കോടതി കണ്ട ദുഃഖം
അനന്തപുരി / ദ്വിജൻ
Sunday, August 24, 2025 2:46 AM IST
സർവകലാശാലകൾ രാഷ്ട്രീയപോരാട്ട വേദിയാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നവരോട് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ.ബി. പർദിവാല കൂപ്പുകൈകളോടെ അഭ്യർഥിച്ചു; മാനിഷാദ. കേരളത്തിലെ രണ്ട് സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതിയുടെ സെർച്ച് കമ്മിറ്റി സംബന്ധിച്ച പ്രഖ്യാപനം നടന്ന 11നായിരുന്നു സംഭവം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സേവനങ്ങൾക്കായി രൂപീകരിച്ച ഉന്നതവിദ്യാപീഠങ്ങളിൽ ഇപ്പോൾ വീഴുന്നത് അവരുടെ ചോരയോ? സുപ്രീംകോടതിയുടെ ഇടപെടൽകൊണ്ട് കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വിസി ഉണ്ടായേക്കാമെങ്കിലും മറ്റു സർവകലാശാലകളിൽ ഇല്ല.
കേരളത്തിലെ സർവകലാശാലകളുടെ സർവകലാശാലയായ കേരള സർവകലാശാലതന്നെ എടുക്കുക. അവിടെ താത്കാലിക വൈസ് ചാൻസലറുടെ ഭരണം തുടങ്ങിയിട്ടു വർഷങ്ങളായി. ഇടതുപക്ഷക്കാരനായ രജിസ്ട്രാറെ, വൈസ് ചാൻസലർ സസ്പൻഡ് ചെയ്തതിനെത്തുടർന്നു നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിൽ വിദ്യാർഥികൾ വല്ലാതെ വലയുകയാണ്. ഡിഗ്രിക്കും പിജിക്കും ഉള്ള തുല്യതാ സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, അന്തർ സർവകലാശാലാ മാറ്റം തുടങ്ങിയ ഫയലുകൾ വിസി ഒപ്പിടേണ്ടതുണ്ട്; നടക്കുന്നില്ല. സർവകലാശാലയുടെ സീൽ പഴയ രജിസ്ട്രാറുടെ പക്കലാണ്. നിയുക്ത രജിസ്ട്രാർ ഡോ. മിനി കാപ്പൻ ഒപ്പിട്ടാലും സീലില്ല. പഠനം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്ത വിദ്യാർഥികൾ നൂറുകണക്കിനാണ്. ദിവസവും 40 മുതൽ 60 വരെ സർട്ടിഫിക്കറ്റുകൾ പരീക്ഷാ വിഭാഗത്തിൽനിന്നു വിസിക്ക് അയയ്ക്കും. ചില ദിവസങ്ങളിലാണ് താത്കാലിക വിസി വരുന്നത്. ഒരു ദിവസം രണ്ടായിരത്തിലേറെ സർട്ടിഫിക്കറ്റുകൾ വിസി ഒപ്പിട്ടു. ഇനിയും കുമിഞ്ഞുകൂടിക്കിടക്കുന്നു. നാലുവർഷ ബിരുദത്തിൽ നടപ്പാക്കേണ്ട പലതും നടന്നില്ല.
ഗവേഷണം പൂർത്തിയാക്കി പിഎച്ച്ഡിക്ക് അർഹരായ 150 പേരുണ്ട്. നാലും അഞ്ചും വർഷം ചെലവാക്കിയവരാണ്. സിൻഡിക്കറ്റ് അംഗീകരിക്കാതെ പിഎച്ച്ഡി കിട്ടില്ല. മേയ് 27നു ശേഷം സിൻഡിക്കറ്റ് യോഗം നടന്നിട്ടില്ല. സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്ത 12 സർവകലാശാലകൾ വേറെയുമുണ്ട്. 2024 ഡിസംബറിൽ കേരള സർവകലാശാലയ്ക്ക് കേന്ദ്രത്തിന്റെ പിഎം ഉഷ പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസമികവ് കൈവരിക്കുന്നതിനു 100 കോടി രൂപ കിട്ടി. ഇതിൽ 75 കോടിയും അടിസ്ഥാനസൗകര്യ വികസനത്തിനാണ്. ചില്ലിക്കാശ് ചെലവാക്കിയില്ല. നാനൂറോളം കോളജ് അധ്യാപകരുടെ സ്ഥാനക്കയറ്റം നടന്നില്ല; ഇങ്ങനെ പലതുണ്ടു നടക്കാൻ.
ഇതിനിടെ, കേരളത്തിലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വൈസ് ചാൻസലറായി നിയമിക്കുന്നതിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ സുപ്രീംകോടതി മുൻ സുപ്രീംകോടതി ജഡ്ജി സുധാംശു ധൂലിയയെ അധ്യക്ഷനാക്കി സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സമിതി കൊടുക്കുന്ന ശിപാർശകൾ വിവാദമാകില്ലെന്ന് ആരു കണ്ടു. ഇപ്പോഴത്തെ വിധിയനുസരിച്ച് മുഖ്യമന്ത്രി ജയിച്ച മട്ടുണ്ട്. കാര്യങ്ങൾ നടന്നുകഴിയുന്പോൾ അറിയാം, ആരാണ് ജയിക്കുക എന്ന്. യുജിസി പ്രതിനിധി ഇല്ലാത്ത സെർച്ച് കമ്മിറ്റിയെ അവർ അംഗികരിക്കുമോ?
മനഃസാക്ഷി ഇല്ലാത്തവർ
സർവകലാശാലകൾകൊണ്ടു ജീവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലടിച്ച് സർവകലാശാലയുടെ പ്രവർത്തനം താറുമാറാക്കി വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ ഒരു കുറ്റബോധവും ഇല്ലാത്ത ഇടമായി മാറിയിരിക്കുകയാണ് കേരളം. 1986ലെ പ്രീഡിഗ്രി ബോർഡ് സമരകാലത്ത് വിദ്യാർഥികളുടെ ഉത്തരക്കടലാസ് നശിപ്പിച്ച് സമരം ജയിച്ച ഇടതു സംഘടനകൾ എത്ര വിദ്യാർഥികളുടെ ഭാവിയാണു തുലച്ചത്! എത്ര വിദ്യാർഥികളുടെ മനസിന്റെ സമനില തെറ്റിച്ചു! 1986ലെ സമരത്തിന്റെ ഭാഗമായി ഉത്തരക്കടലാസ് നഷ്ടപ്പെട്ടതുകൊണ്ട് പരീക്ഷാഫലത്തിൽ ഉണ്ടായ ക്രമക്കേടുമൂലം മനസിന്റെ സമനില തെറ്റിയ ഒരു മിടുക്കികുട്ടിയെയും മാതാപിതാക്കളെയും പിന്നീട് കണ്ടു. മാനസികരോഗ വിദഗ്ധന്റെയടുത്തും ധ്യാനകേന്ദ്രങ്ങളിലും കണ്ണീരോടെ അഭയം തേടുകയാണവർ.
വെള്ളാപ്പള്ളിയുടെ കോട്ടയം സങ്കടങ്ങൾ
വെള്ളാപ്പള്ളി നടേശന്റെ വർഗീയ വിഷംചീറ്റൽ വീണ്ടും വിഷയമായി. ക്രൈസ്തവസമൂഹത്തിന് കേരളത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണമാണ് വെള്ളാപ്പള്ളിയെ അസ്വസ്ഥനാക്കുന്നത്. കേരളത്തിൽ 5,510 സർക്കാർ സ്കൂളുകളും 8,062 എയ്ഡഡ് സ്കൂളുകളും 1,454 അംഗീകൃത സ്കൂളുകളുമുണ്ട്. അവയിൽ വലിയ സംഖ്യ ക്രൈസ്തവ വിദ്യാലയങ്ങളാണ്. അത് ഒരു സർക്കാരിന്റെയും ഒത്താശകൊണ്ട് ഉണ്ടായതല്ല. ഇന്ന് വിദ്യാലയങ്ങളുടെ കണക്കു പറയുന്നവർക്ക് അക്ഷരം അറിയാതിരുന്ന കാലത്ത് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണത്. 1977ൽ കേരളത്തിലെ 99.7 ശതമാനം ഗ്രാമങ്ങളിലും രണ്ടു കിലോമീറ്ററിനുള്ളിൽ പ്രൈമറി സ്കൂളായി. 98.6 ശതമാനം ഗ്രമങ്ങളിലും മിഡിൽ സ്കൂളായി. അഞ്ചു കിലോമീറ്ററിനുള്ളിൽ ഹൈസ്കൂളായി. 1991ൽ സന്പുർണ സാക്ഷരതയുണ്ടായതും ക്രൈസ്തവ വിദ്യാലയങ്ങൾ ഉണ്ടായതുകൊണ്ടാണ്.
വെള്ളാപ്പള്ളിയുടെ സമൂഹത്തിൽപ്പെട്ടവർക്ക് സ്കൂൾ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് അവരടക്കമുള്ളവർക്കു പഠിക്കാൻ സ്ഥാപനങ്ങൾ ആരംഭിച്ചവരാണ് ക്രൈസ്തവർ. ഭാരതത്തിന്റെ രാഷ്ട്രപതിയായി ഉയർന്ന കെ.ആർ. നാരായണനെപ്പോലുള്ളവർ പഠിച്ചത് ഇത്തരം സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ്. അതു സർക്കാർ ചെലവിലായിരുന്നില്ല. ബാസൽ മിഷൻ 1800ൽ മലബാറിൽ വിദ്യാലയങ്ങൾ തുടങ്ങി. അതുകൊണ്ട് എല്ലാ സമുദായങ്ങളിലും പെട്ടവർ സാക്ഷരരായി. 1900 ആയപ്പോഴേക്കും ബാസൽ മിഷൻ നടത്തുന്ന വിദ്യാലയങ്ങളുടെ എണ്ണം 257 ആയി.
സിഎംഎസ് സഭയ്ക്ക് 351 സ്ഥാപനങ്ങളായി. ചർച്ച് മിഷനറി സൊസൈറ്റിയും ലണ്ടൻ മിഷനറി സൊസൈറ്റിയും 19-ാംനൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. കോട്ടയത്തും മാവേലിക്കരയിലും തിരുവല്ലയിലും വിദ്യാലയങ്ങൾ സ്ഥാപിച്ചു.
1819ൽ പെണ്കുട്ടികൾക്കായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ ആരംഭിച്ചു. 1840കളിൽ മാർത്തോമ്മാ സഭയും ഈ രംഗത്തു വന്നു. കത്തോലിക്കാ സഭ പള്ളിയോടൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്ന് ശഠിച്ചത് ക്രൈസ്തവരെ മാത്രം പഠിപ്പിക്കാനായിരുന്നില്ല.
ഇക്കാലത്തൊന്നും എസ്എൻഡിപിയോ എൻഎസ്എസോ എംഇഎസോ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്നല്ല, കേരളത്തിൽതന്നെ ഉണ്ടായിരുന്നില്ല.1903ലാണ് ഡോ. പൽപ്പു എസ്എൻഡിപി സ്ഥാപിച്ചത് 1914ലാണ് എൻഎസ്എസ് ഉണ്ടാകുന്നത്. 1964ലാണ് എംഇഎസ് ഉണ്ടാകുന്നത്. ക്രൈസ്തവ വിദ്യാലയങ്ങൾ ഏറ്റെടുക്കാൻ പല സർക്കാരുകളും പരിശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരും 1957ലെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയും ഈ ദിശയിൽ ഏറെ പരിശ്രമിച്ചവരാണ്. 1958ലെ വിദ്യാഭ്യാസനിയമം അങ്ങനെ ഉണ്ടായതാണ്. ആ നിയമം, സ്കൂൾ വിദ്യാഭ്യാസത്തിന് കൃത്യമായ ഘടനയുണ്ടാക്കി. എയ്ഡഡ് സ്കൂൾ അധ്യാപകർക്കു സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. 1972 മുതൽ കോളജ് അധ്യാപകർക്കും സർക്കാർ നേരിട്ടു ശന്പളം കൊടുത്തുതുടങ്ങി. അതോടെ നിയമന കച്ചവടവും കണക്കുകളും ഉണ്ടായി.
സ്ഥാപനങ്ങൾ കുറഞ്ഞതിൽ വെള്ളാപ്പള്ളിയുടെ സങ്കടത്തിനു കാരണം അതാണെന്നതല്ലേ സത്യം. സിപിയോട് അടക്കമുള്ള അധികാരീ വൃന്ദത്തോടു ചേർന്നുനിന്ന് കാര്യങ്ങൾ സാധിച്ച ചരിത്രമുള്ള സംഘടനയാണ് എസ്എൻഡിപി.
ജാതിക്കണക്കുകൾ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനങ്ങളിൽ 56.7 ശതമാനം ഹിന്ദുക്കളുണ്ട്. 23 ശതമാനമണ് ഈഴവർ. മുസ്ലിംകൾ 26 ശതമാനം. ക്രൈസ്തവർ 18.4 ശതമാനം. 23 ശതമാനമുള്ള ഈഴവ സമൂഹത്തിൽ പെട്ടതാണ് മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും. 26 ശതമാനമുള്ള മുസ്ലിം സമൂഹത്തിൽ നിന്നുള്ളത് രണ്ടു മന്ത്രിമാർ. ക്രൈസ്തവർ മൂന്ന്. ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം മന്ത്രിമാരുടെ എണ്ണം ആറെങ്കെിലും ആകും. ഈഴവ സമൂഹത്തിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം കുറയും. കാരണം, കോണ്ഗ്രസ് എംഎൽഎമാരിൽ ഈഴവർ കുറവായിരിക്കും. ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാണ്.