നേര്യമംഗലം - വാളറ ദേശീയപാത വികസനം അട്ടിമറിക്കപ്പെട്ടതെങ്ങനെ ?
Monday, July 21, 2025 1:56 AM IST
കൊച്ചി-ധനുഷ്കോടി ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധിയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകൾക്ക് നഷ്ടമായത് ഗതാഗത-ടൂറിസം രംഗത്ത് കൈവരുമായിരുന്ന വൻ വികസനസാധ്യതയാണ്.
സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം കുടിയേറ്റജനതയുടെ ചിരകാല അഭിലാഷമാണ് ചില്ലുകൊട്ടാരംപോലെ തകർന്നടിഞ്ഞത്. ഈ വിധി മലയോരജനതയുടെ നെഞ്ചിലേറ്റ ഉണങ്ങാത്ത മുറിവായി. ഇതിനെതിരേ രാഷ്ട്രീയകക്ഷിഭേദമന്യെ ജനങ്ങളിൽനിന്നു അതിശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
കോടതിയിൽ വനംവകുപ്പ് സെക്രട്ടറികൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സത്യത്തിനു നേരേ കണ്ണടച്ച് സത്യവാങ്മൂലം നൽകിയപ്പോൾ അപരിഹാര്യമായ നഷ്ടമാണ് ജനങ്ങൾക്കുണ്ടായത്. ചീഫ് സെക്രട്ടറിക്കുവേണ്ടിയാണ് സത്യവാങ്മൂലം നൽകുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയതോടെ ഇതു സംസ്ഥാന സർക്കാരിന്റെ അഭിപ്രായമായി മാറി. ഇതാണ് ഹൈക്കോടതിയിൽനിന്നു ദേശീയപാത നിർമാണം തടഞ്ഞുകൊണ്ട് ഉത്തരവുണ്ടാകാൻ കാരണമായത്.
2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം നേര്യമംഗലം-വാളറ ദേശീയപാതയുടെ നിർമാണത്തിന് വനംവകുപ്പ് തടസം നിൽക്കരുതെന്നായിരുന്നു. ഈ തീരുമാനമാണ് പിന്നീട് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലൂടെ അട്ടിമറിക്കപ്പെട്ടത്.
വിധിയുടെ പ്രത്യാഘാതങ്ങൾ
ഹൈക്കോടതി വിധിയനുസരിച്ച് വനംവകുപ്പിന്റെ പരിവേഷ് പോർട്ടലിൽ നൽകിയ അപേക്ഷ പ്രകാരം 0.95 ഹെക്ടർ സ്ഥലത്ത് മാത്രമായി ദേശീയപാതയുടെ വികസനം ചുരുങ്ങുന്ന സ്ഥിതിയാണുണ്ടായത്. ഇതിനു പുറമെ നടന്നുവന്ന നിർമാണപ്രവർത്തനങ്ങളെല്ലാം നിയമവിരുദ്ധമായി മാറുകയും ചെയ്തു. ദേശീയപാത നിർമാണം നടത്തിവരുന്ന പ്രദേശം റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ രേഖയനുസരിച്ച് പുറന്പോക്കാണെങ്കിലും വനംവകുപ്പിന്റെ വാദം ഇത് മലയാറ്റൂർ റിസർവ് ഭൂമിയാണെന്നാണ്.
1996ൽ പൊതുമരാമത്ത് സെക്രട്ടറി ദേശീയ പാതയ്ക്ക് 30 മീറ്റർ വീതിയുണ്ടെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതു കേവലം ചെറിയ വസ്തുതർക്കത്തിന്റെ പേരിൽ ഉണ്ടായതാണെന്ന വ്യാഖ്യാനമാണ് വനംവകുപ്പ് നൽകിയത്. ഇതും കോടതിയിൽ തിരിച്ചടിക്ക് കാരണമായി. നേര്യമംഗലം പാലത്തിന്റെ നിർമാണത്തിനായി കുട്ടന്പുഴ വില്ലേജിൽ ഉൾപ്പെട്ട ഭൂമിയും ദേശീയപാതയുടെ വികസനത്തിന് ആവശ്യമായി വരുന്ന വനംവകുപ്പിന്റെ ഭൂമിയും ഉൾപ്പെടെ 0.95 ഹെക്ടർ സ്ഥലം വിട്ടുകിട്ടുന്നതിനു നഷ്ടപരിഹാരമായും വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായും 5.5 കോടി രൂപ ദേശീയപാത അഥോറിറ്റി വനംവകുപ്പിന് നൽകിയിരുന്നു. നഷ്ടപരിഹാരം വാങ്ങിയ ശേഷവും ദേശീയപാതാ വികസനം തടയാൻ ഇടയാകുന്ന വിധത്തിൽ സ്വകാര്യ വ്യക്തി ഫയൽ ചെയ്ത ഹർജിയിലെ വാദഗതിക്ക് ശക്തിപകരുന്ന വിധത്തിലാണ് വനംവകുപ്പ് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
മരംമുറിക്കൽ നിലച്ചു
ദേശീയപാതയിൽ വാഹനങ്ങൾക്കു മുകളിൽ മരം വീണ് അപകടമുണ്ടാകുകയും യാത്രക്കാർ മരണമടയുകയും ചെയ്തതോടെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം പാതയോരത്ത് അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിന് ദേശീയപാത വികസനവുമായി ബന്ധമില്ലെങ്കിലും കോടതിവിധിയുടെ അടിസ്ഥാനത്തിൽ മരംമുറിക്കൽ നിർത്തിവയ്ക്കേണ്ടിവന്നിരിക്കുകയാണ്. ഇതു വീണ്ടും മരംവീണ് ദുരന്തം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കും.
വനംവകുപ്പിന് ദ്വിമുഖ തന്ത്രം
ഇരയ്ക്കൊപ്പമാണെന്നു പറയുകയും അതേസമയം വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് വനംവകുപ്പ് ഏതാനും വർഷങ്ങളായി ഇടുക്കി ജില്ലയിൽ പയറ്റുന്നത്. തൊമ്മൻകുത്തിൽ അഞ്ചു പതിറ്റാണ്ടായി കർഷകർ കൈവശംവച്ചുവന്ന ഭൂമിയിലും നൂറ്റാണ്ട് പഴക്കമുള്ള ബിടിആർ പൊടിതപ്പിയെടുത്ത് ഈ പ്രദേശം വനഭൂമിയാണെന്ന് അവകാശപ്പെടുകയായിരുന്നു.
1983ൽ തൊടുപുഴ മുൻസിഫ് കോടതി തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ച സ്ഥലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വനഭൂമിയല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് വനംവകുപ്പ് ഞാണിന്മേൽ കളി നടത്തിയത്. ദേശീയപാതയുടെ നിർമാണം തടസപ്പെടുത്തിയതിനു പിന്നിലും വനംവകുപ്പ് പയറ്റിയത് ഇതേ തന്ത്രംതന്നെയാണ്.
ഭരണ നേതൃത്വം രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നെങ്കിൽ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നതാണ് യാഥാർഥ്യം.
വനംവകുപ്പിന്റെ കള്ളക്കളികൾ
എ.കെ. ആന്റണി മുഖ്യമന്ത്രിയും കടവൂർ ശിവദാസൻ വനംമന്ത്രിയുമായിരിക്കുമ്പോൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഇന്നത്തേതിനു സമാനമായ വഴിതടയലുണ്ടായി. അന്നത്തെ പ്രോജക്ട് ഡയറക്ടർ പൊതുമരാമത്ത് സെക്രട്ടറിക്ക് കൊടുത്ത കത്തിനെ അടിസ്ഥാനമാക്കി സർക്കാർ വനംവകുപ്പ് അധികാരികളെ ഇരുത്തികൊണ്ട് 1996 മേയ് 17ന് 1932ലെ ദിവാന്റെ ഉത്തരവ് റാറ്റിഫൈ ചെയ്തുകൊണ്ട് മേലിൽ 100 അടി വീതിക്കുള്ളിൽ വരുന്ന മേഖലകളിൽ റോഡ് വികസനം തടയരുതെന്ന് കൃത്യവും വ്യക്തവുമായ 73/96 നമ്പർ ഉത്തരവ് ഇറക്കി.
അന്ന് അവിടെ വനംവകുപ്പ് മേധാവി ഈ ഡി നോട്ടിഫിക്കേഷന്റെ കാര്യം ഉന്നയിച്ചില്ല. അല്ലെങ്കിൽ ഡി നോട്ടിഫിക്കേഷൻ നടത്തിയ കാര്യം അദ്ദേഹത്തിനറിയാമായിരുന്നു. ഇന്നതു മറച്ചുവച്ചുകൊണ്ടാണ് വനംവകുപ്പിന്റെ കള്ളക്കളികൾ. 1996 മുതൽ പൊതുമരാമത്ത് വകുപ്പ് പള്ളിവാസൽ ഓഫീസിൽനിന്നു വർഷാവർഷം ഈ 100 അടി വീതിക്കുള്ളിലുള്ള വിസ്ത ക്ലിയറൻസ് അടക്കം നടത്തിവന്നിരുന്നു; അതിനും തടസമുണ്ടായിരുന്നില്ല.
ഹൈക്കോടതി ഇടപെടൽ
കൊച്ചി-ധനുഷ്കോടി ദേശീയപാതാ വികസനം നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനംവകുപ്പ് തടസപ്പെടുത്തിയതിനെത്തുടർന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ പലതവണ ഇടുക്കി കളക്ടറേറ്റിൽ ചർച്ചകൾ നടന്നിട്ടും ഫലം കണ്ടില്ല. തുടർന്ന് നിർമല കോളജ് ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർഥിനി കിരൺ സിജു, ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ട്രഷറർ ബബിൻ ജെയിംസ്, 2022 ഓഗസ്റ്റ് 15ന് വാളയിൽ വഴിയരികിൽ കരിക്ക് വിറ്റതിന് വനത്തിൽ അതിക്രമിച്ച് കയറി എന്നാരോപിച്ച് വനം വകുപ്പ് ജയിലിലടച്ച മീരാൻകുഞ്ഞ് എന്നിവർ 2024 മാർച്ച് 16ന് ഹൈക്കോടതിയെ സമീപിച്ചു.
ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ നിലവിലുള്ള റോഡിന്റെ നടുക്കുനിന്ന് ഇരുവശങ്ങളിലേക്കും 50 അടി വീതം ആകെ 100 അടി റവന്യു രേഖകൾ പ്രകാരം വനഭൂമിയല്ലെന്നും യാതൊരു കാരണവശാലും വനംവകുപ്പ് ദേശീയ പാതാ അഥേറിറ്റി നടത്തുന്ന റോഡ് വികസനം തടസപ്പെടുത്തരുതെന്നും വിധി പ്രഖ്യാപിച്ചു. എങ്കിലും നിർമാണപ്രവർത്തനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കിരൺ സിജു സുപ്രീംകോടതിയിൽ കവിയറ്റ് ഫയൽ ചെയ്തത് അന്തിമതീരുമാനം എടുക്കാൻ സർക്കാരിൽ സമ്മർദമേറ്റി. തുടർന്ന് 2024 ജൂലൈ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി തലത്തിൽ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കാൻ ഫയലിൽ കുറിപ്പെഴുതി.
അതേത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 2024 ഓഗസ്റ്റ് രണ്ടിനു കൂടിയ ഉന്നതതല യോഗം കേസിൽ അപ്പീൽ പോകേണ്ടെന്നു തീരുമാനിച്ചിരുന്നു. എങ്കിലും കക്ഷിയല്ലാതിരുന്നിട്ടുകൂടി വനംവകുപ്പിന്റെ അറിവോടെ എം.എൻ. ജയചന്ദ്രൻ എന്നയാൾ കേസിൽ റിവ്യൂ പെറ്റീഷൻ നൽകുകയും അതേ ഡിവിഷൻ ബെഞ്ച് 2024 ഡിസംബർ രണ്ടിന് അത് തള്ളുകയും ചെയ്തിരുന്നു. ഇതിനിടെ ജയചന്ദ്രൻ ഇക്കാര്യങ്ങൾ മറച്ചുവച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മറ്റൊരു ഡിവിഷൻ ബെഞ്ചിൽ കൊടുത്തിരുന്ന ഹർജിയിലാണ് കോടതി ഇപ്പോൾ റോഡ് വികസനം നടക്കുന്ന 14.5 കിലോമീറ്റർ വനഭൂമിയാണെന്ന ഇടക്കാല വിധി പ്രഖ്യാപിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കാൻ വകുപ്പില്ല
വിധി വന്നയുടനെ വകുപ്പു മന്ത്രിയും ജില്ലയുടെ ചാർജുള്ള മന്ത്രിയും അടക്കം ഉത്തരവാദപ്പെട്ടവർ നടപടികൾ പൂർത്തിയാക്കിയാൽ വനഭൂമി റോഡ് വികസനത്തിനായി വിട്ടുകൊടുക്കാമെന്ന് പ്രസ്താവനയിറക്കി. റവന്യു ഭൂമി ആണന്ന ഹൈക്കോടതി വിധി നിൽക്കെ നേര്യമംഗലത്ത് പണി പൂർത്തിയായിവരുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിനായി കുട്ടമ്പുഴ വില്ലേജിൽ ഉൾപ്പെട്ടുവരുന്ന 0.4 ഹെക്ടറും നേര്യമംഗലം മുതൽ വാളറ വരെയുള്ള ചാക്കോച്ചിവളവ് അടക്കമുള്ള 13 പോയിന്റുകളിലായി 0.55 ഹെക്ടറും കൂടി ആകെ 0.95 ഹെക്ടറിന് രണ്ട് കോടി രൂപയും വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾക്കടക്കം ആകെ 5.41 കോടി രൂപയും പരിവേഷ് പോർട്ടൽ വഴി ദേശീയപാതാ അഥോറിറ്റി കെട്ടിവച്ചിരുന്നു.
നേര്യമംഗലം പാലത്തിന്റെ അപ്രോച്ച് റോഡ് കൂടാതെ നെല്ലിമറ്റത്തും പള്ളിവാസലിലും നിർമിക്കുന്ന രണ്ട് ടോൾ ബൂത്തുകൾക്കു മാത്രമേ സ്ഥലമെടുക്കാൻ പ്രോജക്ടിൽ വ്യവസ്ഥയുള്ളൂ. ഫലത്തിൽ, സ്ഥലം ഏറ്റെടുക്കാൻ അനുമതിയില്ലാത്ത ദേശീയപാതാ വികസനം ഇപ്പോൾ സർക്കാർ നിലപാടുമൂലം വഴിമുട്ടിയ അവസ്ഥയിലാണ്.
പുതിയ ഹർജിയും ഒത്തുകളിയും
എം.എൻ. ജയചന്ദ്രൻ കൊടുത്ത പുതിയ കേസിൽ അദ്ദേഹത്തിനുവേണ്ടി കോടതിയിൽ ഹാജരായത് ഒന്നാം പിണറായി സർക്കാരിൽ വനംവകുപ്പിന്റെ ഗവൺമെന്റ് പ്ലീഡറായിരുന്ന സന്ദേശ് രാജയാണ്. പുതിയ ഗവൺമെന്റ് പ്ലീഡറും പഴയ ഗവൺമെന്റ് പ്ലീഡറും കൂടി വാദിച്ചാൽ കേസ് ഇങ്ങനെ അല്ലാതെ എങ്ങനെയാണ് അവസാനിക്കുക എന്നു രാഷ്ട്രീയം മാത്രം നോക്കി ഇത്തരം നിയമനങ്ങൾ നടത്തുന്ന രാഷ്ട്രീയ നേതൃത്വം ആലോചിക്കണം.
മിറ്റിഗേഷൻ പ്ലാൻ
റോഡ് വികസനം നടക്കുന്ന 14.5 കിലോമീറ്ററിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുള്ള മിറ്റിഗേഷൻ പ്ലാൻ വനംവകുപ്പ് സമർപ്പിച്ചതനുസരിച്ച് ദേശീയ പാതാ അഥോറിറ്റി 3.41 കോടി രൂപയാണ് കെട്ടിവച്ചിരിക്കുന്നത്. ഇതും ഭൂമി വിലയും കൂടി ആകെ 5.41 കോടി രൂപ. ജീവനക്കാർക്ക് ഇരിക്കാൻ കെട്ടിടം പണിയുന്നതിനും വാഹനം വാങ്ങുന്നതിനും ഫെൻസിംഗ് സ്ഥാപിക്കുന്നതിനും കുടയും ടോർച്ചും വാങ്ങുന്നതിനുമൊക്കെയാണ് വനം വകുപ്പിന്റെ മിറ്റിഗേഷൻ പ്ലാൻ.
ഏറ്റവും കൂടുതൽ വന്യമൃഗങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ അണ്ടർ പാസ് അടക്കമുള്ള യാതൊരു നിർദേശങ്ങളുമില്ല. നിയമപരമായി ഒരു ജിയോളജിസ്റ്റ് തയാറാക്കേണ്ട മിറ്റിഗേഷൻ പ്ലാൻ തയാറാക്കിയത് സോഷ്യോളജിസ്റ്റാണ്.
ദിവാന്റെ ദീർഘവീക്ഷണം
രാജകല്പന പ്രകാരം ദിവാൻ 1932 ഏപ്രിൽ 24ന് ഇറക്കിയ 500/32 എന്ന ഉത്തരവാണ് ഈ റോഡിനെ സംബന്ധിക്കുന്ന ആധികാരിക രേഖ. പള്ളിവാസലിൽ ഉത്പാദിപ്പിക്കപ്പെടുന്ന മിച്ച വൈദ്യുതി കളമശേരിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി കൊണ്ടുപോകുക എന്ന ലക്ഷ്യത്തിലായിരുന്നു ദിവാൻ പള്ളിവാസൽ മുതൽ നേര്യമംഗലം വരെയുള്ള അടിസ്ഥാനവികസനത്തിനായി നിലവിലുള്ള റോഡിന്റെ നടുക്കുനിന്ന് ഇരു വശങ്ങളിലേക്കും 50 അടി വീതം ആകെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിനു കൈമാറിയതും ഇടുക്കിയുടെ അടിസ്ഥാന വികസനത്തിന് തറക്കല്ലിട്ടതും.
ഇന്ന് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ റിസർവ് വനമാണെന്നും അത് ഡിനോട്ടിഫിക്കേഷൻ അഥവാ ഡിസ് റിസർവ് ചെയ്യാതെ ഹൈവേ വികസനം അനുവദിക്കില്ലെന്നും പറയുന്ന വനംവകുപ്പ് എന്തുകൊണ്ട് അന്ന് ആ വാദം ഉന്നയിച്ചില്ല എന്നുള്ളതും, ഇത്തരം പൊതുതാത്പര്യ ഹർജികൾ നീതിപീഠങ്ങളുടെ മുന്നിൽ അന്ന് എന്തുകൊണ്ട് വന്നില്ല എന്നുള്ളതും ആലോചിച്ചാൽ വളരെ വിചിത്രമാണ്.
ഉപജീവനത്തിനായി പ്രകൃതിയെയും സഹജീവികളെയും ഒറ്റുകൊടുക്കുന്ന കപട പരിസ്ഥിതി സ്നേഹം അന്നില്ലായിരുന്നു. രാജ്യത്തോടും സമൂഹത്തോടും കൂറുപുലർത്തുന്നവരായിരുന്നു അന്നത്തെ പൊതുസേവകർ.
റവന്യു വകുപ്പിന്റെ മൗനസമ്മതം
ദേശീയപാത കടന്നുപോകുന്ന 100 അടി വീതിയിലുള്ള പ്രദേശം മന്നാംകണ്ടം വില്ലേജിൽ ഉൾപ്പെട്ട റവന്യു ഭൂമിയാണന്നും അതിന്റെ സംരക്ഷണ ചുമതല ദേശീയപാതാ അഥോറിറ്റിക്കാണെന്നും ആദ്യവിധിയിലും റിവ്യൂ തള്ളിക്കൊണ്ടും ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നെങ്കിലും എം.എൻ. ജയചന്ദ്രൻ കൊടുത്ത കേസിൽ റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും സത്യവാങ്മൂലം കൊടുക്കാതിരുന്നത് ഏറ്റവും വലിയ തിരിച്ചടിയായി.
ഇതേ ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽനിന്നു വന്ന മറ്റൊരു വിധിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ഡെപ്യൂട്ടി കളക്ടർ, അപകടങ്ങൾ ഒഴിവാക്കാൻ ദുരന്തനിവാരണ നിയമം അനുസരിച്ച് മരങ്ങൾ മുറിക്കാൻ നൽകിയ നിർദേശംപോലും സർക്കാർ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ യാഥാർഥ്യം മനസിലാക്കാതെ കോടതി നിയമലംഘനമായി വ്യാഖ്യാനിച്ചിരിക്കുകയാണ്.
സത്യവാങ്മൂലം സർക്കാർ പിൻവലിക്കണം
സർക്കാരിനുവേണ്ടി വനംവകുപ്പ് സെക്രട്ടറി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം സർക്കാർ നിലപാടല്ല എന്ന് കോടതിയെ അറിയിക്കാൻ സർക്കാർ തയാറാകുകയും ആ സത്യവാങ്മൂലം പിൻവലിക്കുകയോ അടിയന്തരമായി ഭേദഗതി വരുത്തുകയോ ചെയ്യണം.
വനഭൂമിയാണോ റവന്യു ഭൂമിയാണോ എന്ന തർക്കം നിലനിൽക്കുന്നിടത്തു റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും വെവ്വേറെ സത്യവാങ്മൂലങ്ങൾ അലംഭാവം കൂടാതെ അടിയന്തരമായി സമർപ്പിക്കുകയും ചെയ്താൽ കോടതിയെ കാര്യങ്ങളുടെ നിജസ്ഥിതിയും ദേശീയ പാത 85 വികസനം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ബോധിപ്പിക്കാനാവും.
കുട്ടികളുടെയും അമ്മമാരുടെയുമൊക്കെ ക്ഷേമത്തിനായി പദ്ധതികൾ തയാറാക്കുന്ന സോഷ്യോളജിസ്റ്റിന് വന്യജീവി ആക്രമണം ലഘൂകരിക്കുന്ന മിറ്റിഗേഷനുമായി എന്തു ബന്ധമെന്നു വനംവകുപ്പിനു മാത്രമേ അറിയൂ.
കോടികളുടെ നഷ്ടം ആരു വഹിക്കും?
നാഷണൽ ഹൈവേ അഥോറിറ്റി വർക്ക് കോൺട്രാക്ട് കൊടുത്തിരിക്കുന്നത് ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനിക്ക്. നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയായിരുന്നു. ഇതു തടഞ്ഞതോടെ ദിവസം 52 ലക്ഷം രൂപയാണ് കമ്പനിക്ക് ഇപ്പോൾ നഷ്ടം.
നിർമാണം പൂർത്തിയായിവരുന്ന പുതിയ പാലത്തിന്റെ ഗർഡറുകൾ ചെന്നൈയിൽ പണിതീർന്നു കിടക്കുന്നു. അത് ലോഞ്ച് ചെയ്യാനുള്ള മെഷീനറി തൃശൂർ പാലിയേക്കര വന്നു വഴിയിൽ കിടക്കുന്നു. കുറഞ്ഞത് 150 കോടി രൂപയെങ്കിലും നഷ്ടം മാത്രം കൊടുക്കേണ്ടിവരും.
കുരുക്കു മുറുക്കിയത് സംസ്ഥാന സർക്കാർ
സിജുമോൻ ഫ്രാൻസിസ്
കൊച്ചി-ധനുഷ്കോടി ദേശീയപാത 85 വികസനം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. പ്രത്യേകിച്ച് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകൾക്ക്. ജോലി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ഹൈക്കോടതിയിൽനിന്നു മേയ് 11ന് വന്ന ഇടക്കാല ഉത്തരവ് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
വളരെയേറെ വിനോദസഞ്ചാരപ്രാധാന്യമുള്ള മൂന്നാറിലേക്കുള്ള ടുറിസം ഇടനാഴിയാണ് നേര്യമംഗലം, അടിമാലി വഴി കടന്നുപോകുന്ന ദേശീയപാത 85. അതുകൊണ്ടുതന്നെയാണ് വിധി വന്നതിന്റെ പിറ്റേന്നുതന്നെ ഭരണകക്ഷി ഭരിക്കുന്ന പഞ്ചായത്തുകൾപോലും ഹർത്താൽ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്.
വഴിയുടെ ചരിത്രം
1930കൾ വരെ ആലുവ-മൂന്നാർ റോഡ് എന്നത് കോതമംഗലത്തുനിന്നു തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, മാങ്കുളം വഴി കടന്നുപോയിരുന്നതും, ഇപ്പോൾ വനംവകുപ്പ് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയിരിക്കുന്നതുമായ പഴയ രാജപാതയായിരുന്നു. എന്നാൽ, 1924ലെ മഹാപ്രളയത്തിൽ മൂന്നാർ ഒലിച്ചുപോയപ്പോൾ രാജപാതയുടെ ഭാഗമായിരുന്ന കരിന്തിരിയിൽകൂടിയുള്ള ഗതാഗതം തടസപ്പെട്ടു.
ഈ സമയത്താണ് അന്ന് തിരു-കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്ന തര്യത് കുഞ്ഞിത്തൊമ്മന്റെ നേതൃത്വത്തിൽ നേര്യമംഗലം വഴി മൂന്നാറിലേക്കുള്ള പുതിയ പാത തുറക്കുന്നത്. 1936ൽ പാത പൂർണഗതാഗതയോഗ്യമാക്കി തുറന്നുകൊടുത്തപ്പോൾ പാതയുടെ പേര് നേര്യമംഗലം-പള്ളിവാസൽ റോഡ് എന്നായിരുന്നു. പിന്നീട് രാജപാത അപ്രസക്തമായപ്പോൾ ഈ റോഡ് ആലുവ-മൂന്നാർ റോഡ് എന്ന് അറിയപ്പെട്ടുതുടങ്ങി.