കർഷകരോ കുറ്റക്കാർ? വേണ്ടത് ശക്തമായ നിയമം
സെബിൻ ജോസഫ്
Tuesday, August 26, 2025 12:08 AM IST
അശാസ്ത്രീയമായ വികസനവും നിർമാണപ്രവൃത്തികളുമാണ് വന്യജീവി ആക്രമണത്തിനു പ്രധാന കാരണമെന്ന് സംസ്ഥാന സർക്കാർ. സർക്കാർ പുറത്തിറക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും എന്ന നയസമീപന രേഖയുടെ കരടിലാണ് ഇക്കാര്യം പറയുന്നത്.
വന്യജീവികൾ കാടിറങ്ങുന്നതിന് വിചിത്രമായ കാരണങ്ങളാണ് വനംവകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയിലുള്ളത്. വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കു കന്നുകാലികൾ കടന്നുകയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷിരീതികൾ, വനഭൂമിയോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ വന്യജീവി ആക്രമണത്തിനു കാരണമാണത്രേ.
വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ പോഷകസന്പുഷ്ടവും സ്വാദിഷ്ഠവും ജലസമൃദ്ധവുമായ വിളകൾ കൃഷിചെയ്തു മനുഷ്യർ നാട്ടിലേക്കു വന്യജീവികളെ ആകർഷിക്കുകയാണ്. മനുഷ്യരുടെ അധ്വാനത്തിൽ ആകൃഷ്ടരായി എത്തുന്ന വന്യജീവികൾ അവരെ ആക്രമിച്ചാൽ തെറ്റുപറയാൻ സാധിക്കില്ല. അതിനാൽ, മനുഷ്യർ വനാതിർത്തിയോടു ചേർന്നുള്ള കൃഷിഭൂമിയിൽ ആകർഷകവും ഫലസന്പുഷ്ടവുമായ കൃഷിരീതികൾ തുടരരുതെന്നും നിർദേശമുണ്ട്. ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീ പടരാത്തതിനാൽ പുല്ലുകൾ മുളയ്ക്കുന്നില്ല. അതിനാൽ നിയന്ത്രിത കാട്ടുതീ പടരുന്ന പുറംകാടുകളിലേക്കു വന്യജീവികൾ ഭക്ഷണം തേടിയെത്തുന്നു. ഇതിനു പരിഹാരമായി ഉൾക്കാട്ടിൽ നിയന്ത്രിത കാട്ടുതീക്കും ശിപാർശയുണ്ട്.
വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കു കാരണമാകുന്ന പ്രധാന വന്യജീവികൾ ആന, കാട്ടുപന്നി, കുരങ്ങ്, കടുവ, പുള്ളിപ്പുലി എന്നിവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാൻ എന്നിവ കൃഷിനാശം വരുത്തുന്നുണ്ട്. ജീവന് ഏറ്റവും ഭീഷണിയാകുന്നത് വിഷപ്പാന്പുകളാണ്. 2011 മുതൽ 2025 വരെ വന്യജീവി ആക്രമണത്തിൽ 1,508 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാട്ടാന-285, കാട്ടുപന്നി-70, കാട്ടുപോത്ത്-11, കടുവ-11, മറ്റുമൃഗങ്ങൾ-17 എന്നിങ്ങനെയാണ്. മറ്റു സംസ്ഥാനങ്ങൾ പാന്പുകടിയേറ്റ മരണം വന്യജീവി ആക്രമണമായി കണക്കാക്കുന്നില്ല. പ്രതിവർഷം സംസ്ഥാനത്തു രണ്ടായിരം പേർക്കു പാന്പുകടിയേൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പല പദ്ധതികൾ മൂലം മരണസംഖ്യ കുറയ്ക്കാൻ സാധിച്ചതായും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളുടെ എണ്ണം വർധിച്ചെന്നത് സംശയവും തെറ്റായ ധാരണയുമാണ്. ശാസ്ത്രീയ പഠനത്തിലും നിരീക്ഷണത്തിലും കണക്കെടുപ്പിലും വന്യജീവികളുടെ എണ്ണം വർധിച്ചിട്ടില്ല. ചില പ്രദേശങ്ങളിൽ ചിലയിനം ജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതാണ് സംഘർഷത്തിനു കാരണം. മാത്രമല്ല, ആധുനികകാലത്ത് വാർത്താവിനിമയമാർഗങ്ങൾ സജീവമായത് വന്യജീവി ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനും കാരണമായതായി സർക്കാർ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് 12 ഭൂപ്രദേശങ്ങളായി വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള കർമപദ്ധതികൾ തയാറാക്കിവരുന്നതായും കരട് രേഖയിലുണ്ട്.
സമിതികൾ രൂപീകരിക്കും
മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും മന്ത്രിതല നിയന്ത്രണസമിതി, ഉദ്യോഗസ്ഥതല നിയന്ത്രണ സമിതി, ജില്ലാതല സമിതികൾ, പ്രാദേശിക സമിതി എന്നിവ രൂപീകരിക്കും. 75 നിയമസഭാ മണ്ഡലത്തിലെ 273 തദ്ദേശസ്ഥാപനങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായുള്ളത്. തീവ്ര സംഘർഷബാധിതം, സംഘർഷബാധിതം എന്നിങ്ങനെ രണ്ടായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദ്രുതപ്രതികരണം സാധ്യമാക്കുമെന്നും വന്യജീവി ആക്രമണത്തെ ലഘൂകരിക്കുന്നതിനുള്ള നാട്ടറിവും ആദിവാസ ഗോത്രവിഭാഗങ്ങളുടെ തനത് രീതിയും സ്വീകരിക്കുമെന്നും നയരേഖയിൽ പറയുന്നു. കൂടാതെ, സർക്കാർ നിലവിൽ സ്വീകരിച്ചുവരുന്ന രീതികൾ തുടരുകയും ചെയ്യും.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ (ക്ഷുദ്ര ജീവി) വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
വകുപ്പിലെ 4(ബി), 4(ബി,ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സബോഡിനേറ്റ് ഓഫീസർമാരായി വൈൽഡ് ലൈഫ് വാർഡനെയും ഓണററി വൈൽഡ് ലൈഫ് വാർഡനെയും നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 5(2) വകുപ്പ് പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിക്കും ഡെലിഗേറ്റ് ചെയ്തു നൽകിയിട്ടുണ്ട്. 2026 മേയ് 27 വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവു മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണെന്നും ആവശ്യമുണ്ട്.
സോളാർഫെൻസിംഗ്, ഗോത്രഭേരി, പാന്പുപിടിത്തത്തിനുള്ള മിഷൻ സർപ്പ, പ്രൈമറി റെസ്പോണ്സ് ടീം, മിഷൻ സെന്ന, പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുമെന്നും വന്യമൃഗങ്ങൾക്കു വനത്തിനുള്ളിൽ ഭക്ഷ്യ-ജല ലഭ്യതയ്ക്കുള്ള സംവിധാനം ഒരുക്കുമെന്നും നയരേഖയിൽ പറയുന്നു. എന്നിരുന്നാലും ചിലപ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. കരടു നയസമീപന രേഖ സംബന്ധിച്ച് 28 വരെ പൊതുജനങ്ങൾക്ക് അഭിപ്രായവും നിർദേശവും പങ്കുവയ്ക്കാം.
കർഷകരുടെ ആവശ്യങ്ങൾ
☛ വനവിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.
☛ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട്, കേരളത്തിൽ വനത്തിനു വെളിയിൽ റവന്യു ഭൂമിയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവർക്കെതിരേ കേസെടുക്കില്ല എന്നു സർക്കാർ നയപരമായ തീരുമാനം എടുക്കുക.
☛ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് 25 ലക്ഷം രൂപ ആശ്വാസധനം നൽകുക. മഹാരാഷ്ട്ര സർക്കാർ നിലവിൽ 25 ലക്ഷം രൂപ നഷ്ടപരിഹരം നൽകുന്നുണ്ട്. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് നാലു മാസമായി വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കുന്നതു തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിന് എത്രയും വേഗം വ്യക്തത വരുത്തി അപേക്ഷ നൽകി 30 ദിവസത്തിനകം നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥ ചെയ്യുക.
☛ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതുപോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട് ഓരോരുത്തരുടെയും പ്രായം, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും സമയബന്ധിതമായി നൽകുകയും ചെയ്യുക.
☛ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന വിളനാശത്തിന് ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസധനം മാറ്റി, കൃഷിവകുപ്പിന്റെ എസ്റ്റിമേറ്റ് പ്രകാരം, ഓരോ വിളയ്ക്കും അവയിൽനിന്നു നിലവിൽ കിട്ടുന്ന വരുമാനവും ഭാവിയിൽ കിട്ടാനിടയുള്ള വരുമാനവും കണക്കാക്കി ന്യായമായ നഷ്ടപരിഹാരം ശാസ്ത്രീയമായി നിർണയിക്കുകയും 90 ദിവസത്തിനുള്ളിൽ നൽകുകയും ചെയ്യുക.
☛ നിസാര കാരണങ്ങൾ പറഞ്ഞു തടഞ്ഞുവച്ചിരിക്കുന്നതും മനഃപൂർവം വൈകിക്കുന്നതുമായ തോക്ക് ലൈസൻസുകൾ ഉടനടി പുതുക്കി നൽകുകയും പുതിയ ലൈസൻസുകൾ അനുവദിക്കുകയും ചെയ്യുക. തോക്കു ലൈസൻസിന് അപേക്ഷിക്കുമ്പോൾ വനംവകുപ്പ് അനാവശ്യമായി എതിർപ്പ് അറിയിക്കുന്നത് അവസാനിപ്പിക്കുക.
☛ കേരള ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധിരഹിതമായി വേട്ടയാടാനുള്ള അവകാശം ആറു കർഷകർക്കു ലഭിച്ചിട്ടുണ്ട്. ഈ അവകാശം കേരളത്തിലെ മുഴുവൻ കർഷകർക്കും നൽകുക.
☛ കാട്ടുപന്നിയെ കൊല്ലാൻ ഉത്തരവിട്ടതുപോലെതന്നെ കുരങ്ങിനെയും മലയണ്ണാനെയും കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കു നൽകുക.
☛ സർക്കാർ ഉത്തരവു പ്രകാരം കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടുന്നതിനു പകരം പ്രാദേശികമായ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവാദം നൽകുക.