അയ്യൻകാളി ഒരോർമക്കുറിപ്പ്
മാത്യു ആന്റണി
Thursday, August 28, 2025 1:27 AM IST
ഇന്ന് അയ്യൻകാളി ജന്മദിനം. ജാതി ഉച്ചനീചത്വങ്ങൾക്കെതിരേയും അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച സമരപോരാളിയായിരുന്നു അയ്യൻകാളി. അയ്യൻകാളിയെക്കുറിച്ച്, ദീർഘകാലം ദീപിക പത്രാധിപസമിതിയംഗമായിരുന്ന, കേരളത്തിലെ പൗരാവകാശ സാമൂഹ്യനീതിയുടെ ചരിത്രത്തിലെ ഉജ്വലമായൊരു അധ്യായം വിരചിച്ച എം.എം. വർക്കിയുടെ ആത്മകഥയിൽ (ഓർമ്മകളിലൂടെ, 1974) എഴുതിച്ചേർത്തിട്ടുണ്ട്. സവിശേഷമായൊരു ചരിത്രസന്ദർഭത്തിലാണ് അയ്യൻകാളിയും എം.എം. വർക്കിയും കണ്ടുമുട്ടുന്നത്. ആ സന്ദർഭം വളരെ വിശദമായി അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂർ സെക്രട്ടേറിയറ്റ് ആയിരുന്ന ഹജൂർ കച്ചേരിയുടെ അക്കൗണ്ടാഫീസിൽ നടന്ന ഒരു ജാതിപീഡനമായിരുന്നു ആ കണ്ടുമുട്ടലിനും സൗഹൃദത്തിനും വഴിതെളിച്ചത്. അവിടെ കെ. ജോർജ് എന്നൊരാൾ അക്കൗണ്ടാഫീസറും കെ. നീലകണ്ഠപ്പിള്ള, വെങ്കിട്ട രമണയ്യർ, കെ.എം. മാത്തൻ, കൃഷ്ണസ്വാമി അയ്യർ, ഡാനിയൽ എന്നിവർ അസിസ്റ്റന്റ് അക്കൗണ്ടാഫീസർമാരുമായിരുന്നു. കെ. ജോർജും നീലകണ്ഠപ്പിള്ളയും അവധിയിലും മാത്തൻ ഔട്ട് ഓഡിറ്റ് സംബന്ധിച്ചു സർക്കീട്ടിനും പോയ അവസരത്തിൽ സീനിയോരിറ്റി പ്രകാരം വെങ്കിട്ട രമണയ്യർ ചീഫ് ഓഫീസറും കൃഷ്ണസ്വാമി അയ്യർ സീനിയർ ഓഫീസറുമായി. ചീഫ് ഓഫീസറുടെ പങ്കവലിയുടെ ചുമതല പ്യൂണായ (അക്കാലത്ത് ഓഫീസുകളിൽ വൈദ്യുതിയോ ഫാനോ ഇല്ലായിരുന്നു. മുറിക്കു പുറത്തേക്കിട്ടിരുന്ന ഒരു കപ്പിയും ചരടും മുഖേന പുറത്തിരുന്ന് ഒരു പ്യൂൺ ഓഫീസ് സമയത്തു മാത്രം പങ്ക വലിക്കുകയായിരുന്നു പതിവ്) ഗോപാലൻ എന്നൊരു ഈഴവനായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞാണ് തനിക്ക് പങ്കവലിക്കുന്നത് തീണ്ടൽ ജാതിക്കാരനായ ഒരു ഈഴവനാണെന്നു വെങ്കിട്ട രമണയ്യർ അറിഞ്ഞത്. അയ്യർക്ക് കലിയിളകി ചാടിയെണീറ്റ് ബഹളമുണ്ടാക്കുകയും പല ഭാഷകളിലായി ശകാരവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് അടുത്ത മുറികളിലായി ഉണ്ടായിരുന്നവർ ഓടിക്കൂടി വിവരം തിരക്കിയപ്പോൾ തീണ്ടൽ ജാതിക്കാരനായ ഈഴവൻ തന്റെ പങ്ക വലിച്ച് മുറി അശുദ്ധവായുകൊണ്ടു നിറച്ചു എന്നാണ് മറുപടി പറഞ്ഞത്. ആ ഈഴവനെ മാറ്റി സവർണഹിന്ദു പ്യൂണിനെ തത്സ്ഥാനത്ത് നിയോഗിച്ചു. ഗോപാലനെ മാറ്റി ബ്രാഹ്മണനായ കൃഷ്ണസ്വാമിയുടെ പങ്കവലി ഏല്പിച്ചു. തുടർന്ന് ഗോപാലൻ ഡാനിയേലിന്റെ പങ്കവലി പ്യൂണായി നിയമിക്കപ്പെടുകയും ഒരു കുഴപ്പവും കൂടാതെ കൃത്യങ്ങൾ മുന്നോട്ടു പോവുകയും ചെയ്തു.
വർക്കിയുടെ കേരളദാസൻ മുഖപ്രസംഗം
എം.എം. വർക്കി കേരളദാസൻ പത്രം നടത്തുകയായിരുന്നു. 1924 ഡിസംബർ 13ന്റെ കേരളദാസനിൽ ‘അക്കൗണ്ടാഫീസിൽ ഈഴവനെ പന്തുതട്ടുന്നു, ജാതിയുടെ പേരിൽ’ എന്നൊരു റിപ്പോർട്ടും ‘അക്കൗണ്ടാഫീസിലെ കല്പാത്തി’ എന്നൊരു മുഖപ്രസംഗവും പ്രസിദ്ധീകരിക്കപ്പെട്ടു. ബ്രാഹ്മണ ഓഫീസർമാരുടെ നടപടിയെ കഠിനമായി വിമർശിച്ചും നടപടി എടക്കണമെന്നു ഗവൺമെന്റിനോട് ആവശ്യപ്പെട്ടുമുള്ളതായിരുന്നു വർക്കിയുടെ കേരളദാസൻ മുഖപ്രസംഗം. ഡാനിയേൽ ഒരു ക്രിസ്ത്യാനിയായതുകൊണ്ട് ഈഴവൻ പങ്കവലിക്കുന്നതിൽ യാതൊരു ഭ്രഷ്ടും തോന്നാതെ അയാളെ അനുവദിച്ചു. അങ്ങനെ ഒരീഴവൻ മൂന്നുതവണ സവർണരുടെ തട്ടുകൊണ്ട് കരണംമറിഞ്ഞ് ഒരു ക്രിസ്ത്യാനിയുടെ പക്കൽ വന്ന് അഭയം പ്രാപിച്ചിരിക്കുന്നു എന്ന് മുഖപ്രസംഗത്തിൽ എഴുതി (ഈ സംഭവത്തെക്കുറിച്ചുള്ള കേരള സംസ്ഥാന പുരാവസ്തു രേഖാലയത്തിലെ രേഖകൾ അടിസ്ഥാനമാക്കി ചെറായി രാമദാസ് എഴുതിയിട്ടുണ്ട്, സഹോദരൻ 2023 ഏപ്രിൽ).
ഡിസംബർ അവസാനവാരങ്ങളിൽ കേരളദാസൻ ഓഫീസിൽ ഒരാൾ കയറിവന്നു. അതേക്കുറിച്ച് എം.എം. വർക്കി എഴുതുന്നു: “ആൾ കാഴ്ചയിൽ ഒരു ഉദ്ദണ്ഡൻ. ആറ് ആറരയടി പൊക്കം വരും. അതിനടുത്ത വണ്ണവും. ഒരു വളവും പുളവുമില്ലാത്ത ശരീരം. ഇരുനിറം. കറുത്ത തുണികൊണ്ടുള്ളതും മുട്ടുവരെ കിടക്കുന്നതുമായ ഒരു ലോംഗ് കോട്ട്, ഒരു തലപ്പാവ്, നല്ല വെളുത്ത കരയൻമുണ്ട് ഇതാണു വേഷം. ഏതോ വലിയ മനുഷ്യനായിരിക്കുമെന്ന് ഒറ്റ നോട്ടത്തിൽതന്നെ തോന്നി. പടികയറി വരുന്നതു കണ്ടു ഞാൻ മുറിയിൽനിന്നിറങ്ങി പുറത്തു വരാന്തയിലേക്കു ചെന്നു. വന്ന ആൾ മുറ്റത്തു വന്നു നില്പായി. കയറി വരാം എന്നു പറഞ്ഞിട്ടും ആൾ അനങ്ങുന്നില്ല. നിന്ന നില്പിൽ ഒരു വിസിറ്റിംഗ് കാർഡ് എന്റെ നേരേ നീട്ടി. ‘അയ്യന്കാളി, പുലയ മഹാജനസഭാ പ്രസിഡന്റ്’ എന്ന് ഒരു തകിടിൽ അച്ചടിച്ചതായിരുന്നു ആ കാർഡ്. ഞാൻ കാർഡ് വാങ്ങി നോക്കിയിട്ട് കയറി വരാം എന്നു വീണ്ടും പറഞ്ഞു. “ഇവിടെത്തന്നെ നിന്നുകൊള്ളാം, കാർഡ് മടക്കിത്തന്നാൽ ഉപകാരമായി” എന്നായിരുന്നു ഉത്തരം. കാർഡ് തിരികെ കൊടുത്തിട്ട്, വന്നത് എന്തിനാണെന്നും മറ്റും ചോദിക്കാതെ, ഞാൻ മുറ്റത്തേക്കിറങ്ങി, അദ്ദേഹത്തിന്റെ കൈയിൽ കയറിപ്പിടിച്ച്, വലിച്ചെന്നു തന്നെ പറയാം. ആളെ വരാന്തയിൽ കയറ്റി. വരാന്തയിൽ ഏതാനും ചാരുകസേരകളും രണ്ടു ചൂരൽകസേരകളും കിടപ്പുണ്ടായിരുന്നു. അകത്തേ മുറിയിൽ കുറേ അതിഥികളിരുപ്പുണ്ടായിണ്ടായിരുന്നു. എന്റെ പിടിവലി കണ്ട് അവർ എഴുന്നേറ്റു പുറത്തേക്കു വന്നു. വരാന്തയിൽ കയറി, ശ്രീ അയ്യന്കാളിയോട് ഒരു ചാരുകസേരയിൽ ഇരിക്കാൻ വീണ്ടും ഞാൻ പറഞ്ഞു. എന്തു ചെയ്താലും ഇരിക്കയില്ല. “നിങ്ങൾ ഇരിക്കാതെ നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ ഞാൻ തയാറില്ല. നിങ്ങൾ ഇരിക്കാതെ നിങ്ങളെ ഇവിടെനിന്നു ഒട്ടു വിടുകയുമില്ല” -എന്നു ഞാൻ പറഞ്ഞു.
അന്നു വർക്കിക്ക് കഷ്ടിച്ച് 24 വയസു പ്രായം കാണും. ക്ഷമ വളരെ കുറവുള്ള പ്രകൃതം. ഏതുതരം അക്രമങ്ങളോടും അടക്കാൻ സാധിക്കാത്ത വൈരാഗ്യവും എതിർപ്പും. അയ്യന്കാളിയുടെ അടിമത്ത മനഃസ്ഥിതി അതു നിരന്തരമായ ജാതിശല്യം കൊണ്ടുണ്ടായതാണെന്നു വരികിലും വർക്കിയുടെ രക്തം തിളപ്പിക്കുകതന്നെ ചെയ്തു. വർക്കി ഒരു തട്ടിക്കയറ്റംതന്നെ നടത്തി. ഒരുവിധത്തിൽ അദ്ദേഹം കസേരയിൽ ഇരുന്നു ഇരുന്നില്ലായെന്നു വരുത്തി. വർക്കി അദ്ദേഹത്തെ ശരിക്കു പിടിച്ചിരുത്തി, സംസാരം തുടങ്ങി. അപ്പോഴാണ്, എവിടെച്ചെന്നാലും ഇരിക്കാതെ കഴിച്ചു കൂട്ടുകയാണ് അദ്ദേഹത്തിന്റെ പതിവെന്നു മനസിലായത്.
വന്ന കാര്യം...
ഒടുവിൽ, വന്നകാര്യം ചോദിച്ചപ്പോൾ ‘കേരളദാസൻ’ പത്രം ഒരു ലക്കം കാണാനിടയായെന്നും അതിൽ ഈഴവനെ പന്തുതട്ടുന്ന റിപ്പോർട്ടും, അതിനെ ആധാരമാക്കിയുള്ള മുഖപ്രസംഗവും വായിച്ചെന്നും അതിലുള്ള സന്തോഷംകൊണ്ട്, തങ്ങൾക്ക് ഒരു സഹായി ഉണ്ടല്ലോ എന്ന കൃതാർഥത പ്രകടിപ്പിക്കാനാണു വന്നതെന്നും പറഞ്ഞു. പിന്നീടു ഞങ്ങൾ വളരെനേരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. അതിനിടയ്ക്കു ഞങ്ങൾ ചായയും ഒരുമിച്ചുതന്നെ കഴിച്ചു. എപ്പോൾ, എന്തൊരു സഹായത്തിനും ദാസൻ ഓഫീസിൽ വരാമെന്നും ഇവിടെ താമസിക്കുന്നതിനു വിരോധമില്ലെന്നും എം.എം. വർക്കി പറഞ്ഞു.
ആദ്യ കൂടിക്കാഴ്ച അത്യന്തം വികാരവായ്പോടെയാണ് അവസാനിച്ചത്. വർക്കി തുടർന്ന് എഴുതുന്നു: “യാത്രപറഞ്ഞു പിരിയുമ്പോൾ, ശാന്തതയുടെ കണ്ണാടിയായിരുന്ന ആ മുഖം അൽപം വാടുകയും കണ്ണു നിറയുകയും ചെയ്തു”. പിന്നീട് അദ്ദേഹം തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ദാസൻ ഓഫീസിൽ എത്തി എം.എം. വർക്കിയെ കാണാറുണ്ടായിരുന്നു. അയ്യൻകാളിക്കുവേണ്ടി പല ഹർജികളും കത്തുകളും വർക്കി എഴുതിക്കൊടുത്തിട്ടുണ്ട്. നിവർത്തന പ്രക്ഷോഭം മൂർച്ചപ്പെടുന്നതുവരെ ഈ ബന്ധം തുടർന്നുപോന്നുവെന്നും അതിനുശേഷം തമ്മിൽ കണ്ടിട്ടില്ലെന്നും എഴുതിയാണ് അയ്യൻകാളിയെക്കുറിച്ചുള്ള ഓർമകൾ എം.എം. വർക്കി അവസാനിപ്പിക്കുന്നത്.