തകർച്ചയുടെ ആരംഭം
മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ മെത്രാൻ)
Monday, August 25, 2025 1:24 AM IST
സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എയ്ഡഡ് മേഖലയുടെ സംഭാവനകൾ വളരെ വലുതാണ്. എയ്ഡഡ് സ്കൂളുകളിൽ, പ്രത്യേകിച്ച് കത്തോലിക്കാ വിദ്യാലയങ്ങളിൽ മികവാർന്നതും അച്ചടക്കമുളളതും കുട്ടികളുടെ നാനാവിധ കഴിവുകൾ വളർത്തുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും സ്ഥിരനിയമന അംഗീകാരമില്ലാതെയും ദിവസകൂലിക്കാരായും ജോലി ചെയ്യേണ്ടിവരുന്നത് വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അറുപത്തഞ്ച് ശതമാനത്തിലധികം വിദ്യാലയങ്ങളും കുട്ടികളും എയ്ഡഡ് മേഖലയിൽ ആയിരിക്കുന്പോൾ ഈ സ്ഥാപനങ്ങളുടെ തകർച്ച പൊതുവിദ്യാഭ്യാസത്തെ തന്നെ തകർക്കും എന്നു തീർച്ചയാണ്. പൊതുവിദ്യാഭ്യാസം തകർന്നാൽ ഈ നാട്ടിലെ തീർത്തും സാധാരണക്കാരായ വിദ്യാർഥികൾക്ക് ലഭിക്കുന്ന നിലവാരമുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ ഇല്ലാതാകും. മാത്രവുമല്ല നാട്ടിലെ സ്വകാര്യവിദ്യാഭ്യാസ മേഖല ശക്തി പ്രാപിക്കും. സ്വകാര്യ ഇംഗ്ലീഷ് മീഡിയങ്ങളെ ശക്തീകരിക്കാനുളള വഴികളാണ് ഭിന്നശേഷി പ്രശ്നത്തിന്റെ മറവിൽ സർക്കാർ ശ്രമിക്കുന്നത് എന്ന് അനുമാനിക്കാനാകും.
കോടതി ഉത്തരവ്, സാന്പത്തിക പ്രതിസന്ധി, സ്വജനപക്ഷപാതം...
എന്തിന്റെ പേരിലായാലും പതിനായിരക്കണക്കിന് അധ്യാപകർക്ക് - അവർ ജോലി ചെയ്യുന്നതിന് ശന്പളവും അംഗീകാരവുമില്ലാതിരിക്കുന്നത് നാളത്തെ നമ്മുടെ സമൂഹനിർമിതിയെയാണു ബാധിക്കുന്നത്. തൃപ്തിയും സന്തോഷവുമുള്ള അധ്യാപകർ വേണം കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കാനെന്നാണ് വിദ്യാഭ്യാസ ദർശനമെങ്കിലും അധ്യാപകരുടെ നിരാശ, പ്രതീക്ഷയില്ലായ്മ, അസംതൃപ്തി, ജീവിത സമ്മർദങ്ങൾ തുടങ്ങിയവ കുട്ടികളെയും ബാധിക്കും.
അസംതൃപ്തരെന്നല്ല അവരെ വിളിക്കേണ്ടത്; സഹനസമര വക്താക്കളാണവർ! വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്യുന്ന ഏതധ്യാപകനാണ് സംതൃപ്തനും സന്തോഷവാനുമായിരിക്കുക? ഓർക്കുക, പതിനാറായിരത്തോളം അധ്യാപകർ പഠിപ്പിക്കുന്നത് ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ്..!
ദിവസക്കൂലിക്കാരന്റെ പ്രശ്നങ്ങള്
അധ്യാപകനെ ദിവസക്കൂലിക്കാരനാക്കിയതാണ് ഈ നാട്ടിലെ ഭരണക്കാർ ചെയ്ത ഏറ്റവും വലിയ ചതി. പിന്നീടത് കൃത്യമായി നൽകുക പോലുമില്ലെന്നായി! കൊടുക്കാതിരിക്കാൻ കാരണമന്വേഷിച്ച് ഓരോ ദിനവുമെന്നോണം ഓരോരോ ഉത്തരവുകൾ പുറത്തിറക്കുന്നു. അതായത്, ദിവസക്കൂലിക്കാരനായ ഒരധ്യാപകന് ഒരു മാസം കേവലം 15,000-20,000 രൂപയൊക്കെയേ ലഭിക്കുന്നുള്ളുവെന്ന് എത്രപേർക്കറിയാം? ഈ തുകകൊണ്ടു വേണം ഒരു കുടുംബം പുലരാൻ, അധ്യാപകവൃത്തിയുടെ മാന്യതയിൽ ജീവിക്കാൻ.
30 ദിവസത്തിൽ പതിനഞ്ചു ദിവസം പോലും പ്രവൃത്തിദിനങ്ങളില്ലാത്ത എത്രയോ മാസങ്ങളാണുള്ളത്..! 30നും 40നും ഇടയിൽ പ്രായമുള്ള ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലഘട്ടത്തിലാണ് ഒരധ്യാപകൻ അഷ്ടിക്കു വകയില്ലാതെ, മറ്റുള്ളവരുടെ മുന്പിൽ കൈനീട്ടി വർഷങ്ങൾ ജീവിക്കേണ്ടിവരുന്നത്. മാസ്റ്റർ ഡിഗ്രിയും അതിലുപരി യോഗ്യതയും നേടിയ അധ്യാപകരുടെ ദയനീയ മുഖങ്ങൾ സർക്കാരിന്റേതൊഴികെ മറ്റാരുടെയും ഹൃദയത്തെ നൊന്പരപ്പെടുത്തുന്നതാണ്.
നിയമനാംഗീകാരം ലഭിക്കാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, സർക്കാർ സ്കൂളിലാകട്ടെ, യാതൊരു കാലതാമസവുമില്ല! ഈ കാലതാമസം അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആത്മഹത്യയിലേക്കു വരെ എത്തിക്കുന്നു. ഒരു ജീവൻ പൊലിഞ്ഞ ശേഷം ആനുകൂല്യങ്ങളുമായി വീട്ടിലെത്തുന്നതുകൊണ്ടു പ്രയോജനമില്ല. വച്ചു താമസിപ്പിക്കുന്നതിലൂടെ ഉദ്യോഗസ്ഥർ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിക്കുന്നതും തടസപ്പെടുത്തുന്നതും സർക്കാർ അറിവോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ദിവസവേതനക്കാരൻ എന്ന ലേബലിൽ ഒരധ്യാപകൻ അറിയപ്പെടുന്പോൾ വളരെക്കുറച്ചു മാത്രം ഉത്തരവാദിത്വങ്ങളുള്ള ഒരധ്യാപകനെയാണ് പലരും സങ്കല്പിക്കുക. കുട്ടികളെ പഠിപ്പിക്കൽ മാത്രം എന്ന കർത്തവ്യം നിർവഹിച്ച് വൈകുന്നേരം കുട്ടികളെ വിടുന്നതിനൊപ്പം വീട്ടിലേക്കു പോകുന്ന അധ്യാപകനല്ല ഇന്നത്തെ ദിവസക്കൂലിക്കാരനായ അധ്യാപകൻ. ഡെയ്ലി വേജ് അധ്യാപകർ, സ്ഥിരാധ്യാപകർ സ്കൂളിൽ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യേണ്ടതുണ്ട്. കൂടാതെ, സ്കൂൾ ബസുണ്ടെങ്കിൽ രാവിലെയും വൈകുന്നേരവും ബസിൽ ‘കിളിയായി പോകണം’.
സർക്കാരിന്റെ എല്ലാ ട്രെയ്നിംഗുകളിലും പങ്കെടുക്കണം, സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ - ഉച്ചക്കഞ്ഞി, സ്കൗട്ട് & ഗൈഡ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം, കലാ- കായിക പരിശീലനങ്ങളും മേളകളും - തുടങ്ങി പഠിപ്പിക്കുന്നതു കൂടാതെ ചെയ്യേണ്ട ജോലികളാണ്. ഈ ജോലിഭാരവും പേറിയാണ് ഓരോ ദിനവും അധ്യാപകൻ വീട്ടിലേക്കു മടങ്ങുന്നത്. വീട്ടിലിരുന്നും അവധിദിനങ്ങളിൽപോലും ദിവസക്കൂലിക്കാർ ശന്പളമില്ലാതെ ജോലി ചെയ്യുന്നു. സ്കൂളിലെ മീനിയൽ ജോലികൾപോലും ചെയ്യുന്ന ദിവസവേതനക്കാരനായ അധ്യാപകന് പക്ഷെ, കൂലിയില്ല; അല്ലെങ്കിൽ മിനിമം കൂലി!
ഇങ്ങനെ പകൽ മുഴുവൻ സർക്കാരിനെ സേവിച്ച ശേഷം അധ്യാപകന് ജീവിക്കണമെങ്കിൽ രാത്രി മറ്റു ജോലികൾ കണ്ടെത്തണം. അധ്യാപകരുടെ പ്രൈവറ്റ് ട്യൂഷൻ നിരോധിച്ചിട്ടുള്ള സർക്കാരിനോട് ദിവസക്കൂലി അധ്യാപകരുടെ മറ്റു ജീവിതമാർഗങ്ങൾ തടസപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു.
വേർതിരിവുകൾക്ക് മടിയില്ലാത്ത സർക്കാർ നയം
സർക്കാർ സ്കൂളിലെ ജീവനക്കാരും എയ്ഡഡ് സ്കൂളിലെ ജീവനക്കാരും തമ്മിൽ എന്തു മാത്രം വ്യത്യാസമാണ് രൂപപ്പെടുത്തിയിരിക്കുന്നത്?
സർക്കാർ ഫണ്ടുപയോഗിച്ച് സർക്കാർ സ്കൂളും പരിസരവും സംരക്ഷിക്കുന്നു. എയ്ഡഡ് സ്കൂളിനാകട്ടെ, നാമമാത്രമായ മെയിന്റനൻസ് ഗ്രാന്റ് മാത്രം. എല്ലാം നടത്തിക്കൊള്ളണമെന്ന ഉത്തരവിടാൻ പക്ഷേ, സർക്കാരിന് ഒരു മടിയുമില്ല. അഞ്ചു രൂപയ്ക്ക് ബിരിയാണി കൊടുക്കണമെന്നു പറയുന്നവരുടെ കാലമാണിത്. എയ്ഡഡായാലും സർക്കാരായാലും അവിടെ പഠിക്കുന്ന കുട്ടി സർക്കാരിന്റേതാണെന്നും സർക്കാർ നയവും പാഠ്യപദ്ധതിയും മൂല്യനിർണയ രീതിയുമാണ് അവിടെ പിന്തുടരുന്നതെന്നും എന്തേ മറന്നു പോകുന്നു? കേരളത്തിൽ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് എയ്ഡഡിലാണെന്ന വസ്തുതയെങ്കിലും സർക്കാർ ശ്രദ്ധിക്കണം. സർക്കാരിന് അത്രയും കുട്ടികളെ പഠിപ്പിക്കാനുള്ള ശേഷിയില്ലാത്തതിനാൽ സർക്കാരിനെ സഹായിക്കുന്ന സുഹൃത്തായി വേണം എയ്ഡഡ് സ്കൂൾ മാനേജ്മെന്റിനെ കാണാൻ!
ഇപ്പോൾ കൊടുന്പിരികൊണ്ടിരിക്കുന്ന ഭിന്നശേഷി പ്രശ്നം സർക്കാർ സ്കൂളുകളെ ബാധിക്കുന്നില്ല. അവിടെ അധ്യാപകരെ നിയമിച്ചാൽ പിറ്റേ ദിവസമെന്നോണം ശന്പളം നൽകുന്നു. അധ്യാപക നിയമന കാര്യങ്ങളിൽ വിവിധ വിദ്യാഭ്യാസ ഓഫീസുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ച് എയ്ഡഡ് അധ്യാപകരെ കണ്ണീരു കുടിപ്പിക്കുന്നു. സർക്കാർ നിർദേശിക്കുന്ന എല്ലാ യോഗ്യതകളും നേടിയിട്ടുള്ള അധ്യാപകരാണവർ, വ്യവസ്ഥാപിത തസ്തികകളിലാണ് അവർക്കു നിയമനം നൽകിയിട്ടുള്ളത് എന്നതും മറക്കരുത്.
എന്തുകൊണ്ട് അധ്യാപകർ സമരത്തിൽ?
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ അഭിമുഖ്യത്തിൽ കേരളത്തിലെ ക്രൈസ്തവ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സമരരംഗത്തേക്കിറങ്ങേണ്ടി വന്നിരിക്കുകയാണ്. എൻഎസ്എസിന് നൽകിയ ഉത്തരവ് വിവേചനം കൂടാതെ ക്രിസ്ത്യൻ അധ്യാപകർക്കും ലഭ്യമാകണം. എയ്ഡഡ് അധ്യാപകൻ എന്ന നിലയിൽ എൻഎസ്എസ് ആയാലും ക്രിസ്ത്യൻ ആയാലും നൽകുന്ന സേവനത്തിന് മാറ്റമില്ല. പിന്നെന്തുകൊണ്ട് ശന്പളം നൽകിക്കൂടാ?
സമരത്തിൽ പങ്കെടുക്കുന്ന ക്രൈസ്തവ അധ്യാപകരെല്ലാം സർക്കാർ വിരുദ്ധരല്ല. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒരേ കളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നുവെന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. അത് പക്ഷെ, സഹികെട്ടതുകൊണ്ടാണ്.
തൃശൂരും കോട്ടയത്തും അധ്യാപക പ്രതിഷേധ സമരങ്ങൾ നടന്നുകഴിഞ്ഞു. സെപ്റ്റംബർ 26ന് തിരുവനന്തപുരത്തും വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. കാരണമൊന്നു മാത്രം; വർഷങ്ങളായി സർക്കാരിനു വേണ്ടി, പൊതുസമൂഹത്തിനുവേണ്ടി കുഞ്ഞുങ്ങളെ പഠിപ്പിച്ച അധ്യാപകർക്കും ജീവിക്കണം. അതിന് ശന്പളവും അംഗീകാരവും കൂടിയേ തീരൂ.
ഒരു സമൂഹവും അവിടത്തെ അധ്യാപകരുടെ നിലവാരത്തേക്കാൾ മുകളിലെത്തില്ല എന്ന പഴഞ്ചൊല്ല് അർഥവത്താണ്. കുഞ്ഞുങ്ങൾക്ക് അറിവു പകർന്നു കൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിന്റെതാണ്. അധ്യാപകരും ഒരു തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. തൊഴിലാളികൾക്കു പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുന്പോൾ അധ്യാപക തൊഴിലിലേർപ്പെട്ടിരിക്കുന്നവർക്ക് കൂലി നൽകണമെന്ന് ഓർമിപ്പിക്കേണ്ടതുണ്ടോ? സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പരിണത ഫലങ്ങൾ ആശാസ്യമല്ല
ആത്മവിശ്വാസവും അഭിമാനബോധവും നഷ്ടപ്പെട്ട് താത്പര്യം കുറഞ്ഞ അധ്യാപകർ കുഞ്ഞുങ്ങളുടെ മുന്പിൽ നിൽക്കുന്നു, നിലവാരമുളളവർ ഈ മേഖല ഉപേക്ഷിക്കുന്നു.
കുടുംബം പോറ്റാൻ അധ്യാപകജോലിയിലേർപ്പെട്ടിരിക്കുന്നവർ അവധി ദിവസങ്ങളിലും രാത്രി കാലങ്ങളിലുമൊക്കെ തട്ടുകടയിലും ഓട്ടോറിക്ഷാ ഡ്രൈവറായുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നു.
അധ്യാപകരുടെ രാഷ്ട്രീയബോധം നഷ്ടപ്പെടുന്നു: ഭരണകക്ഷിയിലുൾപ്പെടെ പ്രവർത്തിക്കുന്ന/ വിശ്വസിക്കുന്ന ധാരാളം എയ്ഡഡ് അധ്യാപകരും കുടുംബങ്ങളുമുണ്ട്. അവർക്ക് പൗരധര്മ്മത്തിലുള്ള താത്പ ര്യം നഷ്ടപ്പെടുന്നു. അധ്യാപകരുടെ ബോധ്യങ്ങളാണ് വരും തലമുറയിലേക്ക് കൈമാറ്റപ്പെടുന്നത്.
ഇലക്്ഷൻ അടുത്തുവരവെ, തങ്ങളെ ഒട്ടും പരിഗണിക്കാത്ത, ശന്പളവും നിയമനാംഗീകാരവും നൽകാത്ത ഒരു സർക്കാർ സംവിധാനത്തോട് കൂറു കാട്ടണമെന്ന് ആർക്കു ശഠിക്കാനാകും?
അധ്യാപകരുടെ കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും മനസിലാക്കേണ്ടതുണ്ട്. പുരുഷാധ്യാപകർക്ക് മറ്റ് മാർഗങ്ങളുപയോഗിച്ച് പ്രതിഷേധം / വരുമാനം സ്വരൂപിക്കാമെങ്കിൽ വനിതാധ്യാപകരുടെ കാര്യം ഏറെ പരിതാപകരമാണ്. കുടുംബങ്ങൾക്കകത്ത് ശന്പളമില്ലാത്ത മകൾ/ മരുമകൾ ഒരു ബാധ്യതയാണ്. ശന്പളമില്ലാതെ, അധ്യാപികയെന്നു പറഞ്ഞ് എല്ലാ ദിവസവും സ്കൂളിലേക്കു പോകുന്നതിനു പിന്നിലെ യുക്തി പല കുടുംബാംഗങ്ങൾക്കും മനസിലാകുന്നില്ല.
വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ മതിയായ ശന്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർ കടുത്ത മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീഴുന്നു.
ഒരുപാട് മാനസിക പ്രയാസങ്ങൾ നേരിടുന്ന നമ്മുടെ യുവ അധ്യാപകരെ ഇനിയും കഷ്ടപ്പെടുത്തരുത്.