ഗാസയിലെ പട്ടിണി ആഗോള നാണക്കേട്
ബിനയ്ഫെർ നൗറോജി
Tuesday, August 26, 2025 12:16 AM IST
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോകം ഇനിയെങ്കിലും പ്രവർത്തിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.
(ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് പ്രസിഡന്റാണ് ലേഖിക)
©Project Syndicate (www.project-syndicate.org)