുകയല്ല; മറിച്ച്, സ്മാർട്ട് ഫോണിലൂടെ, വീഡിയോ ഗെയിമിലൂടെ, സോഷ്യൽ മീഡിയയിലൂടെ, വിവിധ തരം ആപ്ലിക്കേഷനിലൂടെ വേണ്ടതും വേണ്ടാത്തതുമായ ധാരാളം കാര്യങ്ങൾ കുട്ടികളിലേക്ക് ഒഴുകിയെത്തുകയാണ്. രണ്ടുതരത്തിലാണ് ഇവ കുട്ടികളുടെ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒന്നാമതായി ദോഷകരമായ ആശയങ്ങളുടെ രൂപത്തിലും രണ്ടാമതായി, ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ കുട്ടികളെ അടിമകളാക്കി മാനസികവളർച്ചയെത്തന്നെ ബാധിക്കുന്ന തരത്തിലും.
ഫെയ്സ്ബുക്ക് 2012ലാണ് ഇൻസ്റ്റഗ്രാം സ്വന്തമാക്കുന്നത്. ആ കാലഘട്ടത്തിൽ (2012-2018) അമേരിക്കൻ കൗമാരക്കാരിൽ വിഷാദരോഗവും ആത്മഹത്യയും സ്വയം പരിക്കേൽപ്പിക്കുന്ന സ്വഭാവവും വർധിച്ചുവെന്നാണ് കണക്കുകൾ. കുട്ടികളുടെ മാനസികാരോഗ്യത്തിൽ അക്കാലത്ത് പെട്ടെന്നുണ്ടായ പ്രതിസന്ധിക്കു കാരണം ഈ സോഷ്യൽ മീഡിയയുടെ സ്വാധീനവുമാകാമെന്ന് പഠനങ്ങളിൽ കാണാം. അതുകൊണ്ട് തെറ്റായ ആശയങ്ങളെയും അവയെത്തുന്ന മാർഗങ്ങളെയും ഒരേപോലെ പ്രതിരോധിക്കേണ്ടത് ഭാവിതലമുറയുടെ നിലനിൽപ്പിനും നന്മയ്ക്കും അത്യന്താപേക്ഷിതമാണ്.
ഓരോ പ്രായത്തിലും ആവശ്യമായ നിയന്ത്രണങ്ങളും നിർദേശങ്ങളും തക്ക സമയത്ത് ലഭിക്കണമെന്നുള്ളതാണ് ഏറ്റവും പ്രധാനം. മാതാപിതാക്കൾ വേണ്ട രീതിയിലുള്ള വിശദീകരണം നൽകി കുട്ടികൾ ഉപയോഗിക്കുന്ന ടെക്നോളജിയെക്കുറിച്ചും അതിലൂടെ ലഭ്യമാകുന്ന ആശയങ്ങളെക്കുറിച്ചും സംഭാവ്യമായ പ്രതിസന്ധികളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തണം. മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും ആവശ്യമായ അറിവുകൾ കിട്ടാതിരിക്കുന്പോഴാണ് കൂട്ടുകാരിൽനിന്നും മാധ്യമങ്ങളിൽനിന്നും കിട്ടുന്ന അറിവുകൾ പൂർണമായി സ്വീകരിക്കേണ്ടിവരുന്നതും അതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്നതും. ഉദാഹരണമായി, പഠനങ്ങൾ പറയുന്നത്, കുട്ടികൾ ആദ്യമായി പോണോഗ്രഫി ഉപയോഗിക്കുന്ന ഏകദേശപ്രായം 9നും 11നും ഇടയ്ക്കാണെന്നാണ്. ആ പ്രായത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും അതിന്റെ അപകടത്തെക്കുറിച്ചും മുൻകൂട്ടി മനസിലാക്കി കുട്ടികളുമായി ആശയവിനിമയം നടത്താനും ജാഗ്രത പുലർത്താനും മാതാപിതാക്കൾക്ക് സാധിക്കണം.
ഓരോ ആശയപ്രചാരകരും അവരവരുടെ ആശയങ്ങൾ കൃത്യമായി വേണ്ട രീതിയിൽ വേണ്ടസമയത്ത് കുട്ടികളിൽ എത്തിക്കുന്നുണ്ട്. എന്നാൽ, ശരിയായത് ഏതെന്നു തിരിച്ചറിയാതെ ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്നതിലേക്ക് കുട്ടികൾ എത്തപ്പെടുകയാണ്. അവിടെയാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും ചുമതല. തെറ്റായ ആശയങ്ങൾ അറിയുന്നതിനുമുന്പ് ശരിയായത് കൃത്യമായി കുട്ടികളിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ച് മനുഷ്യനെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ളത്. അതിനു ഭയവും താമസവും അലംഭാവവും കാണിച്ചാൽ നുണയുടെ പുറകെ സഞ്ചരിച്ച് കുട്ടികൾ അനേക കാതം അകലെയാകും. ഇക്കാലത്ത് മനുഷ്യന്റെ ലൈംഗീകതയെ, ബന്ധങ്ങളെ, സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പോണോഗ്രഫിയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പോണോഗ്രഫി വലിയ പ്രശ്നമോ?
വ്യഭിചരിക്കാനൊന്നും പോകുന്നില്ലല്ലോ? അവിഹിതഗർഭം ഉണ്ടാകുന്നില്ലല്ലോ? ലൈംഗികരോഗങ്ങൾക്ക് കാരണമാകുന്നില്ലല്ലോ? കൊച്ചുപിള്ളേർ കാണാൻ പാടില്ലെന്നത് ശരി; മുതിർന്നവർ കണ്ടാൽ എന്താ കുഴപ്പം? ഇത് വെറുമൊരു വിനോദമായി കണ്ടാൽ പോരെ? ഇത്തരം ചോദ്യങ്ങൾ സാധാരണയായി പോണോഗ്രഫിയുമായി ബന്ധപ്പെട്ടു കേൾക്കുന്നതാണ്. അതേസമയം, മനുഷ്യന്റെ സമസ്ത ജീവിതമേഖലകളെയും സാമൂഹിക, മാനസിക, ശാരീരിക, ആത്മീയ ജീവിതത്തെയും കുടുംബത്തെയും വിവാഹത്തെയുമെല്ലാം അടിമുടി ബാധിക്കുന്ന അപകടമാണ് പോണോഗ്രഫിയെന്ന് ധാരാളം പഠനങ്ങളും തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമുണ്ട്. പോണോഗ്രഫി ഓരോ വിഭാഗത്തെയും ബാധിക്കുന്നത് എങ്ങനെയാണ് ലളിതമായി വിശദീകരിക്കാം.
അണ്ലിമിറ്റഡ്, അഗ്രസീവ്
പോണോഗ്രഫിയുടെ ചരിത്രത്തിന് മനുഷ്യന്റെ നാഗരികതയുടെ തുടക്കത്തോളം പഴക്കമുണ്ടെങ്കിലും ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെയാണ് ഇതിന്റെ അമിത ഉപയോഗവും അതിന്റെ ഫലമായുള്ള അഡിക്ഷനും വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന തരത്തിലേക്കുയർന്നത്.
ഏതു തിന്മയും കുറ്റകൃത്യവും ആദ്യമായി ചെയ്യുന്പോൾ ഭയവും അസ്വസ്ഥതയും ഉണ്ടാകുമെങ്കിലും ആവർത്തനം വഴി പതിയെ അതിനോട് ഇണങ്ങുന്നത് സാധാരണമാണ്. പോണോഗ്രഫി കാണുന്നവരിലും ആദ്യം കാണുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയും കുറ്റബോധവും സാവധാനം ഇല്ലാതാവുന്നതും കൂടുതൽ തീവ്രമായ പോണ് കാഴ്ചകളിലേക്ക് നീങ്ങുന്നതും സാധാരണമാണ്. പോണ് സ്ഥിരമായി കാണുന്ന പുരുഷന്മാർ അസാധാരണമായ ലൈംഗിക പ്രവൃത്തികളിലേക്കും ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും അരാജകത്വത്തിലേക്കും പോകുന്ന പ്രവണതയുണ്ട്.
പോണ് കാഴ്ചകൾ ശീലമാക്കിയവരുടെ മനസും ചിന്തകളും മാറുന്നതും ഓരോ തവണയും കൂടുതൽ തീവ്രവും ആക്രമണോത്സുകവും മ്ലേച്ഛവുമായ കാഴ്ചകൾകൊണ്ടു മാത്രമേ തൃപ്തിപ്പെടാനാവൂ എന്നതും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണമായി, പോണ് അഡിക്ടായവർക്ക് സാധാരണമായ ലൈംഗികപ്രവൃത്തികൾ ഒരു ഘട്ടം കഴിഞ്ഞാൽ യാതൊരു സംതൃപ്തിയും നൽകില്ല. ഗ്രൂപ്പ് സെക്സും മറ്റുള്ളവരെയും സ്വയവും ഉപദ്രവിച്ചു സുഖം കണ്ടെത്തുന്നതും മൃഗരതിയും ഗുദരതിയും കുട്ടികളെ ദുരുപയോഗിക്കുന്നതുമെല്ലാം അവർക്ക് കൂടുതൽ ആനന്ദദായകമായി മാറുന്നു.
തരംതാഴ്ത്തലും ഉപഭോഗവസ്തുവത്കരണവും
പോണോഗ്രഫി ഉപഭോക്താക്കൾക്കു പകരുന്ന ഒരു പ്രധാന ആശയം സ്ത്രീ ഒരു ലൈംഗികവസ്തുവും ലൈംഗിക ഉപഭോഗത്തിനുള്ള ഒരു ചരക്കാണെന്നുമുള്ള ചിന്തയാണ്. മനഃശാസ്ത്രജ്ഞയായ ഗ്ലോറിയ കോവാനും സംഘവും അശ്ലീല ചിത്രങ്ങളെക്കുറിച്ചു നടത്തിയ പഠനം 73% ചിത്രങ്ങളിലും സ്ത്രീകൾ ശാരീരികമായി ആക്രമിക്കപ്പെടുന്നവരും 51% ചിത്രത്തിൽ ബലാത്സംഗം ചെയ്യപ്പെടുന്നവരും ഇരകളുമാണെന്ന് വ്യക്തമാക്കുന്നു.
പുരുഷന്മാരെ കൂടുതലായും അധികാരികളായും പ്രഫഷണലുകളായും, സ്ത്രീകളെ പലപ്പോഴും ആശ്രിതരും വേലക്കാരും സഹായികളായും ചിത്രീകരിച്ച് ലിംഗവിവേചനത്തിന്റെയും പുരുഷാധിപത്യത്തിന്റെയും കേന്ദ്രങ്ങളായാണ് ഈ മേഖല പ്രവർത്തിക്കുന്നതെന്നാണ് പഠന റിപ്പോർട്ട്. ജാനെറ്റ് നോറിസിന്റെ പഠനത്തിൽ, സ്ത്രീകളെ ബലാത്സംഗവും ലൈംഗികാതിക്രമങ്ങളും ആസ്വദിക്കുന്നവരും വിധേയപ്പെടുന്നവരുമായി ചിത്രീകരിക്കുന്നതിനാൽ ഇത്തരം ചിത്രങ്ങളിലൂടെ പുരുഷന്മാർക്ക് അത്തരം പ്രവണതകളോട് ആഭിമുഖ്യം പോലും ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.
എന്നാൽ, സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും വില കല്പിക്കാത്ത, ലിംഗവിവേചനത്തിനും പുരുഷാധിപത്യത്തിനും ഇടമൊരുക്കുന്ന പോണോഗ്രഫിയെന്ന തിന്മയോട് ഫെമിനിസ്റ്റുകൾ പോലും അധികം പ്രതിഷേധിക്കുന്നതായി കാണുന്നില്ല. ബലാത്സംഗം ചെയ്യുന്നവരിൽ 90 ശതമാനവും അശ്ലീലകാഴ്ചകൾക്ക് അടിമകളാണെന്നാണ് കണക്ക്. പോണ് അടിമകളായ പുരുഷന്മാർക്ക് സ്ത്രീ ഉപഭോഗവസ്തു മാത്രമാണ്. കുട്ടികളെ ദുരുപയോഗിക്കുന്നവരിലും പോണോഗ്രഫിയുടെ സ്വാധീനം പഠനങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.
സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനമനുസരിച്ച് കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 21,875 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പകുതിയോളം പേർ വളരെ ചെറുപ്രായത്തിൽ തന്നെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് കണക്കുകൾ. ലൈംഗികാതിക്രമം നടത്തുന്നവരെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ശരിയായ പഠനം നടത്തേണ്ടതുണ്ട്. മാനസികരോഗവും ലഹരിയുമല്ലെങ്കിൽ പിന്നെയുള്ള കാരണം പോണോഗ്രഫിയാണെന്ന് നിസംശയം പറയാൻ സാധിക്കും. പോണോഗ്രഫിയുടെ ഉപയോഗം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന വിഭാഗം സ്ത്രീകളും കുട്ടികളുമാണെന്നു പറയാം.
(തുടരും)
(വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ഗവേഷണ പഠന കേന്ദ്രമായ ചങ്ങനാശേരി തുരുത്തിയിലുള്ള ജോണ് പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ് ലേഖകൻ)