ഹൈറേഞ്ച് ജനത കുറ്റവാളികളോ?
കെ.എസ്. ഫ്രാൻസിസ്
Sunday, August 31, 2025 2:16 AM IST
സർക്കാർ നടപ്പാക്കുന്ന ഭൂപതിവ് ചട്ടഭേദഗതി ഹൈറേഞ്ച് ജനതയെ ഒന്നടങ്കം കുറ്റവാളികളായി ചിത്രീകരിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപം ശക്തമാകുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കെട്ടിടവും വീടുമൊക്കെ നിർമിച്ച ജനങ്ങൾ എന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണ് ഇപ്പോൾ ക്രമവത്കരിക്കാൻ നിർദേശം വന്നിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു ജില്ലകളിലെപ്പോലെ എല്ലാവിധ അവകാശങ്ങൾക്കും അർഹതപ്പെട്ട ജനതയെയാണ് സർക്കാർ ഇങ്ങനെ തരം താഴ്ത്തിയിരിക്കുന്നതെന്നാണ് വിമർശനം.
1958ലും 1960ലും 1964ലും ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് നിയമവും ചട്ടവും അനുസരിച്ച് മാറ്റിപ്പാർപ്പിച്ചവരെ അല്ലെങ്കിൽ ഇവിടെ ജീവിക്കാനെത്തിയവരെ സർക്കാർ സ്ഥിരപ്പെടുത്തി. ഇവരാണ് ഇപ്പോൾ സർക്കാരിനു മുന്നിൽ അപരാധികളായിരിക്കുന്നത്.
എന്നാൽ, ഈ നൂലാമാലകൾക്കെല്ലാം തുടക്കമിട്ടത് സർക്കാരിന്റെ തന്നെ പിടിപ്പുകേടും. 2010ലെ ഒരു കേസും 2016ൽ അതിലുണ്ടായ കോടതിവിധിയുമാണ് നിർമാണങ്ങളെ കുരുക്കിലാക്കിയത്. 1964ൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ചമച്ചു മന്ത്രിസഭയുടെ അംഗീകാരം നേടിയ ചട്ടത്തിലെ വ്യവസ്ഥകൾ ഹൈറേഞ്ചുകാർ ലംഘിച്ചുവെന്നാണ് 2016ൽ സർക്കാർ കോടതിയിൽ അറിയിച്ചത്. പട്ടയഭൂമി കൃഷിക്കും വീടിനുമല്ലാതെ ഉപയോഗിക്കാൻ അനുവാദമില്ലെന്നായിരുന്നു സർക്കാർ വാദം. നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷയും ഫീസും പ്ലാനും ചെലാനും പണവും അടച്ച് അധികാരിയുടെ പരിശോധനകളും എല്ലാം പൂർത്തിയാക്കി വീടും കെട്ടിടങ്ങളും നിർമിച്ചവരെ കോടതിയിലെ ഒറ്റ വാദംകൊണ്ട് സർക്കാർ പ്രതിക്കൂട്ടിലാക്കി. റവന്യു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ധനകാര്യ വകുപ്പിനും ചുങ്കവും പതാരവും നൽകിയിരുന്നവരെയാണ് ഇങ്ങനെ കുഴപ്പത്തിലാക്കിയത്.
പുതിയ ചട്ടം ദുരുദ്ദേശ്യമോ?
1964ലെ ഭൂപതിവുചട്ടമനുസരിച്ച് കേരളത്തിൽ വ്യാപകമായി സർക്കാർ ഭൂമി പതിച്ചു നൽകിയിട്ടുണ്ട്. ഹൈറേഞ്ചിലാണ് കൂടുതൽ ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അതിന് പ്രത്യേക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുണ്ട്. രാജ്യത്ത് നിലനിന്നിരുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുകയെന്ന മുഖ്യ ഉദ്ദേശ്യം ഈ ഭൂപതിവിനുണ്ടായിരുന്നു. ലക്ഷ്യം വ്യക്തമാക്കുന്നതുപോലെ കൃഷിക്കും അവർക്കു താമസിക്കാൻ വീടു വയ്ക്കാനുമാണ് അന്ന് ഭൂമി നൽകിയത്. അപ്പോൾ ഈ ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനു വ്യാപാരശാലകളും പള്ളിക്കൂടങ്ങളും ആശുപത്രിയും ഫാക്ടറിയും മറ്റും വേണ്ടിവരുമെന്ന് കാണാനുള്ള ദീർഘവീക്ഷണം അന്നുണ്ടായിരുന്നവർക്ക് ഇല്ലാതെപോയതു തെറ്റായെങ്കിൽ മാപ്പുകൊടുക്കാമല്ലോ. അതിനുശേഷം പ്രദേശം നഗരമായും ടൗണുകളായും വളർന്നപ്പോൾ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ളതാണ്. അല്ലാതെ നിയമത്തിന്റെ മറപിടിച്ച് ജനങ്ങളെ വേട്ടയാടാനുള്ള അധികാരമല്ല ജനങ്ങൾ നൽകിയിരിക്കുന്നത്.
താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ഈടാക്കി നിർമാണം ക്രമവത്കരിക്കാനുള്ള നീക്കം കൊള്ളയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭൂ പതിവു ചട്ടത്തിലെ ഭേദഗതി അനുസരിച്ച് 7-6- 2024 വരെയുള്ള നിർമാണങ്ങൾ ഭൂമിയുടെ താരിഫ് വിലയുടെ 50 ശതമാനം വരെ പിഴ ചുമത്തി ക്രമവത്കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. സെന്റിന് ഏഴു മുതൽ 15 ലക്ഷം രൂപ വരെ താരിഫ് വിലയുള്ള ഭൂമി ഹൈറേഞ്ചിലുണ്ട്.
താരിഫ് വില നിശ്ചയിച്ചത് സർക്കാരാണ്. അതിന്റെ മാനദണ്ഡം ടൗണുകളുടെ വ്യാപാരസാധ്യതയാണ്. ടൗണുകൾ ഉണ്ടായത് സർക്കാരിന്റെ ഇപ്പോഴത്തെ വിവക്ഷ അനുസരിച്ച അനധികൃത നിർമാണങ്ങളിലൂടെയാണ്. ഉദാഹരണത്തിന്, കട്ടപ്പന ടൗണിൽ വ്യാപാരസാധ്യത വർധിച്ചതനുസരിച്ച് സെന്റിനു 10 ലക്ഷം രൂപ താരിഫ് വില ഉണ്ട്. സർക്കാർ പറയുന്നതുപോല അനധികൃത നിർമാണങ്ങൾ ഉണ്ടായതിനാലാണ് അതു സംഭവിച്ചത്. അതിന്റെ ഗുണം സർക്കാർ ഏറ്റെടുക്കുന്നത് വഞ്ചനയാണ്. ചട്ടമനുസരിച്ച് കെട്ടിടം നിലനില്ക്കുന്ന സ്ഥലവും കെട്ടിടം നിർമിക്കാതെ വ്യവസായത്തിനായി ഉപയോഗിക്കുന്ന തുറസായ സ്ഥലവും വ്യാപാരനിർമിതിയിൽ പെടും.
അതായത്, 20 സെന്റിലുള്ള കെട്ടിടത്തിന് 50 സെന്റ് മൈതാനമായോ വാഹന പാർക്കിംഗിനായോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതും വ്യാപാരനിർമതിയായി കണക്കാക്കും. അങ്ങനെ കണക്കാക്കുന്പോൾ 70 സെന്റിന്റെ താരിഫ് വിലയുടെ 50 ശതമാനം പിഴയടച്ചു വേണം നിർമാണം ക്രമവത്കരിക്കാൻ. സെന്റിനു പത്തു ലക്ഷം രൂപ വിലയുള്ള 70 സെന്റ് ഭൂമി ക്രമവത്കരിക്കണമെങ്കിൽ ഏഴുകോടി രൂപയുടെ 50 ശതമാനം മൂന്നര കോടി രൂപ അടയ്ക്കണം. 7-6-2024നു ശേഷം നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഭാവിയും ഇരുളടഞ്ഞതാണ്. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളും ക്രമീകരിക്കേണ്ടതാണെങ്കിൽ അപേക്ഷ വാങ്ങി ഫീസില്ലാതെ ക്രമവത്കരിക്കുമെന്നും ചട്ടത്തിൽ പറയുന്നു. ഇതിലെ യുക്തി ദുരൂഹമാണ്. 1964ലെ ചട്ടത്തിൽ വീടു വയ്ക്കാൻ അനുമതിയുണ്ടെന്നു പറയുന്ന സർക്കാർ 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പുമുള്ള വീട് വെറുതെ ക്രമവത്കരിക്കുമെന്നു പറയുന്നതിൽ യുക്തിരാഹിത്യമുണ്ട്. 1964ലെ ചട്ടത്തിൽ വീടിന്റെ വലിപ്പം പറഞ്ഞിട്ടില്ല.
സർക്കാരിനു ചാകര
വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരുവർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതു നീട്ടി നൽകുകയും ചെയ്യും. പരമാവധി എട്ടുമാസമാണ് ഈ സർക്കാരിനുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്നവരാണ് ഇതു കൈകാര്യം ചെയ്യേണ്ടത്. ഭേദഗതിയെ എതിർക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഈ ഭേദഗതി നടപ്പാക്കുമെന്നു വേണം അനുമാനിക്കാൻ. മറിച്ചൊന്ന് അവർ പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ സർക്കാരിനു ജനങ്ങൾ തുടർച്ച നൽകിയാൽ നയങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കാം.
ദുരന്തം വന്നുകയറി; ഭൂവുടമകൾ പുറത്തായി
1964ലെ ഭൂപതിവു ചട്ടം നിലവിലായതോടെ ദുരന്തവും വന്നു കയറി. 1964ലെ ഭൂപതിവു ചട്ടപ്രകാരം സർക്കാർ ഭൂമി (കൈവശഭൂമി) പതിച്ചു നൽകി അതിൽ ജീവിക്കുന്നവർ മുഴുവൻ ഇപ്പോൾ പടിക്കു പുറത്തായി. പുതിയ നിയമം പ്രാബല്യത്തിലായെന്നു സർക്കാർ പറയുന്ന 07-06-2024വരെയുള്ള മുഴുവൻ നിർമാണങ്ങളും ക്രമവത്കരിക്കേണ്ടി വന്നിരിക്കുന്നു.
വീടുകൾ ഉൾപ്പെടെ നിർമിച്ചിട്ടുള്ളവർ ക്രമപ്പെടുത്തി ലഭിക്കാൻ 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. വീടുവയ്ക്കാൻവേണ്ടി മാത്രം പതിച്ചു നൽകിയിരിക്കുന്ന ഭൂവുടമകൾ അപേക്ഷ നൽകേണ്ടതില്ല. വീടുവയ്ക്കാൻ മാത്രം ഭൂമി പതിച്ചു നൽകിയിരിക്കുന്നത് ഭൂരഹിതർക്കും ആദിവാസി ജനവിഭാഗങ്ങൾക്കുമാണ്. മറ്റുള്ളവർക്ക് കൃഷിക്കും വീടിനും ഭൂമിയുടെ ഗുണകരമായ ഉപയോഗത്തിനുമാണ് ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. അങ്ങനെയുള്ളവരുടെ വീടും ക്രമവത്കരിക്കണം. ഫീസ് ഇല്ല. 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണം. അതായത്, ഇന്നലെ വരെ ഇവിടെ ജീവിച്ചവർ എല്ലാം പുതിയ ജീവിതം തുടങ്ങണം. ക്രമപ്പെടുത്തൽ നിലവിൽ വരുന്നതോടെ ക്രമപ്പെടുത്താത്ത എല്ലാ നിർമിതികളും അനധികൃതമായി മാറും. ഇതോടെ അനധികൃത നിർമാണങ്ങൾ അതായത്, അനധികൃത നിർമാണങ്ങൾ നിലനിൽക്കുന്ന ഭൂമി ഉൾപ്പെടെ ക്രയവിക്രയം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാകും. പട്ടയമില്ലാത്ത ഭൂമിയിൽ അനധകൃതമായി കെട്ടിടമോ വീടോ നിർമിച്ചവർക്കു മാത്രമേ പ്രതിസന്ധി ഉള്ളൂ എന്ന തെറ്റായ ധാരണ ആളുകൾക്കിടയിലുണ്ടായിട്ടുണ്ട്. അത്തരം നിർമിതികളെക്കുറിച്ച് പുതിയ ചട്ടത്തിൽ പ്രതിപാദ്യമില്ല. പട്ടയമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലാണ് ഭേദഗതി നിയമം ബാധകമായിട്ടുള്ളത്.
പുതിയ പട്ടയക്കാർക്കും പണികിട്ടി
1964ലെ ചട്ടപ്രകാരം ഭൂമി ലഭിച്ചവർക്കായിരുന്നു ഇതുവരെ നിർമാണവിലക്ക് ഉണ്ടായിരുന്നത്. എന്നാൽ 7-6-24 മുതൽ 1993ലെ സ്പെഷൽ റൂൾ അനുസരിച്ചു (പുതിയ പട്ടയം) പതിച്ചു നൽകിയിട്ടുള്ള ഭൂമിക്കും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഭൂവിഷയം സങ്കീർണമാക്കപ്പെട്ടതോടെ ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളും പണയപ്പെടുത്തലുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. കെട്ടിടവും ഭൂമിയും ഈടുനൽകി ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പ എടുത്തിട്ടുള്ളവരുടെ വസ്തു ക്രമവത്കരിച്ചില്ലെങ്കിൽ മൂല്യം ഇല്ലാതാകും.