മലബാർ കുടിയേറ്റത്തിന് സ്മാരകം
Saturday, August 30, 2025 1:56 AM IST
ഡോ. ജോഷി മാത്യു
(പുൽപള്ളി പഴശിരാജാ കോളജ് ചരിത്ര വിഭാഗം അസോ. പ്രഫസർ)
ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു മധ്യ തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് നടന്ന കാർഷിക കുടിയേറ്റം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1926 മുതൽ തിരുവിതാംകൂറിലെ പഴയ മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, വൈക്കം, ചെങ്ങനാശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ താലൂക്കുകളിലെ ചെറുകിട കർഷകർ കൃഷിഭൂമി തേടി ബ്രിട്ടീഷ് മലബാർ ജില്ലയിലെ ചിറക്കൽ, കോട്ടയം (വടക്കൻ മലബാർ) കുറുമ്പ്രനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട് തുടങ്ങിയ താലൂക്കുകളിലേക്കും കൂടാതെ മലബാറിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലേക്കും കർണാടകയിലെ കൂർഗ്, സൗത്ത് കാനറാ, ഷിമോഗ, തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിയേറി കൃഷി നടത്തി, സ്ഥിര താമസം തുടങ്ങിയ പ്രക്രിയയായിരുന്നു മലബാർ കുടിയേറ്റം എന്നത്.
മണ്ണാർക്കാട്, കുറ്റ്യാടി, പേരാവൂർ, ആലക്കോട്, പേരാമ്പ്ര, സുൽത്താൻ ബത്തേരി, പയ്യമ്പള്ളി, തരിയോട് തുടങ്ങിയവയായിരുന്നു മലബാറിലെ ആദ്യകാല കുടിയേറ്റകേന്ദ്രങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തോടെ (1939-1945) ശക്തിപ്രാപിച്ച കുടിയേറ്റം മലബാറിൽ ഭൂമിയുടെ ലഭ്യത കുറഞ്ഞതോടെ ഏതാണ്ട് 1975ൽ അവസാനിച്ചു. മലബാറിന്റെ വിവിധ മലയോരങ്ങളിലേക്ക് നാലു ലക്ഷത്തോളം ആളുകൾ ഈ കാലഘട്ടത്തിൽ കുടിയേറിയതായി കണക്കാക്കുന്നു. തിരുവിതാംകൂറിൽനിന്ന് കുടിയേറിയ കർഷകരിലധികവും സുറിയാനി ക്രിസ്ത്യാനികളും ഈഴവരും ആയിരുന്നു. ഇവരെ കൂടാതെ നായർ, മുസ്ലിം, ദളിത് വിഭാഗത്തിൽപ്പെട്ടവരും മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്.
കുടിയേറ്റത്തിന്റെ പശ്ചാത്തലം
മധ്യതിരുവിതാംകൂറിൽ പൊതുവേ കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഈഴവരും നേരിട്ട പ്രധാന പ്രശ്നം ജനസംഖ്യാ വർധനവും ഭൂമിയുടെ ലഭ്യതക്കുറവുമായിരുന്നു. പൊതുവെ തിരുവിതംകൂറിലെ സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളിൽ കൂടുതൽ അംഗസംഖ്യ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് കൃഷി ചെയ്യാൻ ആവശ്യത്തിന് ഭൂമി ഉണ്ടായിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തോടെ (1939-1945) തിരുവിതാംകൂറിൽ പട്ടിണിയും ക്ഷാമവും രൂക്ഷമായി മാറി. 1942ൽ ജപ്പാൻ, ബർമ പിടിച്ചെടുത്തതോടെ ബർമയിൽനിന്നുള്ള അരി ഇറക്കുമതി അവസാനിക്കുകയും ഇത് തിരുവിതാംകൂറിൽ വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമാകുകയും ചെയ്തു. അരിയുടെ വില ഇരട്ടിയിലധികമായി മാറിയതോടെ കർഷകർ നെൽകൃഷിക്ക് അനുയോജ്യമായ ഭൂമി തേടി കുടിയേറ്റത്തിന് തയാറായി.
തിരുവിതാംകൂർ ദിവാനായി സി.പി. രാമസ്വാമി അയ്യർ 1936ൽ നിയമിതനായത് സുറിയാനി ക്രിസ്ത്യാനികൾക്ക് വലിയ തിരിച്ചടിയായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി ക്രൈസ്തവർ വലിയ തോതിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത് ദിവാന്റെ എതിർപ്പ് വർധിക്കാൻ കാരണമായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. പള്ളികളും സെമിത്തേരികളും സ്ഥാപിക്കുന്നതിനും കർശന നിയമങ്ങൾ അദ്ദേഹം ഏർപ്പെടുത്തി. ക്രിസ്ത്യാനികളുടെ സാമ്പത്തിക അടിത്തറ തകർക്കാൻ പാലാ സെൻട്രൽ ബാങ്ക് അടച്ചു പൂട്ടി. ക്വയിലോൺ നാഷണൽ ബാങ്ക് 1938ൽ ലിക്വിഡേറ്റ് ചെയ്തത് തിരുവിതാംകൂർ കർഷകരെ കടക്കെണിയിലാക്കി. കടക്കെണിയിലായ കർഷകർക്ക് അന്ന് തിരുവിതാംകൂറിൽ മറ്റൊരു ജോലിസാധ്യതയും ഉണ്ടായിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈറേഞ്ചിലേക്ക് കർഷകർ നടത്തിയ കുടിയേറ്റം മലബാറിലേക്ക് കുടിയേറുന്നതിന് വലിയ പ്രചോദനമുണ്ടാക്കി. പാട്ട വിളംബരം 1865 പ്രഖ്യാപിച്ചതോടെ തിരുവിതാംകൂറിലെ പണ്ടാരവക ഭൂമിയിൽ കുടികിടപ്പുകാർക്ക് സ്ഥിരാവകാശം ലഭിച്ചു. പിന്നീട് ഈ ഭൂമി വിറ്റ് മലബാറിൽ ഭൂമി വാങ്ങാനാവശ്യമായ മൂലധനം കണ്ടെത്താൻ കുടിയേറ്റക്കാർക്ക് സഹായകരമായി.
തിരുവിതാംകൂർ കർഷകരുടെ മലബാറിലെ പ്രധാന ആകർഷണം ഇവിടത്തെ കൃഷിഭൂമിയുടെ ലഭ്യതയായിരുന്നു. മലബാറിലെ കൃഷിഭൂമിയിലധികവും സ്വകാര്യ വനമായി ജന്മിമാരുടെയും ദേവസ്വത്തിന്റെയും കൈവശമായിരുന്നു. 1945ലെ സർവേ അനുസരിച്ച് 3106 ചതുരശ്ര കിലോമീറ്റർ സ്വകാര്യവനം 116 ജന്മിമാരുടെയും ദേവസ്വത്തിന്റെയും കൈവശമാണെന്ന് തിട്ടപ്പെടുത്തിയിരുന്നു.
100 ഹെക്ടർ മുതൽ 40,000 ഹെക്ടർ വരെ ഭൂമി കൈവശം വച്ചിരുന്ന ജന്മിമാരായിരുന്നു ഇവർ. നെൽകൃഷി ഒഴികെ മറ്റ് കൃഷികളൊന്നും ചെയ്യാതെ വനമായി കിടന്നിരുന്ന ഈ ഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങളായിരുന്നു ഈ ജന്മിമാരുടെ പ്രധാന വരുമാനം.
ബ്രിട്ടിഷുകാരുടെ കപ്പൽ നിർമാണത്തിനും റെയിൽവേ നിർമാണത്തിനും മറ്റാവശ്യങ്ങൾക്കുമായി "കുറ്റിക്കാണം’ വ്യവസ്ഥയിൽ വൻകിട കമ്പനികളായിരുന്നു ജന്മിമാരിൽനിന്നു മരം വാങ്ങിയിരുന്നത്.
തിരുവിതാംകൂറിനെ അപേക്ഷിച്ച് മലബാറിൽ ഭൂമിക്ക് വില വളരെ കുറവായിരുന്നു. തിരുവിതാംകൂറിൽ 1941ൽ ഒരു ഏക്കർ ഭൂമിക്ക് 200 രൂപയായിരുന്നു വിലയെങ്കിൽ മലബാറിൽ 30 മുതൽ 40 രൂപ വരെ ആയിരുന്നു വില. ഇത് കൂടാതെ അംശം (വില്ലേജ് ) അധികാരിമാരുടെ കീഴിലുണ്ടായിരുന്ന റവന്യൂ ഭൂമിയിൽ നിശ്ചിത തുക പാട്ടം നൽകിയും കുടിയേറ്റക്കാർ കൃഷിനടത്തിയിരുന്നു.
"മറുപാട്ട' വ്യവസ്ഥ
മലബാറിൽ എത്തിച്ചേർന്ന ഭൂരിഭാഗം കർഷകരും "മറുപാട്ട' വ്യവസ്ഥയിലാണ് ജന്മിമാരിൽനിന്നു ഭൂമി വാങ്ങിയിരുന്നത്. ഒരു ഏക്കർ പാട്ട ഭൂമിക്ക് 20 മുതൽ 50 വരെ "മാനുഷം’ എന്ന പേരിൽ ഭൂമിവില നൽകിയായിരുന്നു കർഷകർ ഭൂമി പാട്ടത്തിന് വാങ്ങിയിരുന്നത്. കൂടാതെ കരഭൂമിക്ക് ഏക്കറിന് 2.5 രൂപ പാട്ടവും വയലിന് ഏക്കറിന് ഒന്നു മുതൽ മൂന്നു പൊതി നെല്ലും (1 പൊതി 25 കിലോ) വർഷം തോറും പാട്ടം നൽകിയാണ് കൃഷി ചെയ്തിരുന്നത്.
ഇങ്ങനെ ലഭിച്ച പാട്ടഭൂമിയിൽ കരനെല്ലും കപ്പയുമായിരുന്നു ആദ്യം കൃഷി ചെയ്തിരുന്നത്. കൂടാതെ കുരുമുളക്, ഇഞ്ചി, വാഴ, ചേന, ചേമ്പ് തുടങ്ങി എല്ലാ കൃഷികളും മലബാറിൽ വ്യാപകമായി കുടിയേറ്റക്കാർ കൃഷി ചെയ്തു.
കാത്തിരുന്നത് ദുരിതവും ചൂഷണവും
വിവരണാതീതമായ ദുരിതങ്ങളും ദുരന്തങ്ങളുമായിരുന്നു മലബാറിൽ ആദ്യകാല കുടിയേറ്റക്കാരെ കാത്തിരുന്നത്. കുടിയേറ്റ ജനതയുടെ ആദ്യകാല കൃഷികളായ കപ്പയും നെല്ലും കാട്ടുപന്നിയും ആനകളും പൂർണമായും നശിപ്പിച്ചിരുന്നു. കാട്ടുപോത്ത്, മാൻ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ഇത്തരത്തിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വിശപ്പടക്കാനുള്ള വകപോലും കിട്ടാതെ കാട്ടുകിഴങ്ങും ഇല്ലിയുടെ കൂമ്പും കാട്ടുപച്ചില വേവിച്ചതും കഴിച്ചാണ് ഇവർ പലപ്പോഴും ജീവൻ നിലനിർത്തിയിരുന്നത്. മലബാറിൽ കഞ്ഞിവയ്ക്കാൻ അരി ലഭിക്കാത്തതിനാൽ ഉണ്ടായിരുന്ന അല്പം അരി തുണിയിൽ കിഴി കെട്ടി ചൂടുവെള്ളത്തിൽ ഇട്ട് ആ കഞ്ഞി വെള്ളം കുടിച്ചു പലദിവസങ്ങളിലും വിശപ്പടക്കിയ കുടിയേറ്റക്കാർ ധാരാളമുണ്ടായിരുന്നു.
മലമ്പനി
മലബാറിന്റെ മലയോര മേഖലയിൽ വ്യാപകമായിരുന്ന മലമ്പനിയായിരുന്നു കുടിയേറ്റക്കാർ നേരിട്ട ഏറ്റവും വലിയ ദുരന്തം. ഒരു കുടുംബത്തിൽ തന്നെ എട്ടു മുതൽ 14 പേർ വരെ മലമ്പനി പിടിച്ചു മരിച്ച ധാരാളം സംഭവങ്ങളുണ്ടായിരുന്നു. മലബാറിലെ വിവിധ പള്ളികളിലെ മരണ രജിസ്റ്റർ പരിശോധിച്ചതിൽ 5000ൽ അധികം പേർ മലമ്പനി ബാധിച്ച് ഈ കാലയളവിൽ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴും മരിച്ചവരുടെ മൃതദേഹം പള്ളിയിൽ എത്തിക്കാൻ ആളില്ലാതെ വീടിനോട് ചേർന്ന് പറമ്പിൽതന്നെയാണ് മറവ് ചെയ്തിരുന്നത്. ചില പള്ളികളിൽ മലമ്പനി ബാധിച്ചു മരിച്ച എട്ടു മുതൽ 10 വരെ കുട്ടികളടക്കമുള്ളവരെ ഒരേ ദിവസം സെമിത്തേരിയിൽ അടക്കിയതായി കാണാം.
മദ്രാസിലെ ചീഫ് മെഡിസിൻ ഓഫീസറായിരുന്ന ഡോ. ആർ.എം. മാത്യുവിന്റെ നിർദേശമനുസരിച്ച് കുടിയേറ്റ മേഖലകളിൽ 1947 മുതൽ ഡിഡിടി തളിക്കാനും മിഷണറി വൈദികരുടെ നേതൃത്വത്തിൽ ക്വയിനാ ഗുളിക വിതരണം ചെയ്യാനും തുടങ്ങിയതോടെയാണ് മലമ്പനിക്ക് ശമനം വന്നത്.
ലാറ്റിൻ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ വളരുന്ന നിങ്കോണ മരത്തിന്റെ തൊലി സംസ്കരിച്ചെടുക്കുന്ന ക്വയിനാ ഗുളികയും പൊടിയും മലമ്പനിക്കു പ്രതിവിധിയായി ഈശോസഭാ വൈദികർ 17-ാം നൂറ്റാണ്ടിൽതന്നെ ഉപയോഗിച്ചിരുന്നു. പെറുവിലെ ഗോത്രജനതയാണ് സിങ്കോണയുടെ ഈ ഉപയോഗം അവരെ പഠിപ്പിച്ചത്.
കോഴിക്കോട് ബിഷപ്പായിരുന്ന ആൾദോ മരിയ പത്രോണി എസ്ജെയുടെ നിർദേശപ്രകാരം ഇറ്റലിക്കാരായ ഈശോസഭാ വൈദികർതന്നെയാണ് കുടിയേറ്റ മേഖലകളിൽ ഈ ഗുളിക വിതരണം ചെയ്തിരുന്നതും കുടിയേറ്റക്കാരായ അനേകമാളുകളെ മരണവക്ത്രത്തിൽനിന്നു രക്ഷിച്ചതും.
സിങ്കോണ മരത്തിന്റെ തൊലിക്ക് ഒരുകാലത്ത് ജെസ്യൂട്ട് ബാർക്ക് ( Jesuit's bark) എന്നായിരുന്നു പേര്. എങ്കിലും 1955 വരെ മലബാറിൽ മലമ്പനി ഉണ്ടായിരുന്നു. ഇതുകൂടാതെ മലബാറിലെ "ആറാം നമ്പർ മഴ’ എന്നറിയപ്പെടുന്ന തോരാത്ത മഴയും അതികഠിനമായ ശൈത്യവും ധാരാളം കുഞ്ഞുങ്ങളുടെ ആരോഗ്യം ക്ഷയിപ്പിച്ചു, ഇതേ തുടന്ന് നിരവധി കുഞ്ഞുങ്ങൾ മരണത്തിനു കിഴടങ്ങി.
സാമ്പത്തിക പ്രതിസന്ധികളിലായിരുന്ന കുടിയേറ്റക്കാർ ജന്മിമാരുടെയും പലിശക്കാരുടെയും കടുത്ത ചൂഷണത്തിന് വിധേയരായവരായിരുന്നു. വിലമുറി, പൊതിമുറി, ആലച്ചീട്ട്, പണപ്പയറ്റ് തുടങ്ങി നിരവധി രീതിയിൽ കർഷകരെ ചൂഷണം ചെയ്തു. കൃഷി ഭൂമിയും എരുമകളെയും പണയപ്പെടുത്തി 350 രൂപ കൈപ്പറ്റിയതായി മുദ്രപത്രത്തിൽ എഴുതിക്കൊടുക്കുന്ന കുടിയേറ്റ കർഷകന് കച്ചവടക്കാരിൽനിന്നു കിട്ടിയിരുന്നത് 150 രൂപയുടെ സാധനങ്ങളായിരുന്നു.
വിളവെടുക്കുമ്പോൾ 100 രൂപ കിട്ടുമായിരുന്ന കുരുമുളകിന് തുലാം മാസത്തിൽ 15 രൂപയ്ക്ക് വിലമുറിച്ചിരുന്ന കടുത്ത ചൂഷണത്തിലൂടെയാണ് കുടിയേറ്റക്കാർ കടന്നുപോയിരുന്നത്.
കാർഷിക മുന്നേറ്റം
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലബാറിന്റെ കർഷിക സമൃദ്ധിക്കും സമഗ്രവികസനത്തിനും കാരണമായത് കാർഷിക കുടിയേറ്റമായിരുന്നു. കാടുപിടിച്ചുകിടന്ന മലബാറിന്റെ മലയോരങ്ങളിൽ പുതിയ കാർഷികവിളകളുടെയും നാണ്യവിളകളുടെയും വ്യാപകമായ കൃഷിക്ക് കുടിയേറ്റ കർഷകർ നാന്ദികുറിച്ചു. കുടിയേറ്റക്കാർ തുടങ്ങിയ മരച്ചീനികൃഷി മലബാറിന്റെ മലയോരങ്ങളിലെ പട്ടിണി മാറുന്നതിൽ വലിയ പങ്കു വഹിച്ചു.
1930-31 കാലഘട്ടത്തിൽ വയനാട്ടിലെ നെൽകൃഷി 16,010 ഹെക്ടറിൽ നിന്ന് 1970-71 ആയപ്പോൾ 24,275 ഹെക്ടറായി. കുരുമുളക്, കാപ്പി, റബർ, ഏലം, ഇഞ്ചി, അടക്ക തുടങ്ങിയ നാണ്യവിളകളുടെ വലിയ ഉത്പാദനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് കുടിയേറ്റക്കാർ കേരളത്തിന് നേടിക്കൊടുത്തു.
കുടിയേറ്റക്കാർ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നതിനാൽ കുടിയേറ്റക്കാർ അധികം താമസിയാതെതന്നെ താത്കാലിക ഷെഡ്ഡുകൾ നിർമിച്ച് പള്ളിയും പള്ളിക്കൂടങ്ങളും ആരംഭിച്ചു. "പള്ളിയോടൊപ്പം പള്ളിക്കൂടം' എന്ന ആശയം ഉൾക്കൊണ്ട കുടിയേറ്റ കർഷകർ സർക്കാരിന്റെയോ മറ്റേതെങ്കിലും ഏജൻസിയുടെയോ സഹായത്തിനു കാത്തുനിൽക്കാതെ സ്വന്തമായി വിഭവങ്ങൾ സമാഹരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
"സ്കൂൾ കമ്മിറ്റികൾ' രൂപീകരിച്ച് 1940കളിൽതന്നെ സ്കൂളുകൾ ആരംഭിച്ചു. മാസക്കൂട്ടം, പിടിയരി, ബെസ്പുർക്കാന ചിട്ടി, ആഴ്ചപ്പിരിവ്, പൊതുപണി, വീതപ്പിരിവ്, ഉത്പന്നപ്പിരിവ്, കൂട്ടുകൃഷി തുടങ്ങിയ നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ഇവർ സ്കൂളുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കി. ആദ്യം എലിമെന്ററി സ്കൂളും പിന്നീട് ലോവർ എലിമെന്ററി സ്കൂളും ഹൈസ്കൂളും കോളജുകളും കുടിയേറ്റക്കാർ നിർമിച്ചു.
ഇന്ന് കുടിയേറ്റ ജനതയുടേതായി 553 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും 600ൽ കൂടുതൽ അൺ എയ്ഡഡ് സ്ഥാപനങ്ങളും മലബാറിലുണ്ട്.
കൈകോർത്ത് കരകയറി...
മലബാറിലെ ഓരോ കുടിയേറ്റ മേഖലയിലും പ്രാദേശിക വികസനത്തിനായി വികസന സമിതികൾ രൂപീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതു കുടിയേറ്റ ജനതയായിരുന്നു.
പള്ളികളുടെ നേതൃത്വത്തിൽ റോഡ് നിർമിച്ചിരുന്ന കമ്മിറ്റികളിൽ ക്രിസ്ത്യാനികൾ മാത്രമല്ല ഈഴവരടക്കമുള്ള എല്ലാ വിഭാഗം കുടിയേറ്റക്കാരും സജീവമായി പങ്കെ ടുത്തു. ഓരോ പ്രദേശത്തിന്റെയും റോഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 മുതൽ 200വരെ കുടിയേറ്റക്കാർ ദിവസവും 400 മുതൽ 500 മീറ്റർ വരെ റോഡ് നിർമിച്ചിരുന്നു. വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 10 മുതൽ 15 കിലോമീറ്റർ വരെയുള്ള റോഡുകൾ കുടിയേറ്റ ഗ്രാമങ്ങളിൽ ധാരാളമായി നിർമിച്ചിരുന്നു.
ചികിത്സാ സൗകര്യമില്ലാതെ നൂറുകണക്കിന് കുടിയേറ്റക്കാർ മരിച്ച മലബാറിലെ വിവിധ കേന്ദ്രങ്ങളിൽ ആശുപത്രികളും മെഡിക്കൽ ക്ലിനിക്കുകളും ഇവർ സ്ഥാപിച്ചു. പള്ളികളും സന്യാസ സമൂഹങ്ങളും ഈ ആശുപത്രികൾക്ക് നേതൃത്വം നൽകി. കുടിയേറ്റക്കാർ മുൻകൈയെടുത്തു ബാങ്കുകൾ അടക്കം നിരവധി സഹകരണ സ്ഥാപനങ്ങൾ മലബാറിൽ ആരംഭിച്ചു. വിവിധ കുടിയേറ്റ കേന്ദ്രങ്ങളിലായി ഇരുനൂറോളം സഹകരണ ബാങ്കുകൾ ഇവർ ആരംഭിച്ചു. കൂടാതെ മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റികളും കാർഷിക സഹകരണ സംഘങ്ങളും ധാരാളമായി തുടങ്ങി.
പശ്ചിമഘട്ടത്തിന്റെ മലയോരമേഖലയിൽ വൈദ്യുതി എത്തിക്കുന്നതിനും ടെലിഫോൺ എക്സ്ചെയ്ഞ്ചുകളും പോസ്റ്റോഫീസുകളും സ്ഥാപിക്കുന്നതിനും ഇവർ മുന്നിൽനിന്നു. സർക്കാർ സ്ഥാപന ങ്ങൾക്കായി ഇടവകപ്പള്ളികളും തന്നെ സ്ഥലം സൗജന്യമായി നൽകി.
ഓരോ കുടിയേറ്റ കേന്ദ്രത്തിലും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളും ലൈബ്രറികളും നാടകസമിതികളും സിനിമാതിയേറ്ററുകളും സ്ഥാപിച്ച കുടിയേറ്റ ജനത സാംസ്കാരിക മേഖലയിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
ആദിവാസി മേഖലയിലെ മാറ്റങ്ങൾ
മലബാറിൽ ജന്മിമാരുടെ കീഴിൽ അടിമസമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയിരുന്ന ആദിവാസി വിഭാഗങ്ങളെ സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കും കൊണ്ടുവരുന്നതിന് കുടിയേറ്റ ജനത ചെറുതല്ലാത്ത പങ്ക് വഹിച്ചു.
മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 1974ൽ ആദിവാസി മേഖലയായ തിരുനെല്ലിയിൽ ആരംഭിച്ച ട്രൈബൽ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സെന്റർ നടത്തിയ (TCDC) സാക്ഷരതാപ്രവർത്തനങ്ങളും തൊഴിൽപരിശീലനവും വടക്കേവയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് കാരണമായി. മലബാർകുടിയേറ്റത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം കുടിയേറ്റ ജനതയ്ക്ക് നൽകാവുന്ന ഏറ്റവും വിലയേറിയ ആദരവുകളിൽ ഒന്നാണ്.