പരിധിയില്ലാത്ത സേവനപാതയിൽ
Tuesday, August 12, 2025 12:28 AM IST
കാരുണ്യത്തിന് കൈയാമമിടുന്നവർ - 4/ സീനോ സാജു
ദൈവത്തിന്റെ പദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്നു എന്ന തീവ്രബോധ്യത്തോടെയാണ് മിഷണറി സേവനം. ജാതിമതങ്ങൾക്കതീതമായി മനുഷ്യരെ കണ്ടുള്ള കരുണാദൗത്യം. മറ്റെല്ലായിടത്തുമെന്നപോലെ ഒഡീഷയിലും ഇതുതന്നെയാണ് മിഷണറിമാർ ചെയ്തുവരുന്നതെന്ന് സിസ്റ്റർ ബീന അലക്സ് പറയുന്നു. പരിശുദ്ധാത്മാവിന്റെ ദാസികൾ (എസ്എസ്പിഎസ്) എന്ന സന്യാസ കൂട്ടായ്മയുടെ ഭാഗമാണ് സിസ്റ്റർ ബീന. 30 വർഷമായി ഒഡീഷയിൽ സേവനം ചെയ്യുന്നു.
വളരെ ഉൾപ്രദേശത്തുള്ള ഗ്രാമത്തിലാണ് ഇപ്പോഴുള്ളത്. ഗോത്രവർഗത്തിൽപ്പെട്ട പാവപ്പെട്ട പെൺകുട്ടികളോടൊപ്പം താമസിച്ച് അവരുടെ വിദ്യാഭ്യാസകാര്യങ്ങൾ ശ്രദ്ധിക്കുന്നു. തദ്ദേശീയരായ നാലു സിസ്റ്റർമാരും കൂട്ടിനുണ്ട്. അവരോരുത്തർക്കും കൃത്യമായ മേഖലകൾ തിരിച്ചുനല്കിയിട്ടുണ്ട്. ഗ്രാമീണരോടിടപഴകി അവരിലൊരാളായി ക്രിസ്തുസാക്ഷ്യത്തിൽ ജീവിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളൊന്നും ഇവരുടെ മിഷൻപ്രവർത്തനത്തിന്റെ തീക്ഷ്ണത കെടുത്തുന്നില്ല. പലപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിൽ എത്തിപ്പെടുന്ന സിസ്റ്റർമാരും മറ്റു മിഷൻ പ്രവർത്തകരും ഭാഷയും അവിടുത്തെ സംസ്കാരവുമറിയാതെ പകച്ചുപോകാറുണ്ട്. എങ്കിലും കഠിനവഴികളിലൂടെ ഭാഷ പഠിച്ച്, മനുഷ്യരുമായി ഇടപെട്ടാണ് സേവനപാത വെട്ടിത്തുറക്കുന്നത്. ഇതിനു പുറമെയാണ് അസഹിഷ്ണുതയുടെ പതാകവാഹകരുടെ ആക്രമണങ്ങൾ.
പത്തൊന്പതാം നൂറ്റാണ്ടു മുതൽ
ഒഡീഷയിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രം പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും, ബ്രിട്ടീഷുകാർ വന്നതിനുശേഷം പത്തൊന്പതാം നൂറ്റാണ്ടു മുതലാണ് സജീവമായത്.
ഒരുപാട് സങ്കീർണമായ സാഹചര്യങ്ങളിൽനിന്നായിരുന്നു തുടക്കം. ജാതിവ്യവസ്ഥ, അയിത്തം, ശൈശവ വിവാഹം, സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കിവയ്ക്കുന്ന രീതി, അന്ധവിശ്വാസങ്ങൾ തുടങ്ങിയ സാമൂഹിക തിന്മകളെ മറികടക്കുന്നത് അക്കാലത്ത് അത്ര എളുപ്പമായിരുന്നില്ല. ഒഡീഷയുടെ ഉൾപ്രദേശങ്ങൾ ദുർഘടവും പ്രധാന കേന്ദ്രങ്ങളിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ടതുമായിരുന്നു. ഇതു സഞ്ചാരത്തിനും പ്രവർത്തനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. മലേറിയ പോലുള്ള രോഗങ്ങളും സാധാരണമായിരുന്നു. ആരോഗ്യപരിപാലന സൗകര്യങ്ങളുടെ കുറവും വലിയ വെല്ലുവിളിയായി.
ബ്രിട്ടീഷ് ഭരണകാലത്ത് ആളുകൾക്ക് ആധുനിക വിദ്യാഭ്യാസത്തോടു താത്പര്യം കുറവായിരുന്നു. കൂടാതെ സാമൂഹികമായ പലവിധ തെറ്റിദ്ധാരണകളും. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും സ്ത്രീകളെ പഠിപ്പിക്കുന്നതിനും തടസമായി. ബ്രിട്ടീഷ് സർക്കാർതന്നെ ആദ്യകാലങ്ങളിൽ വിദ്യാഭ്യാസമേഖലയിൽ മിഷണറിമാരുടെ ഇടപെടലുകൾ പരിമിതപ്പെടുത്താൻ ശ്രമിച്ചിരുന്നു.
കട്ടക് രൂപത
ഒഡീഷയിലെ കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് പോർച്ചുഗീസ് വ്യാപാരികളാണ്. 1514ൽ അവർ ബാലസോർ ജില്ലയിലെ പിപ്ലിയിലാണ് താമസമുറപ്പിച്ചത്. കൂടുതൽ സംഘടിതമായ മിഷൻ പ്രവർത്തനങ്ങൾ പിന്നീട് ആരംഭിച്ചു. 1884ൽ ഫാ. ഫിയറൻസ് എസ്ജെ സാംബൽപുരിൽ ചാപ്ലയിൻ ആയി പ്രവർത്തിച്ചു. തുടർന്ന് 1909ൽ ഫാ. ഗ്രോസ്ജീൻ കെസ്രമാലിൽ ആദ്യത്തെ മിഷൻ സ്റ്റേഷൻ സ്ഥാപിച്ചു.
1928 ജൂലൈ 18നാണ് പയസ് XI മാർപാപ്പ കട്ടക്ക് മിഷനെ ‘മിഷൻ സൂയി ജൂറിസ്’ ആയി പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് മിഷണറിമാർക്ക് പകരമായി സ്പാനിഷ് വിൻസെൻഷ്യൻ വൈദികർ 1922ൽ ഒഡീഷയിൽ എത്തിയശേഷമാണ് ഈ പ്രഖ്യാപനം വരുന്നത്. 1937 ജൂൺ ഒന്നിന് ഈ മിഷൻ കട്ടക്ക് രൂപതയായി ഉയർത്തുകയും റാഞ്ചി അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തു. 1974 ജനുവരി 24ന് കട്ടക്ക് രൂപതയെ കട്ടക്ക്-ഭുവനേശ്വർ അതിരൂപതയായി ഉയർത്തി. ഇതേസമയംതന്നെ ബെർഹാംപുർ രൂപതയെ ഇതിൽനിന്ന് വേർതിരിച്ചു.
ആദ്യകാല മിഷണറി പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇപ്പോൾ കട്ടക്ക്-ഭുവനേശ്വർ അതിരൂപത, ബാലസോർ, ബെർഹാംപുർ, റായഗഡ, റൂർക്കേല, സാംബൽപുർ എന്നിങ്ങനെ ആറു രൂപതകളാണ് ഒഡീഷയിലുള്ളത്.വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമൂഹികസേവനം തുടങ്ങിയ വിവിധ മേഖലകളിലായാണ് മിഷൻ പ്രവർത്തനം. പാവപ്പെട്ട ജനങ്ങളുള്ള ഗ്രാമീണമേഖലയിൽ വിലമതിക്കാനാകാത്ത പ്രവർത്തനങ്ങളാണ് ഇവർ ചെയ്തുവരുന്നത്.
എസ്ജെഎസ്, എസ്വിഡിഎസ്, സിഎം, ഒസിഡിഎസ്, പള്ളോട്ടിൻ (എസ്എഎസ്), എസ്എസ്പിഎസ്, എച്ച്എം, സെന്റ് ജോസഫ് സിസ്റ്റേഴ്സ്, വിൻസെൻഷ്യൻ സിസ്റ്റേഴ്സ്, എംസി, വിസി, ആർസിസിഎസ് തുടങ്ങിയ സന്യാസസമൂഹങ്ങൾ ഒഡീഷയിൽ പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമീണമേഖലയിൽ തദ്ദേശീയമായ സ്കൂളുകളും ക്ലിനിക്കുകളും ഡിസ്പെൻസറികളും തൊഴിൽ പരിശീലനകേന്ദ്രങ്ങളും നടത്തുന്നതിലും മറ്റു സാമൂഹികസേവനങ്ങളിലും വ്യാപൃതരാണ് ഈ സന്യാസസമൂഹങ്ങളെല്ലാം. പരിശുദ്ധാത്മാവിന്റെ ദാസികൾ (എസ്എസ്പിഎസ്) സഭ സംസ്ഥാനത്ത് ഒന്പതിടത്തായി ഡിസ്പൻസറികളും സ്കൂളുകളും ആശുപത്രികളും നടത്തിവരുന്നു.
അതതു പ്രദേശത്തെ രൂപതകളുമായി ബന്ധപ്പെട്ടാണ് സന്യാസസഭകളുടെ പ്രവർത്തനം. കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും കാര്യത്തിൽ എല്ലാവരും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ദിവസക്കൂലിക്കായി ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളും അരികുവത്കരിക്കപ്പെട്ട ഗ്രാമീണരുമാണ് മിഷൻ ആശുപത്രികളിലെ പതിവു രോഗികൾ. ദളിത്-ആദിവാസി മേഖലകളിലും സേവനപ്രവർത്തനങ്ങൾ എത്തിക്കുന്നുണ്ട്.
കരിമാട്ടി മിഷൻ
സമാന സാഹചര്യങ്ങളിൽ മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന കരിമാട്ടി മിഷനെക്കുറിച്ചും പറയാതിരിക്കാനാകില്ല. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ സത്ന രൂപതയുടെ കീഴിൽ ഫാ. ആന്റണി പ്ലാക്കലിന്റെയും ബിഷപ് മാർ ഏബ്രഹാം ഡി. മറ്റം വിസിയുടെയും നേതൃത്വത്തിൽ 1974ൽ സ്ഥാപിച്ചതാണ് കരിമാട്ടി മിഷൻ സ്റ്റേഷൻ. വനങ്ങളാൽ ചുറ്റപ്പെട്ട വിദൂരമായ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വിവിധ ആദിവാസി വിഭാഗങ്ങൾക്കുവേണ്ടിയാണ് ഈ മിഷന്റെ പ്രവർത്തനം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം എന്നിവയിലുള്ള സമഗ്രമായ പദ്ധതികളിലൂടെ പ്രാദേശിക സമൂഹത്തെ ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
ഒരു നാട്ടുകാരന്റെ വീട്ടിൽ ആരംഭിച്ച സ്കൂൾ പിന്നീട് ഒരു ഔപചാരിക സ്കൂളായി മാറുകയായിരുന്നു. ഇതു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. ഈ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ സർക്കാർ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തെ സേവിക്കുന്നുണ്ട്. വിദ്യാഭ്യാസം പ്രാദേശികജനതയെ ദാരിദ്ര്യത്തിൽനിന്നും ഒറ്റപ്പെടലിൽനിന്നും മോചിപ്പിക്കാൻ സഹായിച്ചു. സത്ന രൂപതയിലെ നിരവധി മിഷൻ സ്റ്റേഷനുകളിലെ ഡിസ്പൻസറികളാണ് ഗ്രാമീണരുടെ പ്രഥമ ചികിത്സാകേന്ദ്രം.
സമൂഹത്തിന്റെ ആരോഗ്യപരമായ ആവശ്യങ്ങൾ മനസിലാക്കി, കന്യാസ്ത്രീമാരുടെ സഹായത്തോടെ ഒരു ക്ലിനിക് സ്ഥാപിച്ചു. പാമ്പുകടിയേറ്റവർക്ക് ചികിത്സ നൽകുന്നതിൽ ഈ ക്ലിനിക് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് പാമ്പുകടിയേൽക്കുന്നത് ഇവിടെ സാധാരണമാണ്. സിസ്റ്റേഴ്സ് ആരംഭിച്ച ഈ ചികിത്സാരീതി മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു.
സാമൂഹികപ്രവർത്തന വിഭാഗവുമായി സഹകരിച്ച്, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി മിഷൻ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, കാർഷിക വികസനം, വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ ഇതിൽ പ്രധാനമാണ്. വരുമാനം ഉണ്ടാക്കാനുള്ള ഈ പരിപാടികൾ സ്ത്രീകളെ സ്വയം പര്യാപ്തരാകാൻ സഹായിച്ചു.
കരിമാട്ടി മിഷൻ സ്റ്റേഷൻ ആദിവാസി സമൂഹത്തിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ പ്രധാന നേട്ടങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള മിഷന്റെ ഊന്നൽ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സംഭാവന നൽകി. സർക്കാർ പദ്ധതികളുടെ ഫലപ്രദമായ ഉപയോഗവും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമായി.
കരുണയുടെയും അർപ്പണബോധത്തിന്റെയും സമൂഹത്തിൽ അധിഷ്ഠിതമായ വികസനത്തിന്റെയും ശക്തിക്ക് ഒരു ഉദാഹരണമാണ് കരിമാട്ടി മിഷൻ സ്റ്റേഷൻ. സത്ന ബിഷപ് ജോസഫ് കൊടക്കല്ലിലിന്റെ നേതൃത്വത്തിലും മാർഗനിർദേശത്തിലും മിഷൻ കാരുണ്യസേവനത്തിന്റെ പുതുചക്രവാളങ്ങൾ തേടുകയാണ്.
എല്ലാവർക്കും വിദ്യാഭ്യാസവും ചികിത്സയും തൊഴിലും നല്കാനുള്ള ജനാധിപത്യരാജ്യത്തിന്റെ ചുമതലയിലാണ് ക്രൈസ്തവ മിഷൻ കേന്ദ്രങ്ങൾ പങ്കുചേരുന്നത്. ധനസ്രോതസുകളുടെയും ആൾബലത്തിന്റെയും അഭാവത്തിൽ, സാധിക്കുന്നത്ര സേവനം ചെയ്യുന്ന മിഷനറിമാരെ മതംമാറ്റക്കാരായും മനുഷ്യക്കടത്തുകാരായും ചിത്രീകരിക്കുന്നത് വേദനാജനകമാണ്. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും മനുഷ്യോചിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ അവർ ചെയ്യുന്ന നിസ്വാർഥ സേവനം എല്ലാവരുടെയും കൃതജ്ഞത അർഹിക്കുന്നുണ്ട്. അവരെയും അവരുടെ സേവനപ്രവർത്തനങ്ങളെയും നിന്ദിക്കാതിരിക്കാനുള്ള ഹൃദയവിശാലതയെങ്കിലും എല്ലാവരും കാണിച്ചിരുന്നെങ്കിൽ!
(അവസാനിച്ചു)