ശെൽവൻ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Thursday, July 24, 2025 1:00 AM IST
ചില മനുഷ്യരെ കാണാൻ മാത്രം സഞ്ചരിച്ച ദൂരങ്ങൾ ദൂരങ്ങളേ ആയിരുന്നില്ല എന്ന് പിന്നീടെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. കാലങ്ങൾക്കു മുമ്പ് തൃശൂരിൽവച്ചാണ് ഞാൻ ശെൽവനെ പരിചയപ്പെടുന്നത്. ചെരുപ്പുതുന്നലാണ് തൊഴിൽ. തിരുനെൽവേലിക്കാരൻ. പഠനാനന്തരമുള്ള അലച്ചിലിനിടയിലെ ഒരു വഴിയമ്പലമായിരുന്നു എനിക്കന്നു തൃശൂർ. കവി ലൂയിസ് പീറ്ററും രാഘവൻ അത്തോളിയും അക്കാദമിയിലെ പി. സലിംരാജുമായിരുന്നു കൂട്ട്. അക്കാദമിക്കു മുമ്പിലുള്ള മരക്കൂട്ടങ്ങൾക്കിടയിലെ സിമന്റു ബെഞ്ചുകളിലായിരുന്നു ഇരിപ്പും കിടപ്പും. അങ്ങനെയിരിക്കെ, ഒരുച്ച കഴിഞ്ഞ നേരത്ത് എന്നോളം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ബെഞ്ചിന്റെ ഒരറ്റത്തു വന്നിരുന്നു. അവന്റെ കൈയിലൊരു പുസ്തകമിരുന്നതിനാൽ എനിക്ക് വേഗം പരിചയപ്പെടാൻ കഴിഞ്ഞു- ശെൽവൻ.
തമിഴും മലയാളവും കലർന്ന ഭാഷ. പ്രദക്ഷിണം ചെയ്യുന്ന ഇടയ്ക്കയുടെ അതേ ചിലമ്പൽ. ശെൽവനു നന്നായി മലയാളം വായിക്കാനറിയാം. മലയാളത്തിലെ ഒട്ടുമിക്ക കൃതികളും വായിച്ചിട്ടുണ്ട്. അവൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ കേട്ടപ്പോൾ ഞാനദ്ഭുതപ്പെട്ടുപോയി. സംഘകാലത്തെ ഐന്തണകളെക്കുറിച്ച് അവൻ വിശദമായി സംസാരിച്ചു. മലയാളത്തിൽ പ്രപഞ്ചത്തെ സ്നേഹിച്ച ഒരെഴുത്തുകാരനേയുള്ളൂ, അത് ബഷീറാണെന്നു പറഞ്ഞു. വിജയന്റെ ‘കടൽത്തീരത്ത്’ എന്ന കഥയിലെ വെള്ളായിയപ്പനും മകൻ കണ്ടുണ്ണിയും ഒരാളുടെതന്നെ രണ്ടു മാനസികാവസ്ഥകളാണെന്നു പറഞ്ഞു. ഒരായിരം പുസ്തകം വായിച്ചതിന്റെ ലഹരി ഞാനവനിൽനിന്ന് അനുഭവിച്ചറിഞ്ഞു.
പിന്നെയും ഞങ്ങൾ പല നാളുകളിൽ തൃശൂരിൽവച്ചു കണ്ടു. വടക്കുന്നാഥന്റെ കളിത്തട്ടുകളിൽ ഞങ്ങൾ മിണ്ടിപ്പറഞ്ഞിരുന്നു. ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഒത്തിരി ദൂരം നടന്നു. ഒരിക്കലെന്റെ ചെരിപ്പ് തുന്നിത്തന്നു. പുസ്തകങ്ങൾ കൈമാറി. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘വാക്കിന്റെ സമുദ്രസ്നാനങ്ങൾ’ എന്ന എന്റെ പുസ്തകത്തിന്റെ ആദ്യകോപ്പി നല്കിയത് ശെൽവനായിരുന്നു. പിന്നീടു കണ്ടപ്പോൾ ശെൽവൻ പറഞ്ഞു, “കൂട്ടേ, വായിച്ചിട്ട് ഒന്നും മനസിലായില്ല. പക്ഷേ, അതിലെന്തൊക്കെയോ ഉണ്ട്!” “എന്തൊക്കെയോ ഉണ്ട്” എന്നു പറഞ്ഞതാണ് ഇന്നോളം എനിക്ക് ലഭിച്ച ഏറ്റവും വലിയ പാരിതോഷികം എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീടെപ്പൊഴൊക്കെയോ പുറത്തേക്കുള്ള എന്റെ സഞ്ചാരങ്ങൾ കുറഞ്ഞുകുറഞ്ഞുവന്നു. അകത്തെ സഞ്ചാരങ്ങൾക്കിടയിൽ ശെൽവനെ ഓർക്കാനേ കഴിഞ്ഞില്ല. ശെൽവനെ ഞാൻ മറന്നു.
പക്ഷേ, ഉത്കണ്ഠകൾ നമുക്കു പിന്നാലെ വരുന്നു എന്നു പറയുംപോലെയാണ് ചില ഓർമകളും. അവ നമ്മളറിയാതെ, അതീവരഹസ്യമായി പിന്തുടരുന്നുണ്ടാകാം. ഒരു രാത്രി പനിച്ചുകിടന്നപ്പോൾ ഒരോർമ ഉത്കണ്ഠകളോടെ മനസിലേക്കു പതുങ്ങിവന്നു. പൂർണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടൽപോലെ. അപരിഹാര്യമായ വേദന. ഓർമയുടെ മുക്കിലും മൂലയിലും ഉത്കണ്ഠകളോടെ ശെൽവൻ പതുങ്ങിനിൽക്കുന്നതുപോലെ തോന്നി. നേരം പുലരുംമുമ്പേ തൃശൂർക്കുള്ള വണ്ടി കയറി. അയ്യന്തോളിലെ പ്രധാന നിരത്തുകളിലൊന്നിൽ, ഒരു മരച്ചുവട്ടിൽ അവൻ സ്ഥിരമായിരുന്ന് ചെരുപ്പ് തുന്നാറുള്ളിടത്ത് അന്വേഷിച്ചു; കണ്ടില്ല. അക്കാദമിയിൽ ചെന്നു; കണ്ടില്ല. ശെൽവന് തീരെ സുഖമില്ലെന്നും നാട്ടിലേക്കു മടങ്ങിപ്പോയെന്നും സലിംരാജ് പറഞ്ഞു.
അതുംകൂടി കേട്ടതോടെ എനിക്കു സങ്കടം നിയന്ത്രിക്കാനാകാതായി. സലീമിനറിയാവുന്ന പാതി വിലാസവും എനിക്കറിയാവുന്ന പാതിയും ചേർത്ത് തുന്നിയ പൂർണവിലാസവുംകൊണ്ട് രണ്ടുനാൾ കഴിഞ്ഞ് ഞാൻ തിരുനെൽവേലിക്കു യാത്ര തിരിച്ചു. നഗരത്തിനു പുറത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളൊന്നിലായിരുന്നു ശെൽവന്റെ വീട്. ഇത്തിരി അലച്ചിലുകൾക്കൊടുവിൽ കാളീവാരം സ്ട്രീറ്റിലുള്ള ശെൽവന്റെ വീട് കണ്ടുപിടിച്ചു. പഴയ ചിരിയോടെ ശെൽവൻ ഉമ്മറത്തിരുപ്പുണ്ട്. എന്നെ കണ്ടതും ശെൽവൻ അദ്ഭുതപ്പെട്ടു. “കൂട്ടേ, ഇവിടെ?” ഞാനവനെ കെട്ടിപ്പിടിച്ചു. എന്തുപറ്റി? ഞാൻ ചോദിച്ചു.
ശെൽവൻ ചിരിച്ചു. “ഒന്നുമില്ല കൂട്ടേ, ആസ്ത്മ ഇത്തിരി കൂടിയിട്ടുണ്ട്. അതിനുള്ള മരുന്നു കഴിക്കുന്നു. ഇപ്പോ നല്ല കുറവുണ്ട്. പിന്നെ, കുട്ടികൾ വല്ലാതെ നിർബന്ധിക്കുന്നു, ഇനിയുള്ള കാലം അവർക്കൊപ്പം നിൽക്കാൻ. അവരുടെ സന്തോഷമല്ലേ വലുത്!” ശെൽവൻ ചുമയ്ക്കിടയിൽ വീണ്ടും ചിരിച്ചു. എനിക്കു സമാധാനമായി. ഭയപ്പെടാൻ ഒന്നുമില്ല. ഞാനവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. അവനും ഞാനും കരഞ്ഞു. ഞങ്ങളൊരുപാടു നേരം സംസാരിച്ചു. ഭാര്യയും മക്കളും അത് കേട്ടുകൊണ്ടിരുന്നു.
ഞങ്ങളൊരുമിച്ചു ഭക്ഷണം കഴിച്ചു. മകനെയും കൂട്ടി എന്നെ അടുത്തുള്ള കോവിലിൽ തൊഴാൻ വിട്ടു. രാത്രിമുഴുവൻ ശെൽവൻ ചുമയ്ക്കിടയിലൂടെ തിരുക്കുറൾ പാടിത്തന്നു. “പൊയ്യിൽ പുലവനാണ് തിരുവള്ളുവർ. അതായത്, അസത്യമൊട്ടുമില്ലാത്തവൻ. കവികൾ അങ്ങനെയാകണം.” ശെൽവൻ പറഞ്ഞു. അന്നുരാത്രി ക്ഷീണത്താൽ ഉറങ്ങിവീണതു ഞാനാണ്. അപ്പോഴും ശെൽവൻ എനിക്കു കാവലായ് ഉണർന്നിരിക്കുകയായിരുന്നു.
അടുത്ത പ്രഭാതത്തിൽ മടങ്ങാനായി ഞാനിറങ്ങിയപ്പോൾ ശെൽവൻ നിരത്തോളം വന്നു. ഞങ്ങൾ ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു. അപ്പോഴവൻ ചെവിയിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “മൂഢനുമായുള്ള സ്നേഹബന്ധം നല്ലതാണ്; കാരണം പിരിയേണ്ടിവരുമ്പ ദുഃഖിക്കേണ്ടല്ലോ!” തിരുക്കുറളിൽനിന്നുള്ള ഈരടി. ഞാൻ ചിരിച്ചു.
ശെൽവന്റെ മകൻ എന്നെ സൈക്കിളിലിരുത്തി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. ബസിൽ കയറിയിരുന്നപ്പോൾ അവൻ സൈക്കിൾ ചാരിവച്ച് എന്റെ അടുക്കലേക്കു വന്നു. “സർ, അപ്പായ്ക്ക് കാൻസറാണ്. ഡോക്ടർമാർ വീട്ടിൽ പോകാൻ പറഞ്ഞു. അപ്പായ്ക്ക് ഇതറിയില്ല”- ആ പതിനെട്ടുകാരൻ കരഞ്ഞുകൊണ്ടിറങ്ങിപ്പോയി. ഞാൻ കരഞ്ഞില്ല. പക്ഷേ, കണ്ണു തുടച്ചു.