വെടിക്കെട്ടിനു തീ കൊളുത്തി!
പാറ്റ്നയിൽനിന്ന് ജോർജ് കള്ളിവയലിൽ
Tuesday, September 2, 2025 12:18 AM IST
ബിഹാറിൽ വൻ റാലിയോടെ ഇന്നലെ സമാപിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര ദേശീയ രാഷ്ട്രീയത്തിൽ തുടർചലനങ്ങളുണ്ടാക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പരന്പരാഗത ശൈലിയും സന്തുലിതാവസ്ഥയും പോലും തകിടം മറിച്ചേക്കാവുന്നതാകും ഇനിയുള്ള ദിവസങ്ങൾ. ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകളും രാഹുൽ ഉയർത്തിയ വോട്ടുകൊള്ളയും അണയാതെ ആളിക്കത്തുകയാണ്.
ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ തന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ വസ്തുകളാണെന്നു തെളിഞ്ഞതായി കോണ്ഗ്രസ് പറയുന്നു. രാഹുൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും തെളിയിക്കാനായിട്ടില്ല.
ഇനി ഹൈഡ്രജൻ ബോംബ്
എന്നാൽ, ഇപ്പോൾ കണ്ടത് ആറ്റം ബോംബ് ആണെങ്കിൽ ഉടനെ വരുന്നത് ഹൈഡ്രജൻ ബോംബ് ആകുമെന്നാണു രാഹുൽ ഇന്നലെ പാറ്റ്നയിലെ സമ്മേളനത്തിൽ ബിജെപിക്ക് മുന്നറിയിപ്പു നൽകിയത്. അടുത്ത വെളിപ്പെടുത്തലിനു ശേഷം നരേന്ദ്ര മോദിക്കു ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ലെന്നുകൂടി രാഹുൽ പറഞ്ഞു. മഹാദേവപുരയേക്കാൾ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്കായി രാജ്യം കാതോർക്കുകയാണ്.
ബിഹാറിലെ വോട്ടർപട്ടികയിൽനിന്നു 65 ലക്ഷം വോട്ടർമാരെ നീക്കാനുള്ള ശ്രമങ്ങൾക്കെതിരേയും വോട്ടുകൊള്ളയ്ക്കെതിരേയും മാത്രമാകില്ല വോട്ട് അധികാർ യാത്ര. രണ്ടു മാസത്തിനകം നടക്കാനുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി, കോണ്ഗ്രസ്, ഇടത് മഹാസഖ്യത്തെ അധികാരത്തിലേറ്റുക തന്നെയായിരുന്നു വോട്ട് യാത്രയുടെ മുഖ്യലക്ഷ്യം. ബിഹാറിലും മറ്റു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞ കോണ്ഗ്രസിന് പുതിയ ഉണർവും ആവേശവും ഒരുപരിധി വരെയെങ്കിലും പുനരുജ്ജീവനവും ശക്തിയും പകരാൻ വോട്ട് അധികാർ യാത്ര വഴിതെളിക്കും.
വോട്ടവകാശത്തിനു വിലയേറെ
വോട്ടർ അധികാർ യാത്ര ബിഹാറിൽ മാത്രമല്ല, രാജ്യമെന്പാടും വോട്ട് മോഷണത്തിനെതിരേ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാറ്റ്നയിൽ പറഞ്ഞതിൽ അതിശയോക്തിയില്ല. പ്രധാനമന്ത്രി മോദി വോട്ട് മോഷ്ടിക്കുന്നതു പതിവാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കുകളെ വഞ്ചിച്ചവർപോലും മോദി ഭരണകാലത്തു രാജ്യം വിട്ടു. മോദിയും അമിത് ഷായും ചേർന്നു സാധാരണക്കാരുടെ വോട്ടുകൾ മോഷ്ടിക്കുന്നതിനെതിരേ ഖാർഗെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
വോട്ടവകാശം ഒന്നുകൊണ്ടു മാത്രമാണ് ആളുകൾക്കു കുറച്ചെങ്കിലും പരിഗണന ലഭിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളതുകൊണ്ടു മാത്രമാണ് മന്ത്രിമാരും ജനപ്രതിനിധികളും നിങ്ങളിലേക്ക് എത്തിച്ചേരുന്നത്. അല്ലെങ്കിൽ, ആരും നിങ്ങളെ ശല്യപ്പെടുത്തുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ല. വോട്ടവകാശം നിരന്തരം ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞതിൽ കൃത്യമായ മുന്നറിയിപ്പുണ്ട്.
ജനരോഷം ഉയർത്താനുറച്ച്
ചരിത്രം കുറിച്ച രാഹുലിന്റെ രണ്ടു ഭാരത് ജോഡോ യാത്രകൾക്കുശേഷമുള്ള യാത്ര പുതിയൊരു പോരാട്ടത്തിന്റെ നാന്ദികൂടിയാകും. അടുത്തതായി ഗുജറാത്തിലാകും വോട്ടവകാശ യാത്ര രാഹുൽ നടത്തുകയെന്നാണ് കോണ്ഗ്രസ് നേതാക്കൾ നൽകിയ സൂചന. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സാവധാനമെങ്കിലും മോദി സർക്കാരിനെതിരേ ജനവികാരം ഉണർത്തുന്നതിൽ രാഹുലും പ്രതിപക്ഷ പാർട്ടികളും വിജയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ക്രമക്കേടുകളില്ലെങ്കിൽ ഭരണം മാറുമെന്നതിൽ ഇന്ത്യാ സഖ്യം നേതാക്കൾക്കു സംശയമില്ലാതായതിൽ രാഹുലിന്റെ പോരാട്ടമാകും മുന്നിൽ.
തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക-ചെറുകിട വ്യവസായ, വാണിജ്യ പ്രതിസന്ധി തുടങ്ങിയ പരാജയമാകുന്ന സാന്പത്തിക, വിദേശകാര്യ നയങ്ങൾ വരെയുള്ള പലതും ജനങ്ങളെ ബോധ്യപ്പെടുത്താനാകും പ്രതിപക്ഷനേതാവിന്റെ ദൗത്യം. വിലക്കയറ്റത്തിന്റെ പൊള്ളൽ ബിഹാറിലെ സാധാരണക്കാരെയും പാവങ്ങളെയും കാര്യമായി ബാധിച്ചത് നിതീഷ് കുമാറിന്റെ ജെഡിയു, ബിജെപി സർക്കാരിനു തലവേദനയാണ്.
ജനപ്രീതി ഉയർത്തി രാഹുൽ
ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും, രാജ്യത്തിന്റെ ഐക്യത്തിനും സമുദായ സൗഹാർദത്തിനും ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികളും സത്യമാണെന്നു ബോധ്യപ്പെടുത്താൻ വോട്ടുകൊള്ളയും എസ്ഐആറും രാഹുൽ സമർഥമായി ഉപയോഗിച്ചു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി പ്രതിപക്ഷത്തെ പാർട്ടികളെ ബോധ്യപ്പെടുത്താനും അവസരം അദ്ദേഹം നന്നായി വിനിയോഗിച്ചു. മോദിക്കു ബദലാകാൻ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രതിപക്ഷനേതാവായി രാഹുൽ മാറിയതു തികഞ്ഞ കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ്.
പാർലമെന്റിലും പുറത്തും തുടർച്ചയായ പോരാട്ടങ്ങളിലൂടെ പ്രതിപക്ഷത്തെ എല്ലാവർക്കും കൂടുതൽ സ്വീകാര്യനായി രാഹുൽ മാറിയത് അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ബിജെപിക്കാരെപ്പോലെയല്ലെങ്കിലും രാഹുലിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പരിഹാസവും വിമർശനവും ഉയർത്തിയിരുന്ന ഇന്ത്യാ സഖ്യത്തിലെ പാർട്ടികളൊക്കെ എത്ര വേഗമാണു രാഹുലിന്റെ കീഴിൽ പാർലമെന്റിലും പുറത്തും അണിനിരന്നത്. രാഹുലിന്റെ വസതിയിൽ നടത്തിയ അത്താഴവിരുന്നിൽ പ്രതിപക്ഷനേതാക്കളും എംപിമാരും സജീവമായി പങ്കെടുത്തതും ഈ മാറ്റത്തിന്റെ പ്രതിഫലനമായി.
ഗെയിം ചേഞ്ചറാകുന്ന യാത്ര
രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം ഓഗസ്റ്റ് 17ന് ബിഹാറിൽ ആരംഭിച്ച വോട്ടർ അധികാർ യാത്ര കടന്നുപോയ 25 ജില്ലകളിലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. പാറ്റ്നയിൽ ഇന്നലെ നടന്ന സമാപനറാലിയിലെ ജനങ്ങളുടെ വർധിത ആവേശം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ആർജെഡിയും കോണ്ഗ്രസും വിശ്വസിക്കുന്നു. ബിഹാറിൽ പുതിയൊരു സർക്കാർ വന്നാൽ, മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്കെതിരേ ജനവികാരം ഉയരുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രത്യാശ.
ആറു മാസത്തിനകം ബിഹാറിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകംകൂടിയാണ്. മഹാത്മാഗാന്ധിയെ വധിച്ച അതേ ശക്തികൾ ഭരണഘടനയെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെയും മുന്നറിയിപ്പ് നൽകി. വോട്ടവകാശ യാത്ര ഗെയിം ചേഞ്ചർ ആകുമെന്ന് കഴിഞ്ഞ 24ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞതും പ്രതിപക്ഷ നേതാക്കളുടെ മനസിലെ വികാരമാണ്.