നാളെ ട്രംപിന്റെ പിഴച്ചുങ്കം വന്നാൽ...
റ്റി.സി. മാത്യു
Monday, August 25, 2025 1:20 AM IST
നാളെ എന്താണു സംഭവിക്കുക എന്നു വ്യക്തമല്ല. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച നടപ്പാക്കുമോ എന്നു നാളെ അറിയാം. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിലെ 25 ശതമാനത്തിനു മുകളിലാണിത്. അതോടെ ഇന്ത്യൻ സാധനങ്ങൾക്കു വിലയുടെ 50 ശതമാനമാകും യുഎസ് ചുങ്കം. കയറ്റുമതി അസാധ്യമാക്കുന്ന തരം തീരുവ.
പക്ഷേ, നാളെകളിൽ എന്താണ് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഉണ്ടാവുക എന്നു വ്യക്തമാണ്. ബന്ധം കൂടുതൽ വഷളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രൺഡ്’ എന്നു വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബന്ധം തകർക്കുന്ന നടപടികൾ തുടരുകയാണ്. തീരുവ വിഷയം അതിൽ ഒന്നു മാത്രം. ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ നിയമിച്ചതിലും ബന്ധം വഷളാക്കാനുള്ള നീക്കം കാണാം.
താഷ്കെന്റിൽ നിന്ന്
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, സോവ്യറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയിൽ കുടിയേറിയ ആളാണ് 38 വയസുള്ള സെർജിയോ ഗോർ (പഴയ പേര് സെർജി ഗോറോഖോവ്സ്കി). ഇന്ത്യയിലെ അംബാസഡർ പദവിക്കു പുറമേ ദക്ഷിണ-മധ്യ ഏഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനവും ഗോർ വഹിക്കും. ഇത് ഇന്ത്യക്കു സ്വീകാര്യമായ ക്രമീകരണമല്ല.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ പ്രത്യേക ദൂതനെ ഇന്ത്യയിൽ അംബാസഡറും ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഒപ്പമോ താഴെയോ കണക്കാക്കുന്നതാണ് ഈ നിയമനം എന്നു പറയാം. കാഷ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കാൻ അതു വഴിതെളിക്കും.
ഒബാമ പിൻവാങ്ങി
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ഇങ്ങനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമ ശ്രമിച്ചപ്പോൾ ഇന്ത്യ എതിർത്തു. അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയും വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോനും രേഖാമൂലം പ്രതിഷേധം അറിയിച്ചപ്പോൾ ഒബാമ വഴങ്ങി. ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുള്ള പ്രത്യേക പ്രതിനിധിയാക്കി.
ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. അർഥഗർഭമാണ് അത്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷംപോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഏറ്റവും വിശ്വസ്തൻ
മൂന്നു തവണയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ. അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണു ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്. പക്ഷേ ഇന്ത്യ വളരെ ക്ലേശിക്കേണ്ടി വരും എന്നാണു നയതന്ത്ര നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.
നയതന്ത്ര മേഖലയിലോ ഏഷ്യൻ രാജ്യങ്ങളിലോ പരിചയമില്ലാത്ത ആളാണു ഗോർ. ചെസ്റ്റർ ബൗൾസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്, കെന്നത്ത് ബി. കീറ്റിംഗ്, ഡാനിയൽ പി. മൊയ്നിഹാൻ, ഡേവിഡ് മൾഫോർഡ് തുടങ്ങിയവരുടെ പിൻഗാമിയാകാൻ ട്രംപിന്റെ വിശ്വാസം ഒഴികെ പറയത്തക്ക യോഗ്യതകൾ ഗോറിന് ഇല്ല.
50% ചുങ്കം വന്നാൽ
50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു 2024ൽ നടന്ന ഇന്ത്യൻ കയറ്റുമതി (8900 കോടി ഡോളർ) യുടെ 60 ശതമാനവും നഷ്ടമാകാൻ കാരണമാകാം. അത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ കയറ്റുമതി ഇടിവ് 0.50 ശതമാനമാകും. അതു ജിഡിപിയിൽ വരുത്തുന്ന കുറവ് 0.3 ശതമാനത്തിൽ ഒതുങ്ങാം എന്നു വിദഗ്ധർ കണക്കാക്കുന്നു.
രത്നാഭരണങ്ങളും വസ്ത്രങ്ങളും മുതൽ നത്തോലി (കൊഴുവ) വരെ ഉള്ള കയറ്റുമതി ഇനങ്ങളിൽ സിംഹഭാഗത്തിനും ചുങ്കം കൂടും (തത്കാലം ആപ്പിളിന്റെ ഐഫോണും മറ്റു കമ്പനികളുടെ സ്മാർട്ട് ഫോണുകളും ഇതിൽ നിന്ന് ഒഴിവാണ്).
യുഎസിലേക്കു കയറ്റുമതി കൂടി
കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 19 ശതമാനം നേരിട്ടും മറ്റൊരു അഞ്ചു ശതമാനം പരോക്ഷമായും പോയത് അമേരിക്കയിലേക്കാണ്. കാനഡയിലും മെക്സിക്കോയിലും ചെല്ലുന്ന വാഹനഘടകങ്ങൾ അമേരിക്കൻ വിപണിയിലേക്കുള്ള വാഹനങ്ങളിൽ പിടിപ്പിക്കുന്നവയാണ്.
ഈ ധനകാര്യവർഷം ആദ്യ നാലു മാസം കയറ്റുമതിയുടെ 23 ശതമാനം യുഎസിലേക്കായിരുന്നു. ഉയർന്ന തീരുവ ഒഴിവാക്കാനുള്ള ഇറക്കുമതി കമ്പനികളുടെ തത്രപ്പാടിലാണിത്. ആദ്യ നാലു മാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ യുഎസിലേക്കുള്ളത് 21 ശതമാനം കൂടി. എന്നാൽ ഒക്ടോബർ മുതൽ അങ്ങോട്ടുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നാണ് ആശങ്ക.
മറ്റിടങ്ങളിൽ ക്ഷീണം
ഇതിനിടെ, മറ്റൊരു പ്രതിഭാസവും ഇന്ത്യയെ അലട്ടുന്നുണ്ട്. മറ്റു പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. യുകെ 11.2 ശതമാനം, ഫ്രാൻസ് 17.3%, ഹോളണ്ട് 21.2%, ഇറ്റലി 9.2%, മലേഷ്യ 28.8%, സിംഗപ്പുർ 11.8%, ദക്ഷിണാഫ്രിക്ക 16.3%, സൗദി അറേബ്യ 11.8% എന്നിങ്ങനെയാണു നാലു മാസത്തെ കുറവ്. ഇന്ത്യയുടെ കയറ്റുമതി മേഖല ചിന്തിക്കേണ്ട വിഷയം ഇതിലുണ്ട്. ഈ രാജ്യങ്ങൾ സ്വന്തം ആവശ്യം കുറഞ്ഞിട്ടാണോ ആഗോള വ്യാപാരം കുറയും എന്നു കണക്കാക്കിയിട്ടാണോ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറച്ചത്?
തോന്നുംപടി ചുങ്കം
ഉത്തരം എന്തായാലും ഇന്ത്യയുടെ കയറ്റുമതിയാണു കുറയുന്നത്. കുറ്റം നമ്മുടേതല്ല. 19-ാം നൂറ്റാണ്ടിലെ വാണിജ്യസിദ്ധാന്തങ്ങൾ വച്ച് 21-ാം നൂറ്റാണ്ടിൽ ലോക വാണിജ്യനയങ്ങൾ പൊളിച്ചെഴുതാൻ ട്രംപ് ശ്രമിക്കുന്നതു മൂലമാണിത്. ഞങ്ങളുടെ ഉത്പന്നങ്ങൾക്കു നിങ്ങൾ ചുങ്കം ചുമത്തരുത്, നിങ്ങളുടേതിനു ഞങ്ങൾ തോന്നുംപടി ചുങ്കം ഈടാക്കും എന്നാണ് ട്രംപ് പറയുന്നത്.
യൂറോപ്പും ലാറ്റിനമേരിക്കയും നിരവധി ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും അതിനു വഴിപ്പെട്ടു കഴിഞ്ഞു. ചുങ്കമില്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ (നമുക്കു മിച്ചമുള്ള ധാന്യങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ അടക്കം) വാങ്ങണമെന്ന നിർബന്ധത്തിന് വഴങ്ങാൻ ഇന്ത്യ തയാറല്ല.
നമുക്കൊപ്പം ചെറുത്തുനിൽക്കുന്നത് സ്വിറ്റ്സർലൻഡും ചൈനയും ബ്രസീലും മാത്രം.
ഏറ്റവും വലിയ കമ്പോളം
തത്കാലം അമേരിക്കയുടേതാണ് ഏറ്റവും വലിയ കമ്പോളം. അത്ര വലിയ വിപണി വേറേ ഇല്ല. അതിനാൽ അവർ പറയുന്നതു മറ്റു രാജ്യങ്ങൾ കേൾക്കുന്നു. അമേരിക്കൻ വിപണി നഷ്ടമായാൽ മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തി പ്രശ്നം മറികടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതിന്റെ തുടക്കമാണ്.
സ്വിറ്റ്സർലൻഡും നോർവേയും ഐസ്ലാൻഡും ലീക്റ്റൻസ്റ്റൈനും ഉൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്രവ്യാപാര കരാർ ഒക്ടോബർ ഒന്നിനു നിലവിൽ വരും. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഈ വർഷം പൂർത്തിയാകും. റഷ്യയും നാലു മുൻ സോവ്യറ്റ് രാജ്യങ്ങളും ഉൾപ്പെട്ട യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി കരാർ ചർച്ച ഈ മാസം തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. ആസിയാനുമായുളള കരാർ പുതുക്കാൻ ചർച്ച ഉടനേ തുടങ്ങും.
ഇവയൊക്കെ ഫലപ്രദമായാലും ഒരു വസ്തുതയുണ്ട്. ആളോഹരി 80,000 ഡോളർ വരുമാനമുള്ള അമേരിക്കക്കാരുടെ അടുത്തെങ്ങും വരില്ല ഈ രാജ്യങ്ങളുടെ ആവശ്യവും വിപണിയും.
എണ്ണക്കഥ എന്ന വ്യാജം
റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്നിലെ ആക്രമണത്തെ സഹായിക്കുന്നു എന്നു പറഞ്ഞാണു ട്രംപ് ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാജകീയമായി സ്വീകരിച്ചു പ്രസാദിപ്പിച്ചു യുദ്ധം തീർക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടു. അതു ജയിച്ചെങ്കിൽ ഇന്ത്യയെ വെറുതേ വിടുമായിരുന്നു. അതു പൊളിഞ്ഞത് ഇന്ത്യക്കു നേരേ കലിപ്പു കൂട്ടി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കള്ളക്കണക്കുകൾ പറഞ്ഞ് ഇന്ത്യയെ വിമർശിച്ചത് ഇതിനുശേഷമാണ്.
കൂട്ടുകെട്ടുകൾ മാറുന്നു
ട്രംപിന്റെ നടപടികൾ ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലും ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതൽ സജീവമാക്കി. റഷ്യയുമായുള്ള സെെനിക സഹകരണം കൂട്ടി. വ്യാപാരബന്ധം കൂട്ടാൻ ചർച്ച തുടങ്ങി. മേയിലെ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ ആയുധങ്ങളും ഉപഗ്രഹചിത്രങ്ങളും നൽകി സഹായിച്ച ചൈനയുമായുള്ള തർക്കങ്ങൾ തത്കാലം മറക്കാൻ ഇന്ത്യ തയാറായി. അമേരിക്ക ഇല്ലെങ്കിൽ എതിർചേരിയോട് അടുക്കും എന്നു കാണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്.
പക്ഷേ റഷ്യ പഴയ സോവ്യറ്റ് യൂണിയൻ അല്ല. വളരെ ദുർബലമാണ്. ചൈന ഒരിക്കലും പാക്കിസ്ഥാനെ കൈവിടുകയുമില്ല. ഇന്ത്യക്ക് ദീർഘകാല കൂട്ടുകെട്ടിന് അവർ പറ്റിയതാവില്ല.
1971 നവംബറിൽ വെെറ്റ് ഹൗസിൽ ചെന്ന തന്നെ 45 മിനിറ്റ് കാത്തിരുത്തിയ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ പിറ്റേ ദിവസം അതുപാേലെ കാത്തിരുത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലമല്ല ഇത്. അന്നു വൻശക്തിയായ സോവ്യറ്റ് യൂണിയനുമായി സൈനിക കരാർ ഉണ്ടാക്കിയ ശേഷമാണ് ഇന്ദിര അമേരിക്കയിൽ എത്തിയത്. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇന്ത്യക്കില്ല.