വോട്ടർപട്ടിക വിവാദം കത്തുന്നു
ജോർജ് കള്ളിവയലിൽ
Tuesday, August 12, 2025 12:33 AM IST
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.