മാർ വള്ളോപ്പിള്ളിക്ക് അർഹിക്കുന്ന ആദരം
സി.കെ. കുര്യാച്ചൻ
Saturday, August 30, 2025 11:25 AM IST
രാജ്യത്താദ്യമായി ഒരു കത്തോലിക്കാ ബിഷപ്പിന് സർക്കാരിന്റെ സ്മാരകം ഉയർന്നിരിക്കുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്കാണ് കേരള സർക്കാർ മ്യൂസിയം ഒരുക്കി സ്മാരകം തീർത്തിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മലബാർ കുടിയേറ്റത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കു കൈമാറുന്നതിനുമായി തയാറാക്കിയ കുടിയേറ്റ മ്യൂസിയമാണ് ബിഷപ് വള്ളോപ്പിള്ളി സ്മാരകം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കുടിയേറ്റ പ്രദേശമായ ചെമ്പന്തൊട്ടിയിൽ കേരള പുരാവസ്തു വകുപ്പ് നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരകം കുടിയേറ്റ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ഇടവക ലഭ്യമാക്കിയ ഒരേക്കറിലാണ് 2.6 കോടി മുടക്കി സർക്കാർ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഐക്യകേരളത്തിന് ഊടും പാവും നെയ്യുന്നതിൽ നിർണായകമായിരുന്നു മലബാർ കുടിയേറ്റം. അതിസാഹസികമായി കുടിയേറ്റജനത മലബാറിനെ പുനർനിർമിച്ചു. നാനാജാതി മതസ്ഥരായ കുടിയേറ്റ ജനതയുടെ നേതാവും നായകനും ഉപദേശകനും ശുശ്രൂഷകനുമായി അവരോടൊപ്പം നിലകൊണ്ട മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എന്തുകൊണ്ടും ഇത്തരമൊരു സ്മാരകത്തിന് അർഹനാണ്. തലശേരി രൂപതതന്നെ ഈ കുടിയേറ്റത്തിന്റെ സദ്ഫലമാണ്.
മലബാറിന്റെ വികസനത്തിലും വളർച്ചയിലും തലശേരി അതിരൂപതയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. സർവരാലും ആദരിക്കപ്പെട്ടിരുന്ന മാർ വള്ളോപ്പിള്ളി കേരളത്തിലെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികൂടിയായിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.സി. ജോസഫാണ് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് മുൻകൈയെടുത്തത്. ഇപ്പോഴത്തെ എംഎൽഎ സജീവ് ജോസഫും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മ്യൂസിയം പൂർത്തിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.