ഏകാന്തത
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, August 13, 2025 1:53 AM IST
ആഴമേറിയ ഏകാന്തതയെ ബുദ്ധൻ നിർവാണ എന്നും മഹാവീരൻ കാതര എന്നും വിളിച്ചു. ഞാനാകട്ടെ അതിനെ കവിത എന്നു വിളിക്കുന്നു. ആഴമേറിയ ഏകാന്തതയിലിരുന്നാണു കവികൾ സ്വപ്നലോകങ്ങൾ സൃഷ്ടിച്ചത്; സപ്തവർണാങ്കിത നിറങ്ങൾ സൃഷ്ടിച്ചത്. പനിനീർച്ചെമ്പകത്തിന്റെ പച്ചത്തണ്ടിനറ്റത്ത് വിടരാതെ നിന്ന പൂങ്കുലകളെ വിരിയിച്ചത്. എന്നിട്ടും കവികൾക്കെന്തേ അതിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെവരുന്നു. ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങിയിട്ടും ഏകാന്തതയുടെ അമാവാസിയിൽനിന്ന് ഒരു തുള്ളി വെളിച്ചമായി കവിതയെ ഉഴിഞ്ഞുണർത്തിയിട്ടും കവികൾക്കെന്തേ അതിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെവരുന്നു; അറിയില്ല.
ദൈവം ആരാധിക്കപ്പെടാനുള്ളതല്ല; ജീവിച്ചനുഭവിക്കാനുള്ളതാണെന്ന് ഓഷോ പറയും. അതുപോലെതന്നെയാണ് ഏകാന്തതയും. ഏകാന്തതകളാണ് സൃഷ്ടിയുടെ ഈറ്റില്ലമായിത്തീരുന്നത്. ഓരോ സൃഷ്ടിക്കു പിന്നിലും കണ്ണീരിന്റെ ഒരടയാളവാക്യമുണ്ട്. ഒരു സ്ത്രീ അമ്മയായി മാറുന്നതു കണ്ണീരിലൂടെയാണ്. അശ്രുധാരയിലൂടെ അവൾ നവീകരിക്കപ്പെടുകയും പുനർജനിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഏകാന്തതകളിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. ഏകാന്തതകളിലാണ് നാം അത്രമേൽ കരഞ്ഞു തളരുന്നത്. ഇത്തിരിപ്പോന്ന ഒരാനന്ദം വന്നുചേരുമ്പോൾ നാമത് അറിയുന്നില്ല എന്നേയുള്ളൂ.
ഒരു യാത്ര ഞാനോർക്കുന്നു. ഗ്രീഷ്മകാലത്തായിരുന്നു ആ യാത്ര; മരുത്വാമലയിലേക്ക്. ആ ധ്യാനശൃംഗത്തിലേക്ക് ഒറ്റയ്ക്കു നടന്നുകയറണമെന്നത് കുട്ടിക്കാലം മുതലേയുള്ള ഒരാഗ്രഹമായിരുന്നു. മലയുടെ സൗന്ദര്യത്തേക്കാൾ എന്നെ ഭ്രമിപ്പിച്ചത് അതിന്റെ ഔന്നത്യമായിരുന്നു. നാട്ടിലെ ഒരവധൂതൻ പീളക്കണ്ണുകൾ വിടർത്തി മരുത്വാമലയെക്കുറിച്ച് വിസ്തരിച്ചത് സംഗീതംപോലെ കാതിൽ എല്ലായ്പോഴും മുഴങ്ങുന്ന ഒന്നായിരുന്നു. അയാൾ ഡയോജനിസിനെപ്പോലെ തെരുവിൽ ജീവിച്ച ഒരാളായിരുന്നു. ചെറിയ നാണയത്തിന് അയാൾ ഒരുപാടു കടല പൊതിഞ്ഞുതരുമായിരുന്നു. ബസ് വരുംവരെ കടല കൊറിച്ചുകൊണ്ട് അയാളുടെ സഞ്ചാരങ്ങൾ ഞാൻ കേട്ടുനിൽക്കും.
ഒരിക്കലയാൾ മരുത്വാമലയെക്കുറിച്ചു പറഞ്ഞു. ആ പറച്ചിലിന് കയറ്റിറക്കങ്ങളുടെ അണപ്പുണ്ടായിരുന്നു. നാരായണഗുരു കയറിപ്പോയ വഴികളെക്കുറിച്ചും ധ്യാനലീനനായിരുന്ന പിള്ളത്തടത്തിലെ ഏകാന്തതയെക്കുറിച്ചും അയാൾ പറഞ്ഞു. അതിൽ ഏകാന്തത എന്ന വാക്ക് എന്നെ വല്ലാതെ ആകർഷിച്ചു. ഞാനാ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. ഒരു പതിമൂന്നുവയസുകാരനെ മോഹിപ്പിക്കാൻ ആ വാക്കിലെന്തിരിക്കുന്നുവെന്ന് ചോദിച്ചേക്കാം. പക്ഷേ, അറിയില്ല. അവിടേക്കു പോകാനും അവിടുത്തെ ഏകാന്തത അനുഭവിക്കാനും മനസ് വല്ലാതെ വെമ്പി. പക്ഷേ, പോകാനായില്ല. പത്താം ക്ലാസിലായപ്പോൾ വിനോദയാത്ര കന്യാകുമാരിയിലേക്കായിരുന്നു. ശുചീന്ദ്രം കഴിഞ്ഞ് ഒരുച്ചവെയിലത്ത് തെക്കോട്ടു പായുമ്പോൾ ദൂരെ വിഭൂതിയണിഞ്ഞ ഒരു മല കണ്ടു. അടുത്തു വരുംതോറും അത് ആനന്ദഘനവും തേജോരൂപവുമായ ഒന്നായി മാറുന്നതായി എനിക്കു തോന്നി. പിന്നെയും നാളുകൾ കഴിഞ്ഞാണ് അക്കണ്ട മല മരുത്വാമലയായിരുന്നുവെന്ന് തിരിച്ചറിയാനായത്.
തിരുവനന്തപുരത്തെ പഠനകാലത്താണ് ഞാൻ മരുത്വാമല ഒറ്റയ്ക്കു കയറുന്നത്. കയറുകയല്ല, ഇറങ്ങുകയാണ് എന്നാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്. ഓരോ കയറ്റവും ഓരോ ഇറക്കമാണ്. ഇറങ്ങുമ്പോൾ എനിക്കു കയറ്റമായാണ് അനുഭവപ്പെടുന്നത്. ഇക്കാര്യം എനിക്കു പിന്നാലെവന്ന അപരിചിതനായ ചെറുപ്പക്കാരനോടു പറഞ്ഞപ്പോൾ അവൻ പരിഹാസരൂപേണ ഒന്നു ചിരിച്ചു. “താഴ്വാരത്തെ പച്ചപ്പ് മുകളിലുമുണ്ടാകുമെന്നും മുകളിലത്തെ ആകാശം ജലരാശിയായി താഴെയുണ്ടാകുമെന്നും” പറഞ്ഞ് അയാളെന്നെ കടന്നുപോയി. ആ വാക്കുകൾ കവിതയായിരുന്നുവെന്ന് പിന്നീടെനിക്കു തോന്നി. അപ്പോൾ വല്ലാത്തൊരേകാന്തത എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. അല്പം അകലെയായി ഒരു കുടകപ്പാല പൂത്തുനിൽക്കുന്നതു കണ്ടു. കണ്ണകിയുടെ ചിലമ്പൊലിപോലെ കാറ്റു വീശുന്നുണ്ട്. എരിഞ്ഞ ചൂടിൽ വിയർപ്പാറ്റിക്കിടക്കുന്ന മണൽത്തരികൾ.കുമിളകൾപോൽ മണ്ണിൽ പൊന്തിനിൽക്കുന്ന ചെറുപാറക്കൂട്ടങ്ങൾ. എല്ലാം കടന്നു ഞാൻ മുകളിലെത്തി. തനിത്തങ്കവെയിൽ പെരിയ തുള്ളികളിൽ പെയ്തുനിൽക്കുന്നു. ഇത്രയേറെ മനുഷ്യർ ചവിട്ടിമെതിച്ചിട്ടും മെലിയാത്ത ശൃംഗശിഖരം. ഞാൻ കുനിഞ്ഞിരുന്നു കാലം ചവുട്ടിക്കുഴച്ച ആ പാദമുദ്രകൾക്കിടയിൽ രണ്ടു പവിത്രപാദങ്ങൾ തിരഞ്ഞു; നാരായണഗുരുവിന്റെ. കണ്ടില്ല. എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകുംപോലെ ആ മുദ്രകളും അവിടേക്ക് അലിഞ്ഞുചേർന്നിട്ടുണ്ടാകുമോ? അറിയില്ല.
ദൂരെ സാഗരോന്മുഖ നീലിമ. അത് സീമന്തചക്രവാളത്തിലേക്കു രമിച്ചുകിടക്കുന്നു. പിള്ളത്തടത്തിലിരുന്നു കണ്ണടച്ചപ്പോൾ കരച്ചിൽ വന്നു. ധ്യാനിക്കുമ്പോൾ കരയാൻ പാടില്ലെന്നു പഴമക്കാർ പറയും. പക്ഷേ, ഞാൻ കരഞ്ഞു. ഇതിനുള്ളിലെ ഏകാന്തത എന്നെ കരയിക്കുകയായിരുന്നു. താഴ്വാരത്തെങ്ങോ മേയാൻ പോയ ഒരു മഴ എന്നെ കാണാനെന്നവണ്ണം മലകയറി വന്നു. ഏറിയേറിവരുന്ന തണുപ്പിൽ ഞാനിരുന്നു. കൈയിലിരുന്ന നോട്ട്ബുക്കിൽ എന്തോ എഴുതി. “ഏകാന്തതേ, ചാട്ടവാറുകൾകൊണ്ട് എന്റെ തുടൽ പൊട്ടിപ്പോകുംവരെ അടിക്കുക. ശൈത്യമരവിപ്പിനാൽ ഉറഞ്ഞുപോയ എന്റെ ഹൃദയം തച്ചുടച്ച് മുക്തമാക്കുക. ബോധശാഖികളിലൂടൂർന്ന ഗ്രീഷ്മകിരണങ്ങളാൽ എന്റെ തപഃഭ്രംശത്തെ മിന്നലാക്കി മാറ്റുക. ഏകാന്തതേ, എന്റെ ഏകാന്തതേ, നിശബ്ദമുഴക്കങ്ങളെ നീ പ്രഭാനിർഝരിയാക്കിയാലും.”