നികുതിഭാരം കുറയ്ക്കലല്ല; ട്രംപിന് വഴി വെട്ടുകയാണ്
കെ.എൻ. ബാലഗോപാൽ (ധനമന്ത്രി)
Thursday, August 28, 2025 10:33 PM IST
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്ത്താനാണ് കേന്ദ്രം നിര്ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.