വിനയം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, August 27, 2025 12:22 AM IST
ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു കവിയുടെ ചിത കത്തിത്തീരുന്നതു കണ്ടിട്ടുള്ളൂ; ഡി. വിനയചന്ദ്രന്റെ. മലയാളത്തിന്റെ മറ്റൊരു നിളയായ കല്ലടയാറിന്റെ തീരത്ത്. ഗഗനശ്യാമയായ കല്ലടയാർ ഇവനെക്കൂടി സ്വീകരിക്കാൻ കുതിർന്ന ജലവിരലുകളുയർത്തി കാത്തിരുന്നു. വീട്ടിലേക്കുള്ള വഴിയറിയാതെ നടന്നവൻ ഒടുവിൽ അമ്മയില്ലാത്ത വീട്ടിലേക്കുതന്നെ മടങ്ങിയെത്തിയിരിക്കുന്നു.
പാരാകെ വെയിൽ പെയ്തുനിൽക്കേ, അനന്ത ദേശാടനങ്ങൾ കഴിഞ്ഞ് അടുത്ത യാത്രയ്ക്ക് ചുട്ടികുത്താനെന്നവണ്ണം അവൻ പിറന്ന മണ്ണിൽ കിടന്നു. ആ മുഖത്ത് കാടിന്റെ കരിംപച്ച അരച്ചുചേർത്തു. മൗനത്തിലാഴ്ന്ന വിനയവൈഖരിയിൽ എള്ളും പൂവുമിട്ടു. സാന്ധ്യപ്രഭയാർന്ന ഇഴകൾചേർത്തു തുന്നിയ കോടിയിട്ടു. തപോവനം കയറിയ പെരുവിരൽത്തുമ്പുകളുടെ കെട്ടഴിച്ചു. ഒറ്റവാക്കിന്റെ വിശുദ്ധമാം പ്രാർഥനപോലെ അഗ്നി കുറുകുന്നത് ഞാൻ കേട്ടു. ഒരു കുരുവി അവന്റെ ഹൃദയവും കൊത്തി കല്ലടയാർ നീന്തിക്കടക്കുന്നത് ഞാൻ കണ്ടു. പിന്നവിടെ നിൽക്കാനായില്ല. വല്ലാത്ത സങ്കടം. ഞാൻ ഉപരികുന്നിലേക്കു നടന്നു.
എന്റെ അധ്യാപകനായിരുന്നില്ല വിനയചന്ദ്രൻ മാഷ്. പക്ഷേ, എന്റെ മൗഢ്യങ്ങൾക്കുമേലേ പൂർണചന്ദ്രോദയംപോലെ അദ്ദേഹം പ്രകാശിച്ചുനിന്നിരുന്നു. ഞാനദ്ദേഹത്തിനു മുന്നിൽ ഒരു ‘അപ്പുക്കിളി’യായിരുന്നു. ബോധാബോധങ്ങൾക്കിടയിൽ വഴുതിവീണുപോയ ഒരു കിളി. അപ്പോൾ വിനയചന്ദ്രൻ മാഷ് ഖസാക്കിലെ മാധവൻ നായരെപ്പോലെ പറയും, “ഒരക്ഷരം പഠിച്ചാൽ മതി, അധികം പഠിക്കേണ്ട” എന്ന്. നരകം ഒരു പ്രേമകവിത എഴുതിയത് ഏതക്ഷരം കൊണ്ടാണെന്ന് മാഷിനോട് ഞാൻ ചോദിച്ചിട്ടുണ്ട്. “ബോധിസത്വനെപ്പോലെ ഒരു വാക്ക് ആദിമ ജലധിയിൽനിന്ന് പിറവികൊള്ളണം. അനന്തതയാണ് അതിന് മുലചുരത്തുന്നത്. മഹാപ്രളയം അതിനെ സ്നാനപ്പെടുത്തുന്നു. കൊടുങ്കാറ്റ് അതിനെ തുവർത്തുന്നു. ചക്രവാളം അതിനെ ചെമ്പട്ടുടുപ്പിക്കുന്നു. നാവിന്മേൽ സൂര്യരശ്മികൾ ആദ്യാക്ഷരം കുറിക്കുന്നു. അതാണെന്റെ വാക്ക്.” പ്രണയഭംഗങ്ങളെയും അപാരലജ്ജകളെയും അഹമഹമികയാ ഉയർന്ന അഹന്തയെയും ഉരിഞ്ഞെറിയാൻ ധൈര്യപ്പെടുത്തിയത് ആ വാക്കാണെന്ന് മാഷ് പറയും.
ഒരിക്കൽ വചനകവിയായ അക്കമഹാദേവിയെ ഓർത്തുകൊണ്ട് മാഷ് പറഞ്ഞു. “പ്രപഞ്ചമാതാവിന്റെ ശതകോടി യോനികളിലൂടെയാണ് ഞാൻ വന്നിരിക്കുന്നത്” എന്ന്. തിരുമാന്ധാംകുന്നിലെ തീർഥപ്രസാദം രുചിച്ചുകൊണ്ട് മാഷ് അതു പറഞ്ഞുനിൽക്കുമ്പോൾ, മാഷിനെ കണ്ടിട്ട് പരിചയം തോന്നിയ ഒരാൾ ക്ഷേത്രത്തിൽ അർധപ്രദക്ഷിണം നടത്തി മടങ്ങിവന്നിട്ട് ചോദിച്ചു, “മാഷേ, ഓർമയുണ്ടോ” എന്ന്. “മാമാങ്കത്തിൽ മുറിവേറ്റവരെയും മരിച്ചവരെയും മാത്രം ഓർമയുണ്ട്” എന്നായി മാഷിന്റെ മറുപടി. അയാൾ ഇളിഭ്യനായി. ഒന്നും പറയാതെ മുഖംതാഴ്ത്തി നടന്നുപോയി. അതുകണ്ട എനിക്കും കൂട്ടുകാരനും വല്ലാത്ത വിഷമം തോന്നി. “എനിക്കറിയാം അയാളെ. മേഴത്തൂരിലെ യജ്ഞേശ്വരത്ത് ചുവർചിത്രങ്ങൾ ആദ്യമായി കാട്ടിത്തന്നത് അദ്ദേഹമാണ്.” മാഷ് ചിരിച്ചു. “പക്ഷേ, ഒരു പരിചയഭാവം പുലർത്തിയില്ലല്ലോ” എന്നായി ഞാൻ. മാഷ് വീണ്ടും ചിരിച്ചു. “എന്തോ എനിക്കങ്ങനെ പറയാനാണ് തോന്നിയത്. അല്ല; ഒന്നും ഞാൻ പറയുന്നതല്ലല്ലോ. എല്ലാം ആരോ പറയിപ്പിക്കുന്നതല്ലേ?” പാഴില മൂടിയ നിരത്തിലേക്ക് മാഷ് ഇറങ്ങി നടന്നു.
ഉപരികുന്നിൽ നിന്നപ്പോൾ പലതുമോർത്തു. ക്ഷണഭംഗുരമായ ഓർമകൾ. ചിലടങ്ങളിൽ സൂക്ഷ്മമായ ഒരാനന്ദം ഉറവപൊട്ടുന്നു. ചിലടങ്ങളിൽ ജലകുംഭം കമഴ്ന്ന പോലെ കവിത ഒഴുകിപ്പരക്കുന്നു. കണ്ടുവന്ന നദികളെക്കുറിച്ചും കാടുകളെക്കുറിച്ചും പറയാൻ മാഷിനെന്നും ഉത്സാഹമായിരുന്നു. താമ്രപർണീ തീരത്തിരുന്ന് അതൊക്കെ ചൊല്ലിയാടിയ രാവുകളെത്ര. ചില നേരത്ത് കവിതയുടെ ചൊല്ലിയാട്ടം കഴിഞ്ഞ് കടലെറിഞ്ഞ ശംഖുപോലെ മൗനവിനയനായി ഇരിക്കുന്നതു കാണാം. ചിലപ്പോൾ ഏതോ ശിലാക്ഷേത്രച്ചുവരിൽ കൊത്തിവച്ച രുദ്രമൂർത്തിയെപ്പോലെ ഉറയുന്നതു കാണാം. ചിലപ്പോൾ രാഗദ്വേഷാദികൾ വെടിഞ്ഞ് ഒരു യോഗിപോൽ മുക്തചിത്തനായി ഇരിക്കുന്നതു കാണാം. ഇതിലേതാണ് വിനയചന്ദ്രൻ എന്നു ചോദിച്ചാൽ ഉത്തരമില്ല. തെരുതെരെ തുരുതുരെ പൊഴിയുന്ന, ഇതുവരെയും പേരിട്ടിട്ടില്ലാത്ത ഏതോ കാടാകണം മാഷ് എന്നെനിക്കു തോന്നുന്നു.
ഉപരികുന്നിനു മുകളിലെ ക്ഷേത്രമുറ്റത്ത് നിന്നാൽ കല്ലടയാർ ഒഴുകുന്നതു കാണാം. ഖരഹരപ്രിയ പോലെയാണൊഴുക്ക്. അലയോ അതിരോ അലങ്കാരങ്ങളോ ഇല്ല. മന്ദഗാമിനി. വിയോഗിനി വൃത്തച്ചുവട്. ഒഴുക്കിലെ നിലാവൊളിയിൽ വിനയചന്ദ്രിക ഒഴുകിനടന്ന ആതിരകൾ ഞാനോർത്തു. ഓരോ ഒഴുക്കിലും പുഴയുടെ തിരുനാഭിയിലേക്കെത്തുന്നൊരു ഭ്രമണപഥമുണ്ട്. ആ പഥം ഒരേകാലം കുമാരിയിലെ ഉദയഗിരിയിലേക്കും ഗയയിലെ അസ്തഗിരിയിലേക്കും നീങ്ങുന്നു. ആ ഒഴുക്കിനെതിരെയാണു കവി നീന്തിയത്. എഴുത്തച്ഛൻ അങ്ങനെ ശോകനാശിനികൾ നീന്തിക്കടന്ന കവിയാണ്. അങ്ങനെ അനുഭൂതിയുടെ നിറമാലകൾ കണ്ടു തൊഴാൻ നദി മുറിച്ചുനീന്തിയ കവികളെത്രയെത്ര. എണ്ണിയെടുക്കാനാകില്ല. എണ്ണുംതോറും വാരിധിതന്നിൽ തിരമാലകളെന്നപോലെ പെരുകുന്നു ശാരികപ്പെരുമകൾ.
ഇക്കഴിഞ്ഞ ശ്രാദ്ധദിനം ഞാൻ വിനയകുടീരത്തിൽ പോയി. ആരൊക്കെയോ വന്നുപോയതിന്റെ കാല്പാടുകൾ മുറ്റം നിറയെ. ഒരണ്ണാൻ മുറ്റത്തും മരത്തിലുമായി ചിലച്ചുകൊണ്ട് ഓടിനടക്കുന്നു. ഞാനപ്പോൾ വീണ്ടും മാഷിനെ ഓർത്തു. വിനയചന്ദ്രൻ മാഷ് കവിത ചൊല്ലുമ്പോൾ കേശാദിപാദം വിറകൊള്ളും; അണ്ണാനെപ്പോലെ. ശരീരം ഒരു കാവ്യഭാഷയായി രൂപംകൊള്ളുകയാണപ്പോൾ. ആദി കൂർമംപോലെ ജഗത് ചലനങ്ങളെയാകെ ആവാഹിച്ച വിഭ്രമം. ഘനവിരഹത്താൽ ആകെ ഉലഞ്ഞുപോയ ഒരു ഋതു. മാഷിന്റെ കാവ്യസംഗീതംപോലും തനിച്ചിരിക്കാനും ഒളിഞ്ഞിരിക്കാനും കണ്ടെത്തിയ ഒരു രഹസ്യസങ്കേതം കൂടിയായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കല്ലടയാർ വീണ്ടും തെളിഞ്ഞുവരുന്നു. ജാതകച്ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞുലയുന്ന വെയിലലകൾ. ഞാനതിൽനിന്ന് ഒരു കൈക്കുമ്പിൾ നനവ് കോരിയെടുക്കുന്നു. അതിൽ നിറയെ നിറഞ്ഞുതുളുമ്പിയ വിനയചന്ദ്രക്കല.